Image

തെറ്റിദ്ധരിക്കരുതേ......ഞാന്‍ അത്തരക്കാരിയല്ല

ആശ പണിക്കര്‍ Published on 07 May, 2015
തെറ്റിദ്ധരിക്കരുതേ......ഞാന്‍ അത്തരക്കാരിയല്ല
ലാല്‍ ജോസിന്റെ പുതിയ ചിത്രമായ നീ-നയുടെ ടീസര്‍ കണ്ടവരെയെല്ലാം അമ്പരപ്പിക്കുന്ന ഒരു കാര്യമുണ്ട്. അതില്‍ ദീപ്തി സതി അവതരിപ്പിക്കുന്ന നായികയുടെ കള്ളുകുടി. ജീവിതത്തിലെ നല്ലൊരു ഭാഗം ബാറില്‍ ചെലവഴിക്കുന്ന സ്ഥിരം മദ്യപാനികളെ പോലും കടത്തി വെട്ടുന്ന ഒറിജിനാലിറ്റിയോടുകൂടിയാണ് ദീപ്തി ആ രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ളത്. പ്രേക്ഷകരില്‍ പലര്‍ക്കും ഇതിനകം സംശയം തോന്നിത്തുടങ്ങി കഴിഞ്ഞു. ഈ പെണ്ണ് മുന്‍പ് മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടാകും. അല്ലെങ്കില്‍ പിന്നെ ഇത്ര ഈസിയായി ഈ രംഗങ്ങളില്‍ എങ്ങനെ അഭിനയിക്കാന്‍ കഴിയും. ചുമച്ചും ഛര്‍ദ്ദിച്ചുമൊക്കെ നാശമായി പോവില്ലേ? 

യൂട്യൂബിലൂടെയും അല്ലാതെയും നീ-നയുടെ ടീസര്‍ കണ്ട ആയിരക്കണക്കിന് ചെറിപ്പക്കാരുടെ സംശയ നിവാരണത്തിന് ദീപ്തിയോടു തന്നെ നേരിട്ടു ചോദിക്കുമ്പോഴല്ലേ യാഥാര്‍ത്ഥ്യം മനസിലാകുന്നത്. തന്റെ ജീവിതത്തിലിന്നു വരെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിട്ടില്ലെന്ന് ദീപ്തി പറയുന്നു. സിനിമയുടെ ഓഡിഷനായി എത്തിയപ്പോള്‍ തന്നെ ലാല്‍ ജോസ് ദീപ്തിയോട് ആവശ്യപ്പെട്ടത് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സീനുകള്‍ അഭിനയിച്ചു കാണിക്കാനാണ്.  മനസില്‍ നല്ല പരിഭ്രമം തോന്നിയെങ്കിലും സിനിമയ്ക്കു വേണ്ടിയല്ലേ എന്ന  ധൈര്യത്തില്‍ ദീപ്തി നല്ല അസ്സലായി തന്നെ അങ്ങ് അഭിനയിച്ചു കാണിച്ചു കൊടുത്തു. ലാല്‍ ജോസിന് അഭിനയം ഇഷ്ടപ്പെടുകയും ചെയ്തു. അതോടെ നായികയായി ദീപ്തിയെ തിരഞ്ഞെടുക്കുകയായിരുന്നു. സിനമയില്‍ എത്തിയപ്പോഴാണ്  ദീപ്തിയുടെ കഥാപാത്രം മദ്യപിക്കുകയും സിഗററ്റ് വലിക്കുകയും ചെയ്യുന്ന ഒരു പെണ്‍കുട്ടിയാണെന്ന്  ലാല്‍ ജോസ് ദീപ്തിയോട് പറഞ്ഞത്. 

മദ്യപിക്കുന്നവരുടെ സ്വഭാവമോ മാനറിസങ്ങളോ അവരുടെ മനോഭാവമോ ഒന്നും പരിചയമില്ലാതിരുന്ന ദീപ്തി തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ പിന്നീട് ധാരാളം സിനിമകളും ഡോക്യുമെന്ററികളും കണ്ടു മനസിലാക്കി. അതിനു ശേഷമാണ് സിനിമക്കായി ഇത്തരം രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ചത്. 

സിനിമകണ്ട് ഞാന്‍ ഒരു മദ്യപാനിയാണണെന്ന് ആരും തെറ്റിദ്ധരിക്കരുത്. സിനിമയില്‍ വെള്ളവും ജ്യൂസുമൊക്കയാണ് അത്തരം രംഗങ്ങളില്‍ കുടിക്കുന്നത്. ദൈവത്തെയോര്‍ത്ത് ആരും എന്നെ തെറ്റിദ്ധരിക്കരുതേ...ഞാന്‍ അത്തരക്കാരിയല്ല. ദീപ്തി പ്രേക്ഷകരോട് പറയുന്നു.

തെറ്റിദ്ധരിക്കരുതേ......ഞാന്‍ അത്തരക്കാരിയല്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക