-->

EMALAYALEE SPECIAL

ഇന്ത്യയുടെ ഹൃദയത്തില്‍ താമര (ലേഖനം: മീട്ടു റഹ്‌മത്ത്‌ കലാം)

Published

on

നീണ്ട ഇടവേളയ്‌ക്കുശേഷം ഒരുഫീനിക്‌സ്‌ പക്ഷിയെപ്പോലെ പറന്നുയര്‍ന്ന്‌ ബി.ജെ.പി ഭരണസാരഥ്യം ഏറ്റെടുക്കുവാനുള്ള സാഹചര്യം സംജാതമായി. പത്ത്‌ വര്‍ഷം ഭരണം കാഴ്‌ചവെച്ചിട്ടും ഒരു പ്രതിപക്ഷ കക്ഷിയായിപ്പോലും ഇരിക്കാനുള്ള അര്‍ഹതയില്ലാതെ കോണ്‍ഗ്രസ്‌ തകര്‍ന്നു തരിപ്പണമായി. ബി.ജെ.പിയുടെ വിജയവും, കോണ്‍ഗ്രസിന്റെ പതനവും രാജ്യത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു അനുഭവമാണ്‌. 1984-ല്‍ കേവലം രണ്ട്‌ സീറ്റ്‌ നേടിയ പാര്‍ട്ടി ഒറ്റയ്‌ക്ക്‌ കേവല ഭൂരിപക്ഷം നേടിയത്‌ ജനാധിപത്യത്തിനു മാത്രം കഴിയുന്ന ഇന്ദ്രജാലം!

സത്യത്തില്‍, ഇന്ത്യാ-പാക്‌ വിഭജനത്തിനു തൊട്ടുപിന്നാലെ ഉണ്ടായതുപോലെ ഇനിയെന്ത്‌ എന്ന ചോദ്യവും അരക്ഷിതാവസ്ഥയും കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ ജനമനസുകളില്‍ സൃഷ്‌ടിച്ചിരുന്നു. അന്ന്‌ നെഹ്‌റുവിനെപ്പോലെ ഒരു നേതാവിലുള്ള വിശ്വാസം ജനങ്ങളെ കോണ്‍ഗ്രസിലേക്ക്‌ അടുപ്പിച്ചുവെങ്കില്‍ ഇന്നത്തെ അഴിമതി കുംഭകോണങ്ങള്‍ പല വിഗ്രഹങ്ങളേയും തച്ചുടച്ചു. 'മാ ബേട്ടാ' പാര്‍ട്ടിയുടെ റിമോട്ട്‌ കണ്‍ട്രോളില്‍ ചലിക്കുന്ന പ്രധാനമന്ത്രിയെ അല്ല തങ്ങള്‍ക്കുവേണ്ടതെന്ന അമര്‍ഷം അവജ്ഞയായി മാറി. 

മോദിയെ ജയിപ്പിച്ചത്‌ യു.പി.എ സര്‍ക്കാരും, ആം ആദ്‌മി പാര്‍ട്ടിയുമാണ്‌ എന്നു പറഞ്ഞാലും തെറ്റില്ല. കാരണം, സാധാരണക്കാരനുവേണ്ടിയുള്ള ഭരണമല്ല നടക്കുന്നതെന്നും 2ജി, കോമണ്‍വെല്‍ത്ത്‌, റെയില്‍വേ, കല്‍ക്കരിപ്പാടം തുടങ്ങിയ അഴിമതി കഥകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും, കേജ്‌രാവാളും സംഘവും ശ്രമിച്ചതിന്റെ ഫലമായാണ്‌ ഡല്‍ഹിയില്‍ കാറ്റ്‌ മാറി വീശിയത്‌. എന്നാല്‍ പ്രതീക്ഷയര്‍പ്പിച്ചവരെ രക്ഷിക്കാന്‍ ആപ്പിന്‌ കഴിഞ്ഞില്ല. എങ്ങനെയും ഇപ്പോഴത്തെ ഭരണത്തില്‍ നിന്ന്‌ മോചിതരാകണമെന്ന്‌ ആശിച്ച്‌ നിന്ന ആളുകള്‍ക്കു മുന്നില്‍ തങ്ങള്‍ സംരക്ഷിക്കപ്പെടും എന്ന ഉറപ്പുനല്‍കാന്‍ പാകത്തില്‍ ഒരു നേതാവായി നരേന്ദ്ര മോദി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പാര്‍ലമെന്റ്‌ പരിചയമില്ലാതെ ഒരു മുഖ്യമന്ത്രി പെട്ടെന്നങ്ങ്‌ പ്രധാനമന്ത്രിക്കസേര സ്വന്തമാക്കണമെങ്കില്‍ അത്‌ അദ്ദേഹം മുന്നോട്ടുവെച്ച വികസനത്തിന്റേയും ഭരണ സുസ്ഥിരതയുടേയും മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ്‌ സൂചിപ്പിക്കുന്നത്‌. ദ്രുത സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, ലോക നിലവാരത്തിലുള്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഇവയെല്ലാം മോദി സര്‍ക്കാര്‍ തങ്ങള്‍ക്ക്‌ നല്‍കുമെന്ന ഉറപ്പിലാണ്‌ ബാര്‍ട്ടര്‍മാര്‍ താമര വിരിയിച്ചത്‌. 

ജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ നരേന്ദ്ര മോദിയുടെ പ്രാഗത്ഭ്യം ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിരുന്നു. ജനങ്ങളെ കൈയ്യിലെടുക്കുന്ന വാക്‌ചാതുരിയും, ശരീരഭാഷയില്‍ പ്രകടമാകുന്ന ആത്മവിശ്വാസവും ഒരു മെഗാസ്റ്റാര്‍ പരിവേഷം അദ്ദേഹത്തിന്‌ നല്‍കി. മോദി എന്ന ബ്രാന്‍ഡ്‌ നെയിമാണ്‌ അത്ര ജനസമ്മതിയില്ലാത്ത നേതാക്കളേയും ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തുണച്ചത്‌. എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങളെ കടത്തിവെട്ടി സീറ്റുകള്‍ തൂത്തുവാരിയ എന്‍.ഡി.എയുടെ വിജയമന്ത്രം മോദി മാത്രമായിരുന്നു. 

അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ അതൃപ്‌തിയുണ്ടായിരുന്നിട്ടും വീണ്ടും യു.പി.എ സര്‍ക്കാരിന്‌ ജനം അവസരം കൊടുത്തുനോക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രകടനം ശരാശരിയിലും താഴെയെന്നോ, ഖേദകരമെന്നോ വിശേഷിപ്പിക്കാം. രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക്‌ എണ്ണവില നിയന്ത്രിക്കാനുള്ള അവകാശം നല്‍കിയതാണ്‌ കോണ്‍ഗ്രസ്‌ ഗവണ്‍മെന്റ്‌ ജനങ്ങളോട്‌ ചെയ്‌ത ഏറ്റവും വലിയ ക്രൂരത. കലണ്ടറിലെ ഓരോ പേജ്‌ മറിയുമ്പോഴും പെട്രോളിനും, ഡീസലിനും വില വര്‍ദ്ധിക്കുന്നതിലൂടെ ജനം ജീവിതഭാരം താങ്ങാനാകാതെ സ്വയം ശപിച്ചു. പാവങ്ങള്‍ ഒരുനേരത്തെ ആഹാരം കിട്ടാതെ നട്ടംതിരിയുമ്പോള്‍ അവര്‍ അധികാരത്തിലെത്തിച്ച നേതാക്കള്‍ കോടികളുടെ അഴിമതി നടത്തുന്നതറുയുമ്പോള്‍ സ്വാഭാവികമായും ജനാധിപത്യം ഇതാണോ എന്നു ചോദിച്ചുപോകും. 

`60 വര്‍ഷം നിങ്ങള്‍ കോണ്‍ഗ്രസിനു നല്‍കിയില്ലേ, 60 മാസക്കാലം ഈ ചായക്കടക്കാരനു നല്‍കി നോക്കൂ..' എന്നതാണ്‌ പ്രചാരണത്തിനിടയില്‍ മോദി പറഞ്ഞത്‌. എണ്ണയാട്ടാന്‍ അച്ഛനോടൊപ്പം പോയതും ചായക്കടതില്‍ സഹായിച്ചിരുന്നതുമൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. ദാരിദ്ര്യം അറിഞ്ഞുവളര്‍ന്ന തനിക്ക്‌ ആ ബുദ്ധിമുട്ട്‌ മനസിലാകുമെന്നും അത്‌ നിര്‍മ്മാജ്ജനം ചെയ്യാന്‍ പ്രവര്‍ത്തിക്കുമെന്നും ഒരു നേതാവ്‌ പറയുമ്പോള്‍ ജനങ്ങള്‍ക്കത്‌ പ്രത്യാശ പകര്‍ന്നു. അവര്‍ക്ക്‌ സ്വപ്‌നം കാണാന്‍ ധൈര്യം ലഭിച്ചു. 

എതിരാളി തങ്ങളോളം രാഷ്‌ട്രീയ പാരമ്പര്യമോ, കേന്ദ്രതലത്തില്‍ തിളങ്ങിയ പരിചയമോ ഇല്ലാത്ത ആളെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ്‌ പ്രചാരണത്തിന്‌ അത്ര ഗൗരവ സമീപനം കാഴ്‌ചവെച്ചില്ല. തെലുങ്കാന പ്രശ്‌നം തീര്‍ക്കുന്നതിന്റെ നെട്ടോട്ടത്തില്‍ ഭരണം ശ്രദ്ധിക്കാന്‍ പോലും അവര്‍ക്ക്‌ കഴിഞ്ഞില്ല. ഈ അവസരം പ്രയോജനപ്പെടുത്തി ഒരു വര്‍ഷത്തോളമായി ഒട്ടും ഉദാസീനത കാണിക്കാതെ മോദിയും കൂട്ടരും കളത്തില്‍ കളി തുടങ്ങിയിരുന്നു. ഒടുക്കം സീമാന്ധ്രയിലും തെലുങ്കാനയിലുംകൂടി കോണ്‍ഗ്രസ്‌ തോല്‍വി ഏറ്റുവാങ്ങി. 

ഭരണം വിലയിരുത്തിയാണ്‌ ഈ തെരഞ്ഞെടുപ്പില്‍ ഓരോ എം.പിമാരേയും കണ്ടെത്തിയെന്നതില്‍ തര്‍ക്കമില്ല. ബി.ജെ.പിയുടെ തിര ആഞ്ഞടിച്ചിട്ടും കേരളം പോലൊരു സംസ്ഥാനം സിറ്റിംഗ്‌ എം.പിമാരെ അനുകൂലിച്ചത്‌ വികസനത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിച്ചു എന്നതുകൊണ്ടാണ്‌. വാഗ്‌ദാനം ചെയ്‌ത കാര്യങ്ങള്‍ ഫലപ്രാപ്‌തിയില്‍ വന്നാല്‍ ജനം പാര്‍ട്ടി നോക്കില്ല. മറിച്ച്‌ ആ വ്യക്തിയില്‍ വിശ്വാസം അര്‍പ്പിക്കും. ഇതിന്‌ സാധിക്കാതെപോയ കേന്ദ്രമന്ത്രിമാരും എം.പിമാരുമാണ്‌ ദയനീയമായി പരാജയപ്പെട്ടത്‌. 

സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിലും ഭരണത്തിലും അല്‌പം ശ്രദ്ധവെച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്‌ ഇത്ര കടുത്ത പരാജയം ഏല്‍ക്കില്ലായിരുന്നു. മഹാത്മാഗാന്ധി രൂപംകൊടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ഭാവിയില്‍ അധികാരത്തിനുവേണ്ടി കുത്തഴിഞ്ഞുപോകുമോ എന്ന്‌ ഗാന്ധിജിക്കും വിദൂരവീക്ഷണം ഉണ്ടായിരുന്നിരിക്കണം. സ്വാതന്ത്ര്യത്തിനുശേഷം ഐ.എന്‍.സിയെ പിരിച്ചുവിടാന്‍ അദ്ദേഹം ആവശ്യപ്പെട്ടത്‌ അതുകൊണ്ടാണ്‌. പിന്നീട്‌ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ്‌ ഗാന്ധി തുടങ്ങി ശക്തമായ നേതൃനിര ആ പ്രസ്ഥാനത്തെ വളര്‍ത്തി. ജനാധിപത്യത്തിനു പാരമ്പര്യമല്ല ഭരണമികവാണ്‌ വേണ്ടതെന്ന്‌ തെളിയിക്കുന്ന തരത്തില്‍ പാര്‍ട്ടിയുടെ നിറം മങ്ങി. ഗാന്ധിയന്‍ തത്വങ്ങള്‍ പ്രസംഗത്തില്‍ പറയുന്നതല്ലാതെ ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാതെ പോയതും വിനയായി. 

വ്യക്തിയെന്ന നിലയില്‍ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കു നടുവിലാണ്‌ നരേന്ദ്ര മോദിയുടെ ഈ വിജയം. വര്‍ഗീയവാദിയായി ചിത്രീകരിച്ചതാണ്‌ ആദ്യം ഏറ്റ ഒളിയമ്പ്‌. യഥാര്‍ത്ഥത്തില്‍, മോദിയെ ഹിന്ദുവായി കാണുന്നവന്റെ മനസ്സിലാണ്‌ വര്‍ഗ്ഗീയത. താന്‍ മറ്റൊരു മതവിശ്വാസി ആയതുകൊണ്ടാണല്ലോ ഹിന്ദു എന്ന വേര്‍തിരിവോടെ അയാള്‍ മോദിയെ കാണുന്നത്‌. മതേതരത്വത്തില്‍ വിശ്വസിക്കുന്ന ആള്‍, പ്രധാനമന്ത്രി ഏതു മതത്തില്‍പ്പെട്ടവനാണെന്ന്‌ ചിന്തിക്കേണ്ട ആവശ്യമില്ല. തന്റെ മതത്തിനുവേണ്ടി മോദി സര്‍ക്കാര്‍ എന്തു ചെയ്‌തുവെന്നല്ല, രാജ്യത്തിനുവേണ്ടി എന്തു ചെയ്യുമെന്നാണ്‌ നോക്കേണ്ടത്‌. ജനങ്ങള്‍ക്കു മതേതരവിശ്വാസം ഉണ്ടെന്നതിന്റെ തെളിവുകൂടിയാണ്‌ ഈ വിജയം. മുസ്ലീം വോട്ടര്‍മാര്‍ക്ക്‌ നിര്‍ണ്ണായക സ്വാധീനമുള്ള നൂറിലേറെ മണ്‌ഡലങ്ങളില്‍ നാല്‍പ്പത്‌ ശതമാനം വോട്ട്‌ ബി.ജെ.പി നേടിയതിനര്‍ത്ഥം ന്യൂനപക്ഷം അദ്ദേഹത്തെ തുണയ്‌ക്കുന്നു എന്നുതന്നെയാണ്‌. ഹിന്ദുക്കള്‍ മാത്രം വോട്ടുചെയ്‌താല്‍ 284 സീറ്റ്‌ കിട്ടില്ലെന്ന്‌ ആര്‍ക്കും ഊഹിക്കാം. 

മറ്റൊരു ആരോപണം കോര്‍പ്പറേറ്റുകളെ ചേര്‍ത്തതാണ്‌. വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതില്‍ വമ്പന്‍ സ്രാവുകളെ അടുപ്പിക്കുന്നതാണ്‌ പ്രധാന പ്രശ്‌നം. പണം കയ്യിലുള്ളവര്‍ വിചാരിച്ചാല്‍ മാത്രമേ പുതിയ വ്യവസായ ശൃംഖലകളും വികസനവും ഉണ്ടാവുകയുള്ളൂ. ഏതു പുതിയ പദ്ധതിയും തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കും. തന്മൂലം തൊഴിലില്ലായ്‌മ എന്ന വിപത്തിന്‌ ഏറെക്കുറെ പരിഹാരം ഉണ്ടാകും. സര്‍ക്കാര്‍ അധീനതയില്‍ പുരോഗതി ലക്ഷ്യമിട്ട്‌ എത്തുന്നവരെ കുത്തക മുതലാളി എന്ന പേരില്‍ മാറ്റിനിര്‍ത്തേണ്ട കാര്യമില്ല. രാജ്യം രക്ഷപെടാനും ജനങ്ങളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടാനും സഹായിക്കുന്ന ഏതൊന്നും പ്രോത്സാഹിപ്പിക്കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌. ഗവണ്‍മെന്റിന്റെ കൈയ്യില്‍ നിന്ന്‌ കടിഞ്ഞാണ്‍ വിട്ടുപോകാതെ നോക്കണം എന്നു മാത്രം. 

ഭരിക്കാന്‍ അറിയാത്ത ഒരാള്‍ തുടര്‍ച്ചയായി നാലുതവണ ഒരേ സംസ്ഥാനത്തെ മുഖ്യമന്ത്രിക്കസേര അലങ്കരിക്കില്ല എന്നതുതന്നെ മോദിയിലെ ഭരണകര്‍ത്താവില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്‌. വികസനത്തിന്റെ അവധൂതനായി ഇന്ദ്രപ്രസ്ഥത്തില്‍ കാലെടുത്തു വെയ്‌ക്കുമ്പോള്‍ ഓരോ ചുവടും അത്യധികം ശ്രദ്ധിക്കേണ്ടിവരും. പൊള്ളുന്ന വിലക്കയറ്റത്തിന്റെ നെരിപ്പോടില്‍ കൊണ്ടുനിര്‍ത്തിയിട്ടാണ്‌ യു.പി.എ സര്‍ക്കാര്‍ അധികാരം ഒഴിഞ്ഞിരിക്കുന്നത്‌. സത്യപ്രതിജ്ഞ ചെയ്യുന്നതു മുതല്‍ അധികാരത്തിലുള്ള ഓരോ നിമിഷത്തിലും ജനങ്ങളോടുള്ള പ്രതിബദ്ധത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മോദിയുടെ ഇമേജ്‌ വീണ്ടും ഉയരും. 

സഖ്യകക്ഷികളെ തൃപ്‌തിപ്പെടുത്തേണ്ടിവരുമ്പോഴാണ്‌ പലപ്പോഴും ഉദ്ദേശിച്ച രീതിയില്‍ ഭരണം കാഴ്‌ചവെയ്‌ക്കാന്‍ കഴിയാത്തത്‌. തനിച്ച്‌ ഭൂരിപക്ഷം ഉള്ളസ്ഥിതിക്ക്‌ മോദി സര്‍ക്കാരിനു മേല്‍ ജനത്തിനുള്ള പ്രതീക്ഷയേറെയാണ്‌. ജനഹിതം ശരിവെയ്‌ക്കുന്ന ഭരണം നമുക്ക്‌ പ്രതീക്ഷിക്കാം.
മീട്ടു റഹ്‌മത്ത്‌ കലാം

Facebook Comments

Comments

  1. MM

    2014-05-20 10:29:58

    wait and see what happens. The price hike in India is due to low production and high population. people will have to work on this situation and try to improve their own standards. Even a poor coolie can have a better life now if he chose to plan so. instead they waste all their wages- which is decent now compared to world market (including China)- in consumption of alcohol and blame it all on the government. Modi will not be able to do anything different in bringing the cost down. other than may be make it worse. With all the history he should be in jail, not leadig a country.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More