Image

'അമ്മയുറങ്ങാത്ത കേരളം- ചില സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍'(വാല്‍ക്കണ്ണാടി- കോരസണ്‍)

കോരസണ്‍ Published on 07 May, 2015
'അമ്മയുറങ്ങാത്ത കേരളം- ചില സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍'(വാല്‍ക്കണ്ണാടി- കോരസണ്‍)
(സീന്‍ 1): കാറിന്റെ ഡിക്കി തുറന്നുകിടന്ന അപകടം ചൂണ്ടിക്കാണിച്ച സഹകാര്‍ ഡ്രൈവറുടെ ഭാഷ്യം തിരിച്ചറിയാതെ, അയാളുടെ കാര്‍ തടഞ്ഞു നിര്‍ത്തി, വലിച്ചിറക്കി കുത്തി കൊലപ്പെടുത്തിയ സംഭവം നടന്നത് രണ്ടു ആഴ്ചകള്‍ക്കു മുമ്പു മാത്രം. അന്തിമൂടിയ തോരാത്ത വേനല്‍ മഴയില്‍ ഹെഡ്‌ലൈറ്റ് ഇട്ടത് ഓര്‍ക്കാതെ, കാര്‍ നിര്‍ത്തി സാധനങ്ങള്‍ വീട്ടിലേക്ക് എടുത്തു കൊണ്ടു പോയിരുന്ന ഡ്രൈവറെ എതിരേ വന്ന ബൈക്കുകാര്‍ രോഷാകുലരായി പ്രതികരിച്ചു. തന്റെ തെറ്റു മനസ്സിലാക്കിയ കാര്‍ ഡ്രൈവര്‍, ക്ഷമ ചോദിച്ചു ലൈറ്റ് ഓഫ് ചെയ്തു. വീണ്ടും പിന്നില്‍ നിന്ന് എത്തിയ കൂടുതല്‍ ബൈക്കുകാര്‍ സംഭവം പെരുപ്പിച്ചു, കാര്‍ ഡ്രൈവര്‍ പ്രതികരിച്ചു, അത് അതിരുവിട്ട കൈയ്യേറ്റത്തിന്റെ അവസ്ഥയില്‍ നിന്നും എന്തോ ഭാഗ്യം കൊണ്ടാണ് വഴുതിപ്പോയത്. ഇതാണ് സമകാലിക കേരളത്തിന്റെ അസഹിഷ്ണുതകളുടെ സാക്ഷിപത്രം. മലയാളികളുടെ സാമൂഹിക ജീവിതത്തിലെ സഹജീവനത്തിന്റെ പരാജയവും, ഒറ്റപ്പെടലിന്റെ ഏറ്റുവാങ്ങലുകളും, കൃത്രിമമായ ഉപചാരങ്ങളും, പൊള്ളത്തരങ്ങളും സങ്കീര്‍ണമായ വഴിത്തിരുവിലാണ് അവനെ കൊണ്ടെത്തിച്ചിരിക്കുന്നത്.

(സീന്‍ 2):  ഒരു പറ്റം തൂവെള്ളധാരികള്‍, വടിപോലെ പശമുക്തിത്തേച്ച വസ്ത്രങ്ങളും, സെല്‍ഫോണ്‍ കാതില്‍ അടുപ്പിച്ച്, റസ്‌റ്റോറന്റിലെ രീതികരിച്ച മുറിയിലേക്കു കടന്നു വന്നു മുന്തിയ ഭക്ഷണം ഓഡര്‍ ചെയ്തു തുടങ്ങി. ഏതോ ജില്ലാകമ്മറ്റിക്കു ഇടയില്‍ ഭക്ഷണം കഴിക്കാനെത്തിയതാണ്. കൂട്ടത്തിലുള്ള ഒരു സീനിയര്‍ നേതാവ് വലിയ ജാള്യമൊന്നുമില്ലാതെ പറയുകയാണ്, 'കംപ്യൂട്ടര്‍ കോണ്‍ട്രാക്റ്റിന്റെ കമ്മീഷന്‍ എല്ലാവര്‍ക്കും ഒരു പോലെ വീതിക്കാന്‍ മറക്കരുത്' സംഭാഷണം കേട്ട പൊതുജനം അമ്പരപ്പെട്ട നല്ലാതെ, ഒരു ചമ്മലുമില്ലാതെ നേതാക്കന്മാര്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ടേയിരുന്നു. മുഖപട്ടകെട്ടി എത്തിയിരുന്ന കൊള്ളക്കാര്‍ ഇന്നു കോമിക്ക് ബുക്കുകളില്‍ മാത്രം. നിറചിരിയോടെ, കടുത്ത കറപ്പ് തലയിലും മീശയിലും തേച്ച്, തൂവെള്ള വസ്ത്രധാരികളായി, തൊഴുകൈയ്യോടെ കട്ടു മുടിച്ചു നടക്കുന്ന അഭിനവ കൊള്ളക്കാരെ ജനത്തിനു ഒഴിവാക്കാനാവില്ല. കാരണം അവര്‍ ഗ്രാമതലം മുതല്‍ സംസ്ഥാന-കേന്ദ്രതലം വരെ ജനജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടേയിരിക്കുന്നു. ജനങ്ങളുടെ പണം അവരുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് അറിയാതെ എത്തിക്കൊണ്ടിരിക്കുന്നു എന്നു മാത്രം.

(സീന്‍ 3): പള്ളിയുടെ അടുത്തുള്ള വസ്തു വാങ്ങുന്നതിനായി കോടികളുടെ പിരിവുമായി വികാരിയും കൈക്കാരനും പ്രത്യക്ഷപ്പെട്ടു. സെന്റിനു തുച്ഛമായ നാലര ലക്ഷം മാത്രം! പിന്നെയാണറിയുന്നത് ഒരു ഇടവക്കാരന്‍ തന്നെയാണ് പള്ളിക്കു ഈ ഉദാര സംഭാവന ചെയ്യുന്നത്. എത്ര ലക്ഷം വരെ പലിശയില്ലാക്കടം കൊടുക്കാമെന്നാണ് അറിയേണ്ടത്. റബ്ബര്‍, നാളീകേരം നെല്ല് തുടങ്ങിയ നാണ്യവിളകള്‍ നിന്നും ആദായം ഇല്ല; ആകെ നാട്ടിലെത്തുന്ന പ്രവാസികളെ 'ടാപ്പ്' ചെയ്യുകയല്ലാതെ പറ്റില്ല. കൊടുത്തില്ലെങ്കില്‍ ഷീറ്റടിച്ച് പുകയത്തു വച്ചുണങ്ങാനും അവര്‍ക്കറിയാം. അസല നിലവറകളിലെ അറിയപ്പെടാത്ത നിധികളെക്കാള്‍ എത്രയോ മടങ്ങ് ഇന്നു മഹാദേവാലയങ്ങളിലും, മറ്റു അനുബന്ധ പ്രസ്ഥാനങ്ങളിലും കുമിഞ്ഞു കൂടുന്നത് എന്നത് ആരു തിരക്കുന്നു? നിലക്കാത്ത ഉത്സവങ്ങളും, പെരുനാളുകളുമായി കേരളം അപസ്മാര രോഗത്തിന്റെ പിടിയില്‍ അറിയാതെ അമര്‍ന്നുകഴിഞ്ഞു.

(സീന്‍ 4) റിട്ടയര്‍ ചെയ്തു നാട്ടില്‍ മടങ്ങിയെത്തിയവരുടെ ഒരു മീറ്റിംഗില്‍ സംബന്ധിച്ചപ്പോഴാണ് ഇവരുടെ ഇടയിലെ വിടവുകള്‍ മനസ്സിലാകുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നു വന്നവരും, ഗള്‍ഫ് റിട്ടേര്‍ഡും, നാട്ടില്‍ തന്നെ ജോലിചെയ്തു റിട്ടയര്‍ ചെയ്തവരും അത്ര മനപ്പൊരുത്തത്തിലല്ല. ജീവിതത്തിന്റെ അന്ത്യയാമങ്ങളിലും പരസ്പരം അംഗീകരിക്കാനുള്ള പ്രയാസം പലയിടത്തും കണ്ടു. ഒരാഴ്ചയില്‍ പലചരമ അറിയിപ്പുകളാണ് കേള്‍ക്കുന്നത് എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടെ വളരെ ചുരുങ്ങിയ ജനന അറിയിപ്പുകളേ കേള്‍ക്കുന്നുള്ളൂ എന്നു ഒരു റിട്ടയര്‍ഡ് അദ്ധ്യാപകര്‍ സൂചിപ്പിച്ചു. കേരളത്തില്‍ 25 ശതമാനം ഗൃഹങ്ങളും ആള്‍താമസമില്ലാതെ കിടക്കയാണെന്ന് ഒരു പഠനത്തില്‍ കാണപ്പെട്ടു. ഒട്ടേറെ വീടുകളില്‍ വൃദ്ധരായവര്‍ തനിയെ താമസിക്കുന്നു.
(സീന്‍ 5) ഒരു കുട്ടിയുടെ നിലവിളികേട്ട് രാവിലെ ഉണര്‍ന്നിരിത്, പുറത്തേക്കു ഓടിച്ചെന്ന് നോക്കിയപ്പോള്‍ ട്യൂഷനു പോയി തിരിച്ചു പോകുന്ന കുട്ടിയെ കുറെ തെരുവു നായ്ക്കള്‍ ഓടിക്കയാണ്. തീവ്ര മൃഗസംരക്ഷണനയം മൂലം തെരുനായ്ക്കളെ കൊല്ലാനൊക്കില്ല, അവ പെരുകി, കേരളം അടക്കി വാഴുകയാണ്.

(സീന്‍ 6) വഴിയോരത്തെ ബില്‍ ബോര്‍ഡുകളില്‍ ഒന്ന് വല്ലാതെ ശ്രദ്ധിക്കപ്പെട്ടു. അസംബ്ലീസ് ഓഫ് ഗോഡ് എന്ന പെന്തക്കോസ്തല്‍ സഭയുടെ സംസ്ഥാന സമ്മേളം തിരുവനന്തപുരത്തു നടത്തപ്പെടുന്നു. സ്യൂട്ടു ധരിച്ച നാലു സുമുഖരായ പാസ്റ്ററന്മാരുടെ വര്‍ണ്ണചിത്രത്തോടൊപ്പം മുഖ്യാതിഥികളായി മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, റവന്യൂമന്ത്രി, മന്ത്രി വി.എസ്. ശിവകുമാര്‍, കൊടിയേരി, തുടങ്ങിയ നേതാക്കളും സംബന്ധിക്കുന്നു. വ്യവസ്ഥാപിത ക്രൈസ്തവ സഭകളില്‍ നിന്നും വിഭിന്നമായി ക്രിസ്തു വചനത്തിലും  സുവിശേഷ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നിന്ന ഈ പെന്തക്കോസ്തല്‍ സഭകള്‍, ഇതര ക്രിസ്തീയ സഭകള്‍ പോലെ തന്നെ ശ്രേണിബന്ധമായ സാമുദായിക ചുറ്റുപാടുകളിലേക്ക് തിരിയുന്നത് അത്ഭുതത്തോടെ വീക്ഷിക്കാനായി.

(സീന്‍ 7) 100 ശതമാനത്തിനടുത്ത് വിജയം ഉറപ്പാക്കിയ എസ്എസ്എല്‍സി പരീക്ഷാഫലം ഒരു തമാശപോലെയാണ് തോന്നിയത്. പരീക്ഷ എഴുതാത്തവരും A+ ല്‍ വിജയിച്ചെന്ന വാര്‍ത്ത കേട്ടു കേരളം തിരിച്ചുനിന്നു. മാര്‍ക്കിടാന്‍ വിധിക്കപ്പെട്ട അദ്ധ്യാപകരുടെ വിവരണം അതിലും വിചിത്രം. എന്തെഴുതിയാലും കൊടുക്കണം, എഴുതിയില്ലെങ്കില്‍ കുട്ടിക്ക് ചോദ്യം. മനസ്സിലായില്ല എന്ന രീതിയില്‍ മാര്‍ക്കു കൊടുക്കാം. ചോദ്യ നമ്പര്‍ വെറുതെ എഴുതി വച്ചാലും കൊടുക്കണം, അല്ലെങ്കില്‍ എന്തുകൊണ്ട് കൊടുത്തില്ല എന്നു മറുപടി പറയണം. കുട്ടി റി-ഇവാലുവേഷന്‍ ചോദിച്ചാല്‍ സ്വന്തം ചിലവില്‍ തലസ്ഥാനത്തുപോയി വിശദീകരണം നല്‍കണം. അതിനാല്‍ ഒരു ദിവസത്തെ ഉത്തരകടലാസുകള്‍ ഏതാനും മിനിറ്റുകള്‍ കൊണ്ടു പൂര്‍ത്തിയാക്കി ശിഷ്ഠ സമയം ഷോപ്പിംഗും വിശ്രമവുമായി അടിച്ചുതീര്‍ക്കയാണ്. പ്ലസ്ടു അദ്ധ്യാപകരെ നിയമിച്ച് കോടികള്‍ മുതല്‍ കൂട്ടിയവര്‍ക്ക്, പത്താം ക്ലാസ് പാസായ കുട്ടികളെ കിട്ടിയില്ലെങ്കില്‍ പണിമാറും, അതാണ് ഈ ഓള്‍ പാസ് സിറ്റുവേഷനെന്ന ചില ദോഷൈകദൃക്കുകള്‍ പറയുന്നുണ്ട്.

(സീന്‍ 8) 312 ബാറുകള്‍ പൂട്ടിയിട്ടും ഒന്നും സംഭവിച്ചില്ല കേരളത്തില്‍. ബിവറേജസ് കോര്‍പ്പറേഷന്റെ പ്രതിദിന വരുമാനം 8 ലക്ഷത്തില്‍ നിന്ന് 11 ലക്ഷമായി. 2013/14-ല്‍ 9,996 കോടിയാണ് പ്രതീക്ഷിക്കുന്നത്. കുടിയന്മാര്‍ക്ക് കിക്കു വരണമെങ്കില്‍ ഏറെ ബിയറോ, കള്ളോ കുടിക്കേണ്ടി വരുന്നതിനാല്‍ പ്രമേഹരോഗികള്‍ വര്‍ദ്ധിക്കുകയും കേരളം മുഴുവന്‍ 'മഹാബല്ലി' കള്‍ കൊണ്ടു നിറയപ്പെടുമെന്നാണ് ചില കേന്ദ്രങ്ങള്‍ പറയുന്നത്. പെഗ്ഗ് കുടിക്കുന്നതിനും പകരം ഇപ്പോള്‍ ബോട്ടില്‍ മൊത്തമായി വാങ്ങിക്കഴിക്കയാണ് പതിവ്.

(സീന്‍ 9) ഒപ്പം നാട്ടിലേക്കു വന്ന സുഹൃത്തിന്റെ ഭവനത്തിനു മുമ്പില്‍ കാര്‍ നിര്‍ത്തി. അടഞ്ഞു കിടന്ന ഗേറ്റിലൂടെ മുറ്റത്തേക്കും വാതില്‍പ്പടിയിലേക്കും നോക്കി നിന്നു. ഇതാണ് എന്റെ വീട്! അച്ചന്‍ ഏറെനാള്‍ മുമ്പു മരിച്ചു. എത്ര രാത്രിയായാലും കാത്തിരുന്ന അമ്മയും വിടപറഞ്ഞു. ഏതാനും ദിവസത്തെക്കായി വീട് വൃത്തിയാക്കി താമസിക്കാനാവില്ല അതിനാല്‍ മറ്റൊരു ബന്ധുവീട്ടിലാണു താമസം. അല്ല; അമ്മയില്ലാത്ത വീട്ടിലേക്ക് എങ്ങനെ കയറിച്ചെല്ലാനാവും? അല്പം മനസമാധാനത്തിനായി അത്യാന്താധുനീക ധ്യാനകേന്ദ്രത്തിലേക്കു പുറപ്പെട്ടു, അവിടുത്തെ ശീതീകരിച്ച ധ്യാനപ്പുരയിലെങ്കിലും അല്പം ശാന്തി പകരാനാവുമോ? ആര്‍ക്കറിയാം?
'അമ്മയുറങ്ങാത്ത കേരളം- ചില സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍'(വാല്‍ക്കണ്ണാടി- കോരസണ്‍)
Join WhatsApp News
SchCast 2015-05-07 08:05:06
God's own country! Where is Diogenese's (Greek philosopher) lamp?
മുഖംമൂടി കുട്ടൻ 2015-05-07 13:15:10
എന്തിന് നാട് വരെ പോകുന്നു സാറേ.  ഇവിടുത്തെ എഴുത്തുക്കാരെന്നു പറയുന്നവരോട് ഏതെങ്കിലും വിധിത്തിൽ യോജിക്കാതിരുന്നാൽ മതി അപ്പോൾ കാണാം അവരുടെ അസഹിഷ്‌ണുതയുടെ നെല്ലിപലക .  പേര് വച്ചെഴുതിയിരുന്നെങ്കിൽ ഇവന്മാര് കൂട്ടക്കുല നടത്തിയേനെ. പേര് അറിയാൻ വ്യ്യാത്തതുകൊണ്ടാണ് കടന്നലിനെ ഇളക്കിവിട്ടും സദ്യയിൽ അമേദ്യം കലക്കിയും സർവ്വ വായനക്കാരെയും അടിച്ചമർത്താൻ ശ്രമിക്കുനന്തു. എത്ര നിരപ്രതികലായിരിക്കും കൊല്ലപ്പെടുക. അതുകൊണ്ടാണ് വായനക്കാർ കടിയുള്ള മുഖംമൂടി വയ്ക്കുന്നത്.
jayan 2015-05-08 06:31:32
ഗൃഹാതുരത്വത്തിന്റെ നൊംബരമകറ്റാൻജന്മ നാട്ടിലേക്കൊടിയെതുന്ന മലയാളി പ്രവാസികളെ കാത്തിരിക്കുന്നത്, ഞെട്ടിക്കുന്ന ചില യാഥാർത്യങ്ങൾ ആണ്. എന്തിനും എവിടെയും തിന്മയുടെ വശം മാത്രം ഉയർതിക്കാട്ടുവാൻ വെമ്പൽ കൊള്ളുന്ന ഏതാനം സ്വാർധമതികൽ വാഴുന്ന സമ്പന്ന കേരളം... "ക്ഷീരമുല്ലോരകിടിൻ ചുവട്ടിലും   ചോര തന്നെ കൊതുകിന്നു കൌതുകം". 
എന്തൊരു അർഥവത്തായ കവിത, കേരളത്തിന്‌ ! ! !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക