Image

പീക്കു- ഒരു രസികന്‍ സിനിമ

Published on 21 May, 2015
 പീക്കു- ഒരു രസികന്‍ സിനിമ
പീക്കു. പേരില്‍ തന്നെയുണ്ട് ഈ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു വാത്സല്യം. ഡല്‍ഹിയിലെ അപ്പര്‍ മിഡില്‍ ക്‌ളാസ് കുടുംബത്തിലെ അംഗമായ പീക്കു എന്ന പെണ്‍കുട്ടി (ദീപിക പദുകോണ്‍) യാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. ഈ പെണ്‍കുട്ടിയെ നമുക്ക് എവിടെയും കാണാന്‍ കഴിയും. ഓഫീസില്‍, അടുത്ത വീട്ടില്‍, റെയില്‍വേസ്റ്റേഷനില്‍ അങ്ങനെ ചിരപരിചിതമായ ഒരു മുഖമാണ് പീക്കുവിനുളളത്. 

ഡല്‍ഹിയിലെ ആര്‍ക്കിടെക്ടാണ് പീക്കു. അവളുടെ ഓരോ ദിവസത്തിന്റെയും തുടക്കം വളരെ വിചിത്രമായ ഒരു പ്രശ്‌നത്തില്‍ നിന്നാണ്. 70കാരനായ  അച്ഛന്‍ ഭാസ്‌കര്‍ ബാനര്‍ജിയുടെ ഏറ്റവും വലിയ പ്രശ്‌നം, ഒരു പക്ഷേ പീക്കുവും നേരിടുന്ന പ്രശ്‌നം ബാനര്‍ജി അനുഭവിക്കുന്ന മലബന്ധമാണ്. ബംഗാളില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ കുടിയേറിയതാണ് പീക്കുവും അച്ഛനും അമ്മയും ഉള്‍പ്പെട്ട കുടുംബം. ബാനര്‍ജിയുടെ ഭാര്യ മരിച്ചതിനു ശേഷം രോഗവും ചികിത്സയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചര്‍ച്ചയും ഒക്കെയായിട്ടാണ് ബാനര്‍ജിയുടെ ജീവിതം. ഓഫീസില്‍ ജോലിക്കിടയില്‍ പോലും തന്റെ മലബന്ധത്തെ കുറിച്ചു വിവരിച്ചുകൊണ്ടുള്ള ബാനര്‍ജിയുടെ നിരവധി ഫോണ്‍കോളുകള്‍ പീക്കുവിനെത്താറുണ്ട്. മറ്റു പെണ്‍കുട്ടികളെ അപേക്ഷിച്ച്  പീക്കു വളരെ സ്വതന്ത്രവും ധീരവുമായ നിലാപടുകളെടുക്കാന്‍ ധൈര്യമുള്ള യുവതിയാണ്. അച്ഛനോട് വളരെയധികം സ്‌നേഹമുണ്ടെങ്കിലും അവര്‍ തമ്മില്‍ പലപ്പോഴും പല കാര്യങ്ങളെ സംബന്ധിച്ചും വാഗ്വാദങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ ഇത്തരം ബഹളങ്ങള്‍ക്കിടയിലും അവര്‍ക്കിടയിലെ സ്‌നേഹത്തിന്റെ പ്രവാഹം എത്രമാത്രം ശക്തവും നിര്‍മലവുമാണെന്ന് പ്രേക്ഷകന് തിരിച്ചറിയാന്‍ കഴിയുന്നു. 

ജന്‍മദേശമായ ബംഗാളിലെ തങ്ങളുടെ തറവാട് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പീക്കുവും ബാനര്‍ജിയും കൂടി യാത്ര പോകുന്നു. ഇതാണ് കഥയിലെ വഴിത്തിരിവ്. വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന് രണ്ടു പേരും തീരുമാനിക്കുന്നു. എങ്കില്‍ പിന്നെ ടാക്‌സിയില്‍ യാത്ര ചെയ്യാമെന്നുറപ്പിച്ച്  ടാക്‌സി ഡ്രൈവര്‍മാരെ സമീപിക്കുകയാണ് പീക്കു. എന്നാല്‍ ഓഫീസിലെ മിക്ക കാബ് ഡ്രൈവര്‍മാരുമായും നേരത്തെ തന്നെ പല കാര്യങ്ങള്‍ക്കായി ഉടക്കിയിട്ടുള്ള പീക്കുവിനൊപ്പം പോകാന്‍ അവരാരും തയ്യാറാകുന്നില്ല. ഒടുവില്‍ ടാക്‌സി സര്‍വീസിന്റെ ഉടമസ്ഥന്‍ റാണ ചൗധരി (ഇര്‍ഫാന്‍ ഖാന്‍)യാണ് ഇവര്‍ക്കൊപ്പം പോകാമെന്ന് സമ്മതിക്കുന്നത്. 

റാണയുടെ കാറില്‍ യാത്ര തുടങ്ങുന്നതോടെ പീക്കുവുമായി ഒരു നിശബ്ദ സൗഹൃദം ഉടലെടുക്കുന്നത് പ്രേക്ഷകന് അനുഭവിച്ചറിയാന്‍ കഴിയുന്നു. അച്ഛനൊപ്പം എല്ലാവിധ സ്വാതന്ത്ര്യത്തോടെ ജീവിക്കുകയും ആര്‍ക്കുമുന്നിലും തല കുനിക്കുകയും ചെയ്യാത്ത പീക്കുവിനും റാണയ്ക്കുമിടയില്‍ അദൃശ്യമായ ഒരു സ്‌നേഹസൗഹൃദം വിരിഞ്ഞുവരുന്നത് രസമുള്ള കാഴ്ചയാണ്. 

പീക്കുവിന്റേത് നമ്മള്‍ കണ്ടു പരിചയിച്ച മുഖമാണെങ്കിലും ഈ സിനിമ പറയുന്നത് അവളുടെ മാത്രം കഥയല്ല. വീട്ടിലെ വേലക്കാരനും വേലക്കാരിയുമെല്ലാം നമുക്ക് അറിയാവുന്നവര്‍ തന്നെ. വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ് അവരെല്ലാം തന്നെ. 

 72 വയസായ അമിതാഭ് ബച്ചന്‍ അതുല്യമായ അഭിനയം തന്നെയാണ് പീക്കുവിലും കാഴ്ചവച്ചിട്ടുള്ളത്.  താരപദവികള്‍ മാറ്റിവച്ച് നടന്റെ മികവ് പ്രകടിപ്പിക്കുന്നതില്‍ അദ്ദേഹം മറ്റെല്ലാവരെയും പിന്നിലാക്കി എന്നു പറയാതെ വയ്യ.  മുഖത്ത് എക്‌സ്പ്രഷന്‍സ് വരുത്തുന്നതില്‍ പൊതുവേ അത്രയൊന്നും മികവ് അവകാശപ്പെടാനില്ലാത്ത ദീപിക  ഈ സിനിമയില്‍ കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ മിതത്വമുളള അഭിനയം പുറത്തെടുത്തു എന്നത് ശ്രദ്ധേയമാണ്. 

കമല്‍ജിത് നെഗിയുടെ ഛായാഗ്രഹണ മികവാണ് ഈ ചിത്രത്തിന്റെ എടുത്തുപറയാവുന്ന മറ്റൊരു പ്രത്യേകത. കൊല്‍ക്കത്തയുടെ വിവിധ മുഖങ്ങള്‍ അദ്ദേഹം നമുക്ക് കാണിച്ചു തരുന്നു. ലളിതമായ പ്രമേയം ഭംഗിയോടെ അവതരിപ്പിച്ചിട്ടുണ്ട് പീക്കുവില്‍. അതുകൊണ്ട് രസകരമായി കണ്ടിരിക്കാം ഈ സിനിമ. 


 പീക്കു- ഒരു രസികന്‍ സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക