Image

പടിപൂജ വഴിപാട് നടത്താന്‍ ഇനി 2026 വരെ കാത്തിരിക്കണം

Published on 25 November, 2011
പടിപൂജ വഴിപാട് നടത്താന്‍ ഇനി 2026 വരെ കാത്തിരിക്കണം
ശബരിമല ക്ഷേത്രത്തിലെ പ്രധാനപ്പെട്ടതും ഏറ്റവും ചെലവേറിയതുമായ പടിപൂജ വഴിപാട് നടത്താന്‍ ഇനി 2026 വരെ കാത്തിരിക്കണം. അതുവരെയുള്ള പടിപൂജയുടെ ബുക്കിങ് കഴിഞ്ഞു. മറ്റൊരു പ്രധാന പൂജയായ ഉദയാസ്തമയപൂജയ്ക്കായി 2017 വരെ ബുക്കിങ് പൂര്‍ത്തിയായി. എല്ലാ മാസപൂജയ്ക്കും നടതുറന്നിരിക്കുന്ന അഞ്ച് ദിവസം വീതം മാത്രമാണ് പടിപൂജയും ഉദയാസ്തമയപൂജയും നടക്കുക.

പടിപൂജയുടെ വഴിപാട് നിരക്ക് 40,000 രൂപയാണ്. കഴിഞ്ഞവര്‍ഷം ഇത് 30,000 രൂപയായിരുന്നു. ഉദയാസ്തമയപൂജയ്ക്ക് 25,000 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 20,000മായിരുന്നു. മുന്‍കൂര്‍ പണം അടച്ചാല്‍ മാത്രമേ ഈ വഴിപാടുകള്‍ ബുക്കുചെയ്യാന്‍ കഴിയൂ. ഡി.ഡി.യായും തുക അയയ്ക്കാം.

അതേസമയം, പുഷ്പാഭിഷേകം, അഷ്ടാഭിഷേകം എന്നീ വഴിപാടുകളുടെ എണ്ണം ദിവസം ഓരോന്ന് വീതം ആക്കി കുറച്ചത് ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ വഴിപാടുകള്‍ നടത്താന്‍ എത്തുന്ന ഭക്തരും നിരാശയോടെ മടങ്ങുകയാണ്. ഇത്തവണ മുതലാണ് ഇവ ഓരോന്നായി കുറച്ചത്. ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പന്മാര്‍ക്ക് ദര്‍ശനത്തിന് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന് കണ്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് ഇവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പുഷ്പാഭിഷേകത്തിന് 2000 രൂപയാണ് ദേവസ്വത്തില്‍ അടയേ്ക്കണ്ടത്. കഴിഞ്ഞവര്‍ഷം ഇത് 1500 രൂപയായിരുന്നു. ഇതിനുപുറമെ ആവശ്യമുള്ള പൂക്കളും വഴിപാടുകാര്‍ എത്തിക്കണം. പൂവ് കൊണ്ടുവന്നില്ലെങ്കില്‍ 8500 രൂപ അധികം അടയ്ക്കണം. അഷ്ടാഭിഷേകത്തിനും 2000 രൂപയാണ് നിരക്ക്. സാധനങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ 3500 രൂപ നല്‍കണം. അഷ്ടാഭിഷേകത്തിനുള്ള പാല്‍, തേന്‍, കരിക്ക്, നെയ്യ്, പനിനീര്‍, കളഭം, പഞ്ചാമൃതം, ഭസ്മം എന്നിവയുമായി വഴിപാട് നടത്തുന്ന എട്ടുപേര്‍ക്ക് ശ്രീകോവിലിന് തൊട്ടുമുമ്പില്‍ നിന്ന് ദര്‍ശനം നടത്താമായിരുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ ഇവരുടെ എണ്ണം നാലായി പരിമിതപ്പെടുത്തി. പുഷ്പാഭിഷേകത്തിനും ഇപ്പോള്‍ നാലുപേര്‍ക്ക് മാത്രമാണ് ദര്‍ശനസൗകര്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക