Image

പ്രവാസി സാഹിത്യത്തിന്റെ ദുരവസ്ഥ (ലേഖനം)

സാം നിലമ്പള്ളില്‍ Published on 26 April, 2014
പ്രവാസി സാഹിത്യത്തിന്റെ ദുരവസ്ഥ (ലേഖനം)

പ്രവാസി സാഹിത്യമെന്ന് പറയാവുന്നത് അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും വസിക്കുന്നവരുടെ കൃതികളെയാണ്. ഗള്‍ഫുരാജ്യങ്ങളിലുള്ള മലയാളികള്‍ എന്നായാലും തിരിച്ചുപോകേണ്ടവര്‍ ആയതുകൊണ്ട് അവരെ പ്രവാസികളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താതെ മാറ്റിനിറുത്താം. അവിടെയും ലക്ഷക്കണക്കിന് മലയാളികള്‍ ഉണ്ടെങ്കിലും അവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമേ സാഹിത്യരചനയുമായി മുന്‍പോട്ട് വന്നിട്ടുള്ളു. ജീവിക്കാന്‍വേണ്ടി പാടുപെടുന്നതിനുള്ളില്‍ എഴുതാനെവിടെ സമയം എന്നന്യായം അവര്‍ക്ക് ചോദിക്കാം. എന്നാല്‍ എഴുതാനുള്ള വിഷയം ധാരാളമായാണ് ആ രാജ്യങ്ങളില്‍നിന്ന് വീണുകിട്ടുന്നത്. അനുഭവങ്ങള്‍ അതാണല്ലോ എഴുതാനുള്ള പ്രചോതനം. മലയാള സാഹിത്യകാരന്മാര്‍ക്ക് ഇല്ലാത്തതും അതുതന്നെയാണ്.

 

കുടുംബകഥകളല്ലാതെ നമുക്ക് വേറെ വിഷയങ്ങളില്ല, വിശാലമായ ഒരു ക്യാന്‍വാസില്ല.
നാലുകെട്ടിനകത്ത്, അല്ലെങ്കില്‍ അറയ്ക്കല്‍ തറവാട്ടില്‍, അതുമല്ലെങ്കില്‍ സെക്രട്ടറിയേറ്റില്‍ നടക്കുന്ന കാര്യങ്ങളേയുള്ളു നമുക്കെഴുതാന്‍. യുദ്ധം എന്താണെന്ന് കേട്ടിട്ടുള്ളതല്ലാതെ അതിന്റെ ഭീകരത  അനുഭവിച്ചിട്ടില്ല. സ്വന്തനാടും വീടുംവിട്ടുള്ള ജനങ്ങളുടെ കൂട്ടപ്പാലായനം പത്രങ്ങളില്‍ വായിച്ചിട്ടുള്ള അറിവേ നമുക്കുള്ളു. അതിന്റെ ഭീകരത എന്താണെന്ന് കുവൈറ്റില്‍നിന്നും തിരകെ വന്നിട്ടുള്ളവര്‍ക്കെങ്കിലും അറിയാവുന്നതാണ്. ചെറുതെങ്കിലും ഭീകരമായ അനുഭവം നോവലാക്കാനുള്ള വിഷയമായി ആരെങ്കിലും എഴുത്തുകാര്‍ ചിന്തിച്ചിട്ടുണ്ടോയെന്ന് സംശയമാണ്. ഇന്‍ഡ്യാ വിഭജനകാലത്ത് നടന്ന ഹിന്ദുമുസ്‌ളീം ലഹളയും അതിനെത്തുടര്‍ന്നുള്ള പാലയനവും യശ്പാല്‍ 'നിറംപിടിപ്പിച്ച നുണകള്‍' എന്നനോവലില്‍ ഹൃദയസ്പര്‍ശ്ശിയായി വര്‍ണിച്ചിട്ടുണ്ട്. മലയാളത്തില്‍ അതുപോലുള്ള കൃതികള്‍ ഉണ്ടായിട്ടില്ല, ഉണ്ടാകുമെന്നും തോന്നുന്നില്ല. ഏകദേശം അന്‍പത് വര്‍ഷങ്ങള്‍ക്കുമുന്‍പ് വായിച്ചിട്ടുള്ള അതിലെ കഥാപാത്രങ്ങളേയും സംഭവങ്ങളും ഇന്നും ഓര്‍ത്തിരിക്കുന്നു, എഴുത്തുകാരനേയും. മലയാളത്തില്‍ ഇന്നുകാണുന്ന പലകൃതികള്‍ക്കും ഈയാംപാറ്റകളുടെ ആയുസ്സേയുള്ളു. വായിച്ച് അടുത്തനിമിഷംതന്നെ എഴുത്തുകാരനേയും അയാളുടെ കൃതിയും നമ്മള്‍ മറന്നുപോകുന്നു.

 

ചെറുകഥാ സാഹിത്യം വായനക്കാരില്‍നിന്ന് അകന്നുപോകുന്നു എന്ന് പറയപ്പെടുന്നു, കവിതക്ക് സംഭവിച്ചതുപോലെ. ആരാണ് കുറ്റക്കാര്‍? തീര്‍ച്ചയായിട്ടും വായനക്കാരല്ല. വായിച്ചാല്‍ മനസിലാകാത്ത വിരസമായ കൃതിവായിക്കാന്‍ ആരാണ് തയ്യാറാവുക? അടുത്തകാലത്ത് 'സമകാലിക മലയാളം' വാരികയില്‍വന്ന ഒരു ചെറുകഥ നിര്‍ബന്ധപൂര്‍വ്വം ഞാന്‍ വായിക്കുകയുണ്ടായി. എനിക്കൊന്നും മനസിലായില്ലെന്ന് സങ്കടത്തോടെ പറയട്ടെ. എഴുത്തുകാരനും താനെന്താണ് എഴുതിയിരിക്കുന്നതെന്ന് മനസിലായിട്ടില്ല എന്നുറപ്പാണ്. മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വരുന്ന പലകഥകളുടെ അവസ്ഥയും വിഭിന്നമല്ല. ഏതാനും ഇംഗ്‌ളീഷ് കൃതികള്‍ അതിന്റെ അന്തസത്ത മനസിലാകാതെ വായിച്ചിട്ട്  അന്ധമായി അനുകരിക്കുന്നതിന്റെ ഫലമായിട്ടാണ് ഇത്തരം വികൃതശിശുക്കള്‍ ജനിക്കുന്നത്.


എഴുത്തുകാര്‍ മാത്രമല്ല ഇവിടെ കുറ്റക്കാര്‍. ലളിതമായ വിഷയാവിഷക്കരണം നടത്തിയാല്‍ അത് പ്രസിദ്ധീകരിക്കാന്‍ പ്രസാധകരും പത്രമാസികകളും തയാറാകത്തില്ല. അവര്‍ക്കുംവേണ്ടത് മനുഷ്യന് മനസിലാകാത്ത സാധനമാണ്. എളുപ്പം മനസിലാകാത്തതെന്തും മഹത്താണെന്ന് വിചാരിക്കുന്ന തലമുറക്ക് വേണ്ടതാണ് അവര്‍ പടച്ചുവിടുന്നത്. പത്രമുതലാളിയുടെ  പ്രീയപ്പെട്ട രാഷ്ട്രീയ, ജാതീയചിന്തകളെ കുത്തിനോവിച്ചാല്‍ ആ കൃതിയുടെ സ്ഥാനം  ചവറ്റുകൊട്ടയിലായിരിക്കും. അവര്‍ക്ക് ഒരുവായനക്കാരന്‍ നഷ്ടപ്പെടുമോ എന്നുള്ള ഭയമാണ്. ഒരു വായനക്കാരന്‍ നഷ്ടപ്പെട്ടാല്‍ നൂറുപേര്‍ അധികമുണ്ടാകുമെന്ന സത്യം അവര്‍ അറിയുന്നില്ല. പണ്ട് ബ്‌ളിറ്റ്‌സ് നടത്തിയിരുന്ന കരിഞ്ചിയയെ പോലെ ചങ്കുറപ്പുള്ള പത്രാധിപന്മാര്‍ ആരെങ്കിലും മലയാളത്തിലുണ്ടോ?

 

സങ്കുചിതമായ ആശയങ്ങളുടെ കൊക്കൂണില്‍നിന്ന് പുറത്തുകടക്കാന്‍ ഭയപ്പെടുന്നവരാണ്  മലയാള എഴുത്തുകാരില്‍ ഭൂരിപക്ഷവും. ആരെങ്കിലും അതിന് ധൈര്യംകാണിച്ചാല്‍ അയാളുടെകൃതികള്‍ ചിതലുതിന്നത്തേയുള്ളു, വെളിച്ചം കാണില്ല. മലയാളത്തിലെ വളരെയധികം ചിലവുള്ള ഒരു വാരിക വായനക്കാരില്‍ സര്‍വ്വേ നടത്തിയിട്ട് അവരുടെ അഭിരുചികള്‍ എന്താണെന്ന് മനസിലാക്കി അതനുസരിച്ച് എഴുതാന്‍ എഴുത്തുകാരെ പ്രേരിപ്പിക്കുന്നതായിട്ട് അറിയാന്‍കഴിഞ്ഞു. സിനിമയില്‍ പാട്ടിന് ആദ്യം ട്യൂണ്‍നല്‍കിയിട്ട് അതിനനുസരിച്ച് വരികളെഴുതാന്‍ ഗാനരചയിതാക്കളെ നിര്‍ബന്ധിക്കുന്നതുപോലെ. എഴുത്തുകാരന്‍ എന്തെഴുതണമെന്നും എങ്ങനെ എഴുതണമെന്നും ആര്‍ക്കും നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ലെന്ന് ശ്രീ. എം.ടി. വാസുദേവന്‍ നായര്‍ അടുത്തിടെ പ്രസ്ഥാവിച്ചത് വായിച്ചു. സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ള എഴുത്തുകാരനായതുകൊണ്ട് അദ്ദേഹത്തെ തിരുത്താന്‍ തന്റേടമുള്ള പത്രാധിപന്മാര്‍ മലയാളത്തിലില്ല. നിങ്ങളോ ഞാനോ അതുപറഞ്ഞാല്‍ അവര്‍ നമ്മളെ അടിച്ചിരുത്തുമെന്നുള്ളതിന് സംശയമില്ല.

 

പ്രസാധകരും പത്രാധിപന്മാരും വരച്ചിട്ടുള്ള ലക്ഷ്മണരേഖ കടക്കാന്‍ പ്രാവാസി എഴുത്തുകാര്‍ക്കും ധൈര്യമില്ല, പ്രത്യേകിച്ചം പെണ്ണെഴുത്തുകാര്‍ക്ക്. ഇടുങ്ങിയ വേലിക്കെട്ടിനകത്തുനിന്ന് ചിന്തിച്ചാല്‍ ഒരിക്കലും അവര്‍ക്ക് നല്ലൊരു എഴുത്തുകാരനോ എഴുത്തുകാരിയോ ആയിത്തീരീന്‍ സാധിക്കുകയില്ല. അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഇപ്പോഴും നേഴ്‌സറിസ്‌കൂളില്‍ തന്നെയാണെന്ന് പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. കാശുകൊടുത്ത് അവാര്‍ഡ് സംഘടിപ്പിക്കുന്നതിലും, പത്രത്തില്‍ ഫോട്ടോസഹിതം പേരുവരുന്നതിലുമാണ് അവര്‍ക്ക് താല്‍പര്യം. നിരൂപണ സാഹിത്യം എന്നതൊന്ന് ഇവിടെ ഇല്ലാത്തതുകൊണ്ടാണ് ഇപ്പോഴും കൊക്കൂണിനുള്ളില്‍തന്നെ കഴിയേണ്ടവന്നിരിക്കുന്നത്. അമേരിക്കയില്‍ നിരൂപണ സാഹിത്യത്തിന്റെ ആവശ്യത്തെപ്പറ്റി ശ്രീ. ജോണ്‍ മാത്യു എഴുതിയ ലേഖനം വായിച്ചു. ശക്തമായ നിരൂപണത്തില്‍കൂടിയേ  പ്രവാസി സാഹിത്യം പുഷ്പിക്കത്തുള്ളു. പുറംവാതിലില്‍കൂടി കടന്നുവരുന്നവര്‍ പേന കയ്യിലെടുക്കാന്‍ ശങ്കിക്കും. പക്ഷേ, പൂച്ചക്കാര് മണികെട്ടും എന്നാണ് എന്റെ ഒരു സുഹൃത്ത് ചോദിച്ചത്. നിരൂപണ സാഹിത്യം എന്നൊരുശഖ ഇവിടെ ഉടലെടുത്തേ പറ്റു. പൂച്ചക്ക് മണികെട്ടാന്‍ ധൈര്യപൂര്‍വ്വം ആരെങ്കിലും മുന്‍പോട്ട് വരണം.  അത് പ്രസിദ്ധീകരിക്കാന്‍ പത്രാധിപന്മാരും തന്റേടം കാണിക്കണം. ഇല്ലെങ്കില്‍ അമേരിക്കന്‍ മലയാളി സാഹിത്യം നേഴ്‌സറി സ്‌കൂളില്‍നിന്നും പുറത്ത് കടക്കത്തില്ല..

 

യശ്ശശരീരനായ ശ്രീ. എം. കൃഷ്ണന്‍നായര്‍ സാഹിത്യവാരഫലം എഴുതിയിരുന്നത്  വായിക്കാത്തവര്‍ ചുരുക്കമായിരിക്കും. അദ്ദേഹത്തിന്റെ രൂക്ഷവിമര്‍ശ്ശനത്തിന്റെ ഫലമായി പല എഴുത്തുകാരും എഴുത്ത് നിറുത്തിയിട്ടുണ്ടെന്ന് മേല്‍പറഞ്ഞ സുഹൃത്ത് പറയുകയുണ്ടായി. അത് വാസ്തവമാണോയെന്ന് എനിക്ക് അറിഞ്ഞുകൂടാ. ചില എഴുത്തുകാരൊക്കെ ആത്മഹത്യ ചെയ്യുകയുണ്ടായെന്നും അദ്ദേഹം നര്‍മ്മരൂപേണ പറയുകയുണ്ടായി. ഒരുപക്ഷേ, സാഹിത്യരംഗത്തുനിന്നുള്ള ആത്മഹത്യയായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്. വഴിയേപോകുന്ന എല്ലാവര്‍ക്കും കയറിയിറങ്ങാനുള്ളതല്ല സാഹിത്യത്തറവാട്. അവിടെക്കയറി വസിക്കണമെന്നുണ്ടെങ്കില്‍ ജന്മനാ ആഢ്യത്വം ഉള്ളവരായിരിക്കണം. അതില്ലാത്തവര്‍ക്ക് അടുക്കളപ്പണിക്കാരായും പുറംപണിക്കാരായും കഴിയാനുള്ള യോഗമേ ഉണ്ടാവുകയുള്ളു.


പ്രവാസി സാഹിത്യത്തിന്റെ ദുരവസ്ഥ (ലേഖനം)
Join WhatsApp News
Sudhir 2014-04-26 13:04:23
ഈ പഴി തുടങ്ങിയതെവിടെ നിന്നോ
ഇതിനൊരവസാനം എവിടെ ചെന്നോ?

'കാലമാടന്‍, തല്ലിപൊളി' ഇതായിരുന്നു അമേരിക്കന്‍ മലയാളി എഴുത്തുകാരന് കിട്ടിയ ആദ്യ പ്രഹരം. അത് ഇന്നും തുടരുന്നു. കാണുന്നവനൊക്കെ
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കെതിരെ
അപവാദങ്ങള്‍ അഴിച്ച് വിടുന്നു. ഇവിടെ നിരൂപകരില്ലാത്ത്ത് കൊണ്ടാണു നല്ല രചനകള്‍ ഉണ്ടാവാത്തത് എന്നാ ന്യായം ബാലിശം. കയ്യില്‍
കാശില്ലാത്തത് കൊണ്ട് പലിശ പോകുന്നു എന്ന് പരഞ്ഞപോലെയാണു. ആര്ക്കും ആരെയും എഴുതാന്‍ പഠിപ്പിക്കാന്‍ കഴിയില്ല. എം. കൃഷ്ണന നായര് നിരൂപണമല്ലല്ലോ അദ്ധേഹം വ്യക്തിഹത്യയല്ലയിരുന്നോ ചെയ്തിരുന്നത് അതോടൊപ്പം വിശ്വോത്തര കൃതികളെ പരിചയപ്പെടുത്തുകയും. കാളിദാസനെപോലെ, ആശനെപോലെ, ഉള്ളൂരിനെപൊലെ എഴുതാന്‍ മറ്റുള്ളവരോട് പറയുന്നതില അര്‍ഥമില്ല. ശ്രീമാന്‍ നിലമ്പാളീല്‍ ഈ ലേഖനം എഴുതുന്നതിനു മുംബ് അമേരിക്കന്‍ മലയാള സാഹിത്യം മുഴുവന്‍ വായിച്ചോ അതോ ജോണ്‍ മാത്യു എഴുതിയതും
പരഞ്ഞതും മാത്രം വായിച്ചോ?

എഴുത്തുകാരോട് ഒരപേക്ഷ ആവശ്യമില്ലാതെ അപഖ്യാതിയുമായി വരുന്നവരെ നേരിടാന്‍ ചങ്കൂറ്റം കാണിക്കുക. പത്രാധിപന്മാര്‍ ദയവ് ചെയ്ത് ഒരാള് പരിപൂര്‍ണ്ണമായി പഠിക്കാത്ത വിഷയത്തെക്കുരിച്ചു തയ്യാറാക്കുന്ന ലേഖനങ്ങള്‍ പ്രസിധ്ഢീകരിക്കതിരിക്കുക.
Truth man 2014-04-26 16:58:08
Sir,did you read biography of Leo Tolstoy 
He was a.................how
വിദ്യാധരൻ 2014-04-28 06:55:47
സാം നിലംബള്ളിലിന്റെ ലേഖനത്തോടു യോചിക്കാതിരിക്കാൻ കഴിയില്ല. ജീവിതാനുഭവങ്ങൾ ഇല്ലാത്ത കഥയും കവിതയും എഴുതി കുത്തി തിരുകി കയറ്റി മലയാള സാഹിത്യലോകം മലിമാസമാക്കുകയാണ് ഒരു നല്ല ശതമാനം അമേരിക്കാൻ എഴുത്തുകാരും ചെയൂന്നതു. അവരുടെ കൃതികൾ ആരും വിമർശനം ചെയ്യണം എന്ന് അവർക്ക് നിർബന്ധം ഇല്ല. ഫൊക്കാന ഫോമാ ലാന എന്നിവരാണ് അമേരിക്കാൻ മലയാള സാഹിത്യ ലോകത്തിന്റെ വിധി നിർണ്ണയിക്കുന്നവർ. അവരുടെ വാക്കുകൾക്കു എതിർ വാക്കില്ല. കഴിവുകൾ ഉള്ള എഴുത്തുകാർ, സാം പറഞ്ഞത് പോലെ, ആർക്കും മനിസിലാകാത്ത കഥയും കവിതയും 'പുലംബുകയാണ്'. അത് ആർക്കും മനസിലാകണം എന്ന് നിർബന്ധം ഇല്ല. കാരണം ഇന്ന് ആർക്കും മന്സിലാകാത്തതതാണ് സാഹിത്യം എന്ന ധാരണ അവരുടെ കുഴഞ്ഞു മറിഞ്ഞ മനസ്സിൽ രൂഡമൂലമായിരിക്കുന്നു. പിന്നെ മനുഷ്യ ബന്ധങ്ങൾ? അതെവിടെ? അതെന്നെ ശി ഥിലമായിരിക്കുന്നു! ആഗോളവത്ക്കരനത്തിന്റെ പിടിയിൽ, പണത്തിന്റെയും പ്രതാപത്തിന്റെയും പിന്നാലെയുള്ള പരക്കം പാച്ചിലിൽ, സ്വന്തമായി അസ്തിത്വവും മാനവും സൃഷിടിക്കാനുള്ള എല്ലാം മറന്നു അവർ ഓടുമ്പോൾ വഴിയിൽ വീണു കിടക്കുന്ന സഹജീവികളെ കാണാൻ അവരുടെ ജീവിത കഥകളെ തൂലികയിൽ ഒപ്പി എടുക്കാൻ, അല്ലെങ്കിൽ ഇന്ന് ലോകത്തെമ്പാടും അരെങ്ങേറിക്കൊണ്ടിരിക്കുന്ന യുദ്ധങ്ങളിൽ സ്ഥാനഭ്രംശം വന്നുപോയ അമ്മമാരുടെ, കുഞ്ഞുങ്ങളുടെ കഥ പറയാൻ ഇവർക്കെവിടെ സമയം? രണ്ടു ഹൈഡ്രജൻ ആറ്റവും ഒരു ഒക്സിജെനും ചേർന്നാൽ പച്ചവെള്ളം ഉണ്ടാക്കാം എന്ന് വ്യക്തമായി പറഞ്ഞു മനസിലാക്കി തരാൻ കഴിവുള്ള രസതന്ത്ര ശാസ്ത്രഞ്ജന്മാർ, രസതന്ത്ര സമവാക്ക്യം പോലെ ആർക്കും മനസിലാകാത്ത കവിത സൃഷ്ടിച്ചു നമ്മളുടെ അണ്ണാക്കിലേക്ക് തള്ളികയറ്റുമ്പോൾ, വയലിലേക്കു കാളയെ വിലക്കാൻ പോകുന്നവർ കാളയുടെ വായു ബലമായി തുറന്നു പിടിച്ചു കാടി കുടിപ്പിക്കുന്നതുപോലെ തോന്നുന്നു. മൗസിന്റെ കവിത, വൈകൃതങ്ങളായ രതി വൈകൃതങ്ങളുടെ കവിത, എന്നുവേണ്ട അകത്തേക്ക് ചെന്നാൽ ഉടൻ പുറത്തേക്ക് ശർദ്ദിക്കുന്ന ലേഖനങ്ങളും കവിതകളും എഴുതി പിടിപ്പിച്ചു അതിനു അവാർഡുകൾ വാങ്ങി, സാഹിത്യ മണ്ഡലത്തെ ധുഷിപ്പിക്കുന്നവർക്ക് എതിരെ ശക്തമായി തൂലിക ചലിപ്പിച്ചു ശ്രി സാം നിലംബള്ളിൽ എന്ന ചുണകുട്ടന് ലാൽ സലാം. മലയാള സാഹിത്യത്തിന്റെ ദുരവസ്ഥ ഓർത്തു ഞാന് രണ്ടു തുള്ളി കണ്ണ്നീർ പൊഴിക്കുന്നു.
Mathew Varghese, Canada 2014-04-29 09:20:30
ഞാൻ ഈ-മലയാളിയുടെ ഒരു സ്ഥിരം വായനക്കാരനാണ്. ലേഖനങ്ങളും കവിതകളും വായിക്കുന്നതിനോടോപ്പം അഭിപ്രായ കോളവും വായിക്കും.എഴുത്തികാരെ പോലെ കഴിവും ഭാവനകളും ഉള്ളവരാണ് വായനക്കാരും. നിങ്ങൾ അഭിപ്രായങ്ങൾ എഴുതുമ്പോൾ അതിൻറെ പ്രമേയത്തെ വിലയിരുത്തി അഭിപ്രായങ്ങൾ എഴുതുകയാണെങ്കിൽ അത് എഴുത്തുകാർക്കും മറ്റു വായനക്കാര്ക്കും പ്രയോചനം ചെയ്യും. കാരണം നമ്മൾ കാണാത്ത ചില വീഷണ കോണുകളിൽ നിന്ന് മറ്റു പലര്ക്കും കാണാൻ കഴിയും എന്നത് കൊണ്ടാണ്. വിമർശകർ ചിലപ്പോൾ വളരെ രൂക്ഷമായ ഭാഷയിലൂടെ എഴുത്തുകാരെ പ്രകോപിക്കുകയും അവരുടെ പ്രതികരണം ആരായുകയും ചെയ്യും. പഴയ വായനക്കാർക്ക് എം. കൃഷ്ണൻനായർ എന്ന വ്യക്തിയെ വിസ്മരിക്കാനാവില്ല. അദ്ദേഹത്തിൻറെ വാരഫലം വായിക്കാത്തവർ ചുരുക്കം ആണ്. വിമർശനത്തിലൂടെ പലരുടെയും എഴുത്തിന്റെ കൂമ്പു വാദിക്കുകയും തളിർപ്പിക്കുകയും ചെയ്യ്ത വ്യക്തിയാണ് അദ്ദേഹം. കേരളത്തിലെ നല്ല എഴുത്തുകാർ വളരെ അദികം വിമർശനങ്ങൾക്ക് വിടെയപെട്ടിട്ടുല്ലവരാണ്. അവെരെല്ലാം വിമർശനങ്ങളുടെ ചൂടിൽ സ്ഫുടം ചെയ്യപെട്ടവരാണ്. ഒരു എഴുത്തുകാരനും യദാർത്ഥ വിമർശകനും വായനയിലൂടെയും എഴുത്തിലൂടെയും നേടിയ ആത്മ വിശ്വാസവും മന കരുത്തും വേണം. ഇ-മലയാളിയിൽ വരാറുള്ള രണ്ടു വിമർശകരെ ഞാൻ ശ്രെദ്ധിക്കാരുണ്ട്. വിദ്യാധരനും വായനക്കാരനും. അവരുടെ വിമർശനങ്ങളിൽ വായിച്ചു നേടിയ അറിവിന്റെ സ്ഫുലിംഗങ്ങൾ കാണാൻ കഴിയും. പരിഹാസം, ഹാസ്യം, രൗദ്രം ഭയാനകം എന്ന് വേണ്ട എല്ലാ നവരസങ്ങളുടെ ഭാവഹാവങ്ങളും കാണാൻ കഴിയും. ശരിക്ക് ശ്രേദ്ധിച്ചാൽ അവർ വിമർശനങ്ങളിൽ ഉപയോഗിക്കുന്ന കൗശലങ്ങളും ഒളിയമ്പുകളും എഴുത്തുകാരെയും അതിലൂടെ ഭാഷയെയും വളര്ത്താൻ ഉപയോഗിക്കുകയുള്ളൂ. സൃഷ്ടിപരമായ വിമർശനം പുതിയതായി നട്ട ചെടിയുടെ ചുവടു ഇളക്കി വളം ഇടുന്നതുപോലെയാണ്. ആവശ്യംമുള്ള വളം വലിച്ചെടുക്കുക അതെല്ലെങ്കിൽ വാടിപോകും. അത് ഇട്ടുകൊടുക്കുന്നവരും പാകത്തിന് ഇട്ടുകൊടുക്കുക. വിമർശനം ഇല്ലാതെ അവാർഡുകൾകൊണ്ട് മാത്രം ഭാഷയോ എഴുത്തുകാരനോ വളരുകയില്ല.
Sangeethasnehi 2014-04-29 10:22:57
ഞാനും ഇ മലയാളീ യുടെ സ്ഥിരം വായനക്കാരി ആണ്. തീര്ച്ചയായും വിമർശകർ ഇവിടെ ചെയ്യുന്ന കര്മം ശ്ലാഘനീയമാണ്. പ്രത്യേകിച്ചും വിദ്യാധരൻ എന്നാ പേരില് എഴുതുന്ന ധിഷണാ ശാലിയെ പ്രശംസിക്കാതെ വയ്യ . കൃഷ്ണൻ നായര സർ ടെ പംക്തിയുടെ സ്ഥിരം വായനക്കാരിയായിരുന്ന ഞാൻ ഇന്ന് വിദ്യാധരനെ മനസാ പൂജിക്കുകയാണ്. ഇ മലയാളീ യുടെ പുണ്യം.
Vasudev Pulickal 2014-04-29 11:35:57
കാടടച്ച് വെടിവയ്ക്കുന്നതിൽ അർത്ഥമില്ല. ആരുടെ രചനകൾ മോശമാണെന്നു പറയാനുള്ള മനസ്സുരപ്പ്
വിമർശകനുണ്‍ദാകണം. കാടടച്ചു വെടിവയ്ക്കാൻ ആര്ക്കാണ് സാധിക്കാത്തത്. അമേരിക്കൻ മലയാള സാഹിത്യം ദുഷിച്ചതാണു എന്ന് പറയുന്നത്
അടിസ്ഥാന രഹിതമാണ്.

വാസുദേവ് പുളിക്കൽ,
വിചാരവേദി പ്രസിഡണ്ട്‌,
മുന് ലാനാ  പ്രസിഡണ്ട്‌


Kunjunni 2014-04-29 12:39:37
"അമേരിക്കൻ മലയാള സാഹിത്യം" എന്നൊരു സാഹിത്യം ഭാഷയിലുണ്ടോ? ഭാഷ നന്നായിപ്പറയുന്നതും എഴുതുന്നതും ആരെന്നു മിക്കവർക്കും അനായാസേന തിരിച്ചറിയാം. സാഹിത്യത്തിലേക്ക് കടക്കുമ്പോഴും അങ്ങനെയല്ലേ, ഏതു ഭാഷയിലും? ഫോട്ടോ അടിച്ചു കാണാനും സാഹിത്യകാരൻ, കവി എന്നൊക്കെ വിളിക്കുന്നത്‌ കേൾക്കാനും വേണ്ടി എഴുതുന്നവരെയും വായനക്കാർ തിരിച്ചറിയുന്നുണ്ട്.
വിദ്യാധരൻ 2014-04-29 13:04:18
ചിലർ 'ആരണ്യാന്തര ഗഹരോതര' ങ്ങളിൽ കയറി ഇരുന്നു ദുഷിച്ച സാഹിത്യ സൃഷ്ടി നടത്തുമ്പോൾ അത്തരക്കാരെ കാട് അടച്ചു വെടിവച്ചു പുറത്തുകൊണ്ടുവന്നു പച്ച മനുഷ്യരും അവരുടെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തുമ്പോൾ നല്ല നല്ല സാഹിത്യ കൃതികൾ ഉണ്ടാകും. അതുകൊണ്ട് സാം ഇവന്മാർ ഒളിച്ചിരിക്കുന്ന കാടിന് തീ കൊളുത്തണം എന്നാണു എന്റെ അഭിപ്രായം. വായനക്കാരായ ഞങ്ങളെ ബഹുമാനിക്കാനും ഞങ്ങൾ പറയുന്നത് കേൾക്കാനും മനസുള്ളവർ എഴുതിയാൽ മതി. ഞങ്ങൾക്ക് വായിച്ചു തീർക്കാൻ കഴിയാത്തതുപോലെ പുസ്തകങ്ങൾ വേറെ ഉണ്ട്. കാട്ടിൽ ഇരുന്നു എഴുതിയ ആവശ്യത്തിനു പുസ്തകങ്ങൾ ഉണ്ടല്ലോ? ഇനി നേരിട്ട് ജീവിതം മനസിലാക്കി എഴുതിയാൽ മതി.
vaayanakkaaran 2014-04-29 17:30:22
ഒള്ളത് ഒള്ളതുപോലെ പറയണമല്ലോ. എനിക്ക് ഈ പ്രവാസി സാഹിത്യം ഭയങ്കര ഇഷ്ടമാ. അതല്ലേ ഒന്നുമില്ലെങ്കിൽ എന്നെയും സാഹിത്യകാരൻ ആക്കിയത്. പള്ളീലും അസ്സോസിയേഷനിലുമൊക്കെ കളിച്ചാൽ എത്ര പേര് അറിയും? എഴുതി വിട്ടാ  പിന്നെ എത്ര എത്ര പേരാ കാണുന്നത്! ഒരു ദിവസം കുത്തിയിരുന്ന് ഞാൻ ഒരു കവിത അങ്ങെഴുതി. സ്കൂളിൽ പഠിച്ച ചില കവിതയിലെപ്പോലെ വാക്കുകൾ അങ്ങോട്ടുമിങ്ങോട്ടും വളച്ച് ചില പാട്ടിലെ പ്രയോഗങ്ങളുമൊക്കെ ചേര്ത്ത് അങ്ങ് കാച്ചി. ഇടക്കിടക്ക് പുതിയ വരിയും തുടങ്ങി കേട്ടോ. അയച്ചപ്പ ദേ നെറ്റിലങ്ങു വന്നു. കൂട്ടത്തിൽ പടവും. പോരേ. ഇപ്പൊ ഒന്നല്ല അഞ്ചാറു നെറ്റു പത്രത്തിനു  അയക്കും. അമേരിക്കൻ മൊത്തം വായനക്കാരും കാണും. പിന്നെ എന്റെ മോന്റെ  സഹായത്തോടെ എല്ലാത്തിന്റെയും ലിങ്കും ഫയലും  എല്ലാം    ഒള്ള ജനത്തിനെല്ലാം മെയിലായിട്ടും അങ്ങ് വിടും. ഇപ്പം ഞങ്ങടെ ഇടയിൽ ഞാനും സാഹിത്യകാരൻ. എന്റെ നാട്ടിലെ കസിന്സ് വരെ വിളിച്ച് എടാ നീ കൊള്ളാമല്ലോ എന്ന് പറഞ്ഞു.

ആദ്യം ഒന്ന് രണ്ടു പ്രാവശ്യം വിദ്യാധാരനും വായനക്കരനുമൊക്കെ വിമർശിച്ചപ്പോൾ ഇച്ചിരെ ചമ്മലുണ്ടായിരുന്നു കേട്ടോ. പക്ഷെ ഇപ്പോൾ അവർ തഴഞ്ഞെന്നു തോന്നുന്നു, ആരോ പറഞ്ഞു അവർ എഴുതുന്ന പകുതി കമന്റും വെട്ടം കാണത്തില്ലെന്ന് . നല്ലകാര്യം. ഇപ്പം ഞാൻ തന്നെ പല പേരുകളിൽ അഞ്ചാറു നല്ല കമന്റ് ആദ്യമേ അങ്ങ് കയറ്റും. പിന്നെ ഒരു വിമർശനം കിട്ടിയാൽ എനിക്ക് പുല്ലാ. 

സ്കൂളിൽ പഠിച്ചിട്ടുണ്ട് സിന്ധു നദീതടം നമ്മടെ സംസ്കാരത്തിന്റെ തൊട്ടിലാരുന്നെന്നോ മറ്റോ. ഞാൻ പറയുന്നു അമേരിക്കയാണ് മലയാള സാഹിത്യത്തിന്റെ തോട്ടിലെന്ന്.

ഒരു ഭാര്യ 2014-04-30 13:40:56
വിദ്യാധരൻ മാഷ്‌ പറഞ്ഞതിനോട് ഞാൻ തികച്ചും യോചിക്കുന്നു. എഴുത്തുകാർക്ക് കാട്ടിലും മുറിയിലും ഒക്കെ കേറി ഇരുന്നു എഴുതി അവാർഡു മതിയല്ലോ? അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ഒന്നും അറിയേണ്ട. വാത്മീകി ചെയ്യതതും അത് തന്നെ. അങ്ങേരുടെ ഭാര്യേം കുഞ്ഞുങ്ങളെക്കുറിച്ച് രാമായണത്തിൽ എവിടെങ്കിലും പറഞ്ഞിട്ടുണ്ടോ? ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? ഒരു പക്ഷെ കുഞ്ഞുങ്ങളെ പോറ്റി പുലർത്താൻ ഭാര്യ വേശ്യവൃത്തിക്ക് പോയിക്കാണും. ആരും നോക്കാനും പറയാനും ഇല്ലാത്തതുകൊണ്ട് പിള്ളാരു അച്ഛനേക്കാളും വലിയ പിടിച്ചു പറിക്കാരായിരിക്കും? വാത്മീകിയുടെ മക്കളെകൊണ്ട് നാട്ടുകാര് പൊറുതിമുട്ടികാണും. നാട്ടുകാരും വീട്ടുകാരും മുടിഞ്ഞാൽ എന്നാ രാമായണം വായിചൊന്ദിരിക്കാമെല്ലൊ? ഋഷിമാർക്ക്‌ ഭാര്യേം പിള്ളാരും ഉണ്ടായിരുന്നോ എന്ന് അറിയില്ല. ഒരു പക്ഷെ കുറെ ഒക്കെ പോക്രിത്തരം കാണിച്ചു മടുത്തപോൾ അവന്മാരും കാട് കേറിയാതായിരിക്കും? എന്തായാലും പ്രകൃതിക്ക് ഈ കാട്ടി കേറിയിരുന്നു പുസ്തകം എഴുതുന്നതിനോട് അത്ര താത്പര്യം ഉണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടായിരിക്കാം അഗ്നി ഭഗവാൻ ഇടയ്ക്കു കാടിന് തീ കൊളുത്തി ഇവന്മാരെ പുറത്തു ചാടിക്കുന്നത്. അല്ല! ഒന്ന് ഓർത്ത്‌ നോക്കിക്കേ ഓരോ അവന്മാര് വരുത്തി വയുക്കുന്ന വിന! സാധു മൃഗങ്ങളെപ്പോലും ജീവിക്കാൻ അനുവദിക്കില്ല! അതുകൊണ്ട് കാടിന് തീ കൊളുത്തിയോ കാട് അടക്കം വേദി വച്ചോ ഇവന്മാരെ പുറത്തു ചാടിക്കണം. ഇനി സാഹിത്യകാരന്മാർ വെളിചെട്ടു ഇരുന്നു എഴുതിയാൽ മതി! ഇവന്മാര് എന്താവാ ഈ എഴുതുന്നത്‌ എന്ന് ഞങ്ങളും ഒന്ന് കാണട്ടെ?
Andrew 2014-04-30 16:25:22
The author of this article could have been sleeping like Rip Van winkle. He has proven that he has no clue about the current Malayalam literature being published in US,Canada, UK. Please read a few news papers like Kairali, e-malayalee. You will realize how far you are from truth. Get a copy of the brilliant book shown above. Also read the comments of Vidhyadharan, Anthapan and so on in e-malayalee. It seems you did not write this of your own. Some one wants to blow their trumpet or used you. What ever may be it is very pathetic and reveals the author's ignorance.
Vasudev Pulickal 2014-04-30 16:38:28
കാടടച്ച് വെടിവയ്ക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ആരുടെ രചനകൾ മോശമാണൊ അത് തുറന്നു പറയാനുള്ള മനസ്സുരപ്പ് വിമർശകനു വേണം. കാടടച്ച് വെടിവയ്ക്കാൻ ആര്ക്കും സാധിക്കും. അമേരിക്കൻ മലയാള സാഹിത്യം മുഴുവൻ ദുഷിച്ചതാണു എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്.

വാസുദേവ് പുളിക്കൽ
വിചാരവേദി പ്രസിടന്റ്റ്.
മുന് ലാന പ്രസിടന്റ്റ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക