Image

സുഖമുള്ള സെക്കന്‍ഡ് ക്‌ളാസ് യാത്ര

ആശ പണിക്കര്‍ Published on 14 May, 2015
സുഖമുള്ള സെക്കന്‍ഡ് ക്‌ളാസ് യാത്ര
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ പേരെടുത്ത വിനീത് ശ്രീനിവാസന്‍ നായകനാകുന്ന സിനിമയായതുകൊണ്ട് ഏറെ പ്രതീക്ഷകളോടെയാണ് തിയേറ്ററിലെത്തിയത്. തട്ടത്തിന്‍ മറയത്ത്, തിര തുടങ്ങിയ സിനിമകള്‍ മനസില്‍ പതിഞ്ഞുകിടന്നിരുന്നതുകൊണ്ട് ഒരു സെക്കന്‍ഡ് ക്‌ളാസ് യാത്ര അത്രയ്ക്ക് ഏറ്റോ എന്നു സംശയം. എങ്കിലും ബോറടിക്കാതെ രണ്ടു മണിക്കൂര്‍ നേരം തിയേറ്ററില്‍ പിടിച്ചിരുത്താന്‍ സിനിമയ്ക്കു കഴിയും എന്നുള്ളതു കൊണ്ട് മുന്നോട്ടുള്ള യാത്രക്ക് ബുദ്ധിമുട്ടു വരില്ല. 

ജയില്‍ പുള്ളികളായ വിനീത് ശ്രീനിവാസനെയും ചെമ്പന്‍ വിനോദിനെയും കൂട്ടി തിരുവനന്തപുരത്തേക്ക് ഒരു ട്രെയിനില്‍ യാത്ര പോകുകയാണ് പോലീസുകാരായ ജോജുവും ശ്രീജിത് രവിയും. ഈ യാത്രയ്ക്കിടയില്‍ ഇവര്‍ക്കിടയിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. ഈ അപ്രതീക്ഷിത സംഭവങ്ങള്‍ നര്‍മത്തിന്റെ അകമ്പടിയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു എന്നുതന്നെ പറയാം. 

പ്രേക്ഷന്റെ നെഞ്ചിടിപ്പിക്കുന്ന രംഗങ്ങള്‍ ഒന്നും ഈ സിനിമയില്‍ ഇല്ലെങ്കിലും ആകാംക്ഷയും ചിരിയും ഉണര്‍ത്തുന്ന ഒരു പാട് സംഭവങ്ങള്‍ കൊണ്ട് ആദ്യ പകുതി സമ്പന്നമാണ്. സാന്ദര്‍ഭികമായ കോമഡി മിതമായ രീതിയില്‍ പ്രയോഗിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധയും പുലര്‍ത്തിയിട്ടുണ്ട് എന്നതും അഭിനന്ദനമര്‍ഹിക്കുന്നു.

ആദ്യപകുതി രസകരമായി മുന്നോട്ടു കൊണ്ടുപോകുന്ന സംവിധായകന് രണ്ടാംപകുതിയുടെ തുടക്കത്തില്‍ ആ മികവ് നിലനിര്‍ത്താനാകുന്നില്ല. ഏറെ കണ്ടുമടുത്ത ക്‌ളൈമാക്‌സിലേക്ക് ചിത്രം പോകുമെന്ന ഘട്ടത്തില്‍ വീണ്ടും ആ രസച്ചരട് പൊട്ടാതെ നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. വിനീതാണ് ചിത്രത്തിലെ നായകനെങ്കിലും പ്രേക്ഷകരെ ഏറ്റവും കൂടുതല്‍ ചിരിപ്പിക്കുന്നത് ചെമ്പന്‍ വിനോദും ജോജുവുമാണ്. പോലീസുകാരുടെ ചില പ്രത്യേകതകളും കുനുഷ്ടുമെല്ലാം ഒറിജിനാലിറ്റിയോടെ അവതരിപ്പിച്ച് ജോജു ശരിക്കും കൈയ്യടി നേടുന്നുണ്ട്. അതോടൊപ്പം ചെമ്പന്‍ വിനോദും. സപ്തമശ്രീ തസ്‌ക്കര എന്ന ചിത്രത്തിലെ ബുദ്ധിശൂന്യനായ കള്ളനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള നര്‍മം തന്നെയാണ് ചെമ്പന്‍ വിനോദ് ഈ സിനിമയിലും പ്രയോഗിക്കുന്നത്. മലയാള സിനിമയില്‍ ഹാസ്യനടന്‍മാരില്‍ മുന്നിലെത്താന്‍ ചെമ്പന്‍ വിനോദിനു സാധ്യതകളുണ്ടെന്നാണ് ഈ സിനിമയും വ്യക്തമാക്കുന്നത്. സിനിമയില്‍ വിനീതിന്റെ ചേച്ചിയായി അഭിനയിക്കുന്ന നിക്കി ഗല്‍റാണി തന്റെ റോള്‍ മികച്ചതാക്കി. എങ്കിലും ഭാവാഭിനയത്തിന്റെ കാര്യത്തില്‍ ഇനിയും കുറേക്കൂടി മുന്നോട്ടു പോകേണ്ടിയിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല. 

നെടുമുടി വേണു, മണിയന്‍പിള്ള രാജു, ഇന്ദ്രന്‍സ്, പ്രദീപ്, ബാലു വര്‍ഗീസ്, സുനില്‍ സുഗത എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. നവാഗത സംവിധായകരായ റെജിസ് ആന്റിണിയും ജെക്‌സണ്‍ ആന്റിണിയും പ്രതിഭയുള്ള ചെറുപ്പക്കാരാണ് . ചില ചില്ലറ പോരായ്മകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സാധാരണക്കാരായ പ്രേക്ഷകര്‍ക്കിഷ്ടപ്പെടും വിധം തന്നെയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. ഗോപീ സുന്ദറിന്റെ സംഗീതം മികച്ചതാണ്. എന്നാല്‍ പശ്ചാത്തല സംഗീതത്തിന് ആ മികവ് അവകാശപ്പടാന്‍ കഴിയില്ല. രണ്ടു മണിക്കൂറില്‍ താഴെ നില്‍ക്കും വിധം ചിത്രത്തെ എഡിറ്റ് ചെയ്ത് മിനുക്കിയെടുത്ത ലിജോ പോളിന് അഭിമാനിക്കാം. ഏതാതായാലും ഒന്നു പറയാം. ടിക്കറ്റ് ചാര്‍ജ് മുതലാകുന്ന സിനിമയാണ് ഒരു സെക്കന്‍ഡ് ക്‌ളാസ് യാത്ര. 


സുഖമുള്ള സെക്കന്‍ഡ് ക്‌ളാസ് യാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക