Image

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് അയോവയില്‍ ഇന്ന് പ്രാഥമിക പരീക്ഷണം (അങ്കിള്‍സാം)

Published on 03 January, 2012
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ക്ക് അയോവയില്‍ ഇന്ന് പ്രാഥമിക പരീക്ഷണം (അങ്കിള്‍സാം)

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മോഹികള്‍ക്ക് ഇന്ന് അയോവയില്‍ പ്രാഥമിക പരീക്ഷണം. നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ മുന്നൊരുക്കത്തിന് ഇന്ന് തുടക്കം കുറിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചചയിക്കാനായി അയോവയില്‍ ഇന്ന് പ്രൈമറി (caucus) വോട്ടെടുപ്പ് നടക്കും. അയോവയിലെ വോട്ടര്‍മാര്‍ തങ്ങളുടെ പ്രിയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാരാണെന്ന് ഇന്നത്തെ വോട്ടെടുപ്പില്‍ പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി മോഹികളായ ഏഴു പേരില്‍ മുന്‍ മാസാചുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയാണ് തന്നെയാണ് ഏറ്റവും അവസാനം നടന്ന അഭിപ്രായ വോട്ടെടുപ്പിലും മുന്നിട്ടു നില്‍ക്കുന്നത്. റോണ്‍ പോള്‍ രണ്ടാമതും പെന്‍സില്‍വാനിയ സെനറ്റര്‍ റിക് സാന്റോറം മൂന്നാമതുമാണ്.

ലോസ് ഏയ്ഞ്ചല്‍സിലെ തീവെയ്പ്പ്; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

ലോസ്ഏയ്ഞ്ചല്‍സ്: പുതുവര്‍ഷത്തില്‍ അമേരിക്കയിലെ ലോസഏയ്ഞ്ചല്‍സ് നഗരത്തിലും പരിസരങ്ങളിലുമായി വ്യാപക തീവെയ്പ്പ് നടത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. 25നും 30നും ഇടയ്ക്ക് പ്രായമുള്ള കറുത്ത വര്‍ഗക്കാരനായ ഇയാളെ തീപിടിത്തം നടന്ന സ്ഥലങ്ങളില്‍ പലയിടത്തായി കണ്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. അഞ്ചടി എട്ടിഞ്ച് ഉയരം തോന്നിക്കുന്ന ഇയാളെ അവസാനം കാണുമ്പോള്‍ കറുത്ത ജാക്കറ്റും ബേസ് ബോള്‍ ക്യാപ്പും ധരിച്ചിരുന്നു. അക്രമസ്ഥലത്തു നിന്ന് ഇളം നിറത്തിലുള്ള സെഡാന്‍ കാറിലാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് പോലീസ് നിഗമനം. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 12,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നുദിവസങ്ങളിലായി 55 കാറുകളാണ് ലോസ്ഏയ്ഞ്ചല്‍സിലെ ക്വീന്‍സിലും പരിസരങ്ങളിലുമായി അഗ്‌നിക്കിരയായത്. തിങ്കളാഴ്ച മാത്രം 12 കാറുകള്‍ അഗ്‌നിക്കിരയാക്കിയിരുന്നു വീടുകള്‍ക്കു മുന്‍പില്‍ നിര്‍ത്തിയിട്ട കാറുകളാണ് അഗ്‌നിക്കിരയായവയില്‍ ഏറെയും. രാത്രി എട്ടിനും 10.15നും ഇടയ്ക്കാണ് തീവെയ്പ്പു നടന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തിയിലായി. കാറുകള്‍ക്ക് തീപിടിച്ചതിനെത്തുടര്‍ന്ന് ചില കെട്ടിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രശസ്ത ഗായകന്‍ ജിം മോറിസണിന്റെ ഹോളിവുഡ് ഹില്‍സിലെ വീടിനും തീപിടിത്തത്തില്‍ തകരാറുണ്ടായി. ഹോളിവുഡിലും പടിഞ്ഞാറന്‍ ഹോളിവുഡിലുമാണ് സംഭവങ്ങള്‍ ഏറെയും. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.എന്നാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയില്ല.

തീവെയ്പ്പ് വ്യാപകമായതിനെത്തുടര്‍ന്ന് ഒട്ടേറെ അഗ്‌നിശമന സേനാവാഹനങ്ങള്‍ നഗരത്തില്‍ റോന്തു ചുറ്റുന്നുണ്ട്. കുറ്റാന്വേഷകരെയും പോലീസ് പലയിടത്തായി വിന്യസിച്ചിട്ടുണ്ട്. ഹെലികോപ്റ്ററുകളിലും വാഹനങ്ങളിലുമായി പോലീസ് റോന്തുചുറ്റല്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഒടുവില്‍ മര്‍ഡോക്കും ട്വിറ്ററില്‍

വാഷിംഗ്ടണ്‍: മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക് പുതുവത്സരദിനത്തില്‍ സാമൂഹിക കൂട്ടായ്മ വെബ്‌സൈറ്റായ ട്വിറ്ററില്‍ രംഗപ്രവേശം ചെയ്തു. ഇതു യഥാര്‍ഥ റൂപര്‍ട്ട് മര്‍ഡോക് തന്നെയോ എന്ന സംശയമായിരുന്നു ട്വിറ്റര്‍ അംഗങ്ങള്‍ക്ക് ആദ്യം. ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോര്‍സി തന്നെ വിശദീകരണവുമായെത്തിയപ്പോഴാണു സംശയം തീര്‍ന്നത്. അതോടെ ഒരു ദിവസത്തിനകം 26,000 പേര്‍ അദ്ദേഹത്തിന്റെ ഫോളോവേഴ്‌സ് ആയി ചേര്‍ന്നു. മര്‍ഡോക് ആകട്ടെ രണ്ടുപേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളൂ. തുടര്‍ന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്, ഓസ്‌കര്‍ തുടങ്ങി പല കാര്യങ്ങളിലും മര്‍ഡോക് അഭിപ്രായം എഴുതി.

എന്നാല്‍ അദ്ദേഹത്തെ വേട്ടയാടിയ ബ്രിട്ടനിലെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം പരാമര്‍ശിച്ചതേയില്ല. ട്വിറ്ററില്‍ മര്‍ഡോക്കിന്റെ രംഗപ്രവേശം ഇഷ്ടപ്പെടാത്തവരുമുണ്ട്. 800ല്‍പരം ആളുകളുടെ ഫോണ്‍ മര്‍ഡോക് ചോര്‍ത്തിയെന്ന പൊലീസ് റിപ്പോര്‍ട്ട് പരാമര്‍ശിച്ച് ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രി പ്രസ്‌കോട്ട് പ്രഭു എഴുതിയത് ഇങ്ങനെയായിരുന്നു 'നിങ്ങള്‍ രണ്ടുപേരെ മാത്രമേ ഫോളോ ചെയ്യുന്നുള്ളല്ലോ. പൊലീസ് പറഞ്ഞത് 800 പേരെങ്കിലും ഉണെ്ടന്നാണല്ലോ'.

പുതുവര്‍ഷത്തില്‍ വീണ്ടും കറുത്ത പക്ഷികളുടെ കൂട്ടമരണം

ന്യൂയോര്‍ക്ക്:പുതുവര്‍ഷ ദിനത്തില്‍ യുഎസിലെ അര്‍കന്‍സാന്‍സ് നഗരത്തില്‍ കറുത്ത പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷത്തില്‍ 5000ത്തോളം കറുത്ത പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി കണ്‌ടെത്തിയ ബീബി പ്രദേശത്താണ് ഇത്തവണയും ഇരുന്നുറോളം പക്ഷികള്‍ കൂട്ടത്തോടെ മരിച്ചുവീണതായി കണ്‌ടെത്തിയത്. പുതുവര്‍ഷം ആഘോഷിക്കാനായി നടത്തിയ വെടിക്കെട്ടാണ് പക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്നാണ് നിഗമനം. വെടിക്കെട്ടിന്റെ ശബ്ദം കേട്ട് പറന്ന പക്ഷികള്‍ വൈദ്യുതി കമ്പികളിലും കെട്ടിടങ്ങളിലും മരങ്ങളിലും ഇടിച്ച് താഴെ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക