Image

ഫോമയുടെ കേരള കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 04 January, 2012
ഫോമയുടെ കേരള കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോട്ടയം: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിസക്കാസി (ഫോമ)ന്റെ കേരള കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന്‌ ഫോമ ഭാരവാഹികള്‍ അറിയിച്ചു. ഡിസംബര്‍ 30-ന്‌ നടന്ന ഫോമയുടെ നാഷണല്‍ കമ്മറ്റി യോഗത്തിലാണ്‌, ജനുവരി 14-ന്‌ കോട്ടയത്തെ മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന ഏകദിന കണ്‍വന്‍ഷന്‌ രൂപരേഖയായത്‌. കേരള കണ്‍വന്‍ഷന്‍ വിളിച്ചോതുന്ന ബാനറുകള്‍, ആര്‍ച്ചുകള്‍, ഇതിനോടകം സ്‌ഥാപിച്ചു കഴിഞ്ഞതായി കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സ്‌റ്റാന്‍ലി കളരിക്കമുറി അറിയിച്ചു.

ജനുവരി 14-ന്‌, 10 മണിക്ക്‌ ആരംഭിക്കുന്ന ഉദ്‌ഘാടന സമ്മേളനം കേന്ദ്രമന്ത്രി കെ.വി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ കെ എം മാണി, ആര്യാടന്‍ മുഹമ്മദ്‌, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ആന്റോ ആന്റണി എംപി, മുന്‍ മന്ത്രിമാരായ എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, മോന്‍സ്‌ ജോസഫ്‌ എന്നിവര്‍ക്ക്‌ പുറമേ, എം എല്‍ എമാരായ വി.ഡി സതീശന്‍, രാജു ഏബ്രഹാം, സുരേഷ്‌ കുറുപ്പ്‌ എന്നിവരും ഉദ്‌ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

മുന്‍ എം എല്‍ എയും കോണ്‍ഗ്രസ്‌ നേതാവുമായ എം മുരളി, മുന്‍ അംബാസഡര്‍ ടി പി ശ്രീനിവാസന്‍ എന്നിവരും ഉദ്‌ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്‌ എന്ന്‌ ഫോമ പ്രസിഡന്റ്‌ ജോണ്‍ (ബേബി) ഊരാളില്‍ അറിയിച്ചു.

ഉദ്‌ഘാടന സമ്മേളനത്തിന്‌ ശേഷം നടക്കുന്ന ബ്രിഡ്‌ജിങ്‌ ഓഫ്‌ ദ്‌ മൈന്‍ഡ്‌സ്‌ എന്ന സെമിനാറില്‍ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, വി.ഡി സതീശന്‍ എം എല്‍ എ, കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല, തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിന്റെ മുന്‍ ഡയറക്‌ടര്‍ ഡോ കൃഷ്‌ണന്‍ നായര്‍, അമൃത മെഡിക്കല്‍ സെന്ററിന്റെ ഡയറക്‌ടര്‍ ഡോ പ്രേം നായര്‍, വെയ്‌സ്‌റ്റ്‌ മാനേജ്‌മെന്റ്‌ വിദഗ്‌ധന്‍ റോഡ്‌ പ്രോട്ടോ, മുന്‍ വൈസ്‌ ചാന്‍സലറും വാഷിങ്‌ടണിലെ ഹെന്റി സ്‌റ്റിംസണ്‍ സെന്ററിലെ ഫെല്ലോയുമായ ഡോ സെയ്‌ദ്‌ ഇക്‌ബാല്‍ ഹസ്‌നെയിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഹ്യൂമന്‍ വൈറോളജി ഇന്‍സിറ്റിറ്റിയൂട്ട്‌, വെയിസ്‌റ്റ്‌ മാനേജ്‌മെന്റ്‌, വിദ്യാഭ്യാസ സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്കയും കേരളവുമായി ബന്ധിപ്പിക്കുന്ന വിഷയങ്ങളാണ്‌ സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്‌.

ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ മനോരമ ഓണ്‍ലൈനുമായി സഹകരിച്ച്‌ നടത്തുന്ന `മലയാളത്തിന്‌ ഒരുപിടി ഡോളര്‍- സ്‌കോളര്‍ഷിപ്പ്‌ വിതരണത്തില്‍ മന്ത്രി പി കെ ബാബു മുഖ്യാതിഥിയായിരിക്കും. ബെന്നി ബഹനാന്‍ എം എല്‍ എയും പങ്കെടുക്കുന്നുണ്ട്‌. തുടര്‍ന്ന്‌ ഫോമയുടെ ഭവന നിര്‍മാണ ഫണ്ട്‌ വിതരണം, മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി സക്യുഎംഎസ്‌ ഐ ഫോര്‍ ബ്ലൈന്‍ഡ്‌ നേത്ര ശസ്‌ത്രക്രിയ ഫണ്ട്‌ വിതരണം എന്നിവ നടക്കും.

വൈകിട്ട്‌ 5 മണിക്ക്‌ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി ജെ ജോസഫ്‌, ജോസ്‌ കെ മാണി എം പി, മുന്‍ മന്ത്രി സി എഫ്‌ തോമസ്‌ എം എല്‍ എ, മുന്‍ മന്ത്രിയും എം പിയും രാജ്യസഭാവിപ്പുമായ പി ജെ കുര്യന്‍, റോഷി അഗസ്‌റ്റിന്‍ എം എല്‍ എ, തോമസ്‌ ഉണ്ണിയാടന്‍ എം എല്‍ എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സണ്ണി കലൂര്‍, പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വൈകിട്ട്‌ നടക്കുന്ന കലാപരിപാടികളില്‍ പ്രശസ്‌ത ചലച്ചിത്ര താരം ലക്ഷ്‌മി ഗോപാലസ്വാമിയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ്‌ പ്രോഗ്രാമും, തിരുവല്ല വിജയലക്ഷ്‌മി സില്‍ക്ക്‌സ്‌ ഒരുക്കുന്ന ഫാഷന്‍ ഷോയും ഉണ്ടായിരിക്കും.

കേരളത്തിലുള്ള എല്ലാ അമേരിക്കന്‍ മലയാളികളെയും ഫോമ പ്രത്യേകം പരിപാടികളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഫോമ ഭാരവാഹികള്‍ അറിയിച്ചു.
ഫോമയുടെ കേരള കണ്‍വന്‍ഷന്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക