Image

പെട്രോള്‍ വിലവര്‍ധന ഉടനില്ല

Published on 03 January, 2012
പെട്രോള്‍ വിലവര്‍ധന ഉടനില്ല
ന്യൂഡല്‍ഹി: പെട്രോള്‍ വില ഉടനെ കൂട്ടില്ല. വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം രണ്ടു ദിവസത്തിനകം ചേരുന്ന മന്ത്രിസഭാ ഉപസമിതി കൈക്കൊള്ളും. ലിറ്ററിന് 2.13 രൂപ കൂട്ടാനാണ് എണ്ണക്കമ്പനികള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിലക്കയറ്റം ഒഴിവാക്കണമെന്ന അഭിപ്രായമാണ് സര്‍ക്കാറിനുള്ളത്.

അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതാണ് പെട്രോള്‍ വില കൂട്ടുന്നതിന് കാരണമായി കമ്പനികള്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഡോളറിന്റെ മൂല്യം 53 രൂപയായി ഉയര്‍ന്നതിനാല്‍ പെട്രോളിന്റെ അടിസ്ഥാനവിലയില്‍ 1.78 രൂപയുടെ വര്‍ധനയാണ് വരുത്തുന്നത്. ഇതിന്റെ കൂടെ വില്‍പ്പന നികുതിയും വാറ്റും കൂട്ടുന്നതോടെ വില വര്‍ധന 2.13 രൂപയായി ഉയരും.

വില നിര്‍ണയാവകാശം എണ്ണക്കമ്പനികള്‍ക്കു ലഭിച്ചതോടെ, എല്ലാ മാസവും ഒന്ന്, 16 തീയതികളിലായി വിലകള്‍ പുനഃപരിശോധിക്കാറുണ്ട്. കഴിഞ്ഞ നവംബറില്‍ പെട്രോളിന് 1.80 രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയിരുന്നു. തുടര്‍ന്ന് രണ്ടു തവണയായി 2.22 രൂപയും 0.78 രൂപയും കുറച്ചിരുന്നു. പുതുവര്‍ഷ ദിനത്തില്‍ത്തന്നെ വിലകൂട്ടാനായിരുന്നു എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നത്. വില നിര്‍ണയം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുവാദമില്ലാതെ അതു കൂട്ടാറില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക