Image

അയോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ റോംനിയ്ക്ക് ജയം

Published on 04 January, 2012
 അയോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ റോംനിയ്ക്ക് ജയം
ഡീമോയിന്‍സ്, അയോവ: നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തുടക്കംകുറിച്ച് അയോവയില്‍ നടന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി കോക്കസില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മുന്‍ മാസാചുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് വിജയം. മുന്‍ പെന്‍സില്‍വേനിയ സെനറ്റര്‍ റിക് സാന്റോറത്തെ എട്ടു വോട്ടുകള്‍ക്കാണ് റോംനി വീഴ്ത്തിയത്. റോംനിയ്ക്ക് 30,015 പേരുടെ പിന്തുണ ലഭിച്ചപ്പോള്‍ സാന്റോറത്തിന് 30,007(25%) പേരുടെ പിന്തുണ ലഭിച്ചു. 21 ശതമാനം വോട്ടു നേടിയ റോണ്‍ പോള്‍ ആണ് മൂന്നാമത്. ആഴ്ചകള്‍ക്ക് മുമ്പ് ജനപിന്തുണയില്‍ അവസാന സ്ഥാനത്തായിരുന്ന സാന്റോറത്തിന്റെ ശക്തമായ തിരിച്ചുവരവിനാണ് അയോവ പ്രൈമറി സാക്ഷ്യം വഹിച്ചത്. ഏറെ വിജയസാധ്യത കല്‍പ്പിച്ചിരുന്ന മുന്‍ ഹൗസ് സ്പീക്കര്‍ ന്യൂട്ട് ഗിംഗ്‌റിച്ചിന് 13 ശതമാനമാണ് വോട്ട്. ടെക്‌സസ് ഗവര്‍ണര്‍ റിക്ക് പെറി അഞ്ചാം സ്ഥാനത്തും, കോണ്‍ഗ്രസ് അംഗം മിഷല്‍ ബാക്ക്മാന്‍ ആറാം സ്ഥാനത്തുമാണ്.
സാന്റോറം നേടിയ വിജയം നിരീക്ഷകരെ അമ്പരപ്പിച്ചു. പ്രചാരണ രംഗത്തും സാമ്പത്തികമായും പിന്നിലായിരുന്നിട്ടും റോംനിയോടൊപ്പം തന്നെ എത്താനായത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയുമാണു. ഒരു പക്ഷെ സാന്റോറം സ്ഥാനാര്‍ഥിത്വം തന്നെ നേടിയെന്നിരിക്കാം.
മോര്‍മണ്‍ വിശ്വാസിയാണെന്നത് തുടക്കം മുതല്‍ റോംനിക്ക് എതിരായിരുന്നു. സാന്റോറം മുന്നില്‍ വന്നാല്‍ ഇവഞ്ചലിക്കല്‍ വിഭാഗങ്ങള്‍ അദ്ധേഹത്തിനു പിന്നില്‍ അണി നിരക്കുകയും ചെയ്‌തേക്കും.

ആദ്യത്തെ മൂന്നോ, നാലോ സ്ഥാനത്തുള്ളവരിലൊരാള്‍ സ്ഥാനാര്‍ത്ഥിത്വം നേടുമെന്ന് കരുതപ്പെടുന്നു.
മറ്റു സ്‌റ്റേറ്റുകളിലൊക്കെ
പ്രൈമറി നടക്കുമ്പോള്‍ അയോവയില്‍ കോക്കസാണ്. കോക്കസില്‍ പാര്‍ട്ടി അംഗങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണ്. പ്രൈമറിയിലാകട്ടെ സാധാരണപോലെ പോളിംഗും.ജനുവരി പത്തിന് ന്യൂഹാംപ്‌ഷെയറിലും, 21ന് സൗത്ത് കരോലിനയിലും, 31ന് ഫ്‌ളോറിഡയിലും െ്രെപമറിയുണ്ട്. അവ കഴിയുന്നതോടെ സ്ഥാനാര്‍ത്ഥി ആരെന്ന് ഏകദേശം വ്യക്തമാകും.സൗത്ത് കരോലിനയിലെ ഇന്ത്യക്കാരിയായ ഗവര്‍ണര്‍ നിക്കി ഹേലി, മിറ്റ് റോംനിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്ത യാഥാസ്ഥിതികനായ റോണ്‍ പോള്‍ ചെറിയ ഗവണ്‍മെന്റിന്റെ വക്താവാണ്.

 
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമ്പോള്‍ 2008ലേക്കാള്‍ ശുഭാപ്തി വിശ്വാസമുണ്‌ടെന്ന്‌ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. 2012 യുഎസ് തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ നേരിടുന്നതിനുള്ള സ്ഥാനാര്‍ഥിയെ കണെ്ടത്താനുള്ള ശ്രമങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആരംഭിച്ച സാഹചര്യത്തിലാണ് ഒബാമയുടെ പ്രസ്താവന. രണ്ടാംതവണ തിരഞ്ഞെടുപ്പു നേരിടുമ്പോള്‍ കൂടുതല്‍ ആത്മവിശ്വാസമുണ്ട്. മുന്‍പു നല്‍കിയ വാഗ്ദാനങ്ങളില്‍ ഏറെയും പാലിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ചില കാര്യങ്ങള്‍ ഇനിയും ചെയ്തു തീര്‍ക്കാനുണ്ട്. അതിനായി അടുത്ത നാലു വര്‍ഷം കൂടി ലഭിക്കണം.- ഒബാമ പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പ് കനത്ത പോരാട്ടമായിരിക്കുമെന്നും താന്‍ അതിന്റെ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോവ സംസ്ഥാനത്തെ സ്കൂളുകളിലും ലൈബ്രറികളിലും പള്ളികളിലും വീടുകളിലുമായി ഏര്‍പെടുത്തുന്ന വോട്ടിങ് കേന്ദ്രങ്ങളില്‍ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള പ്രാഥമിക അഭിപ്രായ വോട്ടെടുപ്പ് ഇന്നലെ നടന്നിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ തന്നെ വീണ്ടും ജനവിധി തേടുമെന്നു വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിയെ ഇനി തേടേണ്ടതില്ല. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ കണെ്ടത്താനാണ് അഭിപ്രായ വോട്ടെടുപ്പ്. പ്രൈമറി തലം തൊട്ടു മേല്‍പോട്ടു നീങ്ങുന്ന തിരഞ്ഞെടുപ്പു പ്രക്രിയയുടെ അവസാന ഘട്ടത്തിലാണ്, നവംബര്‍ ആറിലെ വോട്ടെടുപ്പില്‍ പ്രസിഡന്റ് ബറാക് ഒബാമയെ നേരിടേണ്ട സ്ഥാനാര്‍ഥി ആരെന്നു തീരുമാനിക്കുക.
  അയോവ പ്രൈമറിയിലെ തിരിച്ചടിയെത്തുടര്‍ന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള ശ്രമങ്ങള്‍ ടെക്‌സാസ് ഗവര്‍ണര്‍ റിക് പെറി പുനഃപരിശോധിക്കുന്നു. അയോവ പ്രൈമറിയില്‍ പെറി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇന്ന് അയോവയിലെ ഫലം വ്യക്തമാവുന്നതോടെ ടെക്‌സാസിലേക്ക് തിരിച്ചതിനുശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് പെറി പറഞ്ഞു.

സ്ഥാനാര്‍ഥിത്വത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ മറ്റു സ്ഥാനാര്‍ഥികളേക്കാള്‍ ബഹുദൂരം മുന്നിലായിരുന്ന പെറിയ്ക്ക് പിന്നീട് വിവാദങ്ങളില്‍ കാലിടറുകയായിരുന്നു. കുടിയേറ്റം സംബന്ധിച്ച പെറിയുടെ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിന്റെ ജനപിന്തുണ ഇടിച്ചത്. അയോവ കോക്കസില്‍ 10 ശതമാനം പിന്തുണ മാത്രമാണ് പെറിയ്ക്ക് നേടാനായത്.

കെന്റക്കിയില്‍ 41 വാഹനങ്ങള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കെന്റക്കി: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് വടക്കന്‍ കെന്റക്കിയില്‍ രണ്ടു വ്യത്യസ്ത അപകടങ്ങളില്‍ 41 വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല. കെന്റക്കിയിലെ സൗത്ത്ബൗണ്ട് ഇന്റര്‍‌സ്റ്റേറ്റ് ഹൈവേയിലാണ് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 12.22നാണ് ആദ്യ അപകടം ഉണ്ടായത്. ഇതിനുശേഷം ഹൈവേ വീണ്ടും ഗതാഗത യോഗ്യമാക്കി. പിന്നീട് ഉച്ചയ്ക്ക് 2.45ഓടെയാണ് രണ്ടാമത്തെ അപകടമുണ്ടായത്. 23 വാഹനങ്ങളാണ് രണ്ടാമത്തെ അപകടത്തില്‍ പരസ്പരം കൂട്ടിയിടിച്ചത്.

ഡോ. മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ നിര്‍ദേശം

ലൊസാഞ്ചല്‍സ്: പോപ്പ് ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ നാലു വര്‍ഷം തടവിനു വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ ഡോക്ടര്‍ കൊണാര്‍ഡ് മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ കലിഫോര്‍ണിയ മെഡിക്കല്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. മുറെയുടെ മെഡിക്കല്‍ ലൈസന്‍സ് കോടതി റദ്ദാക്കിയിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ മുറെ കുറ്റക്കാരനാണെന്ന് നവംബര്‍ ഏഴിനാണ് ലൊസാഞ്ചല്‍സ് കോടതി കണെ്ടത്തിയത്. അന്നുമുതല്‍ മുറെ തടവിലാണ്. ജാക്‌സണ് ഉറങ്ങാനായി ശസ്ത്രക്രിയാവേളയില്‍ മയക്കാന്‍ ഉപയോഗിക്കുന്ന പ്രോപഫോള്‍ എന്ന മരുന്ന് അമിതമായി നല്‍കിയെന്നും അദ്ദേഹത്തെ ഉത്തരവാദിത്തപൂര്‍വം നിരീക്ഷിച്ചില്ലെന്നും എമര്‍ജന്‍സി വിഭാഗത്തെ ഉടന്‍ അറിയിച്ചില്ലെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ ഉറക്കമരുന്നു നല്‍കിയ കാര്യം പറഞ്ഞില്ലെന്നുമാണു പ്രോസിക്യൂഷന്‍ കോണ്‍റാഡ് മുറെയ്‌ക്കെതിരായ കുറ്റം.

യുഎസ് യുദ്ധക്കപ്പലിനെതിരെ ഇറാന്റെ മുന്നറിയിപ്പ്

ടെഹ്‌റാന്‍: യുഎസിന്റെ അഞ്ചാം കപ്പല്‍പടയിലെ വലിയ യുദ്ധക്കപ്പലുകളില്‍ ഒന്നായ യുഎസ്എസ് ജോണ്‍ സി സ്‌റ്റെന്നിസ് ഗള്‍ഫ് മേഖലയിലേക്കു മടങ്ങിവരരുതെന്ന് ഇറാന്റെ മുന്നറിയിപ്പ്. "ആ കപ്പല്‍ പേര്‍ഷ്യന്‍ ഗള്‍ഫിലെ പഴയ താവളത്തിലേക്കു തിരിച്ചുവരാന്‍ പാടില്ല. ഞങ്ങള്‍ ഒരിക്കല്‍ മാത്രമേ മുന്നറിയിപ്പു നല്‍കാറുള്ളൂ. താക്കീതുകള്‍ ഞങ്ങള്‍ ആവര്‍ത്തിക്കാറില്ല - കടുത്ത ഭീഷണിയുടെ സ്വരത്തില്‍ ഇറാന്‍ സൈനിക മേധാവി അതാവുല്ല സാലിഹി യുഎസിനു മുന്നറിയിപ്പു നല്‍കി. ഗള്‍ഫ് മേഖലയുടെ കവാടത്തില്‍ ഇറാന്‍ പത്തു ദിവസത്തെ നാവിക അഭ്യാസങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണു യുഎസിനു ശക്തമായ മുന്നറിയിപ്പുമായി സാലിഹി രംഗത്തു വന്നത്. നാവിക അഭ്യാസങ്ങളുടെ അവസാനഘട്ടത്തില്‍ യുദ്ധക്കപ്പലുകള്‍ മുക്കാന്‍ കഴിയുന്ന മൂന്നു മിസൈലുകള്‍ ഇറാന്‍ പരസ്യമായി പരീക്ഷിച്ചിരുന്നു.

ഏഴുമാസത്തെ പര്യവേക്ഷണത്തിനു ശേഷം യുഎസ് യുദ്ധക്കപ്പല്‍ യുഎസ്എസ് ജോണ്‍ സി സ്‌റ്റെന്നിസ് കഴിഞ്ഞയാഴ്ച ഹോര്‍മൂസ് കടലിടുക്കിലൂടെ കിഴക്കോട്ട് ഒമാന്‍ ഉള്‍ക്കടല്‍ ഭാഗത്തേക്കു നീങ്ങിയിരുന്നു. ഇറാന്‍ നാവികാഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നതിനു സമീപത്തുകൂടി കപ്പല്‍ നീങ്ങിയതാണ് ഇറാനെ പ്രകോപിപ്പിച്ചത്. യുഎസ് അഞ്ചാം കപ്പല്‍പടയുടെ ആസ്ഥാന താവളം ബഹ്‌റൈനു സമീപമാണ്. ഇറാന്റെ മുന്നറിയിപ്പിനെപ്പറ്റി അഞ്ചാം കപ്പല്‍പടയുടെ വക്താവ് ഒന്നും പ്രതികരിച്ചില്ല. ഇതേസമയം, കപ്പല്‍ കടന്നുപോയതു സ്വാഭാവിക പര്യവേക്ഷണത്തിന്റെ ഭാഗം മാത്രമായാണെന്ന് യുഎസ് പ്രതിരോധ വകുപ്പ് പ്രതികരിച്ചു.
 അയോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ റോംനിയ്ക്ക് ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക