Image

കൊച്ചി മെട്രോ: ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന്‌ ശ്രീധരന്‍

Published on 04 January, 2012
കൊച്ചി മെട്രോ: ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന്‌ ശ്രീധരന്‍
ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ചാല്‍ പദ്ധതിയുടെ ഓരോ ഘത്തിലും ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന്‌ കഴിഞ്ഞ ദിവസം വിരമിച്ച എംഡി ഇ. ശ്രീധരന്‍ വ്യക്‌തമാക്കി. ഡിഎംആര്‍സി പദ്ധതി നടത്തിയാല്‍ കണ്‍സള്‍ട്ടന്‍സിക്കായി ചെലവഴിക്കുന്ന 300 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചില നിക്ഷിപ്‌ത താല്‍പര്യക്കാരാണ്‌ പദ്ധതിക്ക്‌ തടസ്സം നില്‍ക്കുന്നത്‌. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണ്‌. മെട്രോ നിര്‍മാണങ്ങളില്‍ ഡിഎംആര്‍സിയുടെ ചുമതല പ്രവര്‍ത്തനങ്ങളുടെ ഏകോപനമാണ്‌. മെട്രോ റയില്‍ പദ്ധതികളില്‍ മേല്‍പാലങ്ങള്‍, സ്‌റ്റേഷനുകള്‍, പാതകള്‍ തുടങ്ങിയവയുടെ നിര്‍മാണവും ട്രെയിനുകള്‍, സാങ്കേതിക സംവിധാനം എന്നിവ ലഭ്യമാക്കിയതും ആഗോള ടെന്‍ഡറിലൂടെയാണ്‌.

ആഗോള ടെന്‍ഡര്‍ വിളിച്ചു കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചു നിര്‍മാണം തുടങ്ങിയ ബാംഗ്ലൂര്‍ പദ്ധതിയില്‍ കാലതാമസം നേരിട്ടപ്പോള്‍ ഡിഎംആര്‍സിയെ സമീപിക്കേണ്ടി വന്നു. ഡിഎംആര്‍സിയെ ഏല്‍പ്പിച്ചാല്‍ മാത്രമേ കൊച്ചി പദ്ധതിയുമായി സഹകരിക്കൂവെന്നു ശ്രീധരന്‍ ആവര്‍ത്തിച്ചു. കേന്ദ്ര അനുമതി ലഭിച്ചാലുടന്‍ നിര്‍മാണം തുടങ്ങി മൂന്നര വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഡിഎംആര്‍സിക്കു കഴിയുമെന്നു ശ്രീധരന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പദ്ധതിയുടെ ചുമതല ആര്‍ക്ക്‌ നല്‍കണമെന്ന്‌ കേരള സര്‍ക്കാരാണ്‌ തീരുമാനമെടുക്കേണ്ടതെന്നും ശ്രീധരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക