Image

നരേന്ദ്ര മോഡി ഉയര്‍ത്തുന്ന പ്രതീക്ഷകള്‍; ഇന്ത്യ ചൈന ആകുമോ? (ജോസഫ്‌ പടന്നമാക്കല്‍)

Published on 19 May, 2014
നരേന്ദ്ര മോഡി ഉയര്‍ത്തുന്ന പ്രതീക്ഷകള്‍; ഇന്ത്യ ചൈന ആകുമോ? (ജോസഫ്‌ പടന്നമാക്കല്‍)

മോഡി സുനാമിയും മോഡിമോഡൽ ധനതത്ത്വ  ശാസ്ത്രവും

പതിനാലാം ലോകസഭാതിരഞ്ഞെടുപ്പിലെ ബി.ജെ.പി. യുടെ വന്‍വിജയം ഇന്ത്യയുടെ രാഷ്ട്രീയവേലിയേറ്റ ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായിരുന്നു.

ആ പോരാട്ടത്തില്‍ എന്നും ശക്തി തെളിയിച്ചിരുന്ന കോണ്‌ഗ്രറസിലെ വമ്പന്മാര്‍ പലരും നിലംപതിച്ചു. ജനങ്ങളുടെ വിധിയില്‍ക്കൂടി സംഭവിച്ച ഒരു ഡൈനാസ്റ്റിയുടെ ഭരണകൈമാറ്റം ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു.

ചരിത്ര വിജയമായ ഈ തിരഞ്ഞെടുപ്പില്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കം നരേന്ദ്ര മോഡിയെ അഭിനന്ദിച്ചു. ഒബാമ അദ്ദേഹത്തെ വൈറ്റ്‌ ഹൌസിലേക്ക്‌ ക്ഷണിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുമായി പരസ്‌പര ധാരണയില്‌ക്കൂടി ആഗോള പങ്കാളിത്തബന്ധം സ്ഥാപിക്കാനും മോഡിയെ അഭിനന്ദിച്ചുകൊണ്ട്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ആഗ്രഹം പ്രകടിപ്പിച്ചു.

2063 ദിവസം ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന മോഡി എന്തുകൊണ്ടും മറ്റേതു നേതാക്കന്മാരേക്കാളും രാജ്യം ഭരിക്കാന്‍ യോഗ്യന്‍ തന്നെയാണ്‌. മോഡി പറയും, 'നിങ്ങള്‍ക്കെന്നെ സ്‌നേഹിക്കാം, വെറുക്കാം ; പക്ഷെ ഇനിമേല്‍ തഴയാന്‍ സാധിക്കില്ല'. ഊണും ഉറക്കവുമില്ലാതെ ജോലി ചെയ്യണമെന്ന ചിന്തകളുമായി മാത്രം നടക്കുന്ന ഒരു ജോലി ഭ്രാന്തനാണദ്ദേഹം. വര്‍ക്ക്‌ഹോളിക്ക്‌ (ണീൃസമവീഹശര) എന്ന്‌ ഇംഗ്ലീഷില്‍ പറയും. നാല്‌ മണിക്കൂറാണ്‌ ദിവസത്തില്‍ ഉറങ്ങുന്നത്‌. കഴിഞ്ഞ ആറുവര്‍ഷമായി തന്റെ ഓഫീസില്‌നിന്നും ഒരു ദിവസംപോലും അവധിയെടുത്തില്ലെന്ന സത്യവും വിസ്‌മയമായി തോന്നാം.

ഇനിയുള്ള നാളുകളില്‍ നാം കാണുക മോഡിയുടെ ഇന്ത്യയെയാണ്‌. വരും നാളുകളില്‍ മോഡിയുടെ സ്വപ്‌നം ഇന്ത്യയുടെ സ്വപ്‌നമായി മാറുന്ന ചരിത്ര മുഹൂര്‍ത്തങ്ങളായിരിക്കുമെന്നും കരുതാം.

നരേന്ദ്രമോഡിയെപ്പോലെ എന്തുകൊണ്ടും ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ നേതൃത്വത്തിനുള്ള എല്ലാ ഗുണങ്ങളും തികഞ്ഞ മറ്റൊരു നേതാവിനെ കണ്ടെത്തുക പ്രയാസമാണ്‌. ഇന്ത്യ നയിക്കുവാന്‍ കരുത്തനായ നേതാവ്‌ മോഡിയെന്നതിലും സംശയമില്ല. ഭരിക്കാന്‍ വേണ്ട എല്ലാ ഗവേഷണങ്ങളും ഗുജറാത്തില്‍ പരീക്ഷിച്ചശേഷമാണ്‌ അദ്ദേഹം ഇന്ത്യയുടെ അമരക്കാരനായി തലപ്പത്ത്‌ വന്നത്‌.

അമേരിക്കയുടെ സി.ആര്‍.എസ്‌ (ഇീിഴൃലശൈീിമഹ ഞലലെമൃരവ ടലൃ്‌ശരല) റിപ്പോര്‍ട്ടനുസരിച്ച്‌ മോഡിയുടെ നേതൃത്വത്തിലുള്ള ഗുജറാത്തിനെ 'അനുകരിക്കേണ്ട ഭരണകൂടമെന്നും' വിശേഷിപ്പിച്ചിട്ടുണ്ട്‌. ഇന്ന്‌ ഇന്ത്യയില്‍ മാറ്റങ്ങള്‍ക്കായി വാഗ്‌ദാനം ചെയ്യാന്‍ കഴിവുള്ള നേതാവ്‌ മോഡി മാത്രമാണ്‌. ഒരു രാഷ്ട്രത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള എല്ലാ പ്രായോഗിക വശങ്ങളും അദ്ദേഹം ശരിയായി പഠിച്ചിട്ടുണ്ട്‌.

മോഡിയുടെ ഭാവിഭാരതം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വ്യവസായവല്‍ക്കരണം നേടിയ വ്യതസ്‌ത രാഷ്ട്രമായിരിക്കുമെന്നും വിദക്തര്‍ അഭിപ്രായപ്പെടുന്നു.

'നികുതി കൊടുക്കുന്നവന്റെ പണം പാഴാക്കി കളയുന്നതല്ല രാഷ്ട്രീയം. അനാവശ്യ പാഴ്‌ചെലവുകള്‍ ഇല്ലാതാക്കുമ്പോഴാണ്‌ സാമ്പത്തിക ശാസ്‌ത്രത്തിന്റെ അവബോധമുളവാകുന്നതെന്ന്‌ രാഷ്ട്രീയ പ്രതിയോഗികളെ മോഡി മിക്കപ്പോഴും ഓര്‍മ്മിപ്പിക്കാറുണ്ട്‌. ഗുജറാത്തല്ല ഇന്ത്യയെന്ന്‌ പ്രതീക്ഷകള്‍ ഇല്ലാത്തവര്‍ പറയും.

ഗുജറാത്ത്‌ മോഡലും ഭാരത മോഡലും പരസ്‌പര വിരുദ്ധമല്ല. മോഡിയുടെ ഗുജറാത്തില്‍ പുതിയ തന്ത്രങ്ങളില്‍ക്കൂടിയുള്ള സാമ്പത്തിക പരീക്ഷണങ്ങള്‍ അസൂയാവഹമായ നേട്ടങ്ങളാണ്‌ കൈവരിച്ചത്‌.

അമ്മ ജീവിച്ചിരിക്കെ ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനും മോഡിക്ക്‌ ഭാഗ്യം ലഭിച്ചു. മോഡിയെന്ന നേതാവ്‌ രാഹൂലിനെപ്പോലെ വാരുണ്യവര്‍ഗത്തില്‍ ജനിച്ചുവളര്‍ന്ന വ്യക്തിപ്രഭാവമായിരുന്നില്ല. ദുരിതങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ ജനങ്ങളുടെ ബാലറ്റുപ്പെട്ടികളില്‍ക്കൂടി ഭാരതസിംഹാസനം പിടിച്ചെടുത്തതും ഒരു സാഹസികതയുടെ വിജയമായിരുന്നു. രാഹൂലിനെപ്പോലെ കൊട്ടാരതുല്യമായ വീടുകളില്‍ വളര്‍ന്ന്‌ വെള്ളിക്കരണ്ടിയുമായ ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1950 സെപ്‌റ്റംബര്‍ 17 ന്‌ ഗുജറാത്തിലെ വഡ്‌നാഗറില്‍ ഒരു ചെറുകച്ചവടക്കാരന്റെ മകനായി ജനിച്ചു. അദ്ദേഹം ദാമോദരദാസ്‌ മുല്‌ച്ചന്ദ്‌ മോഡിയുടെയും ശ്രീമതി ഹീരാ ബെന്റെയും ആറു മക്കളില്‍ മൂന്നാമനായിരുന്നു. സാധാരണക്കാരനില്‍ സാധാരണക്കാരനായി എളിമയും വിനയവും ദൈവഭക്തിയുമുള്ള ഒരു കുടുംബത്തില്‍ വളര്‍ന്നു. ബാല്യകാലത്തില്‍ അന്നന്നത്തെ അപ്പത്തിനായി റെയില്‍വേ ട്രാക്കില്‍ക്കൂടി ചായവിറ്റ്‌ മാതാപിതാക്കളടങ്ങിയ സ്വന്തം കുടുംബത്തെയും സംരക്ഷിച്ചിരുന്നു. താഴെക്കിടയിലുള്ള ഒരു സമൂഹത്തില്‍ ബാല്യകാലം കഴിച്ചുകൂട്ടി. നന്നേ ചെറുപ്പത്തില്‍ ബാലവേല ചെയ്‌തുകൊണ്ട്‌ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയിരുന്നു. പത്താം വയസ്സില്‍ സ്വതന്ത്ര രാഷ്ട്രീയ പാര്‍ട്ടിയായ 'രാഷ്ട്രീയ സ്വയംസേവക സംഘത്തിലെ' മീറ്റിങ്ങുകളില്‍ പങ്കു ചേരുമായിരുന്നു. തുടര്‍ച്ചയായ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മോഡിയുടെ മൂന്നു വിജയങ്ങളും ഗുജറാത്തിന്റെ സാമ്പത്തിക നേട്ടങ്ങളും ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തോളം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു.

വിവേകമുള്ളവന്‍ മോഡിയുടെ ജീവിതവഴികളെ അനുഗമിച്ച്‌ അദ്ദേഹത്തില്‍ ഒരു ആദര്‍ശപുരുഷനെ കണ്ടുപിടിക്കും.

ഗുജറാത്തിന്റെ നീണ്ടകാല മുഖ്യമന്ത്രിയെന്ന നിലയില്‍ അധികാരത്തിന്റെ സുവര്‍ണ്ണകലകളില്‍ നല്ലവണ്ണം പ്രാവിണ്യം നേടിയിട്ടുണ്ട്‌. ഒരു നേതാവിനുവേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തില്‍ സമ്പുഷ്ടമായുണ്ട്‌. അതിനായി രാവുംപകലും ഒന്നുപോലെ കടന്നുവന്ന വഴികളില്‍ക്കൂടി കഠിനമായി അദ്ധ്വാനിക്കുകയും ചെയ്‌തു.

പ്രധാനമന്ത്രിപദത്തിന്റെ പടിവാതിക്കലെത്താന്‍ നരേന്ദ്ര മോഡി നീണ്ടയൊരു യാത്ര നടത്തേണ്ടി വന്നു. ഒരു പൈസാ പോലും പാര്‍ട്ടിഫണ്ടില്‍നിന്നോ ജനങ്ങളുടെ നികുതിപ്പണത്തില്‍നിന്നോ സ്വന്തം പോക്കറ്റില്‍ ഇട്ടിട്ടില്ല.

ഭാരതത്തിനു വെളിയിലുള്ള രാജ്യങ്ങളില്‍ മോഡിയുടെ നയങ്ങളേയും വ്യക്തിത്വത്തെപ്പറ്റിയും വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടാണുള്ളത്‌. തിരഞ്ഞെടുപ്പു വേളകളില്‍ അദ്ദേഹം വിദേശനയങ്ങളെപ്പറ്റി അധികമൊന്നും സംസാരിച്ചില്ല.

ഇന്ത്യയിലെ വോട്ടര്‍മാര്‍ സാധാരണ ഗതിയില്‍ അത്തരം കാര്യങ്ങള്‍ കാര്യമായി ഗൌനിക്കാറുമില്ല. എന്നാല്‍ പാരമ്പര്യമായി ബി.ജെ.പി. യെന്നും കോണ്‌ഗ്രസിനേക്കാള്‍ പാകിസ്ഥാന്റെയും കാശ്‌മീരിന്റെയും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ശക്തമായ നിലപാടാണ്‌ എടുക്കാറുള്ളത്‌. വിദേശ മൂലധനം രാജ്യത്ത്‌ സ്വരൂപിക്കാനും 'മോഡിയെക്‌ണോമിക്‌സ്‌' ശ്രമിക്കുമെന്ന്‌ നിരീക്ഷകര്‍ കരുതുന്നു. തിരഞ്ഞെടുപ്പു വേളകളിലും ഇക്കാര്യം അദ്ദേഹം ഊന്നിപ്പറയാറുണ്ടായിരുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരിഫ്‌ അദ്ദേഹത്തെ അഭിനന്ദിക്കുകയും ഹാര്‍ദ്ദമായി ആ രാജ്യം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്‌തു. പുതിയ ഭരണസംവിധാനത്തില്‍ രണ്ട്‌ ന്യൂക്ലീയര്‍ രാജ്യങ്ങള്‍ തമ്മില്‍ വിദ്വേഷം മറന്ന്‌ പരസ്‌പരം വിട്ടുവീഴ്‌ച്ചകളില്‍ക്കൂടി സമാധാനം സൃഷ്ടിക്കുമെന്നും പ്രതീക്ഷകള്‍ നല്‌കുന്നു.

ബുഷിന്റെ കാലംമുതല്‍ അമേരിക്കയില്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ മോഡിയിലെന്നും കുറ്റാരോപണങ്ങള്‍ നടത്തിയിട്ടേയുള്ളൂ. അമേരിക്കാ സന്ദര്‍ശിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്ന കാലങ്ങളിലെല്ലാം അതാതുകാലത്തെ സര്‍ക്കാരുകള്‍ അദ്ദേഹത്തിനെന്നും വിസാ നിഷേധിക്കുകയാണുണ്ടായത്‌. ഗുജറാത്ത്‌ കൂട്ടമരണങ്ങള്‍ക്ക്‌ പൂര്‍ണ്ണ ഉത്തരവാദിത്വം മോഡിയില്‍ പഴിചാരാന്‍ എതിരാളികളെന്നും ശ്രമിക്കുമായിരുന്നു. ഒരു മുസ്ലിം വിരോധിയെന്ന കാഴ്‌ച്ചപ്പാടുണ്ടാക്കാനും ലോകം മുഴുവനുള്ള മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരുന്നു. സുപ്രീംകോടതി ഇന്ത്യയിലെ പ്രമുഖരായ നിയമജ്ഞരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിയുണ്ടാക്കി ഗുജറാത്തിലെ കൂട്ടക്കൊലകളെപ്പറ്റി ഒരു അന്വേഷണം നടത്തിയിരുന്നു. മോഡിയുടെ പേരിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്നും കൂട്ടക്കൊലയില്‍ മോഡിക്ക്‌ യാതൊരു പങ്കില്ലെന്നും അന്വേഷണ കമ്മിറ്റി കണ്ടെത്തിയിട്ടും എതിരാളികളുടെ നാവടയ്‌ക്കുവാന്‍ സാധിച്ചില്ല.

വിദേശനയങ്ങളെക്കാളും ദേശീയമായ കാഴ്‌ചപ്പാടുകള്‍ക്കാണ്‌ കൂടുതലും നരേന്ദ്ര മോഡി പ്രാധാന്യം കൊടുത്തിരിക്കുന്നത്‌. 2000 മുതല്‍ 2010 വരെയുള്ള കാലയളവുകള്‍ നോക്കുകയാണെങ്കിലും ശരാശരി ഇന്ത്യയുടെ ദേശീയ വരുമാനം ഒരോ വര്‍ഷവും 9 ശതമാനം വെച്ച്‌ കൂടുന്നുണ്ടായിരുന്നു. ജനസംഖ്യാ നിരക്ക്‌ വര്‍ദ്ധിക്കുന്നതോടൊപ്പം ഈ കാലയളവുകളില്‍ ജനങ്ങളുടെ ആളോഹരി വരുമാനവും ഇരട്ടിച്ചതായി സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2013 ആയപ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴോട്ടാവുകയും വിലപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്‌തു. ആഗോള മാക്രോ ഇക്കണോമിക്‌സ്‌ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയേയും ബാധിച്ചുവെന്നതാണ്‌ സത്യം. പ്രതിപക്ഷങ്ങള്‍ അതില്‍ മുതലെടുക്കുകയും ചെയ്‌തു. മോഡിയുടെ വന്‍ വിജയത്തിനും ഇതൊരു കാരണമായി നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നിരുന്നാലും ഇന്ത്യയെ സംബന്ധിച്ച്‌ കഴിഞ്ഞുപോയത്‌ സാമ്പത്തികനേട്ടങ്ങളുടെ അത്ഭുതപരമ്പരകള്‍ സൃഷ്ടിച്ച കാലങ്ങളായിരുന്നു . എന്നാല്‍ 201314 കാലങ്ങളില്‍ ദേശീയ വളര്‍ച്ച 5 ശതമാനമായി ചുരുങ്ങി. തിരഞ്ഞെടുപ്പു വേളകളില്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക ആന്തരികഘടകങ്ങള്‍ക്ക്‌ സമൂലം മാറ്റം വരുത്തുമെന്നും മോഡിയുടെ വാഗ്‌ദാനങ്ങളില്‍ ഉണ്ടായിരുന്നു. മോഡിതരംഗങ്ങളുടെ ശുഭാബ്ദിവേളയില്‍ അന്നേ ദിവസം ഇന്ത്യയില്‍ ഓഹരികളുടെ വില വര്‍ദ്ധിക്കുകയും ചെയ്‌തു.

മോഡിയുടെ ഉദാരവല്‌ക്കരണ സാമ്പത്തികശാസ്‌ത്രം ഭാരതവും ലോകം മുഴുവനും ഇന്ന്‌ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ്‌. ഗുജറാത്തില്‍ നടപ്പാക്കിയപോലെ 'മോഡിസാമ്പത്തികം' ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുകയെന്നത്‌ അദ്ദേഹത്തെ സംബന്ധിച്ച്‌ വെല്ലുവിളികളായിരിക്കും. മോഡിയുടെ അജണ്ടാകള്‍ നടപ്പിലാക്കാന്‍ ഏകപാര്‍ട്ടി ഭരണസംവിധാനം കഴിഞ്ഞ 30 വര്‍ഷങ്ങള്‍കൂടി ഭാരതത്തില്‍ നിലവില്‍വന്നതും ആശ്വാസകരമാണ്‌. കുത്തഴിഞ്ഞ കഴിഞ്ഞകാല ഭരണസംവിധാനങ്ങളെ ഇല്ലാതാക്കി മോഡിയെന്നും പുത്തനായ മാറ്റങ്ങള്‍ക്കായി ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു.

സത്യവും നീതിയുമുള്ള അഴിമതിരഹിതനായ രാഷ്ട്രീയക്കാരനാണ്‌ മോഡിയെങ്കിലും അദ്ദേഹത്തിന്റെ കര്‍മ്മരംഗങ്ങളില്‍ വിമര്‍ശകര്‍ ധാരാളമുണ്ട്‌. എന്നിരുന്നാലും ശതൃക്കള്‍പോലും അദ്ദേഹം നല്ലൊരു ഭരണാധികാരിയെന്ന്‌ സമ്മതിക്കും. ജോലികാര്യങ്ങളില്‍ കൃത്യനിഷ്‌ഠ പാലിക്കുന്ന വലിയ കര്‍ശനക്കാരനാണ്‌. സദാ ഭയത്തോടെയാണ്‌ കൂടെയുള്ളവര്‍ ജോലി ചെയ്യുന്നത്‌. ഇങ്ങനെയുള്ള വ്യക്തിഗുണങ്ങളിലും അദ്ദേഹം ചുറ്റുമുള്ള എല്ലാ ജനങ്ങള്‍ക്കും സുസമ്മതനാണ്‌. വിശ്രമമില്ലാതെ ജോലിചെയ്യുന്ന ഈ കഠിനാധ്വാനി വൈകാരികമായ ജനസമ്പര്‍ക്ക പരിപാടികളില്‍ എന്നും പുറകോട്ടായിരുന്നു. പകരം 2001 മുതല്‍ ഗുജറാത്തിനു വന്നിരിക്കുന്ന നേട്ടങ്ങളാണ്‌ അദ്ദേഹത്തിന്‌ കൂടുതലായും പറയാനുള്ളത്‌. ഏതാണ്ട്‌ 60 മില്ല്യന്‍ ജനങ്ങളുള്ള ഗുജറാത്ത്‌ സംസ്ഥാനം ചൈനയോടൊപ്പംതന്നെ മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ മാതൃകയാകത്തക്കവണ്ണം. പുരോഗമിച്ചിട്ടുണ്ട്‌.

`ഗുജറാത്ത്‌ മോഡല്‍' എന്ന മോഡിപദംകൊണ്ടുദ്ദേശിക്കുന്നത്‌ രാജ്യത്തിനുള്ളിലെ ഉപഭോഗവസ്‌തുക്കളുടെ ആന്തരിക ധനതത്ത്വശാസ്‌ത്ര പുരോഗതിയെന്നാണ്‌. നാഗരികത പടുത്തുയര്‍ത്തുക, അധികാര വികേന്ദ്രീകരണം നടത്തി ചുവപ്പുനാടകളെ ഇല്ലാതാക്കുക, ആഗോള വ്യവസാവല്‍ക്കരണത്തില്‍ രാജ്യത്തെ പ്രമുഖ ഗണങ്ങളിലെത്തിക്കുക മുതലായവകള്‍ രാഷ്ട്രപുഷ്ടിയുടെ ഘടകങ്ങളാണ്‌. മോഡിയുടെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മഹാഭൂരിപക്ഷം നേടിയയുടന്‍ ഇന്ത്യന്‍സ്‌റ്റോക്കുകള്‍ പതിനെട്ടു ശതമാനമുയര്‍ന്നതും മോഡിയില്‍ ഇന്ത്യയുടെ സ്വപ്‌നങ്ങളെപ്പറ്റിയുള്ള പ്രതീക്ഷകളാണ്‌ സ്‌പുരിക്കുന്നത്‌. ഇന്ത്യയുടെ വ്യവസായ രാജാവായ ടാറ്റായുടെ കാര്‍നിര്‍മ്മാണ ഫാക്ടറി ഗുജറാത്തില്‍ മാറ്റപ്പെട്ടതും മോഡിയുടെ ഇടപെടല്‍ കാരണമായിരുന്നു.

'ഗുജറാത്ത്‌ മോഡ'ലെന്നത്‌ പൊലിപ്പിച്ചു പറയുന്നതെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിയോഗികള്‍ വിമര്‍ശിക്കാറുണ്ട്‌. ഗുജറാത്തിലെ സാമ്പത്തിക പുരോഗതിയില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചതും ചൂണ്ടികാണിക്കുന്നു. സാധാരണക്കാരുടെ നിലവാരങ്ങളില്‍ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചില്ലന്നും പറയുന്നു. സാമ്പത്തിക സുരഷിതത്വം നേടിയവര്‍ക്കുമാത്രം വിദ്യാഭ്യാസത്തിലും വ്യവസായ സംരംഭങ്ങളിലും പുരോഗതിയുണ്ടായി. ദരിദ്രര്‍ വീണ്ടും ദരിദ്രരായ സ്ഥിതിവിശേഷമാണ്‌ മോഡി ധനതത്ത്വശാസ്‌ത്രത്തില്‍ ഇന്നുമവിടെ പ്രതിഫലിക്കുന്നത്‌. മോഡിയുടെ വിദേശകോര്‍പ്പറേറ്റ്‌ പദ്ധതികള്‍ സ്വദേശവല്‌ക്കരണ സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുന്നതുമൂലം രാജ്യത്തിനുള്ളില്‍ വ്യവസായ അസമത്വങ്ങളും അസ്വസ്ഥതകളും അസമാധാനവും സൃഷ്ടിക്കുമെന്ന്‌ രാഷ്ട്രീയ പ്രതിയോഗികള്‍ ആരോപിക്കുന്നു. മോഡിയുടെ പദ്ധതികളില്‍ ശുഭാപ്‌തി വിശ്വാസം കാണാതെ വലിയൊരു ജനം അതൃപ്‌തരായിരിക്കും. വ്യവസായസ്ഥാപനങ്ങള്‍ക്ക്‌ സ്ഥലം വിട്ടുകൊടുക്കാന്‍ ജനം സമ്മതിച്ചെന്നിരിക്കില്ല. അവിടെ സാമൂഹിക അരാജകത്വവും ഉണ്ടാകാം. ഭാരതം മുഴുവന്‍ വ്യവസായവല്‍ക്കരിക്കുന്നത്‌ പ്രയാസമുള്ള വിഷയമല്ലെന്ന്‌ മോഡിയും കരുതുന്നു.

തീരുമാനങ്ങളെടുക്കുന്നതില്‍ മോഡി പലപ്പോഴും ഏകാധിപതിയെപ്പോലെയാണ്‌. ആരും ചോദ്യം ചെയ്യപ്പെടാത്ത ചൈനാമോഡല്‍ തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുമ്പോള്‍ ജനാധിപത്യ മൂല്യങ്ങളെ ബലികഴിക്കേണ്ടിയും വരുന്നു. ഓഫീസുകളിലെ ചുവപ്പുനാടകളോട്‌ അദ്ദേഹം പറയും ' ഇവിടം ബട്ടനമര്‍ത്തി ജോലി ചെയ്യുന്നവിടമല്ല, ജനങ്ങളുമായി ഒത്തൊരുമിച്ച്‌ ജോലി ചെയ്യൂ' ഇത്തരം ചിന്തകള്‍ പ്രധാന മന്ത്രിയെന്ന നിലയില്‍ നടപ്പാക്കുക എളുപ്പമായിരിക്കില്ല. ആ സ്ഥാനം വഹിക്കുമ്പോള്‍ ആയിരക്കണക്കിന്‌ ജനങ്ങളുടെ നൂറായിരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും. മോഡിയുടെ പദ്ധതികള്‍പോലെ ജനാധിപത്യ ഇന്ത്യയെ ചൈനയെപ്പോലെ മാറ്റം വരുത്തുകയെന്നത്‌ അപ്രായോഗികമാണ്‌. അങ്ങനെയുള്ള ചിന്താഗതികള്‍ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥക്ക്‌ സമമാകും.

നരേന്ദ്ര മോഡി ഇന്ത്യയെ ശാക്തികചേരിയിലുള്ള രാഷ്ട്രങ്ങളില്‍ മുമ്പനായി മാറ്റാനുള്ള സ്വപ്‌നത്തിലാണ്‌. ഉത്ഭാതനത്തിലും ശാസ്‌ത്ര സാങ്കേതിക വിദ്യകളിലും ഇന്ത്യ സ്വയംപര്യാപ്‌തി നേടണമെന്നും ആഗ്രഹിക്കുന്നു. ഭരണ സംവിധാനങ്ങളില്‍ ലക്ഷ്യബോധത്തോടെയുള്ള യാത്രയായിരുന്നു എന്നുമദ്ദേഹം പിന്തുടര്‍ന്നിരുന്നത്‌. നൂറുകണക്കിന്‌ ഇന്ത്യയിലെ പട്ടണങ്ങള്‍ നവീകരിക്കാനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഗംഗാനദിയിലെ അഴുക്കുചാലുകള്‍ ഇല്ലാതാക്കി വെള്ളം ശുദ്ധീകരിക്കാനും പ്രകൃതിയെ രക്ഷിക്കാനും പരിപാടിയിടുന്നു. ഗുജറാത്തിലെ അദ്ദേഹത്തിന്റെ ഭരണം പൊതുവേ അഴിമതിരഹിതമെന്ന്‌ കണക്കാക്കുന്നു. അതേ നയം തന്നെ ഇന്ത്യാ മുഴുവനായി നടപ്പിലാക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

മോഡിയില്‍ പ്രതീക്ഷകളേറെയുണ്ടെങ്കിലും വ്യക്തിപരമായ നിലയില്‍ അദ്ദേഹത്തിന്റെ പുരോഗമനാശയങ്ങള്‍ക്കെതിരെ കാര്‍മേഘങ്ങളും പടര്‍ന്നിട്ടുണ്ട്‌. ഹിന്ദുത്വാ പ്രചരിപ്പിക്കുന്ന ഹിന്ദുദേശീയവാദിയെന്ന നിലയില്‍ അദ്ദേഹത്തെ അറിയപ്പെടുന്നു. 2002 ലെ മുസ്ലീം കൂട്ടകൊലകളിലെ മാനഹാനി ഇന്നും അദ്ദേഹത്തില്‍ പഴിചാരുന്നുണ്ട്‌. സുപ്രീം കോടതി, കേസുകളില്‍നിന്ന്‌ വിമുക്തനാക്കിയെങ്കിലും അതെ ചൊല്ലിയുള്ള ചോദ്യശരങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരം നല്‌കാതെ അദ്ദേഹമെന്നും നിശബ്ദത പാലിക്കുന്നതും രാഷ്ട്രീയ പ്രതിയോഗികള്‍ മുതലെടുത്തിരുന്നു.

എന്തെല്ലാം കുറവുകളുണ്ടെങ്കിലും നരേന്ദ്ര മോഡി നല്ലയൊരു ഭരണാധികാരിയെന്ന്‌ പ്രതിയോഗികള്‍പോലും പറയും. ഇന്ന്‌ ഗുജറാത്തില്‍ മാത്രമല്ല ഭാരതം മുഴുവനും അദ്ദേഹത്തെ ജനം ആദരിക്കുന്നു. മൂന്നു പ്രാവിശ്യം ഗുജറാത്തിന്റെ മുഖ്യമന്ത്രിക്കസേര നിലനിര്‍ത്തിക്കൊണ്ട്‌ ഏകനായ പടയാളിയെപ്പോലെ അദ്ദേഹം പൊരുതി.

ഗുജറാത്തിലെ 'രാജീവ്‌ ഗാന്ധി ഫൗണ്ടേഷന്‍' ഗവേഷണമനുസരിച്ച്‌ മോഡിയുടെ ഗുജറാത്തിനെ സാമ്പത്തിക മേഖലയിലുള്ള ഏറ്റവും അഭിവൃത്തി പ്രാപിച്ച സംസ്ഥാനമെന്ന്‌ രേഖപ്പെടുത്തിയിരിക്കുന്നു. ലോകസഭയില്‍ ഒറ്റയ്‌ക്ക്‌ ഭരിക്കാനും ഭൂരിപക്ഷമുള്ളതുകൊണ്ട്‌ ശക്തമായ തീരുമാനങ്ങളെടുക്കാനും പ്രയാസമുണ്ടാവില്ല.

ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്‌നിക്കുമ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ വിഭാഗിയ മതചിന്തകള്‍ കടന്നുവരാനും സാധ്യതയില്ല. മതരാഷ്ട്രീയത്തിലും മതന്യൂനപക്ഷ രാഷ്ട്രീയത്തിലും ഉപരിയായിമാത്രമേ വൈരുദ്ധ്യങ്ങളും വൈവിധ്യങ്ങളും നിറഞ്ഞ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്‌ ഇനിമേല്‍ ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ.
നരേന്ദ്ര മോഡി ഉയര്‍ത്തുന്ന പ്രതീക്ഷകള്‍; ഇന്ത്യ ചൈന ആകുമോ? (ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക