Image

ഇതുമൊരു നഗരം, കടലുണ്ടി നഗരം ! (പ്രകൃതിയുടെ നിഴലുകള്‍ തേടി -66: ജോര്‍ജ്‌ തുമ്പയില്‍)

Published on 09 May, 2015
ഇതുമൊരു നഗരം, കടലുണ്ടി നഗരം ! (പ്രകൃതിയുടെ നിഴലുകള്‍ തേടി -66: ജോര്‍ജ്‌ തുമ്പയില്‍)
പ്രകൃതിയുടെ മോഹിപ്പിക്കുന്ന ലവണരസമാണ്‌ മലബാറിന്റേത്‌. മലബാറിലേക്കുള്ള യാത്രകള്‍ എന്നും ആലസ്യങ്ങളുടേതായിരുന്നുവെങ്കില്‍ ഇത്‌ ഒരു ആഘോഷത്തിന്റേതായിരുന്നു. കടലുണ്ടി നഗരം കാണാന്‍ ചെന്നിറങ്ങുമ്പോള്‍ കണ്ടത്‌, ഒരു കടപ്പുറ ഗ്രാമം. ഗ്രാമം എന്നു പറഞ്ഞാല്‍ അല്‍പ്പം കൂടി വികസനോന്മുഖമായ ഒരു വില്ലേജ്‌. അതിനപ്പുറം ഇതിനെ നഗരമെന്നു വിളിക്കാമെങ്കില്‍ കേരളത്തില്‍ നഗരങ്ങള്‍ തട്ടിയിട്ട്‌ നടക്കാനിടമില്ലാത്ത അവസ്ഥയാവും. എന്തായാലും, ഒരു കാര്യം ഉറപ്പ്‌. കടലുണ്ടി ഒരു സംഭവമാണ്‌. വെറും സംഭവമല്ല, മഹാസംഭവം. ശരിക്കും ഇതൊരു ദ്വീപ്‌ സമൂഹമാണോയെന്ന്‌ ഒറ്റ നോട്ടത്തില്‍ തോന്നിപ്പോയി. മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും അതിരുകള്‍ കാക്കുന്ന ഒരു കൂട്ടം ദ്വീപ്‌. അതിന്റെ ഇടനാഴി പോലെ ഒരു ചെറു നദി. ഇവിടെ നിന്നു നോക്കുമ്പോള്‍ കടല്‍ കരയിലേക്ക്‌ ഉന്തി നില്‍ക്കുന്നതു പോലെ ഒരു ത്രീ ഡയമന്‍ഷന്‍ ഇഫക്ട്‌. കടലുന്തി എന്നു പറഞ്ഞു പറഞ്ഞ്‌ ഇന്ന്‌ കടലുണ്ടിയെന്നു പറഞ്ഞാലേ അറിയൂ... ഗള്‍ഫിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ വിവാഹത്തിനു കൂടാനാണ്‌ ഇവിടെയെത്തിയത്‌. അതിപ്പോ കടലുണ്ടിയുടെ ഹൃദയം പകുത്തുള്ള യാത്രയായി.

കടലും പുഴയും കുന്നുകളും ഒന്നിക്കുന്ന അപൂര്‍വതയാണ്‌ കടലുണ്ടിയെ സുന്ദരിയാക്കുന്നത്‌. ജൈവ, സാംസ്‌കാരികവൈവിധ്യങ്ങളാല്‍ സമ്പന്നമാണ്‌ ഈ കൊച്ചുഗ്രാമം. ചാലിയാറും വടക്കുമ്പാട്‌, കടലുണ്ടിപ്പുഴകളും അതിര്‍ത്തി തീര്‍ക്കുന്ന കടലുണ്ടിയിലാണ്‌ രാജ്യത്ത പ്രഥമ കമ്യൂണിറ്റി റിസര്‍വ്‌. ഇവിടെ നല്ലൊരു പക്ഷിസങ്കേതമുണ്ട്‌. വള്ളിക്കുന്ന്‌ പഞ്ചായത്തിലെ കടലുണ്ടി നഗരത്തിലെ ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ അറബിക്കടലില്‍ ലയിക്കുന്ന ഭാഗത്ത്‌ ചെറിയ തുരുത്തുകളിലായി പരന്നങ്ങനെ കിടക്കുകയാണ്‌. കുന്നുകള്‍ കൊണ്ട്‌ ചുറ്റപ്പെട്ട ഈ പ്രദേശം ബേപ്പൂര്‍ തുറമുഖത്തിന്‌ 7 കിലോമീറ്റര്‍ അകലെയാണ്‌. നൂറിലേറെ പക്ഷികളെയും അതിലേറെ ദേശാടന പക്ഷികളെയും ഇവിടെ കാണാം. വെള്ളക്കെട്ടിന്‌ അക്കരെ നിന്നാല്‍ മലപ്പുറം ഇക്കരെ നിന്നാല്‍ കോഴിക്കോട്‌. ഇത്‌ മലപ്പുറമാണോ എന്നു ചോദിച്ചാല്‍ അതെ, അതോ കോഴിക്കാടാണോ എന്നു ചോദിച്ചാലും അതെ എന്നു തന്നെ ഉത്തരം. വാസ്‌തവത്തില്‍ ഇത്‌ കോഴിക്കോട്‌ ജില്ലയാണ്‌. നഗരമൊന്നുമല്ലെങ്കിലും ഇവിടുത്തുകാരടക്കം ഈ കടലുണ്ടിയെ കടലുണ്ടി നഗരമെന്നേ വിളിക്കൂ...

ഇനി കടലുണ്ടിയെ മലപ്പുറമെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ വേണ്ടി കേരള സര്‍ക്കാര്‍ ഭൂമിവിവര കണക്കു പ്രകാരം ഇക്കാര്യം സ്ഥാപിക്കുന്നത്‌ ഇങ്ങനെ. കോഴിക്കോട്‌ ജില്ലയിലെ കോഴിക്കോട്‌ താലൂക്കില്‍ കോഴിക്കോട്‌ ബ്‌ളോക്കില്‍ കടലുണ്ടി വില്ലേജ്‌ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ്‌ കടലുണ്ടി ഗ്രാമപഞ്ചായത്ത്‌. പശ്ചിമഘട്ടത്തില്‍ നിന്നുത്ഭവിച്ച്‌ മലപ്പുറം ജില്ലയിലൂടെ പടിഞ്ഞാറോട്ടൊഴുകുന്ന കടലുണ്ടിപ്പുഴ ലക്ഷ്യ സ്ഥാനത്ത്‌ എത്തുന്നതിനു മുമ്പ്‌ രണ്ട്‌ കൈവഴികളിലായി പിരിഞ്ഞ്‌ ഒന്ന്‌ വടക്കുമ്പാട്ട്‌ പുഴ എന്ന പേരില്‍ ചാലിയാറുമായി സന്ധിച്ച്‌ ബേപ്പൂര്‍ അഴിമുഖത്തും രണ്ടാമത്തേത്‌ കടലുണ്ടിപ്പുഴ എന്ന പേരില്‍ തന്നെ ചെറു തുരുത്തുകള്‍ സൃഷ്ടിച്ച്‌ കടലുണ്ടിക്കടവ്‌ അഴിമുഖത്തും അറബിക്കടലിലും ചേരുന്നു. ഈ രണ്ടു നദികള്‍ക്കുമിടയില്‍ ഏതാണ്ട്‌ ഒരു തുരുത്തുപോലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ കടലുണ്ടി.

ഇവിടുത്തെ ഇടവഴികള്‍ക്ക്‌ തെല്ലും തിരക്കില്ല. ഫ്രെയിമുകള്‍ പോലെയും ക്യാന്‍വാസു പോലെയും മനോഹരമായ മൗനം എവിടെയും ഒരു ശാലീനത സമ്മാനിക്കുന്നുണ്ടെന്ന്‌ എനിക്ക്‌ തോന്നി. ഒരു സിനിമയുടെ ഷൂട്ടിങ്‌ ലൊക്കേഷനു പറ്റിയ സ്ഥലങ്ങള്‍ എവിടെയും കാണാം. ഓരോ കാഴ്‌ചകളും ഫ്രെയിമിലേക്ക്‌ കയറി വരും. ഒരു സിനിമയെടുക്കാന്‍ പറ്റുമ്പോള്‍ ഇവിടേക്ക്‌ വരണം, ഈ കടലുണ്ടിയുട പശ്ചാത്തലഭംഗി വാരിപ്പൊത്തണം. ഞാന്‍ സൗഹൃദസഞ്ചയത്തില്‍ നിന്നും മാറിനടന്നു കടലുണ്ടിയെ അനുഭവിച്ചു. അതൊരു തീവ്രമായ ചേതോവികാരമായിരുന്നു എന്നതാണ്‌ ശരി.

11.83 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്‌ ഫറോക്ക്‌, ബേപ്പൂര്‍ പഞ്ചായത്തുകള്‍, കിഴക്ക്‌ മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്ത്‌, പടിഞ്ഞാറ്‌ അറബിക്കടല്‍, തെക്ക്‌ മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ എന്നിവയാണെന്നു രേഖപ്പെടുത്തുന്ന ബോര്‍ഡ്‌ വഴിവക്കില്‍ ഒരിടത്ത്‌ കണ്ടു. കടലുണ്ടിയുടെ ഹിസ്റ്ററി ഭയങ്കരമാണ്‌. ചേരരാജാക്കന്മാര്‍ മുതല്‍ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും വരെ നോട്ടമിട്ട സ്ഥലമാണിത്‌. കാഴ്‌ചയുടെ പ്രകൃതി ഭംഗിയല്ല, മറിച്ച്‌ സ്‌ട്രാറ്റജിക്കല്‍ ഇംപോര്‍ട്ടന്‍സാണ്‌ ഇതിന്റെ ഏറ്റവും വലിയ തലയെടുപ്പ്‌. അഴിമുഖമാണോ എന്നു ചോദിച്ചാല്‍ അല്ല, എന്നാല്‍ ആണു താനും. അതു പോലെ തന്നെ തുറമുഖമാണോ എന്നു ചോദിച്ചാല്‍ അത്തരം സാധ്യതകള്‍ ഏറെയുള്ള സ്ഥലമാണു താനും. അതു കൊണ്ട്‌ തന്നെ സാംസ്‌ക്കാരികമായും ഏറെ പ്രാധാന്യം നിലനിര്‍ത്തിയ കടലുണ്ടിയില്‍ ഏറെ പേരും കടലുമായി ചേര്‍ന്ന്‌ നിത്യജീവിതം നയിക്കുന്നവരാണ്‌. ഇവിടെ അക്ഷരാഭ്യാസമുള്ളവര്‍ ഒത്തുകൂടി കൈപൊക്കി തെരഞ്ഞെടുപ്പ്‌ നടത്തുക എന്ന സമ്പ്രദായമാണ്‌ ഒരു കാലത്ത്‌ ഉണ്ടായിരുന്നത്‌. അത്‌ പിന്നീട്‌ രാജാക്കന്മാരുടെ കാലത്തും തുടര്‍ന്നു. 1962ലാണ്‌ ഇതു പഞ്ചായത്ത്‌ ആയത്‌. സംഘ കൃതികളില്‍ പരാമര്‍ശിക്കപ്പെടുന്ന തൊണ്ടി അഥവാ തിണ്ടീസ്‌ എന്ന കടലുണ്ടി ചേര രാജാക്കന്മാരുടെ ആവാസകേന്ദ്രമായിരുന്നു.

കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്ര അവിസ്‌മരണീയമായിരിക്കും. കണ്ടല്‍ വനങ്ങളും പുഴയിലെ ചെറുതുരുത്തുകളും പക്ഷിക്കൂട്ടങ്ങളും മത്സ്യബന്ധനവും അടുത്ത്‌ കാണാനും അറിയാനുമുള്ള അസുലഭ അനുഭവമായിരിക്കും ഇത്‌. പക്ഷേ, എനിക്ക്‌ അതിനുള്ള ടൈം കിട്ടിയില്ല. പ്രകൃതിരമണീയമായ കോട്ടക്കുന്നില്‍ സ്ഥിതി ചെയ്യുന്ന സെന്റ്‌ പോള്‍സ്‌ ചര്‍ച്ചിലാണ്‌ ഏഷ്യയിലെ ഏറ്റവും വലുതെന്ന്‌ കരുതുന്ന ക്രൂശിതനായ യേശുവിന്റെ കൂറ്റന്‍ രൂപമുള്ളത്‌. അവിടെ നിന്ന്‌ ചില ചിത്രങ്ങളെടുത്തു.

ബ്രിട്ടീഷുകാരുടെ കാലത്ത്‌ നിര്‍മിച്ച, മദ്രാസില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസിന്റെ ടെര്‍മിനല്‍ സ്‌റ്റേഷന്‍ കൂടിയായിരുന്നു ചാലിയം. തിരൂര്‍ ചാലിയം റെയില്‍വേ ലൈനിന്റെ അവശേഷിപ്പായ കൂറ്റന്‍ റെയില്‍വേ കിണറും തടി ഡിപ്പോയ്‌ക്കുള്ളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. കേന്ദ്ര ഷിപ്പിങ്‌ മന്ത്രാലയത്തിനു കീഴിലുള്ള ലൈറ്റ്‌ ഹൗസും ചാലിയത്താണ്‌. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ലൈറ്റ്‌ഹൗസിനു മുകളില്‍ കയറി ബേപ്പൂര്‍ തുറമുഖത്തിന്റെയും കടലുണ്ടിയുടെയും വിദൂര ദൃശ്യങ്ങള്‍ ആസ്വദിക്കാം. ചാലിയത്ത്‌ സ്ഥിതി ചെയ്യുന്ന വനംവകുപ്പിന്റെ തടിഡിപ്പോയിലാണ്‌ 'ഹോര്‍ത്തൂസ്‌ മലബാറിക്കസി'ല്‍ പ്രതിപാദിച്ചിട്ടുള്ള മുഴുവന്‍ സസ്യജാലങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പൈതൃക തോട്ടം ഒരുങ്ങുന്നത്‌. കടലുണ്ടിയില്‍ നല്ലൊരു ഹോട്ടല്‍ ഇല്ല, നല്ലൊരു ഹോം സ്റ്റേ ഇല്ല എന്നതൊക്കയായിരുന്നു എന്റെ കൂടെയുണ്ടായിരുന്നവരുടെ വിഷമങ്ങള്‍. എന്നാല്‍, കേരളീയ ഗ്രാമത്തിന്റെ പരിശുദ്ധി കണ്ടറിഞ്ഞു എന്ന സന്തോഷത്തില്‍ അതൊന്നും എന്നെ തെല്ലും അലോസരപ്പെടുത്തിയില്ല. അമേരിക്കയിലെ ആഡംബരസിംഹാസനത്തില്‍ നിന്നും നല്ല പച്ചപ്പിലേക്ക്‌, നല്ല മണ്ണിലേക്ക്‌ ഇറങ്ങുമ്പോള്‍ മൂക്ക്‌ വിടര്‍ത്തി ഒരു ശ്വാസമെടുത്താല്‍ തിരിച്ചറിയാനാവും, ഇതിനപ്പുറം മറ്റൊരു സ്വര്‍ഗ്ഗമില്ലെന്ന്‌.

നഗരത്തില്‍ 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക്‌ ഫറോക്ക്‌ വഴിയും ബേപ്പൂരില്‍ നിന്ന്‌ ജങ്കാര്‍ വഴിയും എത്തിച്ചേരാനാകും. കടലുണ്ടി പുഴയിലൂടെയുള്ള തോണിയാത്രയ്‌ക്കും, ഗ്രാമത്തിന്റെ നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനും താത്‌പര്യമുള്ളവര്‍ക്ക്‌ കമ്യൂണിറ്റിറിസര്‍വ്‌ മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കിക്കൊടുക്കും. ഇതിനായി റിസര്‍വ്‌ ചെയര്‍മാന്‍ അനില്‍ മാരാത്തുമായി ബന്ധപ്പെടാം. ഫോണ്‍: 9447006456. ഡി.ടി.പി.സി.യുടെ കണ്ടക്ടഡ്‌ ടൂറിന്‌ 04952720012 നമ്പറില്‍ ബന്ധപ്പെടണം.


(തുടരും)
ഇതുമൊരു നഗരം, കടലുണ്ടി നഗരം ! (പ്രകൃതിയുടെ നിഴലുകള്‍ തേടി -66: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക