Image

പാലാ പുതിയ ജെറുശലേം (ചാക്കോ കളരിക്കല്‍)

Published on 04 March, 2014
പാലാ പുതിയ ജെറുശലേം (ചാക്കോ കളരിക്കല്‍)
ഈ ഫെബ്രുവരി 12 1 3 തീയതികളില്‍ പാലാപ്പട്ടണത്തില്‍വെച്ചു നടന്ന സി. ബി. സി. ഐ. സമ്മേളനത്തില്‍ കേരളധനകാര്യമന്ത്രി ശ്രീ. കെ. എം. മാണി പാലായെ പുതിയ ജെറുശലേമായി വിശേഷിപ്പിച്ചെന്നു കേട്ടു. പാലാ ഇന്ത്യയിലെ വത്തിക്കാനോ പുതിയ ജെറുശലേമോ എന്തുമായിക്കൊള്ളട്ടെ, കുറെക്കാലം ഞാനും പാലാരൂപതാംഗമായിരുന്നതിനാല്‍ പാലായുടെ ഈ പുതിയ വിശേഷണങ്ങള്‍ എന്റെ കാതുകള്‍ക്കും ഇമ്പം തന്നു. എങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന, ഒളിപ്പിച്ചുവെച്ചിരിക്കുന്ന കപടാഹന്തയെയും ആഡ്യത്തത്തെയും ഞാന്‍ തിരിച്ചറിഞ്ഞു. കൂടാതെ കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനക്കാരുടെ സന്ധിയില്ലാ സമരത്തിന് പുത്തന്‍ ഒരുണര്‍വ്വും സോഷ്യല്‍ മീഡിയായില്‍ കാണാനും കഴിഞ്ഞു.
സഭാംഗങ്ങളുടെ കോടിക്കണക്കിനുവരുന്ന രൂപ ദുര്‍വ്യയം ചെയ്ത് പെരുമ്പറകൊട്ടി വളരെ ആര്‍ഭാടമായി നടത്തിയ ആ സമ്മേളനം രാഷ്ട്രീയ ശക്തികളുമായുള്ള അവിഹിതബന്ധത്തെ അരക്കിട്ടുറപ്പിക്കാനേ ഉപകരിച്ചൊള്ളുയെന്ന് വ്യക്തം. വന്‍പിച്ച പോലീസ് സന്നാഹത്തോടെ സമ്മേളിച്ച ഈ അഖില ഭാരത മെത്രാന്‍ സിനഡ് (187 മെത്രാന്മാര്‍) സഭാസമൂഹത്തിന്റെ അടിയന്തിര പ്രശ്‌നങ്ങളെ പഠിച്ച് പുരോഗമനപരമായ നീക്കങ്ങള്‍ നടത്താന്‍ സഭാധികാരം അമ്പേ പരാജയപ്പെട്ടന്ന് സമ്മേളന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരിയായ ആദ്ധ്യാത്മികത്വത്തിന്റെ പാപ്പരത്വം നിറഞ്ഞ ഇവര്‍ക്ക് എണങ്ങരുടെ (മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ ഉദയമ്പേരൂര്‍ സൂനഹദോസിന് മുന്‍പ് വിളിച്ചിരുന്നത് എണങ്ങര്‍ എന്നായിരുന്നു) ഇടയിലേക്കിറങ്ങിവന്ന് അവരുടെ വേവലാതികളും ആവലാതികളും കേള്‍ക്കാന്‍ ഭയമാണെന്ന് ഈ സമ്മേളനം തെളിയിച്ചുകഴിഞ്ഞു. സാധാരണക്കാരായ എണങ്ങരുടെ ചിന്താശക്തിക്ക് കടിഞ്ഞാണിടുക, പുരോഹിത നേതൃത്വം കല്പ്പിക്കുന്നതുപോലെ ചെയ്യുക, മാനസീക അടിമത്തം അടിച്ചേല്‍പ്പിക്കുക, ജനായത്ത മൂല്ല്യമോ സാമാന്യ മര്യാദയോ ഇല്ലാതെ പെരുമാറുക തുടങ്ങിയ സഭാധികാരികളുടെ ഭരണതന്ത്രങ്ങള്‍ ഇന്ന് വളരെ സ്പഷ്ടമാണ്. സര്‍ക്കാരിന് സമാന്തരമായ അധികാര വിനിയോഗ വ്യഗ്രതയാണ് സഭയുടെ ലക്ഷ്യമെന്ന് ഇതില്‍നിന്നൊക്കെ വ്യക്തം. രാജസിംഹാസനങ്ങള്‍ തട്ടിമറിക്കപ്പെട്ടു; ജെറുശലേം ദേവാലയം കല്ലില്‍മേല്‍ കല്ലുശേഷിക്കാതെ നശിച്ചു എന്നൊന്നും ഹൃദയകാഠിന്യം നിറഞ്ഞ ഈ മേല്പ്പട്ടക്കാര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നില്ല.
മെത്രാന്മാരുടെ ചെണ്ട മെത്രാന്മാരും അവരുടെ അനുചരരും കൂടി കൊട്ടിഘോഷിക്കുന്ന ഏര്‍പ്പാട് ക്രിസ്തീയമല്ല. അതേസമയം അനുഭവപ്രജ്ഞരും വിവേകശാലികളും സഭാനവീകരണ ലക്ഷ്യംവെച്ച് നിരന്തരം മനനം ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന എണങ്ങരുടെ കത്തു കിട്ടിയാലും മെമ്മോറാണ്ഡം കിട്ടിയാലും അവഗണിക്കുകയും വാക്കുപറഞ്ഞാല്‍ പാലിക്കാതിരിക്കുകയും ചെയ്യുന്ന 'മെത്രാന്‍മൌന' മാണ് അവരില്‍നിന്നും എല്ലാവര്‍ക്കും ഉള്ളത്. വലിയവരെന്ന് സ്വയം ചിന്തിക്കുന്ന ഇവര്‍ ഇതുംകൂടിയാലേ വലിപ്പം പൂര്‍ണ്ണമാകുകയൊള്ളു എന്ന് ധരിച്ചതുപോലെയുണ്ട്. കാര്യത്തെ പഠിച്ച് ഉടനടി മറുപടി അയക്കുന്നതല്ലേ വലിപ്പം. വലിപ്പം എന്നത് അതല്ലേ? തെറ്റ് സംഭാവിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു എന്നുകൂടി മറുപടിയില്‍ എഴുതുന്നതല്ലേ മഹത്വം. മഹത്വം 'മുഴുത്തവന്‍' നടിച്ച് നടക്കുന്നതല്ല. പോപ്പ് ഫ്രാന്‍സിസിനെപ്പോലെ സാധാരണക്കാരുടേയും ദരിദ്രരുടേയും ഇടയിലേയ്ക്കിറങ്ങിച്ചെന്ന് അവരെ മനോഹരമായി കീഴടക്കുന്നതിലാണ് മഹത്വം. ഇന്ന് നമുക്ക് രാജവേഷധാരികളായ മൂപ്പന്മാരുണ്ട്. പക്ഷെ, വ്യക്തി മഹത്വത്തിന്റെ ഹൃദയാനുഭവം ഉണ്ടാകുന്ന വലിയ ജീവികല്‍ ഇവരുടെ ഇടയില്‍ തുച്ഛം എന്ന് പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.
സഭാനവീകരണ ആശയത്തിന്റെ തലയില്‍ പര്‍ദ്ദയിടുന്ന ഈ മെത്രാന്മാര്‍ക്ക് വെറുതേ കിടന്ന് ഉറങ്ങാനും ഉരുളാനും ഉള്ള സ്ഥലമല്ല രൂപത. മെത്രാന്‍ ചമഞ്ഞു നടക്കുന്നവരെ സൃഷ്ടിക്കാന്‍ സാധിക്കും. പക്ഷെ, ഒരു യഥാര്‍ത്ഥ സഭാശുശ്രൂഷിയെ ആര്‍ക്കും സൃഷ്ടിക്കാന്‍ പറ്റില്ല. അയാള്‍ത്തന്നെ സൃഷ്ടിക്കണം. തങ്ങളുടെ കര്‍മ്മം ചെയ്യാന്‍ വൈമനസ്യം കാട്ടുന്ന മെത്രാന്മാര്‍ രോഗികളാണ്. കാരണം കര്‍മ്മം ചെയ്യാത്ത അവസ്ഥയാണ് രോഗം. എന്നാല്‍ തന്നത്താന്‍ വിസ്മരിച്ച് കര്‍മ്മം ചെയ്യുന്ന മെത്രാന് ജീവിതമാഹാത്മ്യത്തിന്റെ അടിസ്ഥാനമുണ്ട്. ജ്ഞാനത്തിന്റ്റേയും സുകൃതങ്ങളുടേയും ജലസേചനപദ്ധതി നടപ്പിലാക്കേണ്ട ഇവര്‍ വെണ്‍കൊറ്റക്കുട ചൂടിയും സ്തുതിപാഠകരാല്‍ വലയംചെയ്തും വൃദ്ധകേസരികളായി കഴിയുന്നു. ചെറിയ മനുഷരായിരിക്കുന്നതല്ലേ വലിപ്പം. ലോക സാധാരണ വികാരിമാരായിരിക്കുന്ന ഇവര്‍ എണങ്ങരില്‍നിന്നും ഒന്നും മനസ്സിലാക്കാനില്ല എന്ന ദാര്‍ഷ്ട്യത്തിലാണ്. അവരുടെ ആദര്‍ശച്യുതിയെ ചോദ്യം ചെയ്യുന്നവരുടെ കത്തുകള്‍ക്ക് മറുപടി അയയ്ക്കുക എന്ന സാമാന്യ ലോകമര്യാദപോലും പാലിക്കാത്തത് അതുകൊണ്ടല്ലേ?
സാധുജനസേവനം ദൈവത്തിന്റ്റെ പ്രിയപ്പെട്ട മക്കളാകുമെന്നുള്ള തിരിച്ചറിവ് ഇവര്‍ക്കില്ലെന്നും ഇവരുടെ പ്രവൃത്തികള്‍ കണ്ടാല്‍ തോന്നും. അധികാരവും ധനവും കീര്‍ത്തിയും ഉപയോഗിച്ച് തങ്ങള്‍ക്ക് സുഖിക്കാനായി കനകാസനങ്ങളും മെഗാദേവാലയങ്ങളും പണിയാന്‍ മുതിരുമ്പോള്‍ തങ്ങളുടെ രൂപതയിലെ ദരിദ്രര്‍ക്ക് (അവര്‍ ഏതു മതസമൂഹത്തില്‍പ്പെട്ടവരായാലും) വീടും കട്ടിലുമുണ്ടോയെന്ന് തിരക്കാറില്ല. പാവങ്ങളില്‍ ദൈവത്തെ കാണാത്ത ഇവരില്‍ ദൈവചൈതന്യമുണ്ടോ? ഭക്തിപ്രകടനങ്ങള്‍ ദൈവസ്‌നേഹമാകുന്ന ദൈവശാസ്ത്രം മിനച്ചുണ്ടാക്കുന്ന ഇവരില്‍നിന്നും ദൈവം ഒളിച്ചോടുമെന്ന് തീര്‍ച്ച. ഇക്കഴിഞ്ഞ മെത്രാന്‍സിനഡിനെ മുന്‍കണ്ടുകൊണ്ടുതന്നെ പലപല കോടികള്‍ മുടക്കി പാലായില്‍ പണിതീര്‍ത്ത അല്‌ഫോന്‍സിയന്‍ പാസ്‌റ്റൊറല്‍ ഇന്‍സ്റ്റിറ്റിയുട്ട് (അഹുവീിശെമി ജമേെീൃമഹ കിേെശൗേലേ) ഇതിന് ഉദാഹരണമാണ്. ഈ സ്ഥാപനത്തില്‍ യേശുസാന്നിദ്ധ്യമുണ്ടായി വിശുദ്ധീകരിക്കപ്പെടുമോ? സമ്പന്നരാജ്യമായ അമേരിക്കയില്‍പ്പോലും മെത്രാന്‍ സിനഡുകള്‍ കൂടുന്നത് ഹോട്ടലുകള്‍ വാടകയ്‌ക്കെടുത്താണന്നു കേള്‍ക്കുമ്പോള്‍ കോടാനുകോടി ദരിദ്രകുടുംബങ്ങളുള്ള ഇന്ത്യയില്‍ ഇത്ര ഭീമാകാരമായ ഒരു കെട്ടിടം പണിതത് ഒരു വിരോധാഭാസമല്ലേയെന്ന് കൊച്ചുകുട്ടികള്‍പോലും ചിന്തിക്കയില്ലേ? സിനഡുറിപ്പോര്‍ട്ടില്‍പ്രകാരം അനീതിക്കെതിരായി ശബ്ദമുയര്‍ത്താന്‍ മെത്രാന്മാര്‍ തീരുമാനിച്ചെത്രേ (ുമൃമ. 5. ശശ ). രണ്ടാം വത്തിക്കാന്‍ കൌണ്‍സിലിലെ പ്രമാണരേഖപോലും ഉദ്ധരിക്കുന്നു! സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാനായി തങ്ങള്‍ എന്തോ വലിയ കാര്യങ്ങള്‍ ചെയ്തുകൂട്ടി എന്നു കാണിക്കാനതുതകുമെന്നുമാത്രം. ആത്മാര്‍ത്ഥത എന്നു പറയുന്നത് ഈ റിപ്പോര്‍ട്ടില്‍ തൊട്ടുതേച്ചിട്ടില്ല. ഇതാ അതിന് വേറൊരുദാഹരണം കൂടി. എണങ്ങരുടെ ആവലാതികള്‍ക്ക് ഒരു മറുപടിപോലും നല്കാത്ത ഇവര്‍ അല്‌ഫോന്‍സിയന്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍വെച്ച് പ്രഖ്യപിച്ചിരിക്കുന്നത്രേ ദൈവജനത്തിന്റ്റെ ദൈവദത്തമായ കഴിവുകളെ ഊറ്റിയെടുക്കുമെന്നും അവരെ സ്രവിക്കുമെന്നും പാസ്റ്ററല്‍ കൌണ്‍സിലുകള്‍ എല്ലാരൂപതകളിലും സ്ഥാപിക്കുമെന്നും (ുമൃമ 5. ശശശ). എന്താ പോരേ പൂരം! രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ തീരുമാനിച്ച പാസ്റ്ററല്‍ കൌണ്‍സില്‍ പാശ്ചാത്യരൂപതകളില്‍ പത്തന്‍പതുവര്‍ഷം മുന്‍പ് നടപ്പാക്കി. അതിതാ ഇന്ത്യന്‍ സഭയില്‍ നടപ്പിലാക്കാന്‍ മെത്രാന്മാര്‍ പ്രതിജ്ഞാബദ്ധരാകുന്നുപോലും! ഇതില്‍പ്പരം ഒരു പുകില് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
ഞാനൊന്നു ചോദിക്കട്ടെ. ഈ മെത്രാന്‍ ശുശ്രൂഷിക്കുന്ന സഭാമക്കള്‍ എന്തുകൊണ്ടാണ് ഇവരുടെ നിത്യാരാധകരാകാത്തത്? ഒരു മേത്രാന്റ്റെ മനസ്സിന് നിരവധി ജനാലകളും വാതിലുകളും വേണം. പണ്ട് ജോണ്‍ 23 മന്‍ മര്‍പ്പാപ്പ വത്തിക്കാന്റെ ആനവാതില്‍ തുറന്നതോര്‍മ്മിക്കുന്നില്ലേ? ജനാലകളും വാതിലുകളും തുറന്നിട്ടാലേ പ്രകാശരശ്മികള്‍ ഉള്ളിലെക്കു കടക്കു. മെത്രാന്റെ മനസ്സ് മറവിയുടെ നിലവറയും ഓര്‍മ്മകളുടെ പത്താഴവുമാകണം. എന്നുവെച്ചാല്‍ മറ്റുള്ളവരില്‍നിന്നുള്ള വിമര്‍ശനബുദ്ധിമുട്ടുകളെ മറക്കുകയും അതിനുള്ള നിവാരണമാര്‍ഗ്ഗങ്ങളെ കണ്ടുപിടിക്കുകയും വേണം. സംന്യാസം, യോഗം, തപസ്സാദികളില്‍ മെത്രാന്മാര്‍ ശോഭിക്കേണ്ടതാണ്. എന്നാല്‍ അവരെ പ്രലോഭിപ്പിക്കുന്നത് അധികാരം, സമ്പത്ത്, പദവി തുടങ്ങിയവകളാണ്. അതുകൊണ്ടല്ലേ ഒരു മെത്രാന്‍ മെത്രാപ്പോലീത്തയാകാന്‍ ശ്രമിക്കുന്നത്. ഇത്തരം മോഹങ്ങളാണ് മാനുഷീകനേട്ടങ്ങളായി ഇവര്‍ കാണുന്നത്. കൈയ്യില്‍ പിച്ചപാത്രവും ശംഖുമായി നടക്കുന്ന പളനിസ്വാമിമാരായ ആണ്ടിപ്പണ്ടാരങ്ങള്‍ നാണിച്ചുപോകും നേര്‍ച്ചപ്പെട്ടിയിലേക്കുള്ള ഇവരുടെ നോട്ടം കണ്ടാല്‍. പട്ടുളോഹയും അരപ്പട്ടയും കൂന്താന്‍തൊപ്പിയുമൊന്നും മനുഷ്യനെ രക്ഷിക്കുകയില്ലെന്നും സര്‍വ്വചരാചരങ്ങളോടുമുള്ള ദയയും കരുണയുമേ രക്ഷക്കുണ്ടാവുകയുള്ളൂവെന്നുള്ള യേശുദേവാന്റെ ലളിതമായ ഉപദേശത്തെ ഇവര്‍ എന്തുകൊണ്ട് തിരസ്‌ക്കരിക്കുന്നു? മരിച്ചുകഴിഞ്ഞുള്ളകാര്യം അവാച്യങ്ങളായ സങ്കല്പങ്ങളാണെങ്കിലും എത്ര ഉറപ്പോടെയാണ് മരണാനന്തര ജീവിതത്തെപ്പറ്റി ഇവര്‍ പ്രസംഗിക്കുന്നത്. ആരാധനാലയങ്ങളെവിട്ട് പുറത്ത് പാവങ്ങളെത്തേടി ചെല്ലാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. സഭാസേവനത്തിന്റെ പ്രഭാപൂരത്തില്‍ മയങ്ങിക്കിടക്കുന്ന ഇവര്‍ക്ക് അഴിമതി, തട്ടിപ്പ്, ബാലപീഠനം തുടങ്ങിയ പാതകങ്ങള്‍ അന്യമല്ലാതായിരിക്കുന്നു. അര്‍ഹതപ്പെട്ട കൂദാശകള്‍ക്കായി പള്ളിവാതില്‍ മുട്ടുമ്പോള്‍ കൃത്രിമ തടസ്സങ്ങള്‍ ഉന്നയിച്ച് തക്കം നോക്കി പള്ളിക്കായി നാലുകാശുണ്ടാക്കുന്നതാണ് പള്ളിഭരണാധികാരികളുടെ ശൈലി. ഇത് സാധാരണക്കാരന്റെ പണം മോഷ്ടിക്കലല്ലേ? രോഗം ബാധിച്ച ദുഷിച്ച മനസ്സിന്‍ന്റെ ഉടമകളാണ് നമ്മുടെ പള്ളിമേധാവികള്‍. ഉലകം മുഴുവന്‍ ഇവര്‍ ചുറ്റിനടന്നിട്ടും ഇവര്‍ക്ക് പ്രാഥമിക മര്യാദ അറിയാന്‍ പാടില്ലന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു. രാജാക്കന്മാരുടെ രാജാവായി ഈ ദുനിയാവില്‍ വാഴുന്ന ഇവര്‍ക്ക് നമ്മെ അടിമകളാക്കി ഭരിച്ചാല്‍ മതി. ജീവിത ലാളിത്വം, പാവങ്ങളുടെ പക്ഷത്തുനിന്നും ചിന്തിക്കാനുള്ള മനോഗതി, ആഡംബരങ്ങളിലുള്ള വൈമുഖ്യം തുടങ്ങിയ ഗുണങ്ങള്‍ ഇവരെ തൊട്ടുതേച്ചിട്ടില്ല.
വിശ്വാസികളെ പാപമാര്‍ഗ്ഗങ്ങളില്‍ നിന്നു തിരിച്ചെടുത്ത് സാന്മാര്‍ഗ്ഗ്യത്തിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന തൊഴിലായിരിക്കണം മെത്രാന്‍ന്റെയും ശുശ്രൂഷാപുരോഹിതരുടെയും. അവനവന്റെ ആഗ്രഹപൂര്‍ത്തിക്ക് ഈശ്വരനുമായുളള ഇടപെടലാണ് ഭക്തി എന്ന് ധരിക്കുന്നവര്‍ ധാരാളമുണ്ട്. അത് അന്ധവിശ്വാസമാണ്. ഇതിനെ ഊട്ടിവളര്‍ത്തുന്ന ഭക്ത്യാഭ്യാസങ്ങള്‍ പുതുമതോന്നിക്കുംവിധം സഭയില്‍ പ്രചരിപ്പിക്കുന്നു. ഓരോ കാലഘട്ടത്തിലും ഇത്തരം വികലാഭ്യാസങ്ങള്‍ സഭയില്‍ പ്രത്യക്ഷപ്പെടാറുണ്ട്, അറിവുള്ളവരുടെ അധ:പതനമായ 'അഭിഷേകാഗ്‌നി' പോലെ. വിശ്വാസികളോടുള്ള അടിസ്ഥാനവികാരം മെത്രാന്മാര്‍ക്കും വൈദികര്‍ക്കും വേണ്ടത് സ്‌നേഹവും കരുണയും ദയയുമായിരിക്കണം. വിശ്വാസികളെ ശുശ്രൂഷിക്കണമെങ്കില്‍ യേശുവിനെമാത്രം അറിഞ്ഞാല്‍ പോര യേശുഅനിയായികളായ ദൈവജനത്തേയും അറിയണം. അപ്പോള്‍ എണങ്ങരെ അഭിമുഖീകരിക്കേണ്ടിവരുമ്പോള്‍ സഭാമേധാവികള്‍ ഒരുതരം ഉലക്കവിഴുങ്ങികളാകുകയില്ല.
യേശു പരമമായ സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ മതപുരോഹിതര്‍ അസത്യങ്ങള്‍ ചമച്ച് അന്ധവിശ്വാസത്തിലധിഷ്ടിതമായ പള്ളിയെ പണുതു. വിശ്വാസികളെന്നും അവിശ്വാസികളെന്നും അവര്‍ ജനങ്ങളെ വേര്‍തിരിച്ചു. വിശ്വാസികളുടെമേലുള്ള സഭാധികാരികളുടെ സ്വാധീനശക്തിയെ തങ്ങളുടെ രാഷ്ട്രീയ വിശ്വാസ വിജയത്തിന് അവര്‍ ഉപകരിക്കുന്നു. അങ്ങനെ അന്ധവിശ്വാസം രാഷ്ട്രീയത്തെയും ദുഷിപ്പിക്കുന്നു. മനുഷരില്‍ ശാസ്ത്രീയമായ കാഴ്ച്ചപ്പാട്, അന്വേഷണത്വര, പരിഷ്‌ക്കരണേച്ഛ തുടങ്ങിയവ ഊട്ടിവളര്‍ത്തേണ്ട ഇവര്‍ അതിനു വിപരീതമായി പെരുമാറുന്നു. സ്വന്തം സമൂഹം അന്ധവിശ്വാസത്തില്‍ മുങ്ങിമരിച്ചാലും തങ്ങള്‍ക്ക് ഗുണം എന്ന തത്വത്തില്‍ മാത്രം വിശ്വസിക്കുന്ന ഇവര്‍ സത്യത്തില്‍ മതദ്രോഹികളാണ്. ഈശ്വരജ്ഞാനത്തെ അനുഭൂതിയുടെ തലത്തില്‍ അറിയേണ്ടതിനുപകരം ആചാരാനുഷ്ഠാനങ്ങളുടെ രൂപത്തിലാണ് മതങ്ങളൊക്കെ അവതരിപ്പിക്കുന്നത്. വിശുദ്ധഗ്രന്ഥംപോലും പൌരോഹിത്യദൃഷ്ടിയിലൂടെയല്ലാതെ മാനവദര്‍ശനത്തില്‍കൂടി കാണാന്‍ സാധാരണക്കാരനെ സഭ അനുവദിക്കാത്ത അവസ്ഥയിലാണ്.
അധികാരക്കൊതിയിലും ധനസമ്പാദനവ്യഗ്രതയിലും സുഖലോലുപജീവിതത്തിലും മുങ്ങിപ്പൊങ്ങുന്ന അഭിഷിക്തരിലെ വിഴുപ്പലക്കലാണ് ഉദ്ദേശമെന്ന് എന്റെ ഒരു പുസ്തകത്തിലെ ആമുഖത്തില്‍ ഞാനെഴുതിയത് ഇപ്പോള്‍ ഓര്‍മ്മിക്കുന്നു. സഭാധികാരികളെ വിമര്‍ശിക്കുന്നതില്‍ ഞാനൊരിക്കലും പിശുക്കുകാണിച്ചിട്ടില്ല. അത് ഒരു ക്രിസ്ത്യാനിയുടെ കടമയും കൂടിയാണന്ന് ഞാന്‍ കരുതുന്നു. ഫ്രാന്‍സിസ് പാപ്പ പറയുന്നതും അതുതന്നെ. സഭാനവീകരണത്തിന്റെ പ്രസക്തിയെപ്പറ്റി ഞാന്‍ കുറെ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചപ്പോള്‍ എന്നെ ഏറെ സ്‌നേഹിക്കുന്ന ചിലവ്യക്തികളും എന്റെ കുടുംബക്കാരും എന്നെ കാര്യമായി വിമര്‍ശിച്ചു. അതില്‍ എനിക്ക് പരാതിയില്ല. സത്യം പറയട്ടെ. ഞാനിന്നും ജീവിതോല്ലാസം അനുഭവിക്കുന്നു. ഞാന്‍ ജനിച്ചുവളര്‍ന്ന, ഞാന്‍ സ്‌നേഹിക്കുന്ന സഭയെ നന്നാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു എന്ന രമണീയസ്മരണകളാണ് ആ സംതൃപ്ത്തിക്കുകാരണം. ഡച്ചുമെത്രാന്മാര്‍ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ അവരുടെ രാജ്യമായ ഹോളണ്ടിലെ (ഒീഹഹമിറ മിറ മഹീെ രമഹഹലറ ഠവല ചലവേലൃഹമിറ)െ മൂന്നില്‍ രണ്ടു പള്ളികളും 2020ഓടെ അടച്ചുപൂട്ടുമെന്ന് മാര്‍പ്പാപ്പയെ ധരിപ്പിക്കുകയുണ്ടായി. ആ ഗതികേട് മലങ്കര നസ്രാണി കത്തോലിക്കാ സഭക്ക് ഭാവിയില്‍ സംഭവിക്കാതിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക