-->

EMALAYALEE SPECIAL

ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പായുടെ ധര്‍മ്മിഷ്‌ഠ തേരോട്ടങ്ങളും പത്ത്‌ ദര്‍ശന ചിന്തകളും (ജോസഫ്‌ പടന്നമാക്കല്‍)

Published

on

അടുത്തയിട പ്രസിദ്ധീകരിച്ച ഫ്രാന്‍സീസ്‌ മാര്‍പാപ്പായുടെ പത്തു കല്‍പ്പനകള്‍ ആഗോള മാധ്യമങ്ങളില്‍ ഇന്ന്‌ ചരിത്രം കുറിച്ച പ്രധാന വാര്‍ത്തകളില്‍ ഒന്നായി തീര്‍ന്നിരിക്കുന്നു. വിശാലമനസ്‌ക്കത നിറഞ്ഞ സരളിത ഹൃദയത്തോടുകൂടിയ അദ്ദേഹത്തിന്‍റെ ഈ കല്‌പ്പനകള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്നും പകര്‍ത്തിയെടുത്തതാണ്‌. മനുഷ്യ മനസുകളെ നേരായി നയിക്കാനുതകുന്ന അറിവിന്റെയും ആത്മീയ വെളിച്ചത്തിന്റെയും ചൂണ്ടുപലകയെന്ന്‌ മാര്‍പ്പാപ്പാ രചിച്ച ഈ പ്രമാണങ്ങളെ വിളിക്കാം. സ്‌നേഹത്തിന്റെയും ദീനാനുകമ്പയുടെയും നിറകുടമായി ലോകം ജനങ്ങളുടെ ഈ മാര്‍പ്പാപ്പയെ കാണുകയും ചെയ്യുന്നു. മുമ്പുള്ള മാര്‍പാപ്പാമാരില്‍ പലരും ആഡംഭര രാജകീയ പ്രതാപത്തോടെ സഭയെ നയിച്ചിരുന്നു.വ്യത്യസ്‌തനായ ഈ മാര്‍പാപ്പാ തുറന്ന ഹൃദയത്തോടെയാണ്‌ സത്യത്തിന്റെ ദീപമായ യേശുവിന്റെ വഴിയേ സഞ്ചരിക്കുന്നത്‌. ഒരുവന്റെ ജീവിതത്തില്‍ അനുഷ്‌ഠിക്കേണ്ട മാതൃകാപരമായ സാരോപദേശങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കത്തിലുള്ളത്‌. ലളിതമായ ജീവിതത്തില്‍ക്കൂടി ചുരുങ്ങിയ സാമ്പത്തിക ശാസ്‌ത്രത്തില്‍ എങ്ങനെ സന്തോഷം കണ്ടെത്താമെന്ന്‌ ഈ സാരോപദേശങ്ങളില്‍ വിവരിക്കുന്നുണ്ട്‌.

കാലത്തിനനുസരിച്ച്‌ ഓരോ നല്ല മനുഷ്യരും അറിഞ്ഞിരിക്കേണ്ട  മാര്‍പ്പാപ്പയുടെ ഈ പ്രമാണങ്ങളെ ചുരുക്കമായി വിലയിരുത്താം. ഈ ചിന്തകള്‍ എത്രമാത്രം അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സ്വധീനിച്ചുവെന്നും അറിയാന്‍ സാധിക്കും. താഴെ പറയുന്ന സൂചി
കളില്‍ അദ്ദേഹം പറഞ്ഞ അഭിപ്രായങ്ങള്‍ വിവരിക്കുന്നത്‌ ഓരോരുത്തരുടെയും ജീവിതബോധത്തിലേക്ക്‌ പകര്‍ത്തുന്നതിന്‌ ഉപകരിക്കുന്നതാണ്‌. .

1. `ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയെന്നത്‌ മനുഷ്യ ധര്‍മ്മമാണ്‌. ഇത്‌ മൂല്യങ്ങളായി എടുക്കേണ്ട മാനവിക തത്ത്വമാണെന്നും' മാര്‍പ്പാപ്പാ പറഞ്ഞു. റോമ്മാ പട്ടണത്തില്‍ ഒരു ചൊല്ലുണ്ട്‌, 'മുമ്പോട്ടു ചലിക്കൂ. മറ്റുള്ളവരെയും ജീവിത മുന്നേറ്റത്തോടൊപ്പം കുതിക്കാന്‍ അനുവദിക്കുക.' അവിടെ സമാധാനത്ത്‌ന്റെ ദീപം പ്രകാശിക്കപ്പെടും.

2. `നാം നമ്മെ തന്നെ മറ്റുള്ളവര്‍ക്കായി അര്‍പ്പിക്കൂ.' സ്വന്തം നേട്ടങ്ങളോടൊപ്പം അന്യന്റെ സുഖദുഖങ്ങളിലും പങ്ക്‌ ചേരൂ. അതിനവന്‍ സ്വതന്ത്ര ഹൃദയനായിരിക്കണം. ചുറ്റുമുള്ളവര്‍ക്കും പ്രയോജനപ്പെടുന്നവനുമായിരിക്കണം. സങ്കുചിത മനസ്‌ മാറ്റി വിശാല ഹൃദയമുള്ളവനായിരിക്കണം. അവിടെ സ്വാര്‍ത്ഥ മനസുമായി പിന്തിരിയുന്നുവെങ്കില്‍ തന്റെ മനസിനെ അഹന്താനുഷ്‌ഠമാക്കുകയാണ്‌. ഒഴുക്കില്ലാ വെള്ളത്തില്‍ മാലിന്യങ്ങള്‍ നിറഞ്ഞ്‌ ദുര്‍ഗന്ധം വമിക്കുന്നപോലെ സ്വന്തം മനസും അഹന്തയില്‍ ജീര്‍ണ്ണിച്ചു പോവും.

3. `ജീവിത നൗകകളെ ശാന്തമായി നാം ഓരോരുത്തരും തുഴയാന്‍' മാര്‍പ്പാപ്പാ ഉപദേശിക്കുന്നു. അദ്ദേഹം ഹൈസ്‌കൂളില്‍ സാഹിത്യം പഠിപ്പിച്ചിരുന്ന കാലങ്ങളില്‍ ഒരു നോവലിനുള്ളിലെ കഥാപാത്രമായ വീരയോദ്ധാവിന്റെ ജീവിതാനുഭവത്തിലെ ശാന്തമായ ജീവിതത്തെപ്പറ്റി കുട്ടികളെ പഠിപ്പിക്കുമായിരുന്നു. നോവലിലെ ഈ കഥാപാത്രത്തിലെ മാധുര്യതയെ നുകര്‍ന്ന്‌ തിരമാലകള്‍ ആഞ്ഞടിക്കാത്ത ശാന്തതയെ എന്നും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു.

4 `മനസിനെ പുഷ്ടിപ്പെടുത്തി വിശ്രമവേളകളില്‍ ആരോഗ്യപരമായ ജീവിതത്തിനായി ഉല്ലാസമായ ജീവിതം നയിക്കാനും' മാര്‍പ്പാപ്പ പറഞ്ഞു. സുലഭമായി ഉപഭോഗ വസ്‌തുക്കള്‍ വാങ്ങാനുള്ള കഴിവുകള്‍ മനുഷ്യനെ അമിതമായി പണം പാഴാക്കാന്‍ വഴി തെളിയിക്കുന്നു. കുഞ്ഞുങ്ങളുമായി ഒന്നിച്ച്‌ സമയം ചെലവഴിച്ച്‌ അവരോടൊത്ത്‌ കളിക്കാനും സമയം കണ്ടെത്താനും മാര്‍പാപ്പാ മാതാപിതാക്കളെ ഉപദേശിച്ചു. 'കുഞ്ഞുങ്ങള്‍ ഭക്ഷിക്കാന്‍ ഇരിക്കുമ്പോള്‍ അവരെ ടെലിവിഷന്‍ കാണാന്‍ അനുവദിക്കരുത്‌. കുഞ്ഞു മനസുകളില്‍ ആ സമയം സ്‌നേഹത്തിന്റെ വിത്തുകള്‍ വിതയ്‌ക്കണം.'

5. `സാധിക്കുമെങ്കില്‍ ഞായറാഴ്‌ചകള്‍ പരിപൂര്‍ണ്ണമായും ഓരോരുത്തര്‍ക്കും വിശ്രമ ദിനങ്ങളായിരിക്കട്ടെ'. തൊഴിലാളികള്‍ ഞായറാഴ്‌ചകളെ തൊഴില്‍ ദിനമായി ആചരിക്കരുത്‌. മാതാപിതാക്കളും കുഞ്ഞുങ്ങളും സഹോദരി സഹോദരങ്ങളും അന്നത്തെ ദിവസം ഒത്തൊരുമയോടെ ആഹ്ലാദം പങ്കു വെയ്‌ക്കണം.'

6. `യുവജനങ്ങള്‍ക്ക്‌ അഭിരുചിയനുസരിച്ച്‌ അന്തസോടെ ജീവിക്കാന്‍ ക്രിയാത്മകമായ തൊഴിലുകള്‍ സൃഷ്ടിക്കുകയും കണ്ടെത്തുകയും ചെയ്യണം. ഇന്നത്തെ യുവ ജനങ്ങളെ നാം അതിനായി പ്രാപ്‌തരാക്കേണ്ടതുണ്ട്‌.' അവസരങ്ങള്‍ നേടി കൊടുത്തില്ലെങ്കില്‍ മയക്കു മരുന്നിലേക്ക്‌ അവരുടെ മനസുകള്‍ പതറിയേക്കാം. ദുരിത പൂര്‍ണ്ണമായ ആത്മഹത്യാ പ്രവണതകളിലേക്കും അവരെ നയിച്ചേക്കാ'മെന്നും മാര്‍പാപ്പാ പറഞ്ഞു. .

7.`പ്രകൃതിയെ സ്‌നേഹിക്കുകയും പ്രകൃതിയുടെ സമതുലനാവസ്ഥ നില നിര്‍ത്തുകയും ചെയ്യൂ !. പ്രകൃതിയെ നശിപ്പിക്കുന്നത്‌ മനുഷ്യരാശിയ്‌ക്ക്‌ ഒരു വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണ്‌. മാര്‍പ്പാപ്പാ പറഞ്ഞു, 'നമ്മോടായി നാം ചോദിക്കാത്ത ഒരു ചോദ്യം ഉണ്ട്‌. കൊടും ഭീകരതയോടെ ഈ പ്രകൃതിയെ നശിപ്പിക്കുന്നതുമൂലം നാം സ്വയം ആത്മാഹൂതി നടത്തുകയാണ്‌. പ്രകൃതിയെ നശിപ്പിക്കല്‍ തികച്ചും വിവേചനപരവും വരും തലമുറകളോട്‌ ചെയ്യുന്ന കൊടും ക്രൂരതയുമായിരിക്കും.'

8. 'സ്വന്തം തെറ്റുകള്‍ മറച്ചു വെച്ചുകൊണ്ട്‌ മറ്റുള്ളവരുടെ തെറ്റുകള്‍ മാത്രം നാം കാണരുത്‌. അത്തരം ചിന്തകള്‍ ഇല്ലാതാക്കൂ.' മറ്റുള്ളവരെ ദുഷിച്ചു സംസാരിക്കുന്ന പ്രവണത നമ്മുടെ അഭിമാനത്തിനുതന്നെ കോട്ടം തട്ടും. നമ്മില്‍ തന്നെയുള്ള തെറ്റുകളെ തിരുത്തുന്നതിനു പകരം അന്യന്റെ തെറ്റുകളെ മാത്രം കണ്ടാല്‍ നാം തന്നെ സ്വയം ചെറുതാകുകയാണ്‌. നിഷേധാത്മകമായ ചിന്തകളില്‍നിന്നും അകന്ന്‌ ആരോഗ്യപരമായ ഒരു മനസിനെയും സ്വയം സൃഷ്ടിക്കണം.

9. 'അന്യമതത്തില്‍ വിശ്വസിക്കുന്നവരെ മത പരിവര്‍ത്തനത്തിനായി പ്രേരിപ്പിക്കരുത്‌. മറ്റുള്ള മതക്കാരെ പ്രോത്സാഹിപ്പിച്ച്‌ അവരുടെ വിശ്വാസത്തെ മാനിക്കണം. അവരോടൊത്ത്‌ സഹവസിച്ച്‌ പരസ്‌പരം ആശയവിനിമയം നടത്തണം . അങ്ങനെ മതമൈത്രി വളര്‍ത്തി നമുക്കൊത്തൊരുമിച്ചു വളരാം. സമുദായങ്ങള്‍ തമ്മില്‍ മതപരിവര്‍ത്തനം എന്നും എതിര്‍പ്പുകള്‍ ഉണ്ടാക്കും. ശതൃതയും ഉണ്ടാക്കും. അത്‌ നമ്മെ, നമ്മുടെ ആന്തരിക വളര്‍ച്ചയെ തളര്‍ത്തും. സഭ വളരേണ്ടത്‌ സഭയുടെ വിശ്വാസ സത്യങ്ങളില്‍ അടിയുറച്ചുകൊണ്ടാണ്‌. നമ്മിലുള്ള നന്മയുടെ സത്ത മറ്റുള്ള മതങ്ങളെയും ആകര്‍ഷിക്കണം. അല്ലാതെ മത പരിവര്‍ത്തനത്തില്‍ക്കൂടിയല്ല വിശ്വാസം കാത്തു സൂക്ഷിക്കേണ്ടതെന്നും' മാര്‍പ്പാപ്പ പറഞ്ഞു.

10. സമാധാനം കാംക്ഷിക്കൂ. അതിനായി യത്‌നിക്കൂ. യുദ്ധങ്ങളുടെ അഗ്‌നിജ്വാലകളിലാണ്‌ ലോകമിന്ന്‌ നിലകൊള്ളുന്നത്‌. കാര്‍ മേഘങ്ങള്‍ നിറഞ്ഞ ഈ ലോകത്ത്‌ പൊട്ടിത്തെറികള്‍ ഏതു നിമിഷവും ഉണ്ടാകാം. സമാധാനത്തിനായി നാം അലയണം. സമാധാനം എന്നത്‌ നിശബ്ദരാകണമെന്നല്ല. കര്‍മ്മോന്മുഖരായി മാറ്റങ്ങള്‍ക്കനുസരിച്ച്‌ കാലോചിതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കണം.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രാന്‍സീസ്‌ അസ്സീസിയും മത പരിവര്‍ത്തനത്തിന്‌ എതിരായിരുന്നു. അദ്ദേഹം അനുയായികളെ ഇക്കാര്യം കൂടെ കൂടെ ഓര്‍മ്മിപ്പിക്കുമായിരുന്നു. കത്തോലിക്കാസഭ അനേക വര്‍ഷങ്ങള്‍ ഈ ആശയങ്ങളില്‍ വിശ്വസിച്ചിരുന്നു. ക്രിസ്‌തുവിന്റെ തത്ത്വങ്ങള്‍ പഠിപ്പിക്കുകയും അതനുസരിച്ച്‌ ജീവിക്കുകയും വേണമെന്ന്‌ ഫ്രാന്‍സീസ്‌ അസ്സീസി പറയുമായിരുന്നു. സത്യവും സമാധാനവും കണ്ടെത്തുവാന്‍ മാര്‍പ്പാപ്പായുടെ ഈ പ്രമാണങ്ങള്‍ ഇന്ന്‌ സമകാലിക ലോകത്ത്‌ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌. രണ്ടായിരം വര്‍ഷങ്ങളായുള്ള മതപരിവര്‍ത്തന ശേഷമാണ്‌ ഒരു മാര്‍പ്പാപ്പയില്‍നിന്നും ഇങ്ങനെയൊരു ഉണര്‍വുണ്ടായത്‌. മാര്‍പ്പാപ്പാ പറയുന്നത്‌ സത്യത്തിന്റെ പ്രഭാഷണങ്ങളെങ്കിലും നല്ലതിനെ പ്രാവര്‍ത്തികമാക്കണമെന്ന്‌ ഉപദേശിച്ചാലും മൂത്തു മുരടിച്ച കര്‍ദ്ദിനാള്‍ സഭയില്‍ അത്തരം അഭിപ്രായങ്ങള്‍ വിലപ്പൊവുമെന്ന്‌ തോന്നുന്നില്ല. പരസ്‌പരം സ്‌നേഹിക്കാനുള്ള ക്രിസ്‌തുവിന്റെ വചനം മതങ്ങള്‍ തമ്മിലുള്ള സൌഹാര്‍ദത്തിന്‌ വഴിത്തിരിവായിരിക്കുമെന്നും മാര്‌പ്പാപ്പാ വിശ്വസിക്കുന്നു.

സാംസ്‌ക്കാരിക സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രസംഗങ്ങളിലും മതമേലാധ്യക്ഷന്മാരുടെ പ്രഭാഷണങ്ങളിലും ആദര്‍ശം പ്രസംഗിക്കുകയും അതേ സമയം സ്വയം ജീവിതത്തില്‍ വിപരീതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌ കാണാം. അതില്‍ നിന്നും വ്യത്യസ്‌തമായി ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ ആദര്‍ശങ്ങളെ സ്വന്തം പ്രായോഗിക ജീവിതത്തില്‍ മാതൃകാപരമായി നടപ്പാക്കിയതായി കാണാം. മഹാത്മാ ഗാന്ധിജിയും സ്വന്തം ആദര്‍ശങ്ങളെ മുറുകെ പിടിക്കുകയും അതനുസരിച്ചു കര്‍മ്മ നിരതനായി ജീവിക്കുകയും ചെയ്‌തതായി ചരിത്രം സാക്ഷിപ്പെടുത്തുന്നു. അതുപോലെ ഇന്ന്‌ സഭയ്‌ക്ക്‌ കിട്ടിയിരിക്കുന്ന ഒരു മഹാനാണ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പാ. യാഥാസ്ഥിതികരടങ്ങിയ കര്‍ദ്ദിനാള്‍ കോളേജില്‍ അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായങ്ങള്‌ക്ക്‌ വില കല്‌പ്പിക്കുകയില്ലെങ്കിലും അദ്ദേഹം പറഞ്ഞതെല്ലാം ഇന്ന്‌ സഭയുടെ നൂതന വിപ്ലവങ്ങളായി മാറിക്കഴിഞ്ഞിരിക്കുകയാണ്‌.

ആഡംബരങ്ങള്‍ ത്യജിച്ച്‌ പാഴ്‌ചിലവുകള്‍ ഇല്ലാതാക്കാന്‍ മാര്‍പ്പാപ്പാ അഭിഷിക്ത ലോകത്തെ കൂടെകൂടെ ഉപദേശിക്കാറുണ്ട്‌. ശരാശരി ഒരു കര്‍ദ്ദിനാളിന്റെ വേഷം തന്നെ ഇരുപതിനായിരം ഡോളര്‍ വരും. അഭിഷിക്തര്‍ വിലകൂടിയ വസ്‌ത്രങ്ങള്‍ ത്യജിച്ച്‌ ലളിതമായി വസ്‌ത്ര ധാരണം ചെയ്യണമെന്ന്‌ മാര്‍പ്പാപ്പാ ആവശ്യപ്പെട്ടു. ജര്‍മ്മനിയിലെ ആഡംബരപ്രിയനായ ഒരു മെത്രാനോട്‌ അദ്ദേഹത്തിന്‍റെ അരമനയ്‌ക്കും ഉദ്യാനത്തിനുമായി ചെലവാക്കിയ മൂന്നു മില്ല്യന്‍ ഡോളറിന്റെ കണക്ക്‌ ചോദിച്ചതും അഭിഷിക്ത സ്ഥാനത്തുനിന്ന്‌ ആ മെത്രാനെ നീക്കം ചെയ്‌തതും സഭയുടെ ചരിത്രത്തിലെ തങ്കതിലകം കുറിച്ച അദ്ധ്യായങ്ങളില്‍ ഒന്നായിരുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥയെയും മാര്‍പ്പാപ്പാ കുറ്റപ്പെടുത്തി. കഴിഞ്ഞ മെയ്‌ മാസത്തില്‍ അദ്ദേഹം പറഞ്ഞു, 'ലോകത്തിന്റെ സാമ്പത്തിക പുരോഗമനങ്ങള്‍ പാവങ്ങളെ വഴിയാധാരമാക്കുന്നതാണ്‌. ഉപഭോഗവസ്‌തുക്കള്‍ വാങ്ങികൂട്ടാന്‍ സമ്പന്നര്‍ക്കെ സാധിക്കുകയുള്ളൂ. മനുഷ്യന്‍ പാഴ്‌ചിലവുകളായി പണം ചെലവാക്കിക്കൊണ്ടിരിക്കുന്നു. പണമില്ലാത്ത പാവങ്ങള്‍ക്ക്‌ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയുന്നില്ല.' മനുഷ്യനെ അളവില്ലാത്ത ഉപഭോഗ വസ്‌തുക്കള്‍ വാങ്ങിക്കാന്‍ പ്രേരിപ്പിക്ക്‌ന്ന വ്യവസ്ഥയ്‌ക്ക്‌ മാറ്റം വരണമെന്ന്‌ മാര്‍പ്പാപ്പാ പറയുന്നു. പണമാണ്‌ നമ്മുടെ യജമാനന്‍ എന്ന്‌ ചിലര്‍ ചിന്തിക്കുന്നു. പണം നമ്മെ നയിക്കുന്നുവെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു. പണത്തിന്റെ അടിമയാകുമ്പോള്‍ സ്‌നേഹം അവിടെ ഇല്ലാതാവുകയാണ്‌.

ഒരിക്കല്‍ മാര്‍പ്പാപ്പാ വണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ബുദ്ധി വികസിക്കാത്ത മന്ദബുദ്ധിയായ പതിനേഴുവയസുള്ള ഒരു യുവാവിനെ വഴിയരികില്‍ കണ്ടു. വാത്സല്യത്തോടെ അവനെ മാര്‍പ്പായ്‌ക്കൊപ്പം വണ്ടിയില്‍ കയറ്റി. ആയിരങ്ങള്‍ ആ കാഴ്‌ച അന്ന്‌ കണ്ടുകൊണ്ടിരുന്നു. ആ യുവാവിനെയും അവന്റെ പിതാവിനെയും മാര്‍പ്പാപ്പാ ആലിംഗനം ചെയ്‌തപ്പോള്‍ അവിടെയുണ്ടായിരുന്ന ജനങ്ങള്‍ വികാരധീനരായി അന്ന്‌ ആ കാഴ്‌ച നോക്കി നിന്നു. ഒരിക്കല്‍ മാര്‍പ്പാപ്പാ സ്‌റ്റേജില്‍ പ്രസംഗിച്ചുകൊണ്ടിരിക്കവേ ഒരു കുഞ്ഞ്‌ അദ്ദേഹത്തെ ഓടിവന്ന്‌ കെട്ടി പിടിച്ചു. കുഞ്ഞിനെ മാറ്റാന്‍ സുരക്ഷിതാ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചില്ല. കുഞ്ഞ്‌ അവിടെ നില്‌ക്കട്ടെയെന്ന്‌ മറുപടി നല്‌കി. `അവരെ തടയരുതൊരു നാളും` എന്ന ക്രിസ്‌തു വചനമായിരുന്നു ശിശുഹൃദയമുള്ള അദ്ദേഹത്തില്‍ അന്ന്‌ ജനം കണ്ടത്‌. മറ്റൊരവസരത്തില്‍ ദേഹമാസകാലവും മുഖവും തലയും തടിച്ച കുരുവുമായുള്ള വികൃതനായ ഒരു മനുഷ്യനെ മാര്‍പ്പാപ്പാ വഴിയരികില്‍ കണ്ടു. അയാളുടെ പേര്‌ വിന്‍ഷിയൊ റിവാള്‍ എന്നായിരുന്നു. ജന്മനാ ഉണ്ടാകുന്ന ഒരു തരം ഭയമുണ്ടാക്കുന്ന രോഗമാണ്‌ അയാളില്‍ ഉണ്ടായിരുന്നത്‌. ദിവസവും വേദനകള്‍കൊണ്ട്‌ വീര്‍പ്പുമുട്ടുന്ന ആ രോഗിയുടെ സമീപം പോയി മാര്‍പാപ്പാ അയാളെ ആലിംഗനം ചെയ്‌തു. `ജനം നിത്യം പരിഹസിക്കുമ്പോള്‍ പാപ്പാ എന്നെ കെട്ടിപിടിച്ചുവെന്ന്‌' അഭിമാനത്തോടെ ജനത്തെ നോക്കി ആ മനുഷ്യന്‍ അന്ന്‌ പറഞ്ഞത്‌ നിയന്ത്രിക്കാന്‍ പറ്റാത്ത കണ്ണീരോടെയായിരുന്നു.

2013 മാര്‍ച്ചിലെ വിശുദ്ധ വാരത്തില്‍ വത്തിക്കാനില്‍ മാര്‍പ്പാപ്പാ ദിവ്യബലി അര്‍പ്പിക്കുന്നതിനു പകരം ജയിലറകളില്‍ കഴിയുന്ന യുവജനങ്ങള്‍ക്കായ ജയിലിലെ ചാപ്പലില്‍ കുര്‍ബാന അര്‍പ്പിച്ചു. അന്ന്‌ പന്ത്രണ്ട്‌ കുറ്റവാളികളുടെ കാലുകള്‍ കഴുകി അവരുടെ പാദങ്ങളില്‍ ഉമ്മ വെച്ചു. മനുഷ്യത്വത്തിന്റെ പ്രതീകമായി അന്ത്യ അത്താഴത്തിനുശേഷം നാഥനായ ക്രിസ്‌തു ശിക്ഷ്യരുടെ കാലുകള്‍ കഴുകിയ പ്രതീതിപോലെ ആ കാഴ്‌ച ജനം അന്ന്‌ നോക്കി നിന്നു. ദിവ്യമായ ആ ചടങ്ങില്‍ സ്‌ത്രീകളുടെയും മുസ്ലിമുകളുടെയും കാലുകള്‍ കഴുകിയവഴി പരമ്പരാഗതമായ മാമൂലുകളെ മാര്‍പ്പാപ്പാ അന്ന്‌ മറി കടക്കുകയായിരുന്നു.

സ്വവര്‍ഗ രതിയില്‍ ജീവിക്കുന്നവര്‍ ദൈവത്തെ അന്വേഷിക്കുന്നുവെങ്കില്‍ അവനില്‍ നന്മ പ്രകടമെങ്കില്‍ അവനെ വിധിക്കാന്‍ ഞാന്‍ ആരെന്ന്‌ മാര്‍പ്പാപ്പാ ബ്രസീലിലേക്കുള്ള യാത്രാമദ്ധ്യേ വാര്‍ത്താ ലേഖകരോടായി പറഞ്ഞു. സ്വവര്‍ഗ രതിക്കാരായ സ്‌ത്രീ പുരുഷന്മാരുടെ ആത്മീയതയില്‍ കൈകടത്താന്‍ സഭയ്‌ക്ക്‌ യാതൊരു അവകാശവും ഇല്ലെന്ന്‌ പല തവണകള്‍ അദ്ദേഹം ആവര്‍ത്തിച്ചിട്ടുണ്ട്‌. ക്രിസ്‌ത്യാനികള്‍ അവരെ വിധിച്ച്‌ പരിഹസിക്കരുതെന്നും മുന്നറിയിപ്പ്‌ നല്‌കി. സ്വവര്‍ഗ രതികളായവരോട്‌ സഹാനുഭൂതിയോടെ മനുഷ്യത്വത്തിന്റെ ശബ്ദം പുറപ്പെടുവിച്ച മാര്‍പ്പാപ്പയെ 2013 ലെ ഏറ്റവും ജനസമ്മതമുള്ള വ്യക്തിയായി 'ടയിം' മാഗസിനും' ' ഗേ റൈറ്റ്‌സ്‌' മാഗസിനും തെരഞ്ഞടുത്തിരുന്നു. അവരങ്ങനെ സ്വവര്‍ഗ രതികളായി ജനിച്ചത്‌ അവരുടെ കുറ്റം കൊണ്ടല്ലന്നും മാര്‍പ്പാപ്പാ വിശ്വസിക്കുന്നു.

ബലാല്‍സംഗത്തിന്‌ ഇരയായ ഒരു അര്‍ജന്റീന സ്‌ത്രീയേയും മാര്‍പാപ്പാ നേരിട്ട്‌ സമാധാനിപ്പിച്ചു. നാല്‌പ്പത്തിനാല്‌ വയസുള്ള ഒരു സ്‌ത്രീയെ ഒരു പോലീസുകാരന്‍ ബലമായി പീഡിപ്പിച്ചതില്‍ അവര്‍ ദുഖിതയായിരുന്നു. ആയിരക്കണക്കിന്‌ എഴുത്തുകള്‍ക്കുള്ളില്‍ ആ സ്‌ത്രീയുടെ ഒരു എഴുത്ത്‌ മാര്‍പ്പാപ്പാ കണ്ടു. ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പയില്‍നിന്ന്‌ നേരിട്ട്‌ അതിന്റെ പ്രതികരണമായി ഒരു ടെലഫോണ്‌ വിളി വന്നപ്പോള്‍ അന്ന്‌ ആ സ്‌ത്രീയില്‍ അമിതമായ സന്തോഷവും സമാധാനവും അനുഭവപ്പെട്ടു. 'നിങ്ങള്‍ ഒറ്റയ്‌ക്കല്ല സമാധാനമായിരിക്കൂവെന്ന്‌' മാര്‍പാപ്പാ അന്നവരെ ആശ്വസിപ്പിച്ചുകൊണ്ട്‌ പറഞ്ഞതും സ്‌ത്രീയില്‍ ആശ്വാസം ഉണ്ടായി.

ബ്രസീലിലെ സന്ദര്‍ശന വേളയില്‍ ആമസോണ്‌ വനാന്തരങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കാന്‍ മാര്‍പാപ്പാ അവിടുത്തെ ജനങ്ങളോടും ഭരണ നേതൃത്വത്തോടും പറഞ്ഞു. അവിടെയുള്ള റെഡ്‌ഇന്ത്യന്‍ ആദിവാസികളുമായി അദ്ദേഹമന്ന്‌ സമയം ചെലവഴിച്ചു. അവര്‍ വസിക്കുന്ന ഭൂമിയെ സ്വാര്‍ത്ഥമതികളായവര്‍ കവര്‍ന്നെടുക്കുന്നതിലും ദുഃഖം രേഖപ്പെടുത്തി. ആമസോണ്‌ വനങ്ങളെ പൂങ്കാവനങ്ങള്‍ പോലെ പരിപാലിക്കാനാണ്‌ അദ്ദേഹം ആഹ്വാനം ചെയ്‌തത്‌. അവിടുത്തെ വനപ്രദേശങ്ങളെയും ദേശീയരായ റെഡ്‌ഇന്ത്യന്‍ ജനതയെയും അവരുടെ സംസ്‌ക്കാരങ്ങളെയും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി.

പലപ്പോഴും രാത്രികാലങ്ങളില്‍ സ്വന്തം മുറിയില്‍ മാര്‍പ്പാപ്പായെ കാണില്ലായിരുന്നു. ആ സമയം അദ്ദേഹം വേഷംമാറി ഭവനരഹിതര്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യാന്‍ പോവും. അടുത്തയിടയാണ്‌ അദ്ദേഹം എന്നും രാത്രികാലങ്ങളില്‍ അപ്രത്യക്ഷമാകുന്നതിന്റെ കാരണം കണ്ടുപിടിച്ചത്‌. ഒരു സാധാരണ പുരോഹിതനെപ്പോലെ ആര്‍ച്ച്‌ ബിഷപ്പ്‌ കോണ്‌ റാഡ്‌ ക്രാജെവ്‌സ്‌കിയുമായി പാവങ്ങള്‍ക്ക്‌ ഭക്ഷണം ആരുമറിയാതെ എന്നും വിതരണം ചെയ്യുമായിരുന്നു. വലതു കൈ ചെയ്യുന്നത്‌ ഇടതു കൈ അറിയരുതെന്ന പ്രമാണം അദ്ദേഹം അനുസരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സ്വന്തമായി ഒരു മോട്ടോര്‍ സൈക്കിള്‍ അദ്ദേഹത്തിനുണ്ടായിരുന്നത്‌ ലേലം വിളിച്ച്‌ ഭവനരഹിതരായവര്‍ക്ക്‌ ദാനം ചെയ്യുകയുണ്ടായി. ആ പണം പാവങ്ങള്‍ക്ക്‌ ഭക്ഷണം വിതരണം ചെയ്യുന്നതിനായും ഉപകരിച്ചു. 2013 ഡിസംബര്‍ പതിനേഴാം തിയതി അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ വന്നെത്തിയത്‌ ക്ഷണിക്കപ്പെട്ട ദരിദ്രരരായ ഭവനരഹിതരായിരുന്നു. ലളിതമായ ഒരു ജന്മദിന ചടങ്ങായിരുന്നു അന്ന്‌ വത്തിക്കാനില്‍ ആഘോഷിച്ചത്‌. പണം പാഴായി ചിലവാക്കാതെ നന്മ ചെയ്യൂവെന്ന്‌ അദ്ദേഹം അന്ന്‌ ജന്മ ദിനത്തില്‍ പങ്കെടുത്തവരോടായി പറഞ്ഞു.പുതിയതായി ഒരു മാര്‍പ്പായെ തെരഞ്ഞെടുക്കുന്ന സമയം വത്തിക്കാനിലെ ഉദ്യോഗസ്ഥര്‍ക്ക്‌ ബോണസ്‌ നല്‌കുന്നത്‌ ഒരു കീഴ്വഴക്കമായിരുന്നു. അത്തരം പാരമ്പര്യനിയമം മറികടന്ന്‌ മാര്‍പ്പായായി അദ്ദേഹത്തെ തിരഞ്ഞെടുത്തയുടനെ ബോണസ്‌ പണം ദരിദ്രര്‍ക്കായി അദ്ദേഹം നേരിട്ട്‌ ദാനം ചെയ്‌തു. വത്തിക്കാന്‍ ബ്യൂറോക്രസിയും അവിടുത്തെ ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയില്‍ അസന്തുഷ്ടരായിരിന്നു.

യുദ്ധത്തെ മാര്‍പ്പാപ്പാ എന്നും വെറുത്തിരുന്നു. സിറിയയിലും ഇറാക്കിലും മദ്ധ്യ പൂര്‍വ്വ ദേശങ്ങളിലും നടക്കുന്ന യുദ്ധങ്ങളെ ശക്തിയായ ഭാഷയില്‍ അപലപിച്ചു. കെമിക്കല്‍ ആയുധങ്ങള്‍ നിരായുധരുടെമേല്‍ പതിച്ചപ്പോള്‍ ഹൃദയം കലങ്ങിയ ഭാഷയിലാണ്‌ മാര്‍പ്പാപ്പാ സംസാരിച്ചത്‌. അദ്ദേഹം പറഞ്ഞു, `യുദ്ധം പാടില്ല, അക്രമത്തില്‍ക്കൂടി സമാധാനം ഒരിക്കലും നേടില്ല. യുദ്ധം യുദ്ധത്തെ നയിക്കും. അക്രമം അക്രമത്തിലേക്ക്‌ നീങ്ങും.`ഒരിക്കല്‍ ഇസ്ലാമികളുടെ പുണ്യ റമദാന്‍ ദിനത്തില്‍ മാര്‍പ്പാപ്പാ സംബന്ധിക്കവേ അദ്ദേഹം പറഞ്ഞു, 'ക്രിസ്‌ത്യാനികളും മുസ്ലിമുകളും ഒരേ ദൈവത്തെയാണ്‌ വന്ദിക്കുന്നത്‌. പരസ്‌പര ബഹുമാനത്തോടെയും സഹകരണത്തോടെയും ഈ രണ്ടു മതങ്ങളും ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണം. മഹത്തായ ഈ രണ്ടു മതങ്ങളും ലോകസമാധാനത്തിനായി സാഹോദര്യ ബന്ധം നിലനിര്‍ത്തണം.' ക്രിസ്‌ത്യാനികളും മുസ്ലിമുകളും സ്‌നേഹത്തിന്റെ കൊടിക്കീഴില്‍ ഒന്നായി പ്രവര്‍ത്തിക്കുന്ന കാലം അദ്ദേഹം സ്വപ്‌നം കാണുന്നു.

ലോകത്തിന്‌ മാര്‍പ്പാപ്പാ നല്‌കിയ ഉപദേശങ്ങള്‍ പ്രായോഗിക ജീവിതത്തില്‍ ഫലവത്താക്കാന്‍ പ്രയാസമുള്ളതല്ല. കുടുംബങ്ങള്‍ തമ്മില്‍ പരസ്‌പരധാരണയോടെ വിശ്വാസം ആര്‍ജിച്ച്‌ സ്‌നേഹത്തില്‍ കഴിയാനും അദ്ദേഹത്തിന്‍റെ ഉപദ്ദേശങ്ങള്‍ സഹായകമാകും. കുഞ്ഞു മനസുകള്‍ ടെലിവിഷനില്‍ അടിമപ്പെടുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നുണ്ട്‌. സ്‌നേഹത്തിന്റെ വിരുന്നില്‍ ഭക്ഷണം കഴിക്കുന്ന സമയമെങ്കിലും ടെലിവിഷന്‍ പരിപാടികള്‍ കുഞ്ഞുങ്ങളെ കാണാന്‍ സമ്മതിക്കരുതെന്നും മാതാപിതാക്കളെ ഒര്‍മ്മിപ്പിക്കുന്നുണ്ട്‌. വാര്‍ത്തകള്‍ അറിവുകള്‍ പകരുന്നുവെങ്കിലും ഊണുമേശയുടെ മുമ്പില്‍ മാതാപിതാക്കളും മക്കളും സ്‌നേഹിതരുമൊന്നിച്ച്‌ സ്‌നേഹ സംഭാഷണങ്ങള്‍ക്ക്‌ സമയം കണ്ടെത്തണം. അവിടെയാണ്‌ ഈശ്വരന്റെ കൃപയിലുള്ള ഒരു കുടുംബം പടുത്തുയര്‍ത്തേണ്ടതെന്നും മാര്‍പാപ്പാ കരുതുന്നു. ഒരു കുടുംബത്തിനുള്ളില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ ഒത്തൊരുമിച്ചുള്ള സ്‌നേഹ സംഭാഷണങ്ങള്‍ക്ക്‌ ടെലിവിഷനുകള്‍ തടസമാകാറുണ്ട്‌. മതങ്ങള്‍ തമ്മിലുള്ള മൈത്രി കൈവരിക്കുന്നതിനെപ്പറ്റിയും മാര്‍പ്പാപ്പായുടെ പ്രമാണങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മതചിന്താഗതികളില്‍ താണുപോയ മനസ്സുകളെ മറ്റുള്ളവരില്‍ അടിച്ചേല്‌പ്പിക്കാതിരിക്കാനും മൗലികചിന്തകള്‍ ഇല്ലായ്‌മ ചെയ്യാനും മാര്‍പാപ്പ പുറപ്പെടുവിച്ച നിര്‍ദ്ദേശക പത്രികയില്‍ പറയുന്നുണ്ട്‌. അങ്ങനെയെങ്കില്‍ മതങ്ങള്‍ തമ്മില്‍ വിദ്വേഷത്തിന്‌ അടിമപ്പെടാതെ പരസ്‌പര ധാരണയോടെ ജീവിക്കാന്‍ ശ്രമിക്കും. ജീവിക്കുകയും ജീവിക്കുന്നതിനൊപ്പം മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുകയെന്നതാണ്‌ മനുഷ്യകുലത്തിന്റെ കാതലായ തത്ത്വമെന്ന്‌ മാര്‍പ്പാപ്പാ വിശ്വസിക്കുന്നു. .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ആത്മഹത്യ: നഷ്ടങ്ങൾ വിളക്കിച്ചേർത്തവർ (മീട്ടു റഹ്മത്ത് കലാം)

ചക്കരമാവിൽ വിഷുപ്പക്ഷി ചിലച്ചു (ശങ്കരനാരായണൻ ശംഭു)

ബഹിരാകാശ പദ്ധതിക്ക് സ്വകാര്യ പങ്കാളിത്തവും വരും: ഡോ.എസ്.സോമനാഥ് ഫോമ മുഖാമുഖത്തിൽ

ഉയിരു പറിച്ചെറിഞ്ഞ ആ ഷാള്‍ വെറുമൊരു പ്രതീകം മാത്രമല്ല... ബാങ്ക് മാനേജരായ യുവതിയുടെ ആത്മഹത്യയില്‍ പാര്‍വതി സി.എന്‍ എഴുതുന്നു

ഒരു ഡാൻസ് ഉണ്ടാക്കിയ വർഗീയ കോലാഹലം

രാഷ്ട്രീയ സാക്ഷരത കുറയുന്നോ? മധുര മനോഹര മനോജ്ഞ കേരളം വീണ്ടും ഇടത്തോട്ട്(കുര്യന്‍ പാമ്പാടി)

അമ്പും, വില്ലും, മലപ്പുറം കത്തി, എന്തൊക്കെ ആയിരുന്നു! (മൃദുല രാമചന്ദ്രൻ - മൃദുമൊഴി-3)

സ്ത്രീ സ്വകാര്യ സ്വത്ത് ആണോ? ഈ മൂല്യബോധത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്തു വരണം (വെള്ളാശേരി ജോസഫ് )

ദല്‍ഹിയില്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു (ഡല്‍ഹികത്ത് : പി.വി.തോമസ്)

നൃത്തമാടുക നിങ്ങൾ : ആൻസി സാജൻ

View More