Image

ദിലീപിന് ജയം; കാവ്യക്ക് പരാജയം

ജയമോഹനന്‍ എം. Published on 13 May, 2015
ദിലീപിന് ജയം; കാവ്യക്ക് പരാജയം
ഒരു വലിയ വിജയം അത്യാവശ്യമായിരുന്ന സമയമായിരുന്നു ദിലീപിന്. തുടര്‍ച്ചയായ സിനിമകളുടെ പരാജയത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു ബോക്‌സ് ഓഫീസ് വിജയം. ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിതം ദിലീപിന് സൂപ്പര്‍ഹിറ്റ് നല്‍കിക്കൊണ്ട് വീണ്ടും താരപദവി ഉറപ്പിച്ചു നിര്‍ത്തുന്നു. 

നാടോടി മന്നന്‍, ഏഴു സുന്ദര രാത്രികള്‍, അവതാരം,  വില്ലാളി വീരന്‍, ഇവന്‍ മര്യാദ രാമന്‍ എന്നീ സമീപകാല സിനിമകള്‍ അമ്പേ പരാജയപ്പെട്ടു. ശ്രീംഗാര വേലന്‍, റിംഗ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളാവട്ടെ വിജയം നേടിയെങ്കിലും ഡബിള്‍ മീനിംഗ് കോമഡി സിനിമയെന്ന ദുഷ്‌പേര് ബാക്കിയാക്കി. സ്ഥിരം ദിലീപ് സിനിമകളുടെ കാലം കഴിഞ്ഞുവെന്ന് പ്രേക്ഷകര്‍ വിധിയെഴുതിയിടത്ത് പിന്നീട് പരാജയങ്ങളുടെ കാലം. വ്യക്തി ജീവിതത്തിലും തിരിച്ചടികള്‍ ദിലീപിന് നേരിട്ടപ്പോള്‍ ഇനിയെന്താണ് ദിലീപിന്റെ ഭാവി എന്നതായിരുന്നു ഏവരുടെയും ചോദ്യം. മുമ്പ് കുഞ്ചാക്കോ ബോബനും, ജയറാമും സുരേഷ് ഗോപിയുമൊക്കെ സിനിമയില്‍ നിന്ന് നിര്‍ബന്ധിത ഇടവേളയെടുത്തത് പോലെ ഒരു ഇടവേളയിലേക്ക് പോകുമോ ദിലീപിന്റെ കരിയര്‍ എന്നതായിരുന്നു പ്രധാന ചര്‍ച്ച. 

ഉദയകൃഷ്ണ-സിബി കെ തോമസ് തിരക്കഥകളില്‍ നടക്കുന്ന ദിലീപ് കോമഡി സിനിമകളുടെ കാലം കഴിഞ്ഞുവെന്ന് ദിലീപിന് തന്നെ ബോധ്യമാകുന്നിടത്താണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ സംഭവിക്കുന്നത്. മലയാളത്തിലെ മുന്‍നിര ചെറുകഥാകൃത്തായ സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയില്‍ സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത സിനിമ. സന്തോഷ് ഏച്ചിക്കാനവും സിദ്ധാര്‍ഥ് ഭരതനും ഒരു സിനിമ സിനിമയില്‍ ആരും സങ്കല്പിക്കാത്ത പേരാണ്. എന്നിട്ടും അവരുടെ കഥയിലും സംവിധാനത്തിലും ഒരു ദിലീപ് ചിത്രം വരുന്നു എന്നത് കൗതുകത്തോടെയാണ് എല്ലാവരും കണ്ടത്. 

പ്രേക്ഷകന്റെ പ്രതീക്ഷകളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് പൂര്‍ണ്ണമായും പുതുമ നിറഞ്ഞ ശൈലിയിലാണ്   ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒപ്പം ദിലീപ് എന്ന താരത്തിന് കരിയറില്‍ പുതിയൊരു വഴിത്തിരിവും. 

ചന്ദ്രമോഹന്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരന്റെയും ഭാര്യയുടെയും കഥയാണ് ചന്ദ്രേട്ടന്‍ എവിടെയാ. ഭാര്യ സുഷുമ തൃശ്ശൂരില്‍ സര്‍ക്കാര്‍ ജീവനക്കാരിയാണെങ്കില്‍ ചന്ദ്രമോഹന്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍. പരസ്പരം കാണുന്നത് വളരെ അപൂര്‍വ്വമായിട്ടാണ്. എന്നാലും സുഷുമക്ക് ഒരു സ്വഭാവമുണ്ട്. എപ്പോഴും ഭര്‍ത്താവിനെ ഫോണ്‍ ചെയ്തുകൊണ്ടിരിക്കും. ചന്ദ്രമോഹന്‍ ഫോണെടുക്കുമ്പോള്‍ കേള്‍ക്കുന്ന ആദ്യ വാചകം 'ചന്ദ്രേട്ടന്‍ എവിടെയാ' എന്ന സുഷുമയുടെ ചോദ്യമാണ്.  രാത്രി മദ്യപാന സദസുകളില്‍ പോലും ചന്ദ്രമോഹനെ സുഷുമയുടെ ഫോണ്‍ വിളികള്‍ പിന്തുടരും. 

അങ്ങനെയിരിക്കെ നാട്ടിലെത്തിയ ഒരു അവധി ദിവസം സുഷുമയെയും മറ്റു ബന്ധുക്കളെയും കൂട്ടി ചന്ദ്രമോഹന്‍ തഞ്ചാവൂരിന് ടൂര്‍ പോകുന്നു. അവിടെ വെച്ച് ഒരു ജ്യോതിഷി ചന്ദ്രമോഹന്റെ ജാതകം നോക്കി ഭാവി പ്രവചിക്കുന്നു. ചന്ദ്രമോഹന്‍ മുമ്പ് ചോള രാജാവിന്റെ കൊട്ടാരത്തിലെ വിദൂഷകനായിരുന്നുവെന്നും അവിടെ അയാള്‍ക്കൊരു കാമുകിയുണ്ടായിരുന്നുവെന്നും എന്നാല്‍  ആ പ്രണയം തകര്‍ന്നു പോയിരുന്നുവെന്നുമാണ് ജ്യോതിഷിയുടെ കണ്ടെത്തല്‍. നഷ്ട പ്രണയം വീണ്ടെടുക്കാന്‍ ചന്ദ്രമോഹന്റെ ജീവിതത്തിലേക്ക് പൂര്‍വ്വ ജന്മത്തിലെ കാമുകി തിരിച്ചെത്തുമെന്ന് ജ്യോതിഷിയുടെ പ്രവചനവും. 

ഇതോടെ അങ്കലാപ്പിലായിപ്പോകുന്നത് ഭാര്യ സുഷുമയാണ്. അവള്‍ ചന്ദ്രമോഹനനൊപ്പമെത്താന്‍ ട്രാന്‍സ്ഫര്‍ വാങ്ങി തിരുവനന്തപുരത്തേക്ക് തിരിക്കുന്നു. എന്നാല്‍ അപ്പോഴേക്കും ചന്ദ്രമോഹന്റെ ജീവിതത്തിലേക്ക് ആ കാമുകി കടന്നു വന്നു കഴിഞ്ഞിരുന്നു. തുടര്‍ന്നുള്ള സംഭവങ്ങളാണ് ചന്ദ്രേട്ടന്‍ എവിടെയാണ് എന്ന ചിത്രത്തില്‍ ദൃശ്യവല്‍കരിക്കുന്നത്. 

മികച്ച നര്‍മ്മത്തിലൂടെയാണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമ ഒരുക്കിയിരിക്കുന്നത്. ദ്വയാര്‍ഥ പ്രയോഗങ്ങളോ അശ്ലീലമോ ഇല്ലാത്ത നറുംപാല്‍ പോലെ നിര്‍മലമായ ഹാസ്യത്തിന്റെ അവതരണം ഏതൊരു പ്രേക്ഷകനും പുതിയൊരു അനുഭവം തന്നെയാവും. മികച്ച മൗലീകതയിലേക്ക് മലയാള സിനിമ മടങ്ങി വരുന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ ചിത്രം. 
മറുവശത്ത് മലയാള സിനിമയുടെ മൗലീകതയുടെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രം ക്ലീഷേകള്‍ കാരണം പൊളിഞ്ഞു വീഴുമ്പോഴാണ് പുതുമകളോടെ പുത്തന്‍ ആഖ്യാനത്തോടെ ചന്ദ്രേട്ടന്‍ എവിടെയാ വിജയിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാര്യരും ഒന്നിച്ചിട്ടും എന്നും എപ്പോഴും എന്ന ചിത്രം ശരാശരിയാവുന്നു എന്നിടത്താണ് ചന്ദ്രേട്ടന്‍ എവിടെയാ എന്ന സിനിമയുടെ പ്രസക്തിയും. 

ദിലീപിന് ഒരു വിജയം എത്രത്തോളം അനിവാര്യമായിരുന്നോ അത്ര തന്നെ അനിവാര്യമായിരുന്നു കാവ്യക്കും. എന്നാല്‍ തിരഞ്ഞെടുപ്പിലെ പാളിച്ചകള്‍ കൊണ്ട് പരാജയമായിരുന്നു കാവ്യക്ക് നേരിട്ടത്. ഷീ ടാക്‌സി എന്ന സിനിമ പ്രേക്ഷകരെ തീയറ്ററില്‍ വെറുപ്പിച്ചുകൊണ്ടാണ് എതിരേറ്റത്. 2012ല്‍ ബാവുട്ടിയുടെ നാമത്തില്‍ എന്ന നല്ല സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ രണ്ട് പരാജയങ്ങളാണ് പിന്നീട് കാവ്യക്ക് സംഭവിച്ചത്. ലോക് പാലും, ബ്രേക്കിംഗ് ന്യൂസ് ലൈവും. പിന്നീട് സിനിമയില്‍ നിന്നും വലിയൊരു ഇടവേള. തുടര്‍ന്ന് ഏറെ ആഘോഷിക്കപ്പെട്ടെത്തിയ മടങ്ങി വരവായിരുന്നു ഷീ ടാക്‌സി എന്ന ചിത്രത്തിലൂടെ കാവ്യയുടേത്. 

എന്നാല്‍ സജി സുരേന്ദ്രന്‍ - കൃഷ്ണാ പൂജപ്പുര - അനൂപ് മേനോന്‍ ടീമിന്റെ സീരിയല്‍ സിനിമയുടെ കാലം എന്നെ കഴിഞ്ഞു പോയതാണ് എന്ന് മനസിലാക്കാന്‍ കാവ്യ വൈകിപ്പോയി. ഷീ ടാക്‌സി എന്ന ചിത്രം പേരില്‍ മാത്രം പുതുമയാക്കി തിയറ്ററില്‍ പ്രേക്ഷകനെ വെറുപ്പിച്ചു. കാവ്യയുടെ റോള്‍ വെറും ന്യൂസ് മേക്കിംഗിന് മാത്രമായി കൊണ്ടു വന്ന ഒന്നായിപ്പോയി. അതിനപ്പുറത്ത് തറ വളിപ്പുകളുടെ ഘോഷയാത്രായാണ് ഈ സിനിമയില്‍. 

ഒരു വിജയം അനിവാര്യമായിരുന്ന സാഹചര്യത്തില്‍ നേരിട്ട പരാജയം കാവ്യയുടെ മുമ്പോട്ടുള്ള കരിയറിനെ സാരമായി തന്നെ ബാധിക്കുമെന്നുറപ്പ്. നായികമാര്‍ സ്വന്തം നിലയില്‍ താരപദവി ഉറപ്പിക്കുന്ന ഈ കാലത്ത് അതിന് ശേഷിയുള്ള നായിക തന്നെയാണ് കാവ്യ. പക്ഷെ സിനിമയുടെ തിരഞ്ഞെടുപ്പ് പിഴച്ചപ്പോള്‍ നല്ലൊരു സാധ്യതയും നഷ്ടപ്പെടുകയായിരുന്നു കാവ്യക്ക്. ഇനിയെങ്കിലും തിരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ സിനിമയില്‍ നിന്നും കാവ്യ ഔട്ടാകുന്ന കാലം വിദൂരമല്ല.

ദിലീപിന് ജയം; കാവ്യക്ക് പരാജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക