Image

വിച്ഛേദിക്കപ്പെട്ട അവയവങ്ങള്‍ സംസാരിക്കുന്നു- വാസുദേവ് പുളിക്കല്‍

വാസുദേവ് പുളിക്കല്‍ Published on 14 May, 2015
 വിച്ഛേദിക്കപ്പെട്ട അവയവങ്ങള്‍ സംസാരിക്കുന്നു- വാസുദേവ് പുളിക്കല്‍
(വിചാരവേദിയിലെ സാഹിത്യചര്‍ച്ചയില്‍ അവതരിപ്പിച്ചത്)

നൂതനമായ ആശയങ്ങളുടെ പുതുമയാര്‍ന്ന ആവിഷ്‌ക്കരണത്തിലൂടെ ചെറുകഥാസാഹിത്യത്തെ
പരിപോഷിപ്പിച്ചു കൊണ്ടിരിക്കുന്ന കഥാകാരനാണ് സാംസി കൊടുമണ്‍.  മത-രാഷ്ട്രീയതീവൃവാദികളാല്‍ വിച്ഛേദിക്കപ്പെട്ട അവയവങ്ങളുടെ വ്യകുലതയും ഒത്തുചേരലും അതോടൊപ്പം സമൂഹത്തിന്റെ പ്രതിച്ഛായയും അവതരിപ്പിക്കുന്ന സാംസി കൊടുമണ്ണിന്റെ 'അംശീക്കപ്പെട്ടവരുടെ ശോഭായാത്ര' എന്ന കഥ അദ്ദേഹത്തിന്റെ മറ്റു കഥകളില്‍ നിന്ന് ഭാവനാപരമായി വേറിട്ടു നില്ക്കുന്നു. നൂതനമായ ഭാവനയുടെ വിശാലതയില്‍ നിന്നുകൊണ്ട് കഥാകാരന്‍ സ്വന്തം വിചാരവികാരങ്ങള്‍ വായനക്കാരിലേക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ അവര്‍ കഥ ഏറ്റു വാങ്ങുന്നത് ചില  കഥാപാത്രങ്ങള്‍ വിചിത്രവും സ്വാഭാവികതയില്‍ നിന്ന് അകന്നു നില്‍ക്കുന്നവരുമാണ് എന്ന ചിന്തയോടെയായിരിക്കാമെങ്കിലും ആ കഥാപാത്രങ്ങള്‍ക്ക് സംഭവിച്ച അത്യാഹിതത്തിന്റെ പശ്ചാത്തല യാഥാര്‍ത്ഥ്യം പുതുമയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത് വായനക്കാര്‍ ആസ്വദിക്കുന്നുണ്ടാകും.  ജഡസമാനമായ കഥാപാത്രങ്ങള്‍ക്ക് ജീവന്റെ തുടിപ്പ് നാല്‍കിയിരിക്കുന്നതും അവരെക്കൊണ്ട് അവരുടെ അനുഭവം  പറയിക്കുന്നതും കഥയുടെ ഒരു പ്രത്യേകതയാണ്. ഈ കഥാപാത്രങ്ങളുടെ വിചിന്തനങ്ങള്‍ സജ്ജമായ മാനസികഘടനയോടു കൂടി അവതരിപ്പിച്ചിരിക്കുന്നത് തികച്ചും സ്വാഭാവികതയോടെ ആയതിനാല്‍ ചില  കഥാപാത്രങ്ങള്‍ അസ്വഭാവികം എന്ന വായനക്കാരുടെ താല്‍ക്കാലികമായ ചിന്ത അപ്രസക്തമാകുന്നു. ചിതറിപ്പോയ അവയങ്ങളായ കഥാപാത്രങ്ങളില്‍ അനാഥത്വബോധം പടര്‍ന്നു കയറുന്നുണ്ടെങ്കിലും അവയവങ്ങളുടെ ഒത്തു ചേരലും അവരുടെ നിഷ്പക്ഷതയുടെ വിശദീകരണവും കഥക്ക് ഒരു പുതിയ മാനം നല്‍കുന്നുണ്ട്. കയ്യ്, കാല്, കണ്ണ് തുടങ്ങിയ കഥാപാത്രങ്ങള്‍ ഇടക്കിടെ കയറി വരുന്നതും കഥാപാത്രങ്ങളുടെ ബാഹുല്യവും  മൂലം കഥ തന്തു ശാഖീകരിക്കപ്പെടുന്നു എന്നോ കഥയുടെ ഏകാഗ്രത നഷ്ടപ്പെടുന്നു എന്നോ ഉള്ള ധാരണ വായനക്കാരില്‍ ഉണ്ടാകാം. അത് ഉപരിപ്ലവമായി കഥയെ സമീപിക്കുന്നതു കൊണ്ടാണ്. കഥാപാത്രങ്ങളുടെ ഏകോപനത്തില്‍ കഥാതന്തു ഒന്നിനൊന്ന് ശക്തി പ്രാപിക്കുന്നത് കാണുമ്പോള്‍ ചെറുകഥയുടെ ചട്ടക്കൂട്ടില്‍ നിന്ന് കഥ തെന്നിപ്പോയിട്ടില്ലെന്ന് കാണാന്‍ കഴിയും. ചിന്നിച്ചിതറിക്കിടക്കുന്ന കഥാപാത്രങ്ങളെ കവരകളില്ലാതെ കഥാതന്തുവില്‍ കോര്‍ത്തിണക്കിക്കൊണ്ടു പോകുന്ന ആവിഷ്‌ക്കരണ രീതി സ്വീകരിച്ചിരിക്കുന്നതിനാല്‍ കഥയുടെ ഏകാഗ്രതക്ക് ഭംഗം സംഭവിച്ചിട്ടില്ല. 

സമൂഹത്തിന്റെ സ്പന്ദനങ്ങള്‍  വായനക്കാരുടെ മനസ്സിലേക്ക് സന്നിവേശിപ്പിച്ച് അവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന കഥകളാണ് വായനക്കാരുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നത്. സാംസിക്കഥകളുടെ പ്രത്യേകത ശക്തമായ ഒരു സന്ദേശം കഥകളില്‍ ലീനമായിക്കിടപ്പുണ്ടാകും എന്നതാണ്. ഈ കഥ പല പടി മുന്നോട്ടു പോയിരിക്കുന്നു.  സമൂഹത്തിന്റെ പരിച്ഛേദം തന്നെ ഈ കഥയില്‍ കാണാം. രാഷ്ട്രീയ പ്രതികാരത്തിന്റെ അമ്പത്തൊന്ന് വെട്ടുകളും മതഭ്രാന്തന്‍മാരുടെ കയ്യേറ്റങ്ങളും വര്‍ഗ്ഗീയതയുടെ ജീര്‍ണ്ണതയും സമൂഹത്തില്‍ കുബുദ്ധികള്‍ കുഴിക്കുന്ന ചതിക്കുഴികളും കണ്ട് വൃണിതമാകുന്ന കഥാകാരന്റെ മനസ്സില്‍ നിന്ന് ഉയരുന്ന ആത്മരോഷം കഥയില്‍ ഉടനീളം പ്രതിധ്വനിക്കുന്നുണ്ട്.  താഴെക്കിടയിലുള്ളവര്‍ അധികാരം കയ്യാളുന്നവരുടെ ആജ്ഞാനുവര്‍ത്തികളായില്ലെങ്കില്‍ അവര്‍ക്ക് ജീവിതം നിഷേധിക്കുന്ന പ്രത്യശാസ്ത്രത്തിന്റെ മാഫിയ പരിവേഷം കഥാകാരന്‍ തുറന്നു കാണിക്കുന്നു. ഒരിക്കല്‍ തെറ്റുചെയ്താല്‍ ജീവിതകാലം മുഴുവന്‍ തെറ്റുകള്‍ ചെയ്തുകൊണ്ടിരിക്കണം എന്ന് നിഷ്‌ക്കര്‍ഷിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താക്കളുടെ പിടിയില്‍ പെട്ടുപോയാല്‍ പിന്നീട് ഒരു തിരിച്ചു വരവിനോ തെറ്റു തിരുത്തി പശ്ചാപിക്കാനോ ഉള്ള അവസരമില്ല. സ്വന്തം വ്യക്തിത്വം അടിയറ വച്ച് തെറ്റുകളിലൂടെയുള്ള പ്രയാണം തുടര്‍ന്നില്ലെങ്കില്‍ അംശീകരിക്കപ്പെടും. അതുകൊണ്ട് താല്‍ക്കാലികമായ നേട്ടങ്ങള്‍ക്ക് വേണ്ടി അദ്ധ്യാപകന്റെ കൈ വെട്ടാനും മറ്റും തുനിയാതെ സത്യത്തെ മുന്‍ നിറുത്തി ജീവിക്കാന്‍ കഥാകാരന്‍ തുടക്കത്തില്‍ തന്നെ പറഞ്ഞു വയ്ക്കുന്നു. 'ചോരയില്‍ കഴുകപ്പെട്ട ഗുരുവിന്റെ തല ഭൂമിയുടെ രഹസ്യം വായിച്ചെടുക്കാനെന്ന പോലെ മണ്ണില്‍ കുടന്നുരുണ്ടു. ആ ചുണ്ടുകളില്‍ കീഴടങ്ങാനാവന്റെ പുഞ്ചിരി.' യഥാര്‍ത്ഥ ഗുരുവിന്റെ ചിത്രീകരനമാണിത്. ദൈവത്തിനെയല്ലാതെ ഗുരുവിന് മറ്റാരേയും ഭയമില്ല. ഗുരുവിന് അറിവാണ് ദൈവം. അറിവ് സത്യമാണ്. ലോകരഹസ്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ഗുരു എപ്പോഴും അറിവിനു വേണ്ടി ദാഹിച്ചു കൊണ്ടിരിക്കും നേടിയ അറിവ് ലോകനന്‍മക്കായി ഉപയോഗിക്കുകയും ചെയ്യും. ഗുരു പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. 'സത്യമാണ് നിന്റെ വഴി. നമ്മള്‍ നമ്മുടെ സത്യത്തിന് മേല്‍ ഉറച്ചു നില്ക്കുക; അപ്പോള്‍ വഴിയും വെളിച്ചവും വന്നു ചേരും.' വെട്ടിനുറക്കപ്പെട്ട ഗുരുവിലൂടേയും കാഥാകാരന്‍ ഉല്‍ഘോഷിക്കുന്നത് സത്യത്തിന്റെ മഹത്വമാണ്.

എന്നാല്‍, ജനം ഗുരുവവചനങ്ങള്‍ക്ക്  ആത്മാര്‍ത്ഥതയോടെ ചെവിയോര്ക്കുന്നുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ ലോകം പ്രശ്‌നങ്ങളില്ലാതെ എത്രയോ സുന്ദരമായേനെ. സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് മതപരിവര്‍ത്തനവും  അന്യമതം സ്വീകരിച്ചവരെ തിരിയെ കൊണ്ടുവരാന്‍ ശ്രമിക്കലും. ഒരു മതപരിവര്‍ത്തന സംഘത്തിന്റെ വിലാപം കഥാകാരന്‍ അവതരിപ്പിച്ചിരിക്കുന്നു.  ഞങ്ങള്‍ ആരേയും മതം മാറാന്‍ പ്രേരിപ്പിച്ചിട്ടില്ല, ആരേയും പ്രലോഭിപ്പിച്ചിട്ടില്ല. ഞങ്ങള്‍ സാധുക്കളെ ശുശ്രൂഷിച്ചു, അവരുടെ വിശപ്പടക്കി. ഞങ്ങളുടെ ദൈവത്തെ അവരുടെ മുന്നില്‍ അവതരിപ്പിച്ചു, ദൈവവചനങ്ങള്‍ പ്രചരിപ്പിച്ചു. ഒരു തെറ്റും ചെയ്യാത്ത ഞങ്ങളെ അഗ്നിയില്‍ എരിച്ചു. എന്തൊരു ക്രൂരത! ഈ വിലാപം അവതരിപ്പിച്ചത് മതപരിവര്‍ത്തനം എങ്ങിനെ ആയിരിക്കണമെന്ന കഥാകാരന്റെ ആത്മാര്‍ത്ഥമായ ചിന്തയില്‍  നിന്നാണെന്നറിയാം. എന്നാല്‍, മതപരിവര്‍ത്തനത്തിന്റെ പല മേഖലകളിലും അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് എത്രയോ അകലെയാണ്. മതത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മതഭ്രാന്ത•ാര്‍ ആസൂത്രിതവും തത്വവിരുദ്ധവും തന്ത്രപരവും ക്രൂരവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. അതുകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. മനുഷ്യര്‍ സുഖം തേടുന്നവരാണ്. എവിടെ സുഖം ലഭിക്കുന്നോ അവരുടെ മനസ്സ് അങ്ങോട്ട് തിരിയുന്നു. അത് അവരുടെ സ്വാതന്ത്ര്യമാണ്. വിശ്വാസത്തില്‍ വരുന്ന വ്യതിയാനം കൊണ്ട് മതം മാറിപ്പോകുന്നവരെ ക്രൂര പ്രവൃത്തികളിലൂടെ തിരിച്ചു പിടിക്കാന്‍ ശ്രമിച്ച് വര്‍ഗ്ഗീയതയുടെ അഗ്നി ആളിക്കത്തിക്കാതെ അവരെ അവരുടെ വഴിക്കു വിടുക, അവര്‍ സ്വതന്ത്രരായി ജീവിക്കട്ടെ എന്ന സന്ദേശം ഈ കഥയില്‍ നിന്ന് വായിച്ചെടുക്കാം.

അംശീകരിക്കപ്പെട്ടവരുടെ ശോഭായാത്ര കാനനങ്ങളും പൊയ്കകളും ഗംഗാതടവും മറ്റും കടന്ന് കുരുക്ഷേത്രഭൂമിയില്‍ എത്തുന്നു. ചതിയുടേയും വഞ്ചനയൂടേയും കഥ പറയുന്ന കുരുക്ഷേത്രത്തിന് ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ എന്ന വിശേഷണം അനുയോജ്യമാണോ എന്ന കഥാകാരന്റെ നിലപാടിനോട് യോജിക്കുന്നവര്‍ നിരവധി പേര്‍ ഉണ്ടാകാം. ചതിയാല്‍ വിജയം കൈവരിച്ചവരുടെ വീരഗാഥയേക്കാള്‍ അവിടെ ഉച്ചത്തില്‍ മുഴങ്ങിക്കേട്ടത് ഗാന്ധാരിയുടെ വിലാപവും കര്‍ണ്ണന്റെ ചിരിയും ആയിരുന്നു എന്ന കഥാകാരന്റെ അഭിപ്രായം ഉചിതം. കര്‍ണ്ണന്റേത് സാധാരണ ചിരിയായിരുന്നില്ല, അതൊരു  പരിഹാസച്ചിരിയായിരുന്നു. അര്‍ജ്ജുനാ, നീ ഭീരുവാണ് എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടുള്ള പരിഹാസച്ചിരി. കര്‍ണ്ണന്റെ പരിഹാസച്ചിരി ഭാരതവര്‍ഷത്തിലുടനീളം പ്രതിധ്വനിച്ചു. ഗാന്ധരിയുടെ വിലാപം തപസ്വിനിയായ ഒരമ്മയുടെ ഹൃദയം പൊട്ടിയുള്ള വിലാപമായിരുന്നു. ചതിയില്‍ മക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപം. 

ചതിയുടെ, വര്‍ഗ്ഗീയതയുടെ, രാഷ്ട്രീയക്കൊലയുടെ കഥകള്‍ കേട്ട് മനം നൊന്ത കഥാകാരന്‍
'മാ നിഷാദ' - അരുത് കാട്ടാള എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട് കഥ അവസാനിപ്പിക്കുന്നു. കാട്ടാളന്‍ ഒന്നല്ല, സമൂഹത്തില്‍ നിറയെ കാട്ടാളന്‍മാരാണ്‌. അതുകൊണ്ട് 'മാ നിഷാദ' എന്ന് കഥാകാരനോടൊപ്പം നമുക്കും തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറയാം. എഴുത്തുകാരുടെ  ആത്മാര്‍ത്ഥതയെ സംശയിക്കുന്ന വായനക്കാരുണ്ടാകും. അവര്‍ സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്തുന്നുണ്ടോ എന്ന് ഒരു ആത്മപ്പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇനിയും നല്ല നല്ല കഥകള്‍ എഴുതി ചെറുകഥാസാഹിത്യത്തെ സമ്പന്നമാക്കാന്‍ സാംസി കൊടുമണ്ണിന് സാധിക്കട്ടെ.

 വിച്ഛേദിക്കപ്പെട്ട അവയവങ്ങള്‍ സംസാരിക്കുന്നു- വാസുദേവ് പുളിക്കല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക