Image

കേസരിയും കൃഷ്ണന്‍ നായരും (ഡി. ബാബുപോള്‍ )

ഡി. ബാബുപോള്‍ Published on 15 January, 2014
കേസരിയും കൃഷ്ണന്‍ നായരും (ഡി. ബാബുപോള്‍ )
കേസരിയും കൃഷ്ണന്‍ നായരും


യു.സി കോളജില്‍ പഠിക്കുന്ന 15കാരന്‍ പറവൂരില്‍ ബസിറങ്ങി ഏഴിക്കരയോളം നടന്ന് മാടവനപ്പറമ്പിലത്തെി കേസരിയെ നമസ്‌കരിച്ചു. ആ മുഖം ഇപ്പോള്‍ ഓര്‍മയിലത്തെുന്നു. കേസരി ഒന്നും മിണ്ടിയില്ല. എന്ത് മിണ്ടണം എന്ന് എനിക്കറിഞ്ഞുകൂടായിരുന്നു. ഒരു പാത്രം കട്ടന്‍കാപ്പി കിട്ടി. തറയിലിരുന്ന് അത് കുടിച്ചു. പിന്നെ ആ താടിയും ദൂരെയെവിടെയോ ഉടക്കിയ കണ്ണും നോക്കിയിരുന്നു. പിന്നെ, വീണ്ടും നമസ്‌കരിച്ചു. തിരിച്ചുനടന്നു.

രണ്ടു കൊല്ലം കഴിഞ്ഞ് തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോഴാണ് അന്ന് സംസ്‌കൃതകോളജില്‍ അധ്യാപകനായിരുന്ന കൃഷ്ണന്‍നായര്‍ സാറിനെ പരിചയപ്പെടുന്നത്. സംസ്‌കൃത കോളജിലെ സ്റ്റാഫ്‌റൂമില്‍ ചെന്ന് മുഖംകാണിക്കുകയായിരുന്നു. സാഹിത്യകൗതുകമുള്ള ഒരു എന്‍ജിനീയറിങ് വിദ്യാര്‍ഥി പതിവുകാഴ്ചയല്ലാത്തതിനാലാവാം സാറിന് എന്നോട് വാത്സല്യം തോന്നി എന്ന് എനിക്ക് തോന്നി.

അരനൂറ്റാണ്ടിനപ്പുറം തിരുവനന്തപുരം കുതിരവണ്ടികള്‍ ഓടിയിരുന്ന പട്ടണമാണ്. വൈകുന്നേരങ്ങളില്‍ തെരുവുകളിലൂടെ അലസമായി നടക്കാം. യൂനിവേഴ്‌സിറ്റി കോളജിന് എതിര്‍വശത്ത്, മലയാളം വകുപ്പിന്മുന്നില്‍, ഡോക്ടര്‍ രാഘവന്‍പിള്ള തുടങ്ങിയ കുറെ എഴുത്തുകാര്‍ കാണും. രാഘവന്‍പിള്ള സാറിനെ അടയാളപ്പെടുത്തിയ ബുഷ്‌കോട്ട്, ഊശാന്‍താടി, ചുരുട്ട് (?) എന്നിവയൊന്നും സാധാരണ ഭാഷാധ്യാപകര്‍ക്ക് പറഞ്ഞിട്ടുള്ളതായിരുന്നില്ല എന്നതിനാലാവാം ആ ചിത്രം മനസ്സില്‍ പതിഞ്ഞത്. മറ്റൊരു കൂട്ടം കോഫിഹൗസില്‍ ഉണ്ടായിരുന്നു. ആയുര്‍വേദ കോളജിനടുത്ത് എവിടെയോ നിന്ന് മാറിയശേഷം ആയിടെ പൊട്ടിപ്പോയ പാലാ ബാങ്ക് ശാഖയുടെ കെട്ടിടത്തില്‍ കോഫിഹൗസ് പ്രവര്‍ത്തിച്ചു തുടങ്ങിയ കാലം.

എന്‍ജിനീയറിങ് കോളജിലെയും യൂനിവേഴ്‌സിറ്റി കോളജിലെയും വിദ്യാര്‍ഥികളായിരുന്നു പതിവുകാരിലേറെയും. മൂന്ന് കൂട്ടം. വാളിസെറ്റ്, ജാടസെറ്റ്, ബുജിസെറ്റ്. അവരില്‍നിന്ന് അകന്ന് ജി. കുമാരപിള്ള സാര്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്നവര്‍. സെക്രട്ടേറിയറ്റിന്റെ തെക്കേ ഗേറ്റില്‍ പൊതുജനം കാര്‍ത്തികേയന്‍, സി. നാരായണപിള്ള തുടങ്ങിയവരുടെ മേജര്‍സെറ്റ് കഥകളി. ഇതിലൊന്നുംപെടാതെ ഒരു കുട, ഒരു മനുഷ്യന്‍, ഒരുകെട്ട് പുസ്തകങ്ങള്‍. ആ മനുഷ്യന്റെ പേനയെ ഭയപ്പെട്ടവരും ആ തൂലികക്ക് ഖഡ്ഗത്തേക്കാള്‍ മൂര്‍ച്ചയേറും എന്ന് അനുഭവിച്ചറിഞ്ഞവരും അദ്ദേഹം പുസ്തകങ്ങള്‍ ചുമക്കുന്നതേയുള്ളൂ, വേണ്ടത്ര വായിക്കുന്നില്ല എന്ന് പരിഹസിച്ചു. മറുപടി പറയാതെ വായനയില്‍ മുഴുകിയും എഴുത്തില്‍ തുടര്‍ന്നും അദ്ദേഹം വളര്‍ന്നുകൊണ്ടിരുന്നു. മരിക്കുമ്പോള്‍ മലയാളത്തിലെ നിരൂപകരുടെ രാജാവായിക്കഴിഞ്ഞിരുന്ന അദ്ദേഹം അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും പറഞ്ഞുകിട്ടിയാല്‍ മതി എന്ന അവസ്ഥയിലായി എഴുത്തുകാരില്‍ മിക്കവരും.
കേസരി ബാലകൃഷ്ണപിള്ളയുടെയും എം.പി. പോളിന്റെയും വഴിയെയാണ് കൃഷ്ണന്‍നായര്‍ നടന്നത്. അദ്ദേഹംതന്നെ ആ വരിഷ്ഠമാര്‍ഗത്തിന്റെ പ്രാധാന്യം വേണ്ടത്ര തിരിച്ചറിഞ്ഞില്‌ളെന്നതാണ് നിര്‍ഭാഗ്യമായത്. ലോകസാഹിത്യത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് മലയാളരചനകളെ വിലയിരുത്തുന്ന നിരൂപണങ്ങള്‍ ബാലകൃഷ്ണന്റെ കൗമുദി ആഴ്ചപ്പതിപ്പിലും പില്‍ക്കാലത്ത് സാഹിത്യവാരഫലം എന്ന പംക്തിയിലും എഴുതിയിടത്ത് നിര്‍ത്തേണ്ടയാള്‍ ആയിരുന്നില്ല അദ്ദേഹം.
ഇന്നുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്താണ് കൃഷ്ണന്‍നായര്‍ സാര്‍ അര്‍ജന്റീനയിലെ എഴുത്തുകാരുടെ നിയോഹ്യൂമനിസത്തെക്കുറിച്ചും ബുര്‍കിനാഫാസോയിലെ മോസി രാജവംശത്തെക്കുറിച്ചും നമുക്ക് പറഞ്ഞുതന്നത്. ആ അന്വേഷണത്തിന് തുനിഞ്ഞിറങ്ങിയ മനസ്സാണ് കേസരി ബാലകൃഷ്ണപിള്ളയുടെ ഓര്‍മ ഉണര്‍ത്തുന്നത്. ആ അന്വേഷണങ്ങളുടെ ഫലം പ്രയോജനപ്പെടുത്തി മലയാളത്തിലെ രചനകളെ വിലയിരുത്താന്‍ പോന്ന മാനകങ്ങള്‍ രൂപപ്പെടുത്തിയ മേധാശക്തിയാണ് എം.പി. പോളിന്റെ ഓര്‍മ ഉണര്‍ത്തുന്നത്.

കേസരിയെയും എം. കൃഷ്ണന്‍നായരെയും ചേര്‍ത്തുപറയുന്നത് പോംപെയെയും ഹെര്‍ക്കുലേനിയത്തെയും ചേര്‍ത്തുപറയുമ്പോലെയാണ് എന്നറിയാം. വെസൂവിയസ് പൊട്ടി ലാവ ചീറ്റിയപ്പോള്‍ നശിച്ച നഗരങ്ങളാണ് രണ്ടും. ഒരു പ്രാചീനറോമാനഗരത്തില്‍ പ്രതീക്ഷിക്കുന്നതെല്ലാം പോംപെയില്‍ ഉണ്ടായിരുന്നു. കുളിപ്പുരകള്‍, അമ്പലങ്ങള്‍, നാടകശാലകള്‍, പ്രസംഗവേദികള്‍, മദ്യശാലകള്‍, രാഷ്ട്രീയവും തെറിയും എല്ലാം പരാമര്‍ശിക്കുന്ന ചുവരെഴുത്തുകള്‍, വേശ്യാലയങ്ങള്‍. പണ്ട് ആ വേശ്യാലയങ്ങളില്‍ കയറി പണം കൊടുത്തതിലേറെ ആളുകള്‍ ഇന്ന് പണംകൊടുത്ത് അത് അകത്ത് കയറിക്കാണാന്‍ ക്യൂ നില്‍ക്കുന്നു എന്ന് ഒരു രസികന്‍ ഒരിക്കല്‍ പറഞ്ഞു. ഹെര്‍ക്കുലേനിയം അങ്ങനെയല്ല. ചെറിയ സ്ഥലം. പോംപെയില്‍ ഇരുപതിനായിരം ജനം. ഹെര്‍ക്കുലേനിയത്തില്‍ കഷ്ടിച്ച് അയ്യായിരം. എന്നാല്‍, പോംപെയുടെ ചരിത്രകാരി മേരി ബിയാഡ് ഹെര്‍ക്കുലേനിയത്തിലെ ശക്തതരമായ ചരിത്രമുദ്രകളെക്കുറിച്ച് പറഞ്ഞുതരുന്നുണ്ട്. ഭാവിയില്‍ ഗവേഷകര്‍ക്ക് പ്രയോജനപ്പെടുമാറാണ് പ്രകൃതി ഹെര്‍ക്കുലേനിയത്തെ ഉന്മൂലനം ചെയ്തത്. ഉരുപ്പടികള്‍ മാത്രമല്ല, ഒരു വലിയ പുസ്തകാലയം ഉണ്ടായിരുന്നു ആ ചെറിയ നഗരത്തില്‍. പത്തിരുനൂറ് കൊല്ലം മുമ്പ് ഗവേഷകര്‍ ധാരാളം പപ്പൈറസ് രേഖകള്‍ കണ്ടെടുത്തതായി ബിയാഡ് പറയുന്നു. എല്ലാം എപ്പിക്കൂറിയന്‍ സാഹിത്യം. തിന്നുക, കുടിക്കുക, അര്‍മാദിക്കുക (നാളെ അഗ്‌നിപര്‍വതം പൊട്ടും!).

അതേസമയം, ഹെര്‍ക്കുലേനിയത്തില്‍ രാഷ്ട്രീയം ഇല്ല. പോംപെയില്‍ വോട്ടുപിടിത്തം ഉണ്ടായിരുന്നു. ജൂലിയസിന് വോട്ടുചെയ്യുക, വെളുത്തേടന്മാരുടെ പിന്തുണ ജൂലിയസിന് എന്നിങ്ങനെ അനുകൂലമായും ഭസകല വേശ്യകളും ജൂലിയസിന് വോട്ട് ചെയ്യും' എന്ന മട്ടില്‍ പ്രതികൂലമായും പ്രചാരണം!
പോംപെയും ഹെര്‍ക്കുലേനിയവും താരതമ്യപ്പെടുത്താവുന്നതല്ല എന്ന് ചുരുക്കം. അതുകൊണ്ട് കേസരിയെയും കൃഷ്ണന്‍നായരെയും തുലാഭാരം നടത്തി അടയാളപ്പെടുത്തുകയല്ല. എന്നാല്‍, രണ്ടു പേരും വൈദേശിക വിജ്ഞാനത്തിന് മലയാളത്തില്‍ വിഷയസൂചി തീര്‍ത്തവരാണ്. അത് എളുപ്പമുള്ള കാര്യമല്ല. കമ്പ്യൂട്ടറിന് ഇനിയും തൃപ്തികരമായി ചെയ്യാനാവാത്തതാണ് പുസ്തകങ്ങളുടെ ഇന്‍ഡക്‌സിങ്. ഇബുക്കുകള്‍ പ്രചരിക്കുന്നതോടെ ഇലോകം ആ കടമ്പ കടക്കും. എന്നാല്‍, ഇപ്പോള്‍ മനുഷ്യപ്രയത്‌നമാണ് മേലെ എന്ന് ഇക്കൊല്ലം രാജ്ഞി ആദരിച്ച ഡഗഌ് മാത്യൂസ് എന്ന ഇന്‍ഡക്‌സര്‍ അവകാശപ്പെടുന്നു.

ഇനി കൃഷ്ണന്‍നായര്‍ കേസരിയുടെ പിന്‍ഗാമിയാണ് എന്നു പറയാം. ഒരാള്‍ പോംപെയും ഒരാള്‍ ഹെര്‍ക്കുലേനിയവും ആകാം. എന്നാല്‍, രണ്ടു പേരും ഇന്‍ഡക്‌സര്‍മാരാണ്. അവര്‍ വിശ്വസാഹിത്യത്തെ അതിന്റെ സ്ഥൂലസൂക്ഷ്മഭാവങ്ങളില്‍ നോക്കിക്കാണേണ്ടത് എങ്ങനെ എന്ന് മലയാളിയെ പഠിപ്പിച്ചവരാണ്. അവരവരുടെ തലമുറയെയും അതത് കാലത്തെ അന്വേഷണോപാധികളെയും തിരിച്ചറിഞ്ഞുകൊണ്ട് അവരെ അടയാളപ്പെടുത്തിയാല്‍ രണ്ടു പേര്‍ക്കും ഒരേ മാര്‍ക്കുകള്‍ തന്നെ കിട്ടും.

കൃഷ്ണന്‍നായരെപ്പോലെ വായിക്കാനാവാഞ്ഞവര്‍പോലും കൃഷ്ണന്‍നായര്‍ വായിക്കുന്നില്ല എന്ന് പറഞ്ഞില്ല. വായിക്കുന്നതിലേറെ വായിച്ചതായി അവകാശപ്പെടുന്നു എന്ന് പരിഹസിച്ചതേയുള്ളൂ. അവരില്‍ ആര്‍ക്കെങ്കിലും കഷണ്ടി ഉണ്ടായിരുന്നോ എന്നറിയുന്നില്ല; മരുന്നില്ലാത്ത മറ്റേ അസുഖം ഉണ്ടായിരുന്നു എന്ന് തീര്‍ച്ച.

കേസരിയും കൃഷ്ണന്‍ നായരും (ഡി. ബാബുപോള്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക