Image

ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്

ജോര്‍ജ് നടവയല്‍ Published on 03 January, 2012
ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്

ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേക്ക് ജര്‍മന്‍ വിമാന കമ്പനിയായ ലുഫ്താന്‍സ നേരിട്ടുള്ള വിമാനസര്‍വീസ് മാര്‍ച്ച് 15 നോടെ ആരംഭിയ്ക്കുന്നു. എയര്‍ബസ് 340 സീരീസ് എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക.. 200 ലധികം യാത്രക്കാര്‍ക്കുള്ള സീറ്റ് സൗകര്യമുണ്ട്. ഫിലഡല്‍ഫിയയില്‍ നിന്ന് ഫ്രാങ്ക് ഫര്‍ട്ടിലേക്കുള്ള ഫ്‌ളൈറ്റ് എല്‍ എച്ച് 427 -ം, ഫിലഡല്‍ഫിയയിലേക്കുള്ള ഫ്‌ളൈറ്റ് എല്‍ എച്ച് 426 -മാണ്. തിങ്കള്‍, ബുധന്‍, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ഫിലഡല്‍ഫിയയില്‍ നിന്ന് ഫ്‌ളൈറ്റ് വൈകുന്നേരം 5:50 ന് പുറപ്പെടും. ഫ്രാങ്ക്ഫര്‍ട്ടില്‍ അവിടുത്തെ സമയം രാവിലെ 7:55ന് എത്തും, ഒന്നര മണിക്കൂറിനു ശേഷം കൊച്ചിയ്ക്കുള്ള വിമാനം പറക്കും. കൊച്ചിയില്‍ നിന്നുള്ള മടക്ക വിമാനം ഫിലഡല്‍ഫിയയില്‍ വൈകുന്നേരം 4:10 മണിക്ക് എത്തും.

ഫിലഡല്‍ഫിയയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസിനു വേണ്ടി മാദ്ധ്യമ പ്രവര്‍ത്തകരായ വിന്‍സന്റ് ഇമ്മാനുവേലും ജോര്‍ജ് നടവയലും ഫിലഡല്‍ഫിയാ മേയര്‍ മൈക്കിള്‍ നട്ടറിന് നിവേദനം സമര്‍പ്പിച്ചിരുന്നു. നിവേദനത്തെ തുടര്‍ന്ന് ഫിലഡല്‍ഫിയ സിറ്റി കൗണ്‍സില്‍മാനും ഫിലഡല്‍ഫിയ എയര്‍പോര്‍ട്ട് മാനേജ്മന്റ് കൗണ്‍സില്‍ അംഗവുമായ ബ്രയാന്‍ ഒനീല്‍ഈ കാര്യത്തില്‍ ബദ്ധ ശ്രദ്ധനായിരുന്നു.
ഓവര്‍സീസ് റിട്ടേണ്ട് മലയാളീസ് ഇന്‍ അമേരിക്ക (ഓര്‍മ) മുന്‍ നാഷണല്‍
പ്രസിഡന്റ് സിബിച്ചന്‍ ചെമ്പ്‌ളായില്‍, ഇപ്പോഴത്തെ നാഷണല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം, ന്യൂജേഴ്‌സി ചാപ്റ്റര്‍ പ്രസിഡന്റ് ജിബി തോമസ് , മുന്‍ നാഷണല്‍വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ജോര്‍ജ് ഇടിക്കുള എന്നിവര്‍ അമേരിക്കയിലെ മലയാളികളില്‍ നിന്ന് ഇന്റര്‍നെറ്റ് ഭീമ ഹര്‍ജി ശേഖരിച്ച് ഈ ദൗത്യവുമായി ഏറെ മുന്നോട്ടു പോയിരുന്നു.

കേരളത്തില്‍ നിന്നു നേരിട്ട് യൂറോപ്പിലേക്കുള്ള ആദ്യത്തെ വിമാനസര്‍വീസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാരംഭിക്കുന്നതുകൊണ്ടാണ്
ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനസര്‍വീസ് യാഥാര്‍ഥ്യമാകുന്നത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുള്ള യാത്രക്കാരെകൂടി കരുതുന്ന വിധത്തിലായിരിക്കും സര്‍വീസ് ആരംഭിക്കുക. ഇപ്പോള്‍ മുംബൈ, ഗള്‍ഫ്, കൊളംബോ വിമാനത്താവളങ്ങള്‍ വഴിയാണ് യൂറോപ്പ്, അമേരിക്കന്‍ സെക്ടറുകളിലേക്കു പോകുന്നത്.
ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ഏഷ്യാ-പസഫിക് റീജിയണ്‍ മാനേജര്‍ ആക്‌സില്‍ ഹില്‍ഗ്രിസ് നെടുമ്പാശേരിയില്‍ സിയാല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച മാര്‍ക്കറ്റ് സര്‍വേ പൂര്‍ത്തിയായതായി ലുഫ്താന്‍സ സംഘം അറിയിച്ചു.

കേരളത്തില്‍ നിന്ന് വര്‍ഷത്തില്‍ 1,68,000 മലയാളികള്‍ യൂറോപ്പിലേക്കും 92,000 പേര്‍ അമേരിക്കയിലേക്കും പോകുന്നുണ്ട്. ലുഫ്താന്‍സ ഹൈദരാബാദ് ഫ്‌ളൈറ്റ് റദ്ദാക്കിയായിരിക്കും കൊച്ചി സര്‍വീസ് തുടങ്ങുന്നത്.
ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്ഫിലഡല്‍ഫിയയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക