Image

ജെറ്റ് എയര്‍വെയ്‌സില്‍ ശമ്പളം മുടങ്ങി

Published on 03 January, 2012
ജെറ്റ് എയര്‍വെയ്‌സില്‍ ശമ്പളം മുടങ്ങി
മുംബൈ: പുതുവര്‍ഷത്തിലും വ്യോമയാന രംഗത്തെ ജീവനക്കാര്‍ക്ക് കണ്ടകശ്ശനി തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വെയ്‌സില്‍ ഡിസംബര്‍ മാസത്തെ ശമ്പളം മുടങ്ങി.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പൈലറ്റുമാര്‍, എന്‍ജിനീയര്‍മാര്‍, സീനിയര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ജനവരി 14നേ ശമ്പളം ലഭിക്കുകയുള്ളൂ. മറ്റു ജീവനക്കാര്‍ക്ക് ഏഴാം തീയതിയോടെ ശമ്പളം ലഭിക്കും. ഇതുസംബന്ധിച്ച് കമ്പനിയുടെ എച്ച്ആര്‍ വിഭാഗം മേധാവി ജീവനക്കാര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. 

ജെറ്റ് എയര്‍വെയ്‌സില്‍ 950 ഓളം പൈലറ്റുമാരും 12,000 ജീവനക്കാരുമാണ് നിലവിലുള്ളത്. ജെറ്റില്‍ കൂടി ശമ്പളം വൈകിയതോടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ്, എയര്‍ഇന്ത്യ എന്നിവയുടെ നിരയിലെത്തിയിരിക്കുകയാണ് കമ്പനി. ഈ രണ്ടു കമ്പനികളിലും മാസങ്ങളായി ശമ്പളം വൈകിയാണ് ലഭിക്കുന്നത്. ജെറ്റില്‍ സാധാരണ നാലാം തീയതിയോ അഞ്ചാം തീയതിയോ ശമ്പളം നല്‍കുന്നതാണ്. 

അതിനിടെ, കമ്പനി ട്രെയിനി കോപൈലറ്റുമാരുടെ ശമ്പളം വെട്ടിക്കുറച്ചു. 1.30 ലക്ഷം രൂപയില്‍ നിന്ന് 50,000 രൂപയായാണ് ശമ്പളം കുറച്ചത്. ചെലവുചുരുക്കലിന്റെ ഭാഗമായാണ് ഇത്.

ജെറ്റ് എയര്‍വെയ്‌സില്‍ ശമ്പളം മുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക