Image

മന്ത്രിമാരെ പിന്‍വലിക്കുമെന്ന് മമതയുടെ ഭീഷണി

Published on 04 November, 2011
മന്ത്രിമാരെ പിന്‍വലിക്കുമെന്ന് മമതയുടെ ഭീഷണി
ന്യൂഡല്‍ഹി: പെട്രോള്‍ വില വര്‍ധിപ്പിച്ച നടപടി പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്‍വലിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ മുന്നറിയിപ്പ്.

 വിദേശ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി തിരിച്ചെത്തിയാലുടന്‍ തൃണമൂല്‍ എം.പിമാര്‍ അദ്ദേഹത്തെ കാണും. പ്രധാനമന്ത്രിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും അവര്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു. വില കൂട്ടിയ നടപടിയിലുള്ള പ്രതിഷേധവും ഞങ്ങളുടെ നിലപാടും കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജിയേയും ജയറാം രമേശിനേയും ഇതിനോടകം അറിയിച്ചിട്ടുണ്ട്. കൊല്‍ക്കത്തയില്‍ അടിയന്തിരമായി വിളിച്ചു ചേര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷമായിരുന്നു മമതയുടെ അന്ത്യശാസനം വന്നത്.

'ഞങ്ങളുടെ ഉത്തരവാദിത്വം ജനങ്ങളോടാണ്. കോണ്‍ഗ്രസിന്റെ പിന്തുണയില്ലാതെ ബംഗാളില്‍ ഭരണം നടത്താന്‍ അറിയാമെന്ന വെല്ലുവിളിയും മമതയുടെ ഭാഗത്ത് നിന്നുണ്ടായി. ബംഗാളില്‍ ഞങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ ആവശ്യമില്ല. യു.പി.എക്കുള്ളില്‍ നിശബ്ദരായിരുന്ന് ഏറെ സഹിച്ചു. ഇനി ഈ നില തുടരാനാകില്ല. 11 മാസത്തിനിടെ 12 തവണ വില കൂട്ടിയത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഞങ്ങളെ കാഴ്ചക്കാരാക്കി കേന്ദ്രത്തില്‍ ഭരണം തുടരാമെന്ന് ഇനി വ്യാമോഹിക്കേണ്ട. പല തീരുമാനങ്ങളും കൈക്കൊള്ളുന്നതിന് മുമ്പ് ഘടകകക്ഷികളുമായി കൂടിയാലോചിക്കാറില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

സപ്തംബര്‍ 15ന് പെട്രോള്‍ വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിച്ചപ്പോള്‍ തന്നെ ശക്തമായ പ്രതിഷേധം അറിയിച്ച മമത തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഭരണം ഘടകകക്ഷികളുടെ കൂടി പിന്തുണയോടെയാണെന്ന കാര്യം കോണ്‍ഗ്രസ് പലപ്പോഴും മറക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് സുദീപ് ബന്ധോപാധ്യായ യോഗത്തിന് മുമ്പ് പറഞ്ഞു. ഇതാദ്യമായല്ല ഘടകകക്ഷികളെ മുഖവിലയ്‌ക്കെടുക്കാതെ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വില വീണ്ടും വര്‍ധിപ്പിച്ച നടപടിയില്‍ യു.പി.എയിലെ മറ്റ് ഘടകകക്ഷികള്‍ക്കും അതൃപ്തിയുണ്ട്. വില കൂട്ടിയ നടപടിയിലുള്ള പ്രതിഷേധം പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് എന്‍.സി.പി നേതൃത്വം അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സും പ്രതിഷേധവുമായി പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക