-->

America

രണ്ടാം ധവള വിപ്ലവ ശില്‍പ്പിയായ അരുണാചലം മുരുകാനന്ദം (ജോസഫ് പടന്നമാക്കല്‍ )

ജോസഫ് പടന്നമാക്കല്‍

Published

on

അരുണാചലം മുരുകാനന്ദം ഇന്ത്യയിലെ രണ്ടാം ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്നു. 1962ല്‍ കോയമ്പത്തൂരിനു സമീപമായ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. കുത്തക മുതലാളിമാരില്‍ നിന്നും വിഭിന്നമായി അദ്ദേഹത്തെ ഒരു സാമൂഹിക വിപ്ലവ വ്യവസായിയായി മാദ്ധ്യമങ്ങള്‍ ചിത്രീകരിക്കുന്നതും കൌതുകകരമാണ്. അമേരിക്കയുടെ ടൈം മാഗസിന്‍ ഈ വര്‍ഷം പുറപ്പെടുവിച്ച ഇന്ത്യയിലെ നാലു സുപ്രധാന വ്യക്തികള്‍ക്കൊപ്പം അദ്ദേഹത്തിന്റെ നാമവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറ്റു മൂന്നു വ്യക്തികളായ നരേന്ദ്ര മോഡി, കേജരിവാള്‍, അരുന്ധതി റോയി എന്നിവരെ ലോകം അറിയും. പക്ഷെ തമിഴിലെ സാധാരണക്കാരനായ ഈ മനുഷ്യന്‍ ഒബാമയോടും മാര്‍പ്പാപ്പയോടുമൊപ്പം നൂറു വ്യക്തികളിലൊരാളായി ലോകശ്രദ്ധയില്‍തന്നെ ഇടം നേടി. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകള്‍ക്കാവശ്യമായ സാനിറ്ററി പാഡ് ചുരുങ്ങിയ ചിലവില്‍ ഉത്പ്പാതിപ്പിക്കുന്ന മെഷീന്‍ കണ്ടുപിടിച്ച് ഉത്പാദന മേഖലയില്‍ പുതിയൊരു അദ്ധ്യായം കുറിച്ചു.
ഭാരതസ്ത്രീകള്‍ ആര്‍ത്തവമാസമുറകളില്‍ പാരമ്പര്യമായി പഴുന്തുണി കഷണങ്ങള്‍ ഉപയോഗിച്ചു വന്നിരുന്നു. അതിനൊരു വിരാമം കണ്ടെത്തി ശ്വാശത പരിഹാരം കാണുവാന്‍ അരുണാചലം മുരുകാനന്ദം അഹോരാത്രം പണിയെടുത്ത് ഗവേഷണങ്ങള്‍ നടത്തി വന്നിരുന്നു. വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സാനിറ്ററിപാഡിന്റെ വില്‍പ്പനവഴി രാജ്യാന്തര കമ്പനികള്‍ വന്‍കൊള്ളകള്‍ നടത്തുന്നുവെന്നും അരുണാചലം മനസിലാക്കി. കുത്തക മുതലാളിമാരില്‍നിന്നും ഇറക്കുമതി ചെയ്യുന്ന വ്യാവസായിക പാഡിനെക്കാളും മൂന്നിലൊന്ന് വിലയ്ക്കാണ് അദ്ദേഹത്തിന്റെ കമ്പനി അതേ നിലവാരമുള്ള പാഡുകള്‍ വിറ്റുവരുന്നത്. ഇന്ത്യയിലെ ലക്ഷോപലക്ഷം സാധാരണക്കാരായ സ്ത്രീ ജനങ്ങള്ക്ക് അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായ വിലകുറഞ്ഞ പാഡുകള്‍ ഉപകാരപ്രദമായി. ഭൂരിഭാഗം സംസ്ഥാനങ്ങളിലും കമ്പനി വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നൂറുകണക്കിന് രാജ്യങ്ങളില്‍ കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
നൂറുകോടിയിലധികം ജനം വസിക്കുന്ന ബൃഹത്തായ ഭാരതത്തില്‍ വര്‍ഷത്തില്‍ 1000 കോടിയില്‍പ്പരം സാനിറ്ററി പാഡുകള്‍ ഇന്ന് ചിലവാകുന്നുണ്ട്. അത് ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഇന്ത്യയില്‍ അതിന്റെ ഉത്ഭാദനം വന്‍കിട വ്യവസായ രാജ്യങ്ങളുടെ കുത്തകയാണ്. സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കുന്ന മെഷീന്റെ വില കോടി കണക്കിന് രൂപാ മുടക്കുമുതലു വരും. ഒരു ചെറുകിട വ്യവസായിക്ക് അത്തരം വ്യവസായം തുടങ്ങാനുള്ള കരുത്തില്ല. അതിനാവശ്യമുള്ള അസംസ്‌കൃത പദാര്‍ത്ഥങ്ങളും പുറം രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യെണ്ടതായുമുണ്ട്. സാധാരണ ജനങ്ങള്‍ക്ക് ആര്‍ത്തവ നിരോധക പാഡിന്റെ ചെലവുകള്‍ താങ്ങാനുള്ള കഴിവുമില്ല. അതിനു പരിഹാരമായി സ്ത്രീ ജനങ്ങള്‍ പലയിടങ്ങളിലും അരുണാചലം മുരുകാനന്ദം തുടങ്ങിവെച്ച കുടില്‍ വ്യവസായങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മുതല്‍മുടക്ക് കുറവ്, സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയുംവിധം മിതമായ ഉല്‍പ്പന്നവില, വികസന സാധ്യതയുള്ള ബിസിനസ് എന്നെല്ലാം ഈ സംരംഭത്തിന്റെ പ്രത്യേകതകളാണ്. ദിനം പ്രതി സാനിറ്ററി പാഡിന്റെ ഉപയോഗവ്യാപ്തി വര്‍ദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ഗ്രാമീണതലങ്ങളില്‍ പരമ്പരാഗതമായി പഴുന്തുണികള്‍ ഉപയോഗിച്ചുവരുന്ന സ്ത്രീകള്ക്കും ഈ പാഡുകള്‍ കുറഞ്ഞ ചിലവില്‍ ഉപയോഗിക്കാന്‍ സാധിക്കും. പഴുന്തുണികളില്‍നിന്ന് രോഗാണുക്കളും സാംക്രമികരോഗങ്ങളും ക്രീടങ്ങളും സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍വഴി രോഗവും പകരാം.
മുരുകാനന്ദന്റെ ഈ കണ്ടുപിടുത്തം ഇന്ത്യയിലെ സ്ത്രീജനങ്ങളുടെ സാമൂഹിക ജീവിത രീതികള്‍ക്കുതന്നെ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ആര്‍ത്തവ കാലങ്ങളില്‍ സ്ത്രീകളില്‍ ശുചിത്വ ബോധമുണ്ടാക്കി അവരിലെ വ്യക്തിത്വ ബോധവല്ക്കരണം ഉത്തേജിപ്പിക്കാനും സാധിച്ചു. കണക്കനുസരിച്ച് അഞ്ചുശതമാനം സ്ത്രീജനങ്ങള്‍ മാത്രമേ ഇന്ത്യയില്‍ ആര്‍ത്തവപാഡുകള്‍ ഉപയോഗിക്കാറുള്ളൂ. ആര്‍ത്തവം തുടങ്ങുന്ന കൗമാരപിള്ളേര്‍ സ്‌കൂള്‍ പഠനവും ഉപേക്ഷിക്കുന്ന സാമൂഹിക പരിതാപകരമായ സ്ഥിതിവിശേഷവും ഭാരതത്തിലുണ്ട്. മുരുകാനന്ദന്റെ വില കുറഞ്ഞ ഈ മെഷീന്‍ ഇന്ന് സ്ത്രീ ജനങ്ങള്‍ക്ക് ഒരു വരുമാന മാര്‍ഗവുമാണ്. ആര്‍ത്തവകാലങ്ങളിലും ബുദ്ധിമുട്ടുകളില്ലാതെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും സാധിക്കുന്നു. പഴത്തൊലികളും പഴുന്തുണികളും മണ്ണുംവരെ സ്ത്രീകള്‍ ആര്‍ത്തവത്തെ തടയാന്‍ ഉപയോഗിച്ചിരുന്നു. അവിടെയെല്ലാം മുരുകാനന്ദന്‍ ഒരു സാമൂഹിക വിപ്ലവകാരിയായി മാറി. ഐ.ഐ.റ്റി.യിലും ഐ.ഐ.എം. അഹമ്മദബാദിലും ഹാര്‍വാര്‍ഡിലുംവരെ ഹൈസ്‌ക്കൂള്‍പോലും വിദ്യാഭ്യാസമില്ലാത്ത അരുണാചലം മുരുകാനന്ദം ക്ലാസുകള്‍ എടുക്കുന്നു. ആര്‍ത്തവ മനുഷ്യനെന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ കഥകള്‍ അഭ്രപാളികള്‍വരെ പകര്‍ത്തിയെടുത്തു. ഇതിനകം അനേക കീര്‍ത്തിമുദ്രകളും അദ്ദേഹത്തെ തേടിയെത്തി.
മുരുകാനന്ദന്റെ കഠിനാധ്വാന വ്രതങ്ങളോടെയുള്ള വിജയകരമായ ജീവിതം വളരുന്ന തലമുറകള്‍ക്ക് മാതൃകയും ഉത്തേജനവുമാണ്. അദ്ദേഹത്തിന് സ്‌കൂള്‍ വിദ്യാഭ്യാസമില്ലായിരിക്കാം. എങ്കിലും ഒരു ബുദ്ധിരാക്ഷസനാണ്. ഒരുവന്‍ ജന്മനാ ബുദ്ധിയുള്ളവനെങ്കില്‍ അക്കാദമിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. ഇത്രമാത്രം ഉയരങ്ങളില്‍ എത്തിയിട്ടും എളിമയും വിനയവും ഇന്നും ആ മനുഷ്യനെ വിട്ടുമാറിയിട്ടില്ല. അദ്ദേഹം ഒരു വാഗ്മിയല്ലെങ്കിലും മാതൃകാപരമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്നു പ്രസംഗങ്ങളില്‍നിന്നും കേള്‍വിക്കാര്‍ക്ക് മനസിലാകും. സ്ത്രീജീവിതം സുഗമമാക്കാന്‍ സ്ത്രീകളുടെ ക്ഷേമത്തിനായി മല്ലിടുന്ന ആ മനുഷ്യന്‍ അവരുടെ നിത്യസഹായിയായി ചരിത്രത്തിന്റെ താളുകളിലും കുറിക്കപ്പെട്ടു.
സ്‌കൂള്‍ വിദ്യാഭ്യാസം നേടാത്ത മുരുകാനന്ദന്റെ ശൈലിയിലുള്ള പ്രസംഗങ്ങള്‍ ഇംഗ്ലീഷില്‍ കേള്ക്കാന്‍ സമൂഹത്തിലെ ഉന്നതരായ വ്യവസായികളും ശാസ്ത്രജ്ഞരും സമ്മേളിക്കാറുണ്ട്. .അവരോട് അദ്ദേഹം പറയും, 'അടുത്ത ഏതാനും മിനിറ്റുകള്‍ എന്റേതായ ഇംഗ്ലീഷില്‍ വ്യാകരണമോ ഉച്ഛാരണമോ ഇല്ലാതെ ഞാന്‍ നിങ്ങളോട് സംസാരിക്കട്ടെ. എന്റെ ഇംഗ്ലീഷ്ഭാഷയെ പരിഹസിച്ചുകൊള്ളൂ. ഇവിടെ ഇന്ന് സന്നിഹിതരായിരിക്കുന്ന ജനം എന്നെക്കാള്‍ വളരെയേറെ വിദ്യാഭ്യാസം ലഭിച്ചവരാണ്. വിവരംകെട്ട ഞാന്‍ സംസാരിക്കുന്ന ഭാഷ ഭൂരിഭാഗം ജനങ്ങള്‍ക്കു മനസിലാകുമെന്നും അറിയാം. അതുകൊണ്ട് നിങ്ങളുടെ മനസുകള്‍ എന്റെ ഉച്ഛാരണവും ഗ്രാമറും മറന്ന് എന്റെ പോരായ്മകളെ മനസിലാക്കി സ്വയം തിരുത്തണം. പതിനെട്ടു വയസ്സില്‍ താഴെയുള്ളവര്‍ ഞാന്‍ പറയുന്നത് മനസിലാക്കണമെങ്കില്‍ അവരുടെ മാതാപിതാക്കളുടെ സഹായവും തേടണം.'
ആരംഭം മുതലുള്ള ദുരിതപൂര്‍ണ്ണമായ ജീവിതകഥകള്‍ പേരും പെരുമയും ആര്‍ജിച്ച പ്രതിഭകള്‍ നിറഞ്ഞ സദസുകളില്‍ അദ്ദേഹം അവതരിപ്പിക്കാറുണ്ട്. കമ്പനിയുടെ തുടക്കം മുതല്‍ നാളിതു വരെയുള്ള വിജയത്തിന്റെ കഥകളും വിവരിക്കും. എവിടെയും ജനങ്ങള്‍ അദ്ദേഹത്തെ ഹര്‍ഷാരവത്തോടെ കൈകൊട്ടി സ്വീകരിക്കുകയെന്നതും സദസുകളിലെ നിത്യ സംഭവങ്ങളുമാണ്. ഒരു കൂട്ടുകുടുംബത്തിലാണ് മുരുകാനന്ദന്‍ വളര്‍ന്നത്. വിവാഹം കഴിക്കുംവരെ ഒരു സാധാരണ ചെറുപ്പക്കാരനെപ്പോലെ ജീവിതം നയിച്ചു. തന്റെ വിവാഹശേഷം സ്വന്തം അമ്മയുടെ സ്വഭാവം പാടേ മാറിയെന്നാണ് മുരുകാനന്ദന്‍ പറയുന്നത്. ഭാരതത്തിലെ കുപ്രസിദ്ധരായ അമ്മായിമ്മമാരുടെ സ്വഭാവം മുഴുവനും മുരുകാനന്ദന്റെ അമ്മയിലും പ്രകടമായിരുന്നു. മരുമകള്‍ എന്തു ചെയ്താലും കുറ്റം കണ്ടുപിടിക്കുന്ന സ്വഭാവമായിരുന്നു. സ്വന്തം ഭാര്യയോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് അമ്മയ്ക്കിഷ്ടമായിരുന്നില്ല. മരുമകളോട് ഒരു യക്ഷിയെപ്പോലെ പെരുമാറുന്നതുകൊണ്ട് ഭാര്യയുടെ ദുഖത്തില്‍ മുരുകാനന്ദനും ഒപ്പം പങ്കു ചേര്‍ന്നിരുന്നു. നാട്ടുനടപ്പനുസരിച്ച് അവരുടെ വിവാഹം ബന്ധുക്കള്‍ നടത്തികൊടുത്തതായിരുന്നു.
ഒരിക്കല്‍ മുരുകാനന്ദന്‍ തന്റെ ഭാര്യ എന്തോ കൈകള്‍ പുറകോട്ടാക്കി തന്നില്‍നിന്നും മറച്ചുവെയ്ക്കുന്നത് കണ്ടു. അതെന്തെന്നറിയാന്‍ അദ്ദേഹത്തിലന്ന് ജിജ്ഞാസയുണ്ടായി. എന്താണ് കൈകള്‍ പുറകിലാക്കികൊണ്ട് ഒളിച്ചു വെച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അത് പുരുഷന്മാര്‍ അറിയേണ്ടതല്ലെന്നും മറുപടി കൊടുത്തു. തന്റെ ഭാര്യ തന്നോടു കളിക്കുകയാണെന്ന് വിചാരിച്ച് അറിയാന്‍ ശ്രമിച്ചപ്പോള്‍ 'നിങ്ങളുടെ ബിസിനസല്ലെന്ന്' പറഞ്ഞ് തമാശക്ക് മുരുകാനന്ദന്റെ കവിളത്ത് ഒരടി കൊടുത്ത് അവര്‍ ഓടിപ്പോയി. എന്തായാലും സംഗതി മനസിലാക്കിയ മുരുകാനന്ദന്‍ തന്റെ ഭാര്യ കുറെ പഴുന്തുണികള്‍ ശേഖരിച്ചിരിക്കുന്നത് കണ്ടു. 'നീ എന്തുകൊണ്ട് സാനിറ്ററി പാഡുകള്‍ മാര്‍ക്കറ്റില്‍നിന്ന് മേടിക്കുന്നില്ലായെന്ന്' ഭാര്യയോടു ചോദിച്ചപ്പോള്‍, 'നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് അങ്ങനെയെങ്കില്‍ പാല് കൊടുക്കാന്‍ സാധിക്കാതെ വരുമെന്ന്' ഭാര്യ മറുപടിയും നല്കി.
ഹൈജിനിക്കല്ലാത്ത രോഗങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം പഴുന്തുണികള്‍ തന്റെ ഭാര്യ ഉപയൊഗിക്കുന്നുവെന്നറിഞ്ഞപ്പോള്‍ മുരുകാനന്ദന് പ്രയാസ്സമുണ്ടാക്കി..അന്നുതന്നെ മെഡിക്കല്‍ ഷോപ്പില്‍നിന്നും ഭാര്യക്കായി ഒരു പായ്ക്കറ്റ് സാനിറ്ററി പാഡ് മേടിച്ചു. ആ കഥ മുരുകാനന്ദന്‍ തന്റെ പ്രസംഗങ്ങളില്‍ സരസമായി വര്‍ണ്ണിക്കാറുണ്ട്. പുതിയതായി വിവാഹം ചെയ്ത ഒരു പുരുഷന്‍ വന്ന് സ്ത്രീകളുടെ ആര്‍ത്തവ കാലത്തുപയോഗിക്കുന്ന പാഡ് മേടിച്ചപ്പോള്‍ ഷോപ്പുടമ തുറിച്ചുനോക്കിതും പുരുഷനായ താന്‍ ഇത്രമാത്രം താണു പോയോയെന്നു കടക്കാരന്‍ ചോദിച്ചതും മുരുകാനന്ദന്‍ സദസുകളില്‍ അവതരിപ്പിക്കാറുണ്ട്. അന്ന് നാടുമുഴുവന്‍ വസിക്കുന്ന ജനം പഴയ മാമൂലുകളെ മുറുകെ പിടിച്ചിരുന്നു. ഭാര്യമാര്‍ക്കായി ഇത്തരം പാഡുകള്‍ കടയില്‍ മേടിക്കാന്‍ പോവുകയെന്നത് പുരുഷന്മാര്‍ക്ക് അപമാനവുമായിരുന്നു. പത്രത്തില്‍ പൊതിഞ്ഞ് കടക്കാരന്‍ നാലുവശവും നോക്കി ഒരു കള്ളനെപ്പോലെ പാഡ് നല്കിയതും മുരുകാനന്ദന്റെ കുറിപ്പുകളിലുണ്ട്. താന്‍ അയാളോട് കോണ്ടോം' (ഗര്‍ഭനിരോധക്)ചോദിച്ചില്ലല്ലോ, പിന്നെ അയാള് എന്തിന് സാനിറ്ററി പാഡിന്റെ പേരില്‍ ഒളിച്ചുകളിച്ചുവെന്നും മുരുകാനന്ദന് മനസിലായിരുന്നില്ല. മെഡിക്കല്‍ ഷോപ്പില്‍നിന്നും വാങ്ങിയ പാഡുകള്‍ മുരുകാനന്ദന്‍ പരിശോധിച്ചപ്പോള്‍ കുത്തകകമ്പനികള്‍ അതില്‍നിന്നുമുണ്ടാക്കുന്ന കൊള്ളലാഭവും എത്രത്തോളമുണ്ടെന്നും മനസിലാക്കി.
ഇന്ത്യയില്‍ അഞ്ചു ശതമാനം ജനങ്ങളേ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുന്നുള്ളൂവെന്നും കണക്കുകള്‍ പറയുന്നു. ഗ്രാമീണപ്രദേശങ്ങളില്‍ വസിക്കുന്ന മില്ല്യന്‍ കണക്കിനു സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ നേടണമെങ്കില്‍ പരമ്പരാഗതമായ സാമൂഹിക പഴുന്തുണി ചുറ്റുപാടുകളില്‍നിന്നും സാനിറ്ററിപാഡ് വിപ്‌ളവത്തിലേക്ക് പരിവര്‍ത്തന വിധേയമാകേണ്ടതുമുണ്ട്. അഞ്ചു ശതമാനമെന്നുള്ളത് പത്തു ശതമാനമാക്കിയാലും തന്റെ ജീവിതത്തിലെ വലിയ നേട്ടമായിരിക്കുമെന്നും മുരുകാനന്ദ പറയുന്നു. 106 രാജ്യങ്ങള്‍ ഈ ഉല്പ്പന്നം പരീക്ഷിക്കാന്‍ തയ്യാറായിട്ടുമുണ്ട്. ഇന്ത്യയുടെ കുടില്‍ വ്യവസായമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാംസ്‌ക്കാരിക മുന്നേറ്റത്തെ രണ്ടാം ധവളവിപ്ലവമെന്നും വിളിക്കാം. മുരുകാനന്ദ പറയുന്നു, 'നിശബ്ദമായ അന്ധകാരത്തില്‍ ഒരു മുറിയില്‍ ഏകനായി ലൈറ്റുകളണച്ച് ചിന്തിക്കൂ. അപ്പോള്‍ ഒളിഞ്ഞിരിക്കുന്ന ജീവിത ലക്ഷ്യത്തെ കണ്ടെത്തും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ സ്വയം പരിഹരിച്ചാല്‍ നല്ലൊരു ബിസിനസുകാരനുമാകും. ഒരുവന്‍ ജീവിതത്തില്‍ നേടാന്‍ പോവുന്നത് എന്തെന്നും മനസിലാകും'.
കടയില്‍നിന്ന് സാനിറ്ററി പാഡ് മേടിച്ചനാള്‍ മുതല്‍ അത് വിലകുറച്ച് ഉണ്ടാക്കണമെന്ന ചിന്തകളും മുരുകാനന്ദനില്‍ കടന്നുകൂടി. കോട്ടന്‍പഞ്ഞികള്‍കൊണ്ട് ഒരു പാഡ് ഉണ്ടാക്കി. അത് ടെസ്റ്റ് ചെയ്യുവാന്‍ സ്ത്രീവോളണ്ടീയര്‍മാരുടെ സഹായവും ആവശ്യമായിരുന്നു. ഇന്ത്യയില്‍ സ്വാമിജിയുടെയും ഗുരുവിന്റെയും മുമ്പില്‍ എന്തും ചെയ്യാന്‍ സ്ത്രീജനങ്ങള്‍ വോളണ്ടീയര്‍മാരായി തിങ്ങി കൂടും. എന്നാല്‍ മുരുകാനന്ദന്റെ ഈ സാമൂഹിക വിപ്ലവത്തെ പിന്താങ്ങാന്‍ സ്ത്രീ ജനങ്ങള്‍ മുമ്പോട്ട് വരില്ലായിരുന്നു. അദ്ദേഹം കോട്ടന്‍ പഞ്ഞികൊണ്ടുണ്ടാക്കിയ പാഡ് ഭാര്യയ്ക്കും സഹോദരിക്കും കൊടുത്ത് അതിന്റെ ഫലമറിഞ്ഞും ഗവേഷണങ്ങള്‍ ആരംഭിച്ചു. അവരില്‍നിന്ന് അനുകൂലമായ മറുപടിയൊന്നും കിട്ടിയില്ല. മാസത്തില്‍ രണ്ടോ മൂന്നോ സ്ത്രീകളുടെ മാസമുറകളില്‍ ഇത്തരം പരീക്ഷണങ്ങളുമായി പോയാല്‍ തന്റെ ലക്ഷ്യം പ്രാപിക്കില്ലെന്നും മുരുകാനന്ദനു മനസിലായി. കൂടുതല്‍ സ്ത്രീകളെ പരീക്ഷണങ്ങളില്‍ ആവശ്യമായിരുന്നു. പെങ്ങന്മാരും ഭാര്യയും അദ്ദേഹത്തിന്റെ സാനിറ്ററി പാഡില്‍ തൃപ്തരല്ലായിരുന്നു. ഭാര്യ അറിയാതെ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനികളെ പരിചയപ്പെട്ടു. അവര്‍ക്ക് പാഡുകള്‍ നല്‍കി രണ്ടു കൊല്ലം പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. അവരും ഇത്തരം കാര്യങ്ങള്‍ ഒരു പുരുഷനോട് സംസാരിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ് മുരുകാനന്ദനെ തഴഞ്ഞു. മുരുകാനന്ദന്റെ ആര്‍ത്തവ പാഡിനോട് പെണ്‍പിള്ളേര്‍ താല്പര്യക്കുറവും പ്രകടിപ്പിച്ചു.
സ്ത്രീജനങ്ങളുടെ സഹകരണം കിട്ടാതെ വന്നപ്പോള്‍ അദ്ദേഹം സ്വയം സാനിറ്ററി പാഡ് അരയില്‍ കെട്ടി പരീക്ഷണം നടത്തുവാന്‍ തുടങ്ങി. അതിനായി ബോളാകൃതിയില്‍ ഒരു ഗര്‍ഭപാത്രമുണ്ടാക്കി സ്വന്തം ശരീരത്തോട് ബന്ധിച്ചു. മൃഗങ്ങളുടെ രക്തവും സമാഹരിച്ച് അരയില്‍ കെട്ടിയ കൃത്രിമ ഗര്‍ഭപാത്രത്തില്‍ ശേഖരിച്ചിരുന്നു 'ഹിമാലയം കീഴടക്കിയ 'ടെന്‍സിംഗിനെ'പ്പോലെയും ചന്ദ്രനില്‍ കാലുകുത്തിയ 'നീല്‍ ആംസ്‌ട്രോങ്ങിനെ'പ്പോലെയും ലോകത്തിലാദ്യമായി കൃത്രിമമായ ഗര്‍ഭപാത്രം ചുമന്ന പുരുഷനെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഗര്‍ഭ പുരുഷനെന്നും അദ്ദേഹത്തെ ജനം പരിഹസിച്ചിരുന്നു. ഭര്‍ത്താവിന്റെ ഭ്രാന്തന്‍ ചിന്താഗതികളില്‍ മനം മടുത്ത് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി. ഒരിക്കല്‍ സ്ത്രീജനങ്ങള്‍ ഉപയോഗിച്ച ആര്‍ത്തവ പാഡുകള്‍ സ്വന്തം മുറിയില്‍ പരീക്ഷിക്കുന്നത് കണ്ട് അമ്മയും അദ്ദേഹത്തെ വീടിനു പുറത്താക്കി. സമീപത്തുള്ള കുളങ്ങളില്‍ മൃഗരക്തം കലര്‍ത്തുന്നതുമൂലം നാട്ടുകാരും അദ്ദേഹത്തില്‍ അസഹ്യമായിരുന്നു. താന്‍ ഭ്രാന്തനാണെന്ന് ഗ്രാമീണവാസികള്‍ ഒന്നാകെ ചിന്തിച്ചു. അവരെല്ലാം പിശാചിന്റെ ബാധയെന്ന് വിചാരിച്ച് അദ്ദേഹത്തെ ഗ്രാമത്തില്‍ നിന്നും പുറത്താക്കി.
കുത്തക മുതലാളിമാര്‍ ഉണ്ടാക്കുന്ന സാനിറ്ററി പാഡ് എങ്ങനെയുണ്ടാക്കണമെന്നും ചിന്തിച്ചുകൊണ്ടിരുന്നു. അവരുടെ മെഷീന് മില്ല്യന്‍ കണക്കിന് രൂപായും മുടക്കണം. അതിനായുള്ള അസംസ്ര്കൃത ഉല്‍പ്പന്നങ്ങളും വേണം. പാഡ് ഉല്‍പ്പാദിപ്പിക്കാനുള്ള ടെക്കനോളജിയും അറിയണം. അടിക്കടിയുള്ള പരാജയങ്ങളില്‍ക്കൂടി ജീവിതവിജയം കൈവരിക്കാമെന്നും വിശ്വസിച്ചിരുന്നു.
അദ്ദേഹം പറയും, 'ഒരു വ്യവസായ സംരഭത്തിന് റിസേര്‍ച്ച് നടത്തുവാന്‍ എട്ടുവര്‍ഷ വിദ്യാഭ്യാസം വേണം. എന്നാല്‍ എന്റെ പ്രസ്ഥാനത്തിന് പരീക്ഷണങ്ങളും പരാജയങ്ങളും നടത്താനുള്ള (ട്രയല്‍ ആന്‍ഡ് എറര്‍) വിദ്യയാണ് വേണ്ടത്. അതിന് കോളേജില്‍ പോവേണ്ട ആവശ്യമില്ല. തെറ്റുകള്‍ കൂടിയേ തീരൂ. റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റിന് പകരം ഇവിടെ പരീക്ഷണങ്ങളും പരാജയങ്ങളും (ട്രയല്‍ ആന്‍ഡ് എറര്‍) ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ട്. അവര്‍ക്ക് ബില്ല്യന്‍ കണക്കിന് ഡോളര്‍ ചിലവഴിച്ച കെട്ടിടങ്ങള്‍ വേണം. എന്നാല്‍ പരീക്ഷണ പരാജയ ഡിപ്പാര്‍ട്ട്‌മെന്റിന് നൂറടി സ്ഥലം മതി.'
വിദേശികള്‍ നിര്‍മ്മിക്കുന്ന വ്യാവസായിക പാഡുകളുടെ അസംസ്‌കൃതവസ്തുക്കള്‍ പൈന്‍മരങ്ങളിലെ ചകരിനാരുപോലുള്ള പള്‍പ്പില്‍ നിന്നുമെന്ന് നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം മുരുകാനന്ദന്‍ മനസിലാക്കി. അസംസ്‌കൃത വസ്തുക്കള്‍കൊണ്ട് പാഡുകള്‍ നിര്‍മ്മിക്കുന്ന മെഷീന്‍ ഇറക്കുമതി ചെയ്യുന്നതിന് മൂന്നരകോടി രൂപാ ചിലവാകു,മായിരുന്നു. പയിന്‍മരത്തിലെ പള്പ്പില്‍ നിന്നുമുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കായി മുംബയിലെ ഒരു കമ്പനിയുമായി കരാറുകളുമുണ്ടാക്കി. അത് അരച്ചെടുത്ത് ഉല്‍പ്പന്നമാക്കുന്ന മെഷീന്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ചു. ചെറുപ്പകാലങ്ങളില്‍ വെല്‍ഡിങ്ങ് പഠിച്ച അറിവും അതിന് സഹായകമായി. ഇന്നതിന്റെ വില ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം രൂപാ വരെയാണ്. 2006ല്‍ പ്രസിഡന്റ് പ്രതിഭാ പട്ടേലില്‍ നിന്നും രാഷ്ട്രത്തിന്റെ അവാര്‍ഡ് ലഭിച്ചു. ആറു വര്‍ഷങ്ങളിലെ ഇടവേളയ്ക്കുശേഷം ഭാര്യയും മകളും മടങ്ങി വന്ന് അദ്ദേഹത്തോടൊപ്പം താമസമാക്കി. ഇന്നവര്‍ സ്വന്തം അമ്മയുമൊപ്പം കോയമ്പത്തൂരുള്ള ഭവനത്തില്‍ താമസിക്കുന്നു. കുത്തകരാജ്യങ്ങളുടെ ഭീമമായ മെഷീന്റെ മുമ്പില്‍ അദ്ദേഹമുണ്ടാക്കിയ ഈ കുഞ്ഞു മെഷീന് എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ആദ്യമൊക്കെ പലരും വിചാരിച്ചു. പക്ഷെ അദ്ദേഹം രൂപകല്പ്പന ചെയ്ത മെഷീന്‍ ഇന്ന് ഇന്ത്യാ മുഴുവനായി ഒരു വ്യവസായിക വിപ്ലവം സൃഷ്ടിക്കുകയാണുണ്ടായത്. ആയിരക്കണക്കിന് തൊഴില്‍ രഹിതരുടെ ആശ്രയവുമായി.
മുരുകാനന്ദന്‍ തന്റെ ബിസിനസ് വിജയത്തെപ്പറ്റി പറയുന്നു, 'എല്ലാവരും ബിസിനസെന്നു കരുതുന്നത് പണമാണ്. എന്നാല്‍ .പണം ബിസിനസിന്റെ ഒരു ഘടകം മാത്രം. സത്യത്തില്‍, എന്റെ ബിസിനസിന് പണമല്ലായിരുന്നു.മുഖ്യം. സാമൂഹിക ബന്ധത്തില്‍ക്കൂടി പരസ്പരസ്‌നേഹം വളര്‍ത്തി ജീവിതത്തിന് ഒരു അര്‍ത്ഥമുണ്ടാക്കുകയെന്നായിരുന്നു. അതുകൊണ്ടാണ് എന്റെ ബിസിനസിനെ മാക്രോ കുത്തക വ്യവസായത്തില്‍നിന്നും വിമുക്തമാക്കി മൈക്രോ വ്യക്തിഗത വ്യവസായമായി വളര്‍ത്തുവാന്‍ സാധിച്ചത്.'
ഇന്ന് ബീഹാറിലെ കുഗ്രാമങ്ങളിലും ഹിമാലയ താഴ്വരകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സ്ത്രീജനങ്ങള്‍ ഈ നാപ്ക്കിന്‍ നിര്‍മ്മിക്കുന്നുണ്ട്. എളിമയും വിനയവും ജീവിതത്തില്‍ കൈമുതലായ മുരുകാനന്ദന്‍ ഭാരതത്തിന്റെ ഇതിഹാസ ചരിത്ര താളുകളില്‍ പ്രവേശനം തേടിയിരിക്കുന്നു. പത്മഭൂഷനും നോബല്‍ സമ്മാനവുമല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. ഒരു കോര്‍പ്പറെറ്റ് സ്ഥാപനത്തിന് മുരുകാനന്ദന്റെ ലക്ഷ്യം നേടണമെങ്കില്‍ കുറഞ്ഞത് ഇരുപതു കൊല്ലം വേണം. എന്നാല്‍ ചുരുങ്ങിയ കാലം കൊണ്ട് ഈ ഒറ്റയാന്‍ ആ ലക്ഷ്യം സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ബിസിനസ്സിന്റെ പ്രത്യേകത. ഈ കമ്പനി സി.ഓ.യുടെ വിജയരഹസ്യവും അദ്ദേഹം തന്നെ പറയുന്നു ; 'നിങ്ങള്‍ക്ക് അര്‍ഥമുള്ള ഒരു ജീവിതമുണ്ടാകണമെങ്കില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരിക്കണം. നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക. അതിന്റെ പരിഹാരത്തിനെ ബിസിനസ്സെന്നു വിളിച്ചോളൂ.' ഹൈസ്‌കൂള്‍ പോലും വിദ്യാഭ്യാസമില്ലാത്ത ഒരുവന്റെ തത്ത്വമാംസിയിലെ വിജയത്തിന്റെ ഒരു ജൈത്രയാത്രയാണ് ഈ കഥയെന്നും മനസിലാക്കണം.
മുരുകാനന്ദന്‍ ഒരിക്കലും പണത്തിന്റെ പുറകെ ഓടിയില്ല. സമ്പത്ത് അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. പണം നേടുകയെന്നത് കാലഹരണപ്പെട്ട ജീവിത ചിന്താഗതികളായി അദ്ദേഹം കരുതുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഈ വ്യവസായം വിജയകരമായി മുന്നേറുന്നു. അതുമൂലം പതിനായിരക്കണക്കിന് സ്ത്രീജനങ്ങള്‍ക്ക് നേരിട്ട് തൊഴില്‍ കിട്ടി. അഞ്ചു മില്ല്യന്‍ സ്ത്രീ ജനങ്ങള്‍ ഹൈജിനിക്കല്ലാത്ത പഴുന്തുണിയില്‍നിന്നും സാനിറ്ററി പാഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അദ്ദേത്തിന്റെ മഹത്തായ ജീവിതം തലമുറകള്‍ക്ക് മാതൃകയും ഉത്തേജനവും നല്കിക്കൊണ്ടിരിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

View More