Image

വൈറ്റ്‌ പ്ലെയിന്‍സ്‌ ദേവാലയത്തില്‍ ഉജ്വല ക്രിസ്‌മസ്‌ ആഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 03 January, 2012
വൈറ്റ്‌ പ്ലെയിന്‍സ്‌ ദേവാലയത്തില്‍ ഉജ്വല ക്രിസ്‌മസ്‌ ആഘോഷം
ന്യൂയോര്‍ക്ക്‌: ശാന്തിയുടേയും സമാധനത്തിന്റേയും സന്ദേശം പകരുന്ന ക്രിസ്‌മസ്‌ ആത്മീയവും വര്‍ണ്ണാഭവുമായ പരിപാടികളോടെ വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആഘോഷിച്ചു. തിരുജനന പെരുന്നാള്‍ ശുശ്രൂഷകള്‍ 25-ന്‌ രാവിലെ 7.30ന്‌ ആരംഭിച്ചു. ഇടവക വികാരി റവ.ഫാ. വര്‍ഗീസ്‌ പോള്‍ മുഖ്യകാര്‍മികനായിരുന്നു.

തിരുജനനത്തിലൂടെ മാനവരാശിക്ക്‌ കൈവന്ന പുത്തന്‍ ഉണര്‍വ്വും പ്രതീക്ഷകളും നമ്മുടെ ജീവിതത്തില്‍ സ്വീകരിക്കുവാന്‍ തയാറാകുമ്പോഴാണ്‌ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ പൂര്‍ണമാകുന്നതെന്ന്‌ റവ.ഫാ. വര്‍ഗീസ്‌ പോള്‍ പ്രസ്‌താവിച്ചു. ആരാധനാ മധ്യേ ക്രിസ്‌മസ്‌ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

തുടര്‍ന്ന്‌ നടന്ന ആഘോഷപരിപാടികള്‍ക്ക്‌ കോര്‍ഡിനേറ്റര്‍ അഡ്വ. ജോജി കാവനാല്‍ നേതൃത്വം നല്‍കി. ഇടവക സെക്രട്ടറി പി.കെ. ജേക്കബ്‌ ഏവര്‍ക്കും ക്രിസ്‌മസ്‌ മംഗളാശംസകള്‍ നേരുകയും കലാവിരുന്നുകളിലേക്ക്‌ ഏവരേയും ഔദ്യോഗികമായി സ്വാഗതം ചെയ്യുകയും ചെയ്‌തു. ഇടവകയിലെ കലാപ്രതിഭകള്‍ ഒരുക്കിയ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ വര്‍ണ്ണപ്പൊലിമ നല്‍കി. `ബോണ്‍ ഓഫ്‌ എ വിര്‍ജിന്‍' എന്ന എന്ന സ്‌കിറ്റ്‌ ഉന്നത നിലവാരം പുലര്‍ത്തി. നോബി പോള്‍ നേതൃത്വം നല്‍കി ഇടവക ഗായകസംഘം ആലപിച്ച ക്രിസ്‌മസ്‌ കരോള്‍ ഗാനങ്ങള്‍ ഹൃദ്യമായി. `എന്റെ ക്രിസ്‌മസ്‌' എന്ന വിഷയത്തെ ആസ്‌പദമാക്കി കുമാരി മേഘാ മാത്യു നല്‍കിയ ലഘു സന്ദേശം ക്രിസ്‌മസിനെക്കുറിച്ച്‌ യുവജനങ്ങള്‍ക്കുള്ള കാഴ്‌ചപ്പാടുകളും, പ്രതീക്ഷകളും പകരുന്നതായിരുന്നു. സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ ക്രിസ്‌മസ്‌ ഗാനങ്ങളും ആകര്‍ഷകമായിരുന്നു.

വൈവിധ്യമാര്‍ന്ന പാചകറാണി-ക്രിസ്‌മസ്‌ കേക്ക്‌ മത്സരവും ആവേശവും രുചിയും പകര്‍ന്ന്‌ ഏവരുടേയും മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി. വാശിയേറിയ മത്സരത്തില്‍ ഏറ്റവും രുചികരമായ കേക്കിനുള്ള പുരസ്‌കാരം നേടിക്കൊണ്ട്‌ ടീന ജേക്കബ്‌ വിജയിയായി. അവതാരകയായി പ്രവര്‍ത്തിച്ച മീന കാവനാലിന്റെ പ്രകടനം ഉജ്വലമായിരുന്നു. സാന്റാക്ലോസായി വേഷമിട്ട സാജു പൗലോസ്‌ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ചു. മഞ്‌ജുമോള്‍ തോമസ്‌, ജോര്‍ജിയ, ജോസിയ, നോബി പോള്‍, സുനില്‍ മഞ്ഞനിക്കര എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ട്രഷറര്‍ റെജി പോള്‍ കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ ക്രിസ്‌മസ്‌ വിരുന്നോടെയാണ്‌ പരിപാടികള്‍ സമാപിച്ചത്‌.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
വൈറ്റ്‌ പ്ലെയിന്‍സ്‌ ദേവാലയത്തില്‍ ഉജ്വല ക്രിസ്‌മസ്‌ ആഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക