Image

ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യൂ ഡോട്ട് കോം(Chackos@ 5018Chestnut Avenue.com - ജെയിന്‍ ജോസഫ്)

ജെയിന്‍ ജോസഫ് Published on 27 May, 2015
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യൂ ഡോട്ട് കോം(Chackos@ 5018Chestnut Avenue.com - ജെയിന്‍ ജോസഫ്)
ചാക്കോസ്- ഒരു അമേരിക്കന്‍ മലയാളി കുടുംബം
ഭര്‍ത്താവ്-അനില്‍ ചാക്കോ, സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍
ഭാര്യ-നീന ചാക്കോ, ഹൗസ് വൈഫ്
മകള്‍-ലിയ, പതിനൊന്നു വയസ്. 
മകന്‍ -റോഷന്‍, നാലു വയസ്.

ലോക്കറില്‍ നിന്ന് സയന്‍സ് ക്ലാസിലേക്കുള്ള ബുക്ക്‌സ് എടുക്കുന്നതിനിടയിലാണ് എമിലിയുടെ കുശലാന്വേഷണം. ഇതെത്രാമത്തെ തവണയാണ് എമിലിക്ക് അഞ്ജലിയേയും എന്നേയും മാറിപ്പോവുന്നത്. രണ്ടുപേരും ഇന്‍ഡ്യാക്കാരാണെന്നതൊഴിച്ചാല്‍ വേറൊരു സാമ്യവും ഞങ്ങള്‍ തമ്മിലില്ല. അഞ്ജലിയുടെ മുടി കുറച്ചുകൂടി ചുരുണ്ടിട്ടാണ്. സ്‌കിന്‍ എന്റത്ര ബ്രൗണല്ല. മുഖവും ഡിഫറന്റാണ്. എന്നിട്ടും, എമിലിക്കും മാത്രമല്ല വേറെ പലര്‍കര്‍ക്കും ഞങ്ങളെ തമ്മില്‍ മാറി പോവാറുണ്ട്. എല്ലാ ഇന്‍ഡ്യന്‍ കിഡ്‌സും ഒരു പോലെയാണെന്നാണ് എമിലി പറയുന്നത്. എമിലി ചൈനീസാണ്. എനിക്ക് വേറെയും ചൈനീസ് ഫ്രണ്ട്‌സ് ഉണ്ട്. എനിക്കിതുവരെ തമ്മില്‍ മാറിപ്പോയിട്ടില്ലല്ലോ.

കോറിഡോറിലൂടെ തിക്കിത്തിരക്കി കുട്ടികള്‍ അടുത്ത ക്ലാസുകളിലേക്ക് പോവുന്നു. മിഡില്‍ സ്‌ക്കൂള്‍ എത്ര വലിയ ഒരു ലോകമാണ്. എലിമന്ററിയില്‍ നിന്ന് എന്ത് വ്യത്യസ്തം. എന്റെ എലിമന്ററി സ്‌ക്കൂളില്‍ നിന്നുള്ള വളരെ കുറച്ചു കുട്ടികളെ എന്റെ ക്ലാസുകളിലുള്ളൂ. ഓരോ ക്ലാസുകളിലും വേറെ വേറെ കുട്ടികളാണ്. എനിക്ക് എപ്പോഴും ഉള്ള പ്രശ്‌നം തന്നെയാണ് ഇവിടെയും. ഒരു ഗ്രൂപ്പിലും പെടാന്‍ പറ്റുന്നില്ല. ലഞ്ച് ടൈമാണ് ഏറ്റവും ബുദ്ധിമുട്ട്. ഓരോ ടേബിളിലും ഓരോ ഗ്രൂപ്പാണ്. ഓരോ ടേബിളുകളില്‍ മാറിമാറി ഇരിക്കുമെങ്കിലും ഇതുവരെയും ഒരു ഗ്രൂപ്പിന്റെ ഭാഗമാവാന്‍ പറ്റിയിട്ടില്ല. പലപ്പോഴും സങ്കടം തോന്നും. എന്റെ ബെസ്റ്റ് ഫ്രണ്ട് ബ്രിട്‌നി ഈ വര്‍ഷം പ്രൈവറ്റ് സ്‌ക്കൂളിലേക്ക് മാറി. ഈ സ്‌ക്കൂളില്‍ ഒരു ബെസ്റ്റ് ഫ്രണ്ടിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞുമില്ല.

ഇതൊക്കെ അമ്മയോട് പറഞ്ഞാല്‍ അമ്മയ്ക്ക് വിഷമമാകും. പിന്നെ എങ്ങനെ ഫ്രണ്ട്‌സുണ്ടാക്കാമെന്ന് അമ്മയുടെ ഉപദേശങ്ങളും. അമ്മ പറയുന്നതില്‍ കാര്യമൊക്കെയുണ്ടെങ്കിലും അതൊന്നും പലപ്പോഴും വര്‍ക്കൗട്ട് ആവില്ല. എന്റെ പോലെ ആരും കൂട്ടില്ലാത്ത ഒന്നു രണ്ടു പേരെ കൂട്ടി ഞാനും ഒരു ഗ്രൂപ്പുണ്ടാക്കുന്നുണ്ട്.

സയന്‍സ് ടീച്ചര്‍ മിസ്. ലൂയിസിന് എന്നെ വലിയ ഇഷ്ടമാണ്. ക്ലാസില്‍ ബഹളമൊന്നുമുണ്ടാക്കാതെ ഇരിക്കുന്നത് കൊണ്ടാവും. സയന്‍സ് ക്ലാസില്‍ എന്റെ നേരെ മുമ്പിലാണ് മൈക്കിളിന്റെ സീറ്റ്. മൈക്കിള്‍ എലിമന്ററിയില്‍ നാലാം ക്ലാസില്‍ എന്റെ ക്ലാസിലായിരുന്നു. മറ്റുള്ള ആണ്‍കുട്ടികളില്‍ നിന്ന് കുറച്ച് ഡിഫറന്റാണ് മൈക്കിള്‍. കുറച്ച് ഡീസന്റാണെന്നു പറയാം. ഈയിടെയായി എന്നോട് സംസാരിക്കാന്‍, മൈക്കിള്‍ കുറച്ച് താല്‍പ്പര്യം കൂടുതല്‍ കാണിക്കുന്നുണ്ടോയെന്ന് ഒരു സംശയം. വാലന്റയിന്‍സ് ഡാന്‍സ് പാര്‍ട്ടിക്ക് പോയപ്പോഴും  ഞാനും ഫ്രണ്ട്‌സും ഡാന്‍സ് ചെയ്തതിന്റെയടുത്ത് തന്നെയായിരുന്നു കൂടുതല്‍ സയവും മൈക്കിളും ഫ്രണ്ട്‌സും. അത് അമ്മയോടൊന്ന് ഷെയര്‍ ചെയ്തപ്പോഴേക്കും അമ്മയ്ക്കാകെ ടെന്‍ഷനായി. മിഡില്‍ സ്‌ക്കൂളില്‍ പഠിത്തത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും ഇതൊക്കെ അമേരിക്കന്‍ കുട്ടികളുടെ കള്‍ച്ചറാണെന്നും തുടങ്ങി കുറെ ഉപദേശവും. അതോടെ ഒരു കാര്യം തീരുമാനിച്ചു. ഇനി ഇങ്ങനെയുള്ള കാര്യങ്ങള്‍ അമ്മയോട് പറയരുത്. മിഡില്‍ സ്‌ക്കൂളില്‍ പലര്‍ക്കും പലരോടും ഒരു ക്രഷ് തോന്നും. അതത്ര വലിയ കാര്യമൊന്നുമല്ല.

സമയം 4.15. പിക്കപ്പ് ലൈനില്‍ കുറച്ച് പുറകിലായി ഞങ്ങളുടെ സില്‍വര്‍ കളര്‍ മിനിവാന്‍ കാണാം. മമ്മി റോഷനെ പ്രീസ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ട് വരുന്ന വഴിയാണ് എന്നെ പിക്ക്  ചെയ്യുന്നത്.
' Liya. Liya' റോഷന്‍ വിളിച്ചു കൂവുന്നു.
Stop it Roshy. The Whole School Could hear you.
ഇനി ഇവിടെ നിന്ന് വീടു വരെ മമ്മിയോട് ഒരു കാര്യം പറയാന്‍ റോഷന്‍ സമ്മതിക്കില്ല. ഇടയ്ക്ക് കയറി പറഞ്ഞുകൊണ്ടേയിരിക്കും.
'How are you mom?' മമ്മിയുടെ മുഖത്ത് വല്ലാത്ത ക്ഷീണം.
 'Just a bit tired Liya, I had a  headache.'
റോഷന്റെ നോണ്‍സ്‌റ്റോപ്പ് വര്‍ത്തമാനം കേട്ടാല്‍ ആര്‍ക്കും തല വേദനിക്കും. മമ്മിയ്ക്ക് തലവേദനയുള്ളപ്പോള്‍ കുറച്ച് ദേഷ്യം കൂടും. ഹോം വര്‍ക്ക് ഹെല്‍പ്പ് ഒന്നും ചോദിക്കാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വെറുതെ കുറെ വഴക്ക് കിട്ടും.
ബാക്ക് പാക്ക് വെയ്ക്കാന്‍ മുറിയിലെത്തിയപ്പോള്‍, ടേബിളൊക്കെ അടുത്തിരിക്കുന്നു. മമ്മി മുറി വൃത്തിയാക്കാന്‍ കയറിയിട്ടുണ്ടെന്ന് കണ്ടാലറിയാം. എന്റെ ടേബിള്‍ വൃത്തിയാക്കിയിടാന്‍ മമ്മി എനിക്കൊരവസരം തരാതെ ഞാനെങ്ങനെ വലിയ കുട്ടിയായി എന്ന് തെളിയിക്കും. എല്ലാം തന്നെ ചെയ്യണമെന്ന് പറയുകയും, ഞാന്‍ ചെയ്യുന്നതിന് മുമ്പ് മമ്മി തന്നെ ചെയ്യുകയും ചെയ്യും. ഇതാണ് പതിവ്.
'Liya, Look what i made.'
റോഷന്‍ കതകു തള്ളിത്തുറന്ന് മുറിക്കകത്തേക്ക് കയറി. കൈയില്‍ നിന്ന് സ്‌ക്കൂളില്‍ ചെയ്ത എന്തോ ഒരു ക്രാഫ്റ്റ്. ഒരു നൂറു പ്രാവശ്യം പറഞ്ഞിട്ടുണ്ട് കതകില്‍ മുട്ടിയിട്ട് കയറണമെന്ന്. റോഷന്റെ കാര്യം പോട്ടെ, ഡാഡിയും ഇതുതന്നെയാണ് ചെയ്യുന്നത്. എനിക്ക് കുറച്ച് പ്രൈവസി വേണമെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവില്ല. ഇതു പറയുമ്പോഴൊക്കെ ഡാഡി ഇന്‍ഡ്യന്‍ കള്‍ച്ചറിനെക്കുറിച്ച് പറയും. ഇവിടെ ജീവിക്കുമ്പോള്‍ ഇവിടത്തെ കള്‍ച്ചര്‍ അല്ലേ ഫോളോ ചെയ്യേണ്ടത്?
'Liya, time to go to Kumon'
സമയം നാലേമുക്കാല്‍. കുമോണ്‍ ക്ലാസ് അഞ്ചുമണിക്കാണ്. ആദ്യമൊക്കെ കുമോണില്‍ പോവാന്‍ എനിക്കും ഇഷ്ടമായിരുന്നു. മാത് ക്ലാസ് എളുപ്പമാക്കാന്‍ കുമോണ്‍ ഹെല്‍പ്പും ചെയ്തു. പക്ഷേ ഈയിടെയായി സ്‌ക്കൂളിലെ ഹോം വര്‍ക്കും കുമോണിന്റെ ഹോംവര്‍ക്കും ഒക്കെയായി വട്ടാവുന്നുണ്ട്. പക്ഷെ കുമോണ്‍ നിര്‍ത്താന്‍ മമ്മി സമ്മതിക്കുമെന്ന് തോന്നുന്നില്ല. എന്റെ ഇന്‍ഡ്യന്‍ ഫ്രണ്ട്‌സ് മിക്കവരും കുമോണില്‍ പോവുന്നുണ്ട്. കുമോണ്‍ ഇന്‍ഡ്യന്‍ കള്‍ച്ചറിന്റെ ഭാഗമായോ എന്നൊരു സംശയം ഇല്ലാതില്ല.
'Liya, Hurry'
' Coming mom'

Saturday, April 25
റീനോയാണ് എന്നെ ഉറക്കത്തില്‍ നിന്ന്് ഉണര്‍ത്തിയത്. ്‌ബ്രേക്ക്് ഫാസ്റ്റിന് സമയമായിക്കാണും. അതാവും റീനോയെ മമ്മി എന്റെ മുറിയിലേക്ക് വിട്ടത്.  വേറെ ആരും വന്നു വിളിച്ചാലും ശനിയാഴ്ച രാവിലെ എന്നെ എണീല്‍പ്പിക്കാന്‍ പറ്റില്ലെന്ന് മമ്മിക്കറിയാം. റീനോ വന്നതില്‍ പിന്നെ നല്ല രസമാണ്. ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല. റീനോയ്ക്ക് എപ്പോഴും കളിക്കണം. റോഷന്റെ കൂടെ കളിക്കേണ്ടി വരുന്ന സൂപ്പര്‍ ഹീറോ കളികളേക്കാളും എന്തുകൊണ്ടും ഭേദമാണ് റീനോയുടെ കൂടെയുള്ള കളികള്‍. പെട്ടെന്നാണ് ഓര്‍ത്തത്്. ഇന്നാണ് ഫ്രണ്ട്‌സിന്റെ കൂടെ മൂവിക്ക് കൊണ്ടുപോകാമെന്ന് മമ്മി സമ്മതിച്ചിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു എന്റെ ബര്‍ത്ത്‌ഡേ. പന്ത്രണ്ട് വയസ്സായി. ടീനേജറാവാന്‍ ഒരു വര്‍ഷം മാത്രം! സെലിബ്രേഷന്‍സ് ഒന്നും വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. മിഡില്‍ സ്‌ക്കൂളില്‍ ആരും വലിയ പാര്‍ട്ടി വയ്ക്കാറില്ല. ഫ്രണ്ട്‌സുമായി ഏതെങ്കിലും ഔട്ടിംഗ് ആണ് ചെയ്യുന്നത്. ഫ്രണ്ട്‌സുമായി മൂവിക്ക് പോകാന്‍ സമ്മതം കിട്ടാന്‍ കുറച്ച് കഷ്ടപ്പെട്ടു. കഴിഞ്ഞവര്‍ഷം വരെ ബര്‍ത്ത്‌ഡേയ്ക്ക് രണ്ട് പാര്‍ട്ടിയായിരുന്നു. ഒന്ന് എന്റെ സ്‌ക്കൂള്‍ ഫ്രണ്ട്‌സുമായി ഏതെങ്കിലും പാര്‍ട്ടി പ്ലെയ്‌സില്‍, പിന്നെ മലയാളി ഫ്രണ്ട്‌സുമായി വീട്ടില്‍. ഞാനിപ്പോള്‍ കൊച്ചുകുട്ടിയല്ലല്ലോ, ടീനേജറാവാറായില്ലേ!
കിച്ചണിലെത്തിയപ്പോള്‍ എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചുതുടങ്ങിയിരിക്കുന്നു. ചോക്ലേറ്റ് ചിപ്പുകള്‍ കൊണ്ട് കണ്ണും മൂക്കും വച്ച, മിക്കി മൗസ് പാന്‍ കേക്കുകള്‍ റോഷനുവേണ്ടിയാണ്. ഹാര്‍ട്ട്‌ഷേപ്പാണ് എന്റേത്.
' Mom, make  me regular round pan cakes next time.'
മമ്മി ചിരിച്ചു. വലിയ കുട്ടിയാണെന്ന് കാണിക്കാനുള്ള എന്റെ കാട്ടിക്കൂട്ടലുകള്‍ മമ്മിക്ക് മനസ്സിലാവുന്നില്ലെന്ന് തോന്നുന്നു.
' Can I have the heart shaped pan cake ?' ഡാഡിയുടെ ചോദ്യം.
കുറച്ചു വിഷമത്തോടെ എന്റെ പ്ലേറ്റിലെ ഹാര്‍ട്ട്‌ഷേപ്പ് പാന്‍ കേക്കുകള്‍, ഡാഡിയുടെ റൗണ്ട് പാന്‍ കേക്കുകളുമായി ഞാന്‍ എക്‌സ്‌ചേഞ്ച് ചെയ്തു.
വലുതാവുക എന്നത് അത്രരസമുള്ള കാര്യമല്ല എന്ന് എനിക്ക് പെട്ടെന്ന് തോന്നി.
Saturday, evening
മൂവി കഴിഞ്ഞപ്പോഴേക്കും ആറുമണിയായി. മമ്മിയാണ് കൂടെ വന്നത്. എന്റെ ബെസ്റ്റ് ഫ്രണ്ട് ബ്രിട്‌നിയും, സ്‌ക്കൂളിലെ പുതിയ ഫ്രണ്ട്‌സ് ടെയ്‌ലറും, ലോറനും, ഏവയുമാണ് വന്നത്. തിരിച്ചു വരുന്ന വഴി അവരെ അവരുടെ വീടുകളില്‍ ഡ്രോപ്പ് ചെയ്തു. പാര്‍ട്ടിയില്ലാത്തതു കൊണ്ടാവും അവരാരും ഗിഫ്റ്റ് തന്നുമില്ല. ബര്‍ത്ത്‌ഡേ പെട്ടെന്ന് തീര്‍ന്നുപോയി. പാര്‍ട്ട് വയ്ക്കാമായിരുന്നു. മമ്മി എന്തൊക്കെയോ പറയുന്നു, ഞാന്‍ ഒന്നും കേട്ടില്ല. എനിക്ക് ദേഷ്യവും സങ്കടവുമൊക്കെ വരുന്നു.
വീടിനകത്തെ ലൈറ്റുകള്‍ ഒന്നും ഇട്ടിട്ടില്ല. ആകെ ഇരുട്ട്. പെട്ടെന്ന് ലൈറ്റുകള്‍ തെളിഞ്ഞു.
'Surprise.'
എനിക്ക് ഒന്നും മനസ്സിലാവുന്നില്ല. ജോണങ്കിളും, പ്രീതിയാന്റിയും, സാമങ്കിലും, റോസിയാന്റിയും, തുടങ്ങി വീടു നിറയെ ആള്‍ക്കാര്‍. ഞങ്ങളുടെ മലയാളി ഫ്രണ്ട്‌സ് മുഴുവനും ഉണ്ട്.
'happpy bday to you ....' എല്ലാവരും പാടിത്തുടങ്ങി. എന്റെ കണ്ണുകള്‍ നിറയുന്നതുപോലെ.
You may not want a party, but we wanted one. we won't let you grow up the fast ' 
മമ്മി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
ഫാമിലി റൂം ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കുട്ടികള്‍ ഓരോരുത്തരായി ഭംഗിയായി പൊതിഞ്ഞ ഗിഫ്റ്റുകള്‍ എനിക്കു തന്നു. ഓരോന്നിന്റെയും അകത്ത് എന്താണെന്ന് അറിയാന്‍ എന്റെ മനസ്സ് വെമ്പുന്നു. ഡൈനിംഗ് ടേബിളില്‍ ഒരു വശത്ത് പിസ്സയും, ചിക്കന്‍ നഗ്ഗറ്റ്‌സും, ചിപ്‌സും സോഡയും. മറുവശത്ത് ചോറും, മഞ്ഞമോരും, ഫിഷ് കറിയും, ചിക്കന്‍ ബിരിയാണിയും! പിസ്സയുടേയും ചിക്കന്‍ ബിരിയാണിയുടെയും മണം കൂടിക്കലര്‍ന്ന് വീടു മുഴുവന്‍ പരന്നു; ആഘോഷത്തിന്റെ, സന്തോഷത്തിന്റെ മണം!
Liya, can  I get you a slice of pizza '? ഡാഡി ചോദിക്കുന്നു. കുട്ടികളൊക്കെ പിസ്സ കഴിച്ചു തുടങ്ങിയിരിക്കുന്നു.
I'll have mom's chicken biriyani'. ഡാഡിയുടെ മുഖത്ത് ഇതുവരെ കാണാത്ത ഒരു ഭാവം! എനിക്ക് ചിരി വന്നു. മമ്മി ബിരിയാണി ട്രേയില്‍ നിന്ന് എല്ലില്ലാത്ത ചിക്കന്‍ കഷ്ണങ്ങളും, റൈസും എന്റെ പ്ലേറ്റിലേക്ക് വിളമ്പി.
ഇപ്പോള്‍, ഈ നിമിഷം, ഞാന്‍ ശരിക്കും ഒരു വലിയ കുട്ടിയായി എന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു.

കടപ്പാട് : മലയാളി മാഗസിന്‍
ചാക്കോസ് അറ്റ് 5018 ചെസ്റ്റ്‌നട്ട് അവന്യൂ ഡോട്ട് കോം(Chackos@ 5018Chestnut Avenue.com - ജെയിന്‍ ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക