Image

മാണി മണി വാങ്ങി? രാജു മൈലപ്ര

രാജു മൈലപ്ര Published on 01 November, 2014
മാണി മണി വാങ്ങി? രാജു മൈലപ്ര
ഏപ്രില്‍ ഒന്ന്- ലോക വിഡ്ഢിദിനം- അന്നു നേരം വെളുത്ത് വിറയല്‍ അകറ്റാന്‍ ബാറിനു മുന്നില്‍ എത്തിയ 'കുടിയന്മാര്‍' മിഴിച്ചു നിന്നു. ബാറുകള്‍ തുറക്കാതെ ഷട്ടറിട്ടിരിക്കുന്നു. തലേ ദിവസത്തെ അമിത മദ്യപാനം മൂലം ഉണ്ടായ ഹാലുസിനേഷനാണോ ഇതെന്ന് ചിലര്‍ സംശയിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ആ ദുഃഖ വാര്‍ത്ത കുടിയന്മാരുടെ ഇടയില്‍ കാട്ടു തീ പോലെ പടര്‍ന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു 418- ബാറുകളാണ് ഒറ്റയടിക്കു പൂട്ടിയത്.

ഞങ്ങള്‍ ഇതെത്ര കണ്ടിരിക്കുന്നു എന്ന ഭാവത്തില്‍ ബാറു മുതലാളികള്‍ ഈ തീരുമാനത്തെ പുശ്ചിച്ചു തള്ളി. ഒന്നോ രണ്ടോ ദിവസം- കൂടിയാല്‍ മൂന്നു ദിവസം. പിന്നെ എല്ലാം പഴയപടി. അപ്പോഴാണ് ആദര്‍ശധീരനായ പുതിയ കെ.പി.സി.സി. പ്രസിഡന്റായ പഴയ വി.എം.സുധീരന്‍ വെടിപൊട്ടിക്കുന്നത്. 'അടച്ച ബാറുകളൊന്നും ഇനി തുറക്കുന്ന പ്രശ്‌നമേയില്ല' - സാമുദായിക, സാംസ്‌ക്കാരിക നേതാക്കന്മാര്‍ സുധീരന്റെ ഈ ധീരമായ നിലപാടിനെ വാനോളം പുകഴ്ത്തി. മാദ്ധ്യമങ്ങള്‍ തന്നെ പൊതിയുന്നതു കണ്ട സുധീരന്‍ മുടി വീണ്ടും കരിഓയിലില്‍ മുക്കി. രമേഷ് ചെന്നിത്തലയെപ്പോലെ ഫേഷ്യലു ചെയ്യിക്കുവാനും തുടങ്ങി- സുധീരന്‍ സുന്ദരനല്ല, സുന്ദരക്കുട്ടപ്പനാണ്- പണ്ടൊരു സിനിമയില്‍ ജനാര്‍ദ്ദനന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗു പോലെ “നീ പൊന്നപ്പനല്ലടാ നീ സാക്ഷാല്‍ തങ്കപ്പനാണ്.” 

ഏപ്രില്‍ 10-നയിരുന്നു പാര്‍ലമെന്റ് ഇലക്ഷന്‍- ഈ ഇലക്ഷന്‍ ഫണ്ടിലേക്കു ബാറു മുതലാളിമാരെ പിഴിഞ്ഞ് പണം സ്വരൂപിക്കുവാനുള്ള ഒരു ചെപ്പടിവിദ്യയായി പ്രതിപക്ഷം അന്നേ ആരോപിച്ചിരുന്നതാണ്. ഇലക്ഷന്‍ കഴിഞ്ഞു- കിട്ടാനുള്ളതൊക്കെ കിട്ടേണ്ടവര്‍ക്ക് കിട്ടി. എന്നിട്ടും ബാറു തുറക്കുന്ന ലക്ഷണമൊന്നുമില്ല. ഒറ്റയടിക്കു ബാറുകള്‍ പൂട്ടിയതു മൂലം ബാര്‍ തൊഴിലാളികളുടെ നിലച്ചു പോകുന്ന വരുമാനം, ബാറുടമകള്‍ക്ക് ഉണ്ടാകുന്ന ഭീമമായ നഷ്ടം- സര്‍ക്കാരിനു നികുതിയിനത്തില്‍ ലഭിക്കുന്ന വന്‍തുകയുടെ നഷ്ടം- ഇതൊക്കെ വിശദീകരിച് അല്പം സാവകാശം വേണമെന്ന് കുഞ്ഞൂഞ്ഞു കേണപേക്ഷിച്ചിട്ടു ധീരനായ സുധീരന്‍ അയഞ്ഞില്ല. ആദര്‍ശത്തിന്റെ ആള്‍രൂപമായി അങ്ങനെ ഞെളിഞ്ഞു നടക്കുമ്പോളാണ്, സുധീരന്‍ വെടി പൊട്ടിച്ചിടത്ത് മുഖ്യന്‍ ബോംബിട്ടത്.

മദ്യനിരോധനം കോണ്‍ഗ്രസ്സിന്റെ നയമാണെന്നു പ്രഖ്യാപിച്ചു, തുറന്നിരുന്ന ടൂ സ്റ്റാര്‍, ത്രീ സ്റ്റാര്‍ വിഭാഗങ്ങളിലെ 250 ബാറുകള്‍ കൂടെ ഉമ്മന്‍ചാണ്ടി പൂട്ടിച്ചു. ചാണ്ടിച്ചായനാരാ മോന്‍? ഇപ്പോള്‍ സുധീരനെ വെട്ടി സൂപ്പര്‍ ആദര്‍ശവാനായി 'അതിവേഗം, ബഹുദൂരം'  സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയ്ക്ക് കേരള ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതേണ്ട ഒരു തീരുമാനം മന്ത്രിസഭ കൈക്കൊണ്ടു. ബാറുകളുടെ നികുതിയിനത്തിലെ കുറവു ഒരു പരിധിവരെയെങ്കില്‍ പരിഹരിക്കുവാന്‍ തങ്ങളുടെ മാസശമ്പളത്തിന്റെ  ഇരുപതു ശതമാനം അടുത്ത ആറുമാസത്തേക്ക് വെട്ടിക്കുറക്കുവാന്‍ അവര്‍ ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്തു.

എത്ര ത്യാഗികള്‍! മന്ത്രിമാരൊക്കെ തങ്ങള്‍ക്കു കിട്ടുന്ന തുച്ഛമായ ശമ്പളം കൊണ്ടു മാത്രം ജീവിക്കുന്നവരാണ് എന്ന് “പൊതുജനമെന്ന കഴുതകള്‍”  വിശ്വസിച്ചു പോരുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍ എന്നാണോ ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഇവരുടെ ചായ സല്‍ക്കാരത്തിനും, ഫോണ്‍ വിളിയ്ക്കും, മണിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും, ആഢംബര കാറുകള്‍ക്കും വിദേശ യാത്രകള്‍ക്കും മറ്റുമായി എത്രയെത്ര കോടികളാണ് പുകച്ചുകളയുന്നത്? കൈക്കൂലി വാങ്ങിക്കാത്ത മന്ത്രിമാര്‍ ഉണ്ടോയെന്നു തന്നെ സംശയം.

ഹൈക്കോടതി സിംഗിള്‍ ജഡ്ജിയുടെ വിധിയെത്തുടര്‍ന്ന് 250 ടൂ സ്റ്റാര്‍, ത്രീസ്റ്റാറുകള്‍ പൂട്ടി. സുധീരനും കൂട്ടരും കോടതി വിധി ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ, ബാറുടമകള്‍ അപ്പീലിനു പോയി. ബാറുകളെല്ലാം ഒരു മാസത്തേക്കു കൂടി പ്രവര്‍ത്തിക്കുവാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കി(നമ്മുടെ ന്യായാധിപന്മാരൊന്നും നയാപൈസാ കൈ കൊണ്ടു തൊടില്ല- കവറില്‍ ഇട്ടു കൊടുത്താല്‍ ഒരു പാരിതോഷികമായി സ്വീകരിക്കുമോ, എന്തോ? എന്തായാലും കോടതി വിധി മാനിച്ചേ പറ്റൂ!)

വളരെ നല്ലയൊരു നീതിന്യായ വ്യവസ്ഥയാണ് ഇന്ത്യയ്ക്കുള്ളത്.

നീതി ദേവതയുടെ കണ്ണുകെട്ടിയിരിക്കുകയാണ്. നീതിപീഠത്തിനു മുന്നില്‍ വരുന്ന എല്ലാവരും തുല്യര്‍. അവിടെ പണക്കാരനെന്നോ പട്ടിണിക്കാരനെന്നോയുള്ള വ്യത്യാസമൊന്നുമില്ല.
ഉദാഹരണത്തിനു ജയലളിതയുടെ കേസ്: അഞ്ചുവര്‍ഷം കൊണ്ട് അവര്‍ സമ്പാദിച്ചു കൂട്ടിയത് അറുപത്തിയാറു കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്- ഇതിലും എത്രയോ ഇരട്ടിയായിരിക്കും അവരും തോഴി ശശികലയും, വളര്‍ത്തു മകന്‍ സുധാകരനും കൂടി വാരിക്കൂട്ടിയിരിക്കുന്നത്. നാലുകൊല്ലം തടവും നൂറുകോടി രൂപാ പിഴയും. ഇസെഡ് കാറ്റഗറി സുരക്ഷയുള്ള ജയലളിതക്ക് സൂപ്രണ്ട് ഗസ്റ്റ് ഹൗസ് എന്നറിയപ്പെടുന്ന മുറിയാണ് അനുവദിച്ചത്; ഫോണ്‍, ടെലിവിഷന്‍, എയര്‍കണ്ടീഷന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അവിടെയുണ്ട്- പനീര്‍ ശെല്‍വം എന്നൊരു പാവത്താനെ പാവ മുഖ്യമന്ത്രിയാക്കി നിയമിച്ചിട്ടുണ്ട്. അപ്പീലില്‍ അവര്‍ പൂപോലെ ഊരിപ്പോന്നു. മുഖ്യമന്ത്രി പദമില്ലെങ്കിലും ജയലളിത തന്നെയാണ് തമിഴ്‌നാട്ടിലെ ഭരണചക്രം തിരിക്കുന്നത്.

അങ്ങിനെ 'ഗോഡ്ഫാദറിലെ' മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ-ആര്‍പ്പോ-ഇറോ, പോയേലും വേഗത്തില്‍-വന്നേ' എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്നതു പോലെ പൂട്ടിയതിലും വേഗത്തില്‍ ബാറുകള്‍ തുറന്നു. 'പൂട്ടിയതും ഞാനേ, തുറന്നതും ഞാനേ' എന്ന പാട്ടു പാടി കൊണ്ട് വളരെ  ഉത്സാഹത്തോടെ തങ്ങളുടെ മാസപ്പടി ദാതാക്കളുടെ ബാറുകള്‍, എക്‌സൈസുകാര്‍ സന്തോഷത്തോടെ തുറന്നു കൊടുത്തു.

അപ്പോഴിതാ, വേറൊരു അമിട്ടന്‍ ഗുണ്ട്. പാലായുടെ പൊന്നോമന പുത്രന്‍ ബാറുകള്‍ തുറപ്പിക്കുന്നതിനു വേണ്ടി അഞ്ചുകോടി രൂപാ കൈകൂലി ആവശ്യപ്പെട്ടെന്ന് ബിജു രമേശന്‍ എന്നൊരു ബാറുടമ ആരോപണമുന്നയിച്ചിരിക്കുന്നു- പാലായിലെ വീട്ടില്‍ വെച്ച് 15 ലക്ഷത്തിന്റേയും 85 ലക്ഷത്തിന്റേയും രണ്ടു ഗഡുക്കളായി  ഒരു കോടി രൂപ മാണി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും കൈപ്പറ്റി എന്നാണ് രമേശന്‍ കട്ടായം പറയുന്നത്. വീണ്ടും മാണിസാര്‍ നാലുകോടി രൂപായുടെ കാര്യം ആരാഞ്ഞു. അതു സ്വരൂപിക്കുവാനുള്ള വഴിയും പറഞ്ഞു കൊടുത്തു. നിങ്ങളൊക്കെ ഓരോ ലക്ഷം ഇട്ടാല്‍ തന്നെ ഈ നാലുകോടി ഈസിയായി ഉണ്ടാക്കുവനേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞത്രേ! നേരത്തെ കൊടുത്ത ഒരു കോടിരൂപായുടെ കാര്യം ചോദിച്ചപ്പോള്‍ - “ഏതു രൂപാ, എന്ന്, എവിടെ വെച്ച്?” എന്ന് മാണിസാര്‍ ചോദിച്ചത്രേ- സ്ഥലവും, തീയതിയും മറ്റും പറഞ്ഞു കൊടുത്തപ്പോള്‍, “അതൊക്കെ എന്നേ നാനാവഴി ചിലവായിപ്പോയി”  എന്നൊരു നനഞ്ഞ മറുപടിയാണു കൊടുത്തത്. ഇതേപറ്റിയുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും, കൂടുതല്‍ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് ബിജു രമേശന്‍, അവകാശപ്പെടുത്തുന്നു- നുണപരിശോധനയ്ക്കുള്ള നാര്‍ക്കോട്ടിക്ക് അനാലിസിസിനും തയ്യാറാണെന്നും പ്രഖ്യാപിക്കുന്നു.

ഈ ആരോപണത്തെ കേരളാ കോണ്‍ഗ്രസ്(എം) നേതാക്കള്‍ ഒന്നടങ്കം എതിര്‍ത്തുകൊണ്ട് രംഗത്തുണ്ട്. മാണിക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഒരു കണ്ണുണ്ട് എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. ഇതിനൊരു തടയിടാന്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഗൂഢാലോചനയുടെ ഫലമാണ്, ബിജു രമേശന്റെ ഈ ആരോപണം എന്നാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ലെന്നും, ഉമ്മന്‍ചാണ്ടിക്ക് കൂട്ടില്‍ പൂട്ടിയിരിക്കുന്ന പട്ടിയുടെ അവസ്ഥയാണെന്നും കൂടി കൂട്ടിചേര്‍ക്കുവാന്‍ അദ്ദേഹം മറന്നില്ല.

ഈ ആരോപണങ്ങളെല്ലാം അസ്ഥാനത്തായിരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
പിന്നെ ഒരു ഗുണമുള്ളത്, ജിക്കുമോന്‍, ഗണ്‍മോന്‍, സരിതോര്‍ജ്ജം തുടങ്ങിയ വമ്പന്‍ പഴയകാല വാര്‍ത്തകളെപ്പോലെ, ഇതിനെ മറികടക്കുവാന്‍ പറ്റിയ ഒരു കൂറ്റന്‍ വാര്‍ത്ത അധികം താമസിയാതെ തന്നെ ഉടലെടുക്കുമെന്നുള്ള സത്യമാണ്.

ഒരു ഇടനിലക്കാരനില്ലാതെ, പാലായിലെ സ്വന്തം വീട്ടില്‍ വെച്ച്, സ്വന്തം കൈകൊണ്ട്, കൂര്‍മ്മബുദ്ധിക്കാരനായ മാണിസാര്‍ ഒരു കോടി രൂപാ കൈക്കൂലി വാങ്ങിക്കുമോ എന്നൊരു സന്ദേഹമെനിക്കുണ്ട്. ഒരു പഴയ കേരളാ കോണ്‍ഗ്രസ് അനുഭാവിയായതു കൊണ്ടായിരിക്കും ഒരു പക്ഷേ ഞാന്‍ അങ്ങിനെ ചിന്തിക്കുന്നത്
മാണി മണി വാങ്ങി? രാജു മൈലപ്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക