Image

എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിനെക്കുറിച്ച് ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനം

Published on 03 January, 2012
എംപറര്‍ ഇമ്മാനുവല്‍ ട്രസ്റ്റിനെക്കുറിച്ച് ഇരിങ്ങാലക്കുട രൂപതാമെത്രാന്‍ പുറപ്പെടുവിക്കുന്ന വിജ്ഞാപനം
യേശുവില്‍ പ്രിയ സഹോദരരേ, വാത്സല്യമുള്ള മക്കളേ,

കത്തോലിക്കാവിശ്വാസികളായ നാം ഏറ്റുപറയുന്ന വിശ്വാസം ദൈവവചനത്തിലും വിശുദ്ധ പാരമ്പര്യത്തിലും അധിഷ്ഠിതമാണ്. ക്രിസ്തുവിലും അവിടന്ന് സ്ഥാപിച്ച ഏകവും പരിശുദ്ധവും ശ്ലൈഹികവും സാര്‍വത്രികവുമായ സഭയിലും നാം വിശ്വസിക്കുന്നു. വിശ്വാസമാകുന്ന വലിയ നിക്ഷേപം അഭംഗുരം കാത്തുസൂക്ഷിക്കാനും പരിശുദ്ധാത്മാവിനാല്‍ പ്രേരിതമായി വിശ്വാസസത്യങ്ങളെ വിശ്വസ്തതാപൂര്‍വം പ്രഘോഷിക്കാനും സഭയ്ക്ക് ഉത്തരവാദിത്വവും അവകാശവുമുണ്ട്. സഭയുടെ പ്രബോധനാധികാരത്തോട് കത്തോലിക്കാവിശ്വാസികളായ നാം വിധേയത്വം പ്രകടിപ്പിക്കുകയും അത് അനുസരണാപൂര്‍വം സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.

വെളിപ്പെടുത്തപ്പെട്ടതും കാതോലികവുമായ സത്യങ്ങള്‍ ദൈവവചനത്തിലോ വിശുദ്ധപാരമ്പര്യങ്ങളിലോ അടിസ്ഥാനമുള്ളവയാണ്. സഭാമക്കളായ നാം സഭയുടെ ഔദ്യോഗികപ്രബോധനത്തെ വിശ്വാസപൂര്‍വം സ്വീകരിക്കണം. മാത്രമല്ല അത്തരം പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും പഠിപ്പിക്കരുതെന്ന് അനുശാസിക്കുകയും വേണം. ദൈവവചനത്തെ തെറ്റായി വ്യാഖ്യാനിക്കുകയും സഭയുടെ വിശുദ്ധപാരമ്പര്യങ്ങളെ വികലമായി ചിത്രീകരിക്കുകയും അതു പഠിപ്പിക്കുകയും ചെയ്യുന്ന വിവിധ സെക്ടുകളും പ്രസ്ഥാനങ്ങളും ഈയടുത്ത കാലത്തായി നമ്മുടെ രൂപതാതിര്‍ത്തിയിലും രൂപതയ്ക്ക് പുറത്തും രൂപപ്പെട്ടിട്ടുണ്ട്. അവയ്ക്ക് സഭയുടെ അംഗീകാരമോ അനുവാദമോ ഇല്ലാത്തതാണ്.

നമ്മുടെ രൂപതാതിര്‍ത്തിയിലെ മുരിയാടുള്ള “എംപറര്‍ എമ്മാനുവേല്‍ ട്രസ്റ്റ് - സീയോന്‍ ധ്യാനകേന്ദ്രത്തിന്” ഇരിങ്ങാലക്കുട രൂപതയുടെ യാതൊരു അംഗീകാരമോ അനുവാദമോ ഇല്ലാത്തതാകുന്നുവെന്ന് ഞാന്‍ പ്രത്യേകം അറിയിക്കുന്നു. കത്തോലിക്കാവിശ്വാസം സ്വീകരിച്ചവര്‍ ഒരിക്കലും ഈ ധ്യാനകേന്ദ്രത്തിലോ ഇത്തരം സ്ഥലങ്ങളില്‍ ഇവര്‍ നയിക്കുന്ന ധ്യാനപ്രഘോഷണത്തിലോ സംബന്ധിക്കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. സഭയുടെ അംഗീകാരമില്ലാത്ത ഇവര്‍ നേതൃത്വം നല്കുന്ന പ്രാര്‍ത്ഥനാഗ്രൂപ്പുകളിലും ധ്യാനങ്ങളിലും ആരും സംബന്ധിക്കരുത്. വിശ്വാസത്തിലും സഭാപ്രബോധനങ്ങളിലും അടിയുറച്ച് ക്രൈസ്തവജീവിതം നയിക്കാന്‍ ഏവരും ശ്രമിക്കണം. അബദ്ധവിശ്വാസം പ്രചരിപ്പിക്കുന്നവരുടെ സമൂഹത്തില്‍ അകപ്പെട്ടുപോയ വിശ്വാസികളെ സ്‌നേഹബുദ്ധ്യാ തിരുത്താന്‍ ഏവരും യത്‌നിക്കണം. പ്രാര്‍ത്ഥനയും ഉപവാസവും വഴി സ്വയം വിശുദ്ധീകരിക്കുന്നതിനും യഥാര്‍ത്ഥ വിശ്വാസത്തില്‍നിന്ന് വ്യതിചലിച്ചു പോയവരെ തിരിച്ചു കൊണ്ടുവരുന്നതിനും ഏവരും പരിശ്രമിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹത്തോടെ,

ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട രൂപതാമെത്രാന്‍

2011 സെപ്തംബര്‍ 21-ാം തീയതി വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാള്‍ ദിവസം പുറപ്പെടുവിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക