Image

തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ട ജനതയോടുള്ള ആത്മാര്‍ത്ഥത തെളിയിക്കണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍

Published on 14 February, 2014
 തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ട ജനതയോടുള്ള ആത്മാര്‍ത്ഥത തെളിയിക്കണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: 2013 നവംബര്‍ 13ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി സംരക്ഷണ നിയമം 1986-ലെ5-ാം വകുപ്പുപ്രകാരം  പുറപ്പെടുവിച്ചിരിക്കുന്ന നോട്ടിഫിക്കേഷനിലുള്ള 4156 പരിസ്ഥിതിലോല പ്രദേശങ്ങളുടെ കാര്യത്തില്‍ ജനവാസ വില്ലേജുകളെ ഒഴിവാക്കിക്കൊണ്ട് തെരഞ്ഞെടുപ്പു വിജ്ഞാപനത്തിനുമുമ്പ് പുനര്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കുകയോ നവംബര്‍ 13-ലെ നോട്ടിഫിക്കേഷന്‍ മരവിപ്പിക്കുകയോ ചെയ്ത് പശ്ചിമഘട്ട ജനതയോടുള്ള യുപിഎ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത തെളിയിക്കണമെന്ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. 

    മാര്‍ച്ച് 24നു മുമ്പ് ഗ്രീന്‍ ട്രൈബ്യൂണലില്‍ കേന്ദ്രസര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലുള്ള അന്തിമ തീരുമാനം വ്യക്തമാക്കുവാന്‍ ബാധ്യസ്ഥമാണ്.  ഇതിനു മുമ്പായി ഭാരതത്തില്‍ പൊതുതെരഞ്ഞടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സാധ്യതയേറുന്നു.  നിലവിലുള്ള നോട്ടിഫിക്കേഷനില്‍ ഉടന്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെങ്കില്‍ ഗ്രീന്‍ട്രൈബ്യൂണല്‍ മുമ്പാകെയും നിയമപരമായും നവംബര്‍ 13ലെ നോട്ടിഫിക്കേഷന്‍ നിലനില്‍ക്കുകയും കേരളത്തിലെ ജനവാസകേന്ദ്രങ്ങള്‍ പരിസ്ഥിതിലോലമായി മാറുകയും ചെയ്യും. 

    കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍തന്നെ ഒരു ചതുരശ്രകിലോമീറ്ററില്‍ 100ല്‍ താഴെ ജനവാസമുള്ള സ്ഥലങ്ങള്‍ മാത്രമേ പരിസ്ഥിതിലോലമാക്കാവൂ എന്ന് വ്യക്തമായി സൂചിപ്പിക്കുമ്പോള്‍ ഇതിനെ അട്ടിമറിക്കാന്‍ ചിലകേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ക്രൂരതയാണെന്ന് വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. 

    കേന്ദ്രസര്‍ക്കാര്‍ മുമ്പ് പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ജനജീവിതം എപ്രകാരമെന്ന് പഠിക്കുവാന്‍ രാഷ്ട്രീയ പരിസ്ഥിതി പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ തയ്യാറാകണം.  പരിസ്ഥിതിലോല പ്രദേശമായി തുടരുന്ന മഹാരാഷ്ട്രയിലെ മഹാബലേശ്വര്‍, പഞ്ചഗണി എന്നിവിടങ്ങളിലെ ദൂസഹമായ ജനജീവിതം കേരള സമൂഹത്തിനു മുമ്പില്‍ ഉദാഹരണമായി നിലനില്‍ക്കുന്നു.  പരിസ്ഥിതിലോലം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവുകള്‍ നിലനില്‍ക്കുമ്പോള്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ നല്‍കുന്ന ഉറപ്പുകളും വാഗ്ദാനങ്ങളും മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും മനുഷ്യജീവന്റെ സംരക്ഷണത്തിനായുള്ള ഭാരത കത്തോലിക്കാ സഭയുടെ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണെന്നും  അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
 
ഷൈജു ചാക്കോ
ഓഫീസ് സെക്രട്ടറി



 തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ പശ്ചിമഘട്ട ജനതയോടുള്ള ആത്മാര്‍ത്ഥത തെളിയിക്കണം: ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍
Join WhatsApp News
RAJAN MATHEW DALLAS 2014-02-14 07:25:29
30 ഡിഗ്രി ചെരുവിൽ ഇപ്പോൾ നടക്കുന്ന ഏലവും മറ്റു കൃഷികളും, അതിനു ഉപയോഗിക്കുന്ന കൊടും വിഷവും രാസവളവും ഓരോ മഴക്കും താഴേക്ക് ഒഴുകി കുടിവെള്ളത്തിൽ ലയിച്ചു, കാൻസർ പോലുള്ള തീരാവ്യാധികൾ പടർത്തി, തലമുറകലെതന്നെ ഇല്ലാതാക്കിയത് താന്ഗ്ഗൾ അറിഞ്ഞില്ല എന്നുണ്ടോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക