Image

നീ-ന പ്രിയങ്കരി...മറക്കാനാവില്ല നിന്നെ- ആശ. എസ്. പണിക്കര്‍

ആശ എസ് പണിക്കര്‍ Published on 18 May, 2015
നീ-ന പ്രിയങ്കരി...മറക്കാനാവില്ല നിന്നെ- ആശ. എസ്. പണിക്കര്‍

മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന നീന

തിരശ്ശീലയിലെ നിറപ്പകിട്ടാര്‍ന്ന കാഴ്ചകളില്‍ പിന്നിലായിപ്പോകുന്ന പ്രേക്ഷകനെ ആഴത്തില്‍ ചിന്തിപ്പിക്കുന്ന സിനിമ. അതാണ് നീ-ന. ലാല്‍ജോസ് എന്ന പ്രതിഭാധനനായ സംവിധായകന്‍ പ്രേക്ഷകന് നല്‍കിയ ഒന്നാന്തരം ദൃശ്യാനുഭവം.

മനസില്‍ തങ്ങി നില്‍ക്കുന്ന ചലച്ചിത്രാനുഭവം എന്നു തന്നെ നീ-നയെ വിശേഷിപ്പിക്കാം. വാസ്തവത്തില്‍ അതിനും അപ്പുറത്താണ് ഈ സിനിമയുടെ സ്ഥാനം. തന്റെ മുന്‍കാല ചിത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ട രീതിയില്‍ ഈ ചിത്രത്തിന്റെ സഞ്ചാരപഥങ്ങള്‍ ധൈര്യപൂര്‍വം നിശ്ചയിച്ച സംവിധായകനെ അഭിനന്ദിക്കാതെയും വയ്യ. സത്രീപുരുഷ ബന്ധങ്ങളുടെ നേര്‍ത്ത അതിര്‍വരമ്പുകളിലൂടെ കടന്നു പോകേണ്ടി വരുന്നതിനിടയില്‍ ജീവിതത്തിന്റെ മുന്നിലെത്തുന്ന പ്രതിസന്ധികള്‍. അത് ദൃശ്യവല്‍ക്കരിക്കുന്നതില്‍ കാട്ടിയ മികവാണ് ചിത്രത്തിന്റെ പ്‌ളസ്‌ പോയിന്റ്.

ആദ്യമേ പറയട്ടെ. രണ്ടര മണിക്കൂര്‍ ചിരിയും തമാശയും പ്രതീക്ഷിച്ച് ഒരിക്കലും നീ-നയെ കാണാന്‍ പോകരുത്. അതിനുള്ള അവസരം പ്രേക്ഷകന് ലഭിക്കില്ല. മറിച്ച് ചിന്തിക്കുന്നതിനുള്ള അവസരം ലഭിക്കും. അപ്രതീക്ഷിത വഴിത്തിരിവുകള്‍ നിറഞ്ഞതാണ് ജീവിതമെന്ന തിരിച്ചറിവു നല്‍കുന്ന സിനിയാണിത്. ആരുടെ ജീവിതത്തിലും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ചില കാര്യങ്ങള്‍. ദാമ്പത്യ ജീവിതത്തില്‍ സ്‌നേഹ ബന്ധങ്ങളുടെ ശക്തമായ ഇഴയടുപ്പം കൊണ്ട് മറ്റൊരാള്‍ക്കും കടന്നുകയറാന്‍ കഴിയാത്ത വിധം സുരക്ഷിതമെന്ന് നാം വിശ്വസിക്കുന്ന നമ്മുടെ മനസ്. എന്നാല്‍ സങ്കീര്‍ണമായ ഒരു ഘട്ടത്തില്‍ അതിന്റെ സുരക്ഷാ കവചങ്ങള്‍ ദുര്‍ബലമാവുകയും വ്യക്തികള്‍ അതിന്റെ പരിണിത ഫലങ്ങള്‍ അനുഭവിക്കേണ്ടി വരികയും ചെയ്യുക. അതാണ് മനോഹരമായ ദൃശ്യങ്ങളിലൂടെയും ആകര്‍ഷകമായ സംഗീതത്തിലൂടെയും സംവിധായകന്‍ മനസില്‍തൊടും വിധം ചിത്രീകരിച്ചത്.

ഒരു സ്വകാര്യ പരസ്യ കമ്പനിയുടെ മേധാവിയായ വിനയ് പണിക്കര്‍ (വിജയ് ബാബു), അയാളുടെ ഭാര്യ നളിനി (ആന്‍ അഗസ്റ്റിന്‍) മകന്‍ അഖില്‍. ഇവരുടെ ജീവിതത്തിലേക്ക് തികച്ചും ആക്‌സ്മികമായി അസ്വാഭാവികമായ പെരുമാറ്റ രീതികളുള്ള നീന കടന്നുവരുന്നു. അതിനു ശേഷം ഇവര്‍ മൂവര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളും പ്രതിസന്ധികളും അവര്‍ അതിനെ അഭിമുഖീകരിക്കുന്ന രീതിയുമാണ് ഏറ്റവും ഹൃദ്യമായ രീതിയില്‍ ലാല്‍ ജോസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്.

ഹൃദയാകൃതിയിലുളള പ്രണയത്തിന്റെ ചിഹ്നം. അതിന്റെ രൂപത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോലും രൂപപ്പെടുത്തിയിട്ടുള്ളത് എന്നതു കാണുമ്പോള്‍ അത്ഭുതം തോന്നാം. പ്രധാനമായും വ്യക്തിബന്ധങ്ങളുടെ സങ്കീര്‍ണത കൈകാര്യം ചെയ്യുന്ന പ്രമേയമാണ് നീനയുടേത്. അതില്‍ പ്രശ്‌നങ്ങളെ നാം നോക്കിക്കാണുന്ന രീതി, അത് കൈകാര്യം ചെയ്യുന്ന രീതി എല്ലാം അന്തര്‍ലീനമാണ്. കുടുംബ പ്രേക്ഷകര്‍ക്ക് പെട്ടെന്ന് ദഹിക്കാത്ത മദ്യപാനം, പുകവലി, എന്നിവയെല്ലാം നീ-നയിലുമുണ്ട്. എന്നാല്‍ ഒരു മികച്ച ശില്‍പിയുടെ വൈദഗ്ധ്യത്തോടെ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട കൃത്യതയും കൈയ്യടക്കവും പാലിച്ചുകൊണ്ടാണ് സംവിധായകന്‍ എല്ലാ രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആകര്‍ഷകവുമാണ്. പല ന്യൂജെനറേഷന്‍ സിനിമകളിലും കാണാന്‍ കഴിയുന്ന അനാവശ്യ കിടപ്പറ ദൃശ്യങ്ങളും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും ഈ ചിത്രത്തിലില്ല എന്നത് ആശ്വാസമാണ്. മാത്രമല്ല, കുടുംബപ്രേക്ഷകര്‍ക്ക്

ടോംബോയിഷ് സ്റ്റൈലില്‍ മുടി വെട്ടി ദിവസത്തിന്റെ മുക്കാല്‍ ഭാഗവും മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്യുന്ന, മോട്ടോര്‍ബൈക്കില്‍ കറങ്ങി നടന്ന് ഗുണ്ടാപ്പണിക്കാരായ പുരുഷന്‍മാരുമായി കമ്പനി കൂടുന്ന, പാതിരാത്രിയില്‍ വീടിന്റെ മതില്‍ ചാടിക്കടക്കുകയും ചെയ്യുന്ന ഒരു പെണ്ണ്. അത്തരം ഒരു കഥാപാത്രത്തെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ ഇത്തിരി ധൈര്യം കൂടുതല്‍ വേണം. കാരണം കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടുകൊണ്ടാണല്ലോ നമ്മുടെ പല സിനിമകളും പിറക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിലെ കപട സദാചാരവാദികള്‍ക്ക് അത്രപെട്ടെന്ന് നീ-നയെ ദഹിക്കാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കാപട്യത്തിന്റെ മുന്നില്‍ നിന്നുകൊണ്ടുതന്നെയാണ് മലയാള നടികള്‍ പലരും ചെയ്യാന്‍ മടിച്ച കഥാപാത്രത്തെ ധീരമായി ഏറ്റെടുത്ത് ദീപ്തി സതി എന്ന മുംബൈക്കാരി ഉജ്ജ്വലമാക്കിയത്.

മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന നീനയെന്ന പെണ്‍കുട്ടിയെ നമുക്ക് വെറുക്കാന്‍ കഴിയില്ല. തികച്ചും പുതുമുഖമായ ദീപ്തി സതി എന്ന അഭിനേത്രി എത്ര അനായാസമായാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതെന്നു കാണുമ്പോള്‍ അത്ഭുതം തോന്നും. ഇത്തരം സ്വഭാവങ്ങളുളള ഒരു പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ മലയാളത്തിലെ നടികളെ കിട്ടില്ലെന്ന് സംവിധായകന് ബോധ്യപ്പെടാന്‍ മൂന്നു വര്‍ഷം വേണ്ടി വന്നു. കാരണം നീനയുടെ സ്വഭാവം സമൂഹത്തിന്റെ സദാചാരത്തിനു നിരക്കുന്നതല്ല എന്നറിഞ്ഞു കൊണ്ട് പിന്‍മാറുകയായിരുന്നു പലരും. അതു നന്നായി എന്നു തന്നെ തോന്നിപ്പോകും നീന കണ്ടാല്‍. ഏതായാലും ലാല്‍ ജോസിന്റെ കണ്ടെത്തല്‍ അസലായി എന്നു നീന കാണുന്ന ആര്‍ക്കും മനസിലാകും. സങ്കീര്‍ണമായ രംഗങ്ങള്‍ അത്ര മികവോടെയാണ് ദീപ്തി അഭിനയിച്ചത്. പ്രത്യേകിച്ചും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന രംഗങ്ങളില്‍ പ്രകടിപ്പിച്ച ഒറിജിനാലിറ്റി സമ്മതിക്കാതെ വയ്യ. ക്‌ളൈമാക്‌സിലാണ് പ്രേക്ഷകന്‍ ശരിക്കും നീനയെ മനസിലാക്കുന്നത്. മറ്റൊരാളുടെ ജീവിതം തകരാതിരിക്കാന്‍ തന്റെ മനസില്‍ തോന്നിയ പ്രണയം അവസാനിപ്പിക്കുന്ന നീനയുടെ നന്‍മ. താന്‍ ജീവിതത്തില്‍ ആദ്യമായി ഇഷ്ടപ്പെട്ട പുരുഷനെ അയാളുടെ കുടുംബത്തിനു തന്നെ തിരികെ നല്‍കിക്കൊണ്ട് തന്റെ മൊബൈലില്‍ നിന്നും അയാളുടെ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് വിങ്ങിക്കരയുന്ന നീനയോട് നമുക്ക് സഹതാപം തോന്നും. മാതാപിതാക്കളുടെ കൈകളില്‍ പിടിച്ച് നീന തേങ്ങിക്കരയുമ്പോള്‍ അവളുടെ കണ്ണീര്‍ വീണുപൊള്ളുന്നത് പ്രേക്ഷകരുടെ ഹൃദയം കൂടിയാണ്.

സ്ത്രീ കേന്ദ്രീകൃത സിനിമയാണെങ്കിലും ഇതിലെ നായകന്‍ വിജയ് ബാബുവിന്റെ മിന്നുന്ന പ്രകടനം സമ്മതിച്ചേ മതിയാകൂ. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ മേധാവിയായിരുന്നതിന്റെ ശാരീരിക ഭാഷ ഈ സിനിമയിലെ കഥാപാത്രത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തിയതിലൂടെ പ്രേക്ഷക മനസില്‍ തങ്ങി നില്‍ക്കാന്‍ വിജയ്‌നായിട്ടുണ്ട്. ഈ റോളിലേക്ക് തന്നെ തിരഞ്ഞെടുത്ത ലാല്‍ ജോസിനോട് വിജയ് നൂറുശതമാനം നീതി പുലര്‍ത്തിയിരിക്കുന്നു. വളരെ സങ്കീര്‍ണമായ ഭാവങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കൈവിട്ടു പോകാതെ മിതത്വം സൂക്ഷിക്കാന്‍ വിജയ്‌നു കഴിഞ്ഞതിലും സംവിധായകന്റെ കൈയ്യൊപ്പു കാണാം. വിജയ്‌നെ തേടി ഇനിയുമേറെ ശക്തമായ കഥാപാത്രങ്ങള്‍ വരുമെന്നുറപ്പ്.

നീനയെ അപേക്ഷിച്ച് സീനുകള്‍ കുറവായിരുന്നെങ്കിലും ശാലീനയായ വീട്ടമ്മയും യുവതിയായ ഭാര്യയുമായി ആന്‍ അഗസ്റ്റിന്‍ മികച്ച അഭിനയം കാഴ്ചവച്ചു. തന്റെ ഭര്‍ത്താവിനോട് നീനയെന്ന പെണ്‍കുട്ടി അതിരു കവിഞ്ഞ അടുപ്പം കാണിക്കുമ്പോഴും സംഘര്‍ഷങ്ങള്‍ പുറത്തു കാട്ടാതെ അപാരമായ ഉള്ളടക്കം പ്രകടിപ്പിക്കുന്ന നളിനിയായി ആന്‍ കസറി. റെസ്റ്ററന്റില്‍ നീനയുമായി പരിചയപ്പെടുന്ന അവസരത്തില്‍ തന്റെ ഭര്‍ത്താവിന്റെ ജീവിതത്തില്‍ നിന്നും മാറിത്തരണമെന്ന ആവശ്യം ഒരു വാചകത്തിലൂടെ നളിനി വ്യക്തമാക്കുന്ന രംഗമുണ്ട്. ' നീനയും ഞാനും ഒരേപോലെ ഇഷ്ടപ്പെടുന്നതൊന്നും നമ്മുടെ ജീവിതത്തില്‍ ഇല്ല. ഇനി ഒരിക്കലും ഉണ്ടാകാനും പാടില്ല.' കണ്ടു പരിചയിച്ച നിരവധി കാഴ്ചകളില്‍ നിന്നും വ്യത്യസ്തമായി ആ രംഗം അനായാസമായി ചെയ്ത ആനും ആ വാക്കുകളില്‍ ഒളിപ്പിച്ച അര്‍ത്ഥം തിരിച്ചറിഞ്ഞ് സമ്മതം മൂളി തലയാട്ടുന്ന നീനയും തികച്ചും അഭിനന്ദനം അര്‍ഹിക്കുന്നു. ഈ ചിത്രത്തിലെ തന്നെ മികച്ച രംഗങ്ങളില്‍ ഒന്നാണിത്. തിരക്കഥാകൃത്തായ വേണുഗോപാലിനും അഭിമാനിക്കാം. വാചകക്കസര്‍ത്തുകളും കണ്ണീരും ഏറെ ചെലവാകുമായിരുന്ന ഒരു രംഗം ഇത്ര കൃത്യമായി അളന്നുമുറിച്ച വാക്കുകളില്‍ ഒതുക്കിയതിന്.

സിനിമയില്‍ ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റായി വേഷമിട്ട ലെന, ചെമ്പന്‍ വിനോദ്, മാര്‍ട്ടിന്‍ പ്രക്കാട്ട് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് മിഴിവേകി. സംവിധാന മികവിനൊപ്പം എടുത്തുപറയേണ്ടതാണ് ഇതിലെ സംഗീതം. സിനിമയുടെ ആകെയുള്ള സ്വഭാവമനുസരിച്ച് കൃത്യമായ പശ്ചാത്തല സംഗീതം നിര്‍വഹിച്ചത് ബിജിപാലാണ്. മനസില്‍ തൊടുന്ന സംഗീതം പകര്‍ന്ന നിഖില്‍ ജെ.മേനോനും അഭിമാനിക്കാം. ചിത്രത്തെ സുന്ദരമാക്കുന്നതില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ജോമോന്‍.ടി ജോണും തന്റേതായ പങ്കു വഹിച്ചുവെന്ന് സിനിമ കാണുമ്പോള്‍ ബോധ്യമാകും.

കലാമൂല്യമുളള സിനിമയാണ് നീ-നയെന്നു പറയുന്നതോടൊപ്പം സിനിമ സംവിധായകന്റെ കലയാണെന്നു കൂടി വ്യക്തമാക്കുന്ന ചിത്രമാണിത്. സിനിമ കണ്ടുകഴിഞ്ഞാലും നീ-ന നമ്മെ പിന്തുടരും. മഞ്ഞുമൂടിയ വഴികളില്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകളുടെ ശൈത്യം കാല്‍ക്കീഴിലാക്കി അവള്‍ നടന്നുനീങ്ങുന്നത് നമുക്ക് കാണാം. അതാണ് നീ-ന.
നീ-ന പ്രിയങ്കരി...മറക്കാനാവില്ല നിന്നെ- ആശ. എസ്. പണിക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക