Image

സാഹോദര്യമാണ് സമാധാനത്തിന്‍റെ അടിത്തറ: പാപ്പാ ഫ്രാന്‍സിസിന്‍റെ ലോക സമാധാനദിന സന്ദേശം

Published on 03 January, 2014
സാഹോദര്യമാണ് സമാധാനത്തിന്‍റെ അടിത്തറ: പാപ്പാ ഫ്രാന്‍സിസിന്‍റെ ലോക സമാധാനദിന സന്ദേശം

1. ആമുഖം

ലോകസമാധാനത്തിനായുള്ള എന്‍റെ ആദ്യസന്ദേശത്തില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കും, സകല ജനതകള്‍ക്കും സമൂഹങ്ങള്‍ക്കും, സന്തോഷവും പ്രത്യാശയും നിറഞ്ഞ ജീവിതങ്ങള്‍ നേരുന്നു. ഓരോ വ്യക്തിയുടെയും ഉള്ളില്‍ മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്നതും, അപരനെ ശത്രുവായിട്ടല്ല, പകരം സഹോദരനും സഹോദരിയുമായി കാണുന്നതും, പരസ്പരം അംഗീകരിക്കുകയും ആശ്ലേഷിക്കുന്നതുമായ സമഗ്ര ജീവിതത്തിനും സാഹോദര്യത്തിനുമായുള്ള ഒടുങ്ങാത്ത ദാഹമുണ്ടെന്ന് മനസ്സിലാക്കേണ്ടതാണ്.

സമൂഹജീവിയായ മനുഷ്യന് സാഹോദര്യം മൗലികമായ മാനുഷിക ഗുണമാണ്. പരസ്പരബന്ധത്തിന്‍റെ സജീവമാകുന്ന അവബോധമാണ് വ്യക്തികളെ സഹോദരീ സഹോദരന്മാരായി കൂട്ടായ്മയില്‍ നിലനിര്‍ത്തുന്നത്. സാഹോദര്യമില്ലാതെ നീതിനിഷ്ഠവും പ്രശാന്തവും കെട്ടുറപ്പുള്ളതുമായൊരു സമൂഹം വളര്‍ത്തിയെടുക്കുക അസാദ്ധ്യമാണ്.

സഹോദര്യത്തിന്‍റെ ആദ്യപാഠശാല കുടുംബമാണ്. വിശിഷ്യ മാതാപിതാക്കളുടെ ഉത്തരവാദിത്തപൂര്‍ണ്ണമായ കുടുംബരൂപീകരണത്തിലൂടെയും, പരസ്പരപൂരകവും കൃത്യബോധവുമുള്ള കുടുംബാംഗങ്ങളുടെ ഓരോരുത്തരുടെയും പങ്കിലൂടെയുമാണ് അത് യാഥാര്‍ത്ഥ്യമാകുന്നത്.
സാഹോദര്യത്തിന്‍റെ ഉറവ കുടുംബമാകയാല്‍ അത് സമാധാനത്തിന്‍റെ അടിത്തറയും അദ്യപാതയുമാണ്. കാരണം ചുറ്റുമുള്ള ലോകത്ത് സ്നേഹം പരത്തുകയാണ് കുടുംബത്തിന്‍റെ കാതലായ ദൗത്യം.

ബഹുശാഖമായ മാധ്യമശൃംഖല ഐക്യത്തിനായുള്ള ജനതകളുടെയും സംസ്ക്കാരങ്ങളുടെയും പരമമായ ലക്ഷൃം വിളിച്ചോതുന്നതാണ്. ചരിത്രത്തിന്‍റെ ചലനാത്മകത പ്രകടമായി കാണുന്ന വംശീയ, സാംസ്ക്കാരിക, സമൂഹ്യ വൈവിധ്യങ്ങള്‍ക്കപ്പുറം, പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും തുണയ്ക്കുകയും ചെയ്യുന്ന സമൂഹങ്ങള്‍ വളര്‍ത്തുവാനുള്ള വിളിയുടെ വിത്താണ് സമൂഹത്തില്‍ നാം പാകേണ്ടത്. ‘ആഗോളവത്ക്കരണത്തിന്‍റെ നിസംഗതനിറഞ്ഞ’ ലോകത്ത് അപരന്‍റെ ആവശ്യങ്ങളോടും യാതനകളോടുതന്നെയും നിര്‍വ്വികാരത പുലര്‍ത്തുന്ന ശൈലിയാണ് ലോകത്തു വളര്‍ന്നുവരുന്നത്. (1) 

മനുഷ്യാവകാശത്തിന്‍റെ, വിശിഷ്യ ജീവന്‍റെയും മതസ്വാതന്ത്ര്യത്തിന്‍റെയും ക്രൂരമായ ലംഘനങ്ങള്‍ 
ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടമാടുകയാണ്. നിരാലംബരായവരെ മനഃസ്സാക്ഷിയില്ലാതെ ചൂഷണംചെയ്യുന്ന മനുഷ്യക്കടത്തിന്‍റെ ദയനീമായ പ്രതിഭാസം ഇതിന് ഉദാഹരണമാണ്. 
പ്രത്യക്ഷമായ സായുധ പോരാട്ടങ്ങള്‍ക്കുമപ്പുറം, സാമ്പത്തിക ക്രയവിക്രയ മേഖലയില്‍ നടമാടുന്ന അദൃശ്യമായ യുദ്ധങ്ങള്‍, ജീവനെയും കുടുംബങ്ങളെയും സമ്പദ് വ്യവസ്ഥകളെയും ഒരുപോലെ നശിപ്പിക്കുന്നുണ്ട്.

ആഗോളവത്ക്കരണം അയല്‍ക്കാരെ സൃഷ്ടിക്കുന്നുണ്ട് എന്നാല്‍ നമ്മെ സഹോദരങ്ങളാക്കുന്നില്ല, 
എന്നാണ് മുന്‍പാപ്പാ ബനഡിക്ട് പ്രസ്താവിച്ചിട്ടുള്ളത്. ജീവിതചുറ്റുപാടുകളില്‍ കാണുന്ന അസമത്വവും, ദാരിദ്ര്യവും, അനീതിയും സാഹോദര്യത്തിന്‍റെ അഭാവവും മാത്രമല്ല, ഈ വിഭാഗത്തോടുള്ള സമൂഹത്തിന്‍റെ ഐക്യദാര്‍ഢ്യം ഇല്ലായ്മയെയുമാണ് അത് വിളിച്ചോതുന്നത്. ക്രമാതീതമായ വ്യക്തിമാഹാത്മ്യവാദത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും ഉപഭോഗസംസ്ക്കാരത്തിന്‍റെയും നവമായ ചിന്താധാരകള്‍ സാമൂഹ്യബന്ധങ്ങളെ ശിഥിലമാക്കുകയും, സമൂഹത്തിലെ ദുര്‍ബലരും പാവങ്ങളുമായവരെ ‘ഉപയോഗശൂന്യ’മെന്ന് മുദ്രകുത്തി വലിച്ചെറിയുകയും ചെയ്യുന്ന മനോഭാവം ആളിപ്പടര്‍ത്തുന്നുമുണ്ട്. 

അങ്ങനെ ‘എന്തുചെയ്താല്‍ എനിക്ക് എന്തു കിട്ടും’ എന്ന വളരെ സ്വാര്‍ത്ഥവും ലാഭേച്ഛയോടു കൂടിയതുമായ മനുഷ്യന്‍റെ സഹവര്‍ത്തിത്വം മാത്രമായി മാറുകയാണ് ഇന്ന് മനുഷ്യജീവിതം. (2)
വിശ്വാമാനവികതയ്ക്ക് ആധാരമായ ദൈവത്തിന്‍റെ ‘ഏകപിതൃത്വ’ത്തെ അംഗീകരിക്കാത്ത സാഹോദര്യത്തിന് സ്ഥായീഭാവമില്ലാത്തതിനാല്‍, ആനുകാലിക ധാര്‍മ്മിക വ്യവസ്ഥിതിക്ക് സമഗ്രമായ സാഹോദര്യത്തിന്‍റെ കെട്ടുറപ്പുണ്ടാക്കുക ക്ലേശകരമായിരിക്കും. പൊതുവായ ഏകപിതൃത്വത്തെ ആധാരമാക്കിയാല്‍ മാനവസാഹോദര്യം ഏകീഭവിപ്പിക്കുവാനാകും, അവിടെ മനുഷ്യര്‍ പരസ്പരം ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ‘അയല്‍ക്കൂട്ടം’ വളര്‍ത്തിയെടുക്കുവാനും സാധിക്കും. 

2. “നിന്‍റെ സഹോദരനെവിടെ?” ഉല്പത്തി 4, 9

സാഹോദര്യത്തിന്‍റെ വിളി കേള്‍ക്കുവാനും, അതിനു പ്രതിബന്ധമായി നില്ക്കുന്ന കാര്യങ്ങള്‍ 
കൂടുതല്‍ മനസ്സിലാക്കുവാനും, അവയെ മറികടക്കുവാനുള്ള വഴികള്‍ കണ്ടെത്തുവാനും ദൈവികപദ്ധതി ചുരുളഴിയുന്ന വിശുദ്ധഗ്രന്ഥത്തിലേയ്ക്കാണ് എത്തിനോക്കേണ്ടത്. ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട എല്ലാ മനുഷ്യരും ആദിമാതാപിതാക്കളായ ആദത്തിന്‍റെയും ഹവ്വായുടെയും പൊതുവായ പൈതൃകത്തില്‍നിന്നും ഉരുവായതാണെന്ന് ഉല്പത്തി പുസ്തകം പഠിപ്പിക്കുന്നു (ഉല്പത്തി 1, 26). അവരില്‍നിന്നും ജനിച്ച ഭൂമിയിലെ ആദ്യ സഹോദരന്മാരാണ് കായേനും ആബേലും. ആദ്യകുടുംബത്തിന്‍റെ ചരിത്രത്തില്‍നിന്നും സമൂഹത്തിന്‍റെയും വ്യക്തികളുടെയും പിന്നെ ജനതകളുടെയും പരസ്പരബന്ധത്തിന്‍റെ ചരിത്രത്തിന് തുടക്കം കുറിക്കുന്നു. ആബേല്‍ ഇടയനും കായേന്‍ കൃഷിക്കാരനുമായിരുന്നു. പ്രവൃത്തിയിലും സ്വഭാവത്തിലുമുള്ള വൈവിധ്യങ്ങള്‍ക്കും, ദൈവത്തോടും സൃഷ്ടികളോടും ബന്ധപ്പെട്ട രീതികള്‍ക്കുമപ്പുറം, അടിസ്ഥാനപരമായി ദൈവത്തിന്‍റെ പദ്ധതിയില്‍ അവര്‍ സഹോദരങ്ങളാണ്. ആബേലിനെ കൊലപ്പെടുത്തിയതോടെ കൂട്ടായിരിക്കുവാനും അവന്‍റെ കാവലാളായിരിക്കുവാനുമുള്ള മൗലികമായ സാഹോദര്യത്തിലേയ്ക്കുള്ള വിളി കായേന്‍ തിരസ്ക്കരിക്കുകയായിരുന്നു.

പരസ്പരം ആദരിച്ചും മാനിച്ചും സഹായിച്ചും ഈ ഭൂമിയില്‍ ജീവിക്കേണ്ടതും, എന്നാല്‍ വെല്ലുവിളികള്‍ നിറഞ്ഞതും ക്ലേശപൂര്‍ണ്ണവുമായ സാഹോദര്യത്തിന്‍റെ ജീവിതമാണ് ഉല്പത്തിപ്പുസ്തകം കായേന്‍റെ ക്രൂരതയിലൂടെ വരച്ചുകാട്ടുന്നത് (ഉല്പത്തി 4, 1-16). തന്‍റെ അദ്ധ്വാനത്തിന്‍റെ നല്ലഭാഗം സമര്‍പ്പിച്ചതിനാല്‍ ആബേല്‍, കായേനെക്കാള്‍ ദൈവത്തിനു പ്രീതിതനായിത്തീരുന്നു. “അവന്‍ തന്‍റെ ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂല്‍ കുഞ്ഞുങ്ങളെയെടുത്ത് അവയുടെ കൊഴുപ്പുള്ള ഭാഗങ്ങള്‍ ദൈവത്തിനു കാഴ്ചവച്ചു. ആബേലിലും അവന്‍റെ കാഴ്ച വസ്തുക്കളിലും അവിടുന്നു പ്രസാദിച്ചു. എന്നാല്‍ കായേനിലും അവന്‍റെ കാഴ്ചവസ്തുക്കളിലും ദൈവം പ്രസാദിച്ചില്ല” (ഉല്പത്തി 4, 4-5). പിന്നെ ആബേലിനെ സഹോദരനായി സ്വീകരിക്കാനും, അവനോടു ഇടപഴകുവാനും കായേന്‍ വിസമ്മതിക്കുന്നു. ദൈവതിരുമുമ്പില്‍ അവനെ സഹോദരനായി മാനിക്കുവാനും, സംരക്ഷിക്കുവാനും അയാള്‍ വിമുഖനായിത്തീരുന്നു. അവസാനം, അസൂയമൂത്ത കായേന്‍ ആബേലിനെ ഒരു ദിവസം കൊലപ്പെടുത്തുന്നു. “നിന്‍റെ സഹോദരന്‍, ആബേല്‍ എവിടെ?” എന്ന ചോദ്യത്തോടെ കായേന്‍റെ ക്രൂരതയ്ക്ക് ദൈവം കണക്കുചോദിക്കുന്നു. കായേന്‍ പ്രത്യുത്തരിച്ചു, “എനിക്കറിഞ്ഞുകൂടാ, ദൈവമേ. ഞാന്‍ എന്‍റെ സഹോദരന്‍റെ കാവല്‍ക്കാരനാണോ?” (ഉല്പത്തി 4,9). പിന്നെ ഉല്പത്തി പുസ്തകം പറയുന്നത് കായേന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍നിന്നും ഓടിയൊളിച്ചു എന്നാണ് (ഉല്പത്തി 4, 16).

കായേനെ ആബേലുമായി ഒന്നിപ്പിച്ചിരുന്ന പാരസ്പര്യത്തിന്‍റെയും കൂട്ടായ്മയുടെയും കണ്ണികള്‍ പൊട്ടിച്ചെറിഞ്ഞ്, സഹോദര്യത്തിന്‍റെ ബന്ധം വിച്ഛേദിക്കാന്‍ അവനെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തെണെന്ന് നമ്മോടുതന്നെ ചോദിക്കുന്നതു നല്ലതാണ്. “നല്ലതു ചെയ്യുന്നില്ലെങ്കില്‍ പാപം നിന്‍റെ വാതിലില്‍ പതിയിരിക്കുന്നു” (ഉലപ്ത്തി 4, 7) എന്നു പറഞ്ഞ ദൈവം, കായേന്‍റെ ഗൂഢാലോചനയെ ശാസിക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്നു. തിന്മയില്‍നിന്നും തിരിയുന്നതിനു പകരം, 
കായേന്‍ തന്‍റെ സഹോദരനില്‍നിന്നും അകന്ന് തിന്മയുമായി സന്ധിചേരുകയും ദൈവത്തിന്‍റെ പദ്ധതിയെ പുച്ഛിക്കുകയുമാണ് ചെയ്തത്. (ഉല്പത്തി 4, 8). അങ്ങനെ ഈ ഭൂമിയില്‍ ദൈവപുത്രസ്ഥാനത്ത് സഹോദര്യത്തിലും സ്നേഹത്തിലും ജീവിക്കുവാനുള്ള മൗലികമായ വിളിയെ കായേന്‍ ധ്വംസിച്ചു. 

സാഹോദര്യത്തിലേയ്ക്കുള്ള മനോഹരമായ വിളി മനുഷ്യനുണ്ടെങ്കിലും, അത് തിരസ്ക്കരിക്കുവാനുള്ള വളരെ നീചമായ മനോഭാവവും അവനുണ്ടെന്ന് കായേന്‍റെയും ആബേലിന്‍റെയും കഥ നമ്മെ പഠിപ്പിക്കുന്നു. ഇന്നു നമുക്കു ചുറ്റുംകാണുന്ന യുദ്ധത്തിന്‍റെയും അധര്‍മ്മത്തിന്‍റെയും മൂലകാരണം അനുദിന ജീവിതത്തിലുള്ള മനുഷ്യന്‍റെ സ്വാര്‍ത്ഥതയാണ്. കൂട്ടായ്മയിലൂടെയും പരാസ്പര്യത്തിലൂടെയും മനുഷ്യന്‍ സാഹോദര്യത്തിലേയ്ക്കു വിളിക്കപ്പെട്ടവനാണെന്ന സത്യത്തിനു കാതോര്‍ക്കാത്തവരുടെ കരങ്ങളില്‍ അവരുടെതന്നെ സഹോദരങ്ങള്‍ ഇന്ന് കൊലചെയ്യപ്പെടുകയാണ്.

3. “നിങ്ങള്‍ സഹോദരങ്ങളാണ്” മത്തായി 23, 8.

പിതാവായ ദൈവം മനുഷ്യമനസ്സുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സാഹോദര്യത്തിന്‍റെ ഉള്‍വിളിയോട് മനുഷ്യന്‍ പൂര്‍ണ്ണമായി പ്രത്യുത്തരിക്കുമോ, എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അപരനിലുള്ള വൈവിധ്യങ്ങള്‍ അംഗീകരിച്ച്, പരസ്പരമുള്ള നിസംഗതയുടെയും സ്വാര്‍ത്ഥതയുടെയും വൈരാഗ്യത്തിന്‍റെയും മനോഭാവം മറികടക്കാന്‍ മനുഷ്യന് സ്വന്തം കഴിവിനാല്‍ ആകുമോ?

ക്രിസ്തുവിന്‍റെ വാക്കുകളില്‍ പറയുകയാണെങ്കില്‍, “നിങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ – സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങളെല്ലാം സഹോദരന്മാരാണ്” (മത്തായി 23, 8-9). അങ്ങനെ വിശ്വസാഹോദര്യത്തിന്‍റെ അടിത്തറ ദൈവത്തിന്‍റെ പിതൃത്വമാണ്. പിതൃത്വം വ്യംഗ്യമോ അവ്യക്തമോ സാമാന്യമോ അല്ല, 
വളരെ സ്പഷ്ടവും അനിതരസാധാരണവുമായ യഥാര്‍ത്ഥ്യമാണ്. പിതാവായ ദൈവത്തിന് നമ്മോട് ഓരോരുത്തരോടുമുള്ള സ്നേഹത്തെക്കുറിച്ചാണ് സുവിശേഷകന്‍ ഇവിടെ പ്രതിപാദിക്കുന്നത് 
(മത്തായി 6, 25-30). ഫലവത്തായ സാഹോദര്യം വളര്‍ത്തുന്നത് പിതൃത്വമാണ്. കാരണം, ദൈവസ്നേഹം നാം ഒരിക്കല്‍ അനുഭവിച്ചാല്‍, അത് ക്ലേശകരമായ മാര്‍ഗ്ഗങ്ങളിലൂടെയാണെങ്കിലും നമ്മെ അപരനോട് ഒന്നിപ്പിക്കുകയും, ആഴമുള്ള പരസ്പരബന്ധത്തിലൂടെ ഐക്യദാര്‍ഢ്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും കൂട്ടായ്മയിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു.

ക്രിസ്തുവിന്‍റെ മരണവും പുനരുത്ഥാനവുംവഴി സാഹോദര്യത്തിന് നവമായൊരു കാഴ്ചപ്പാടു ലഭിച്ചിട്ടുണ്ട്. മനുഷ്യന് സ്വയമേ ആവിഷ്ക്കരിക്കാനും ജീവിക്കാനും സാധിക്കാത്ത സാഹോദര്യത്തിന്‍റെ അടിത്തറയും പ്രഭവസ്ഥാനവും ക്രിസ്തുവിന്‍റെ കുരിശാണ്. പാപപങ്കിലമായ ലോകത്തെ വീണ്ടെടുക്കുവാന്‍ മനുഷ്യപ്രകൃതി സ്വീകരിച്ച ദൈവപുത്രനായ ക്രിസ്തു കുരിശു മരണത്തോളം പിതാവിനു കീഴ്പ്പെട്ടു. തന്‍റെ പരസ്യജീവിതത്തിന്‍റെ ആരംഭംമുതലേ പിതാവിന്‍റെ പദ്ധതി ക്രിസ്തു ഏറ്റെടുക്കുകയും, സകലത്തിനും ഉപരിയായി പിതൃഹിതം നിറവേറ്റുവാന്‍ പരിശ്രമിക്കുകയും ചെയ്യുന്നു. 

മരണത്തോളം പിതാവിനു കീഴ്പ്പെട്ട ക്രിസ്തു നമ്മുടെ ജീവിതങ്ങള്‍ക്ക് ഏറെ നിര്‍ണ്ണായകവും നവവുമായ മാനദണ്ഡമായി മാറുന്നു. നാം ഒരേ പിതാവിന്‍റെ മക്കളാകയാല്‍ ക്രിസ്തുവില്‍ സഹോദരങ്ങളായിത്തീരുന്നു. ക്രിസ്തുതന്നെയാണ് ഉടമ്പടി, ആകയാല്‍ ദൈവവുമായും മനുഷ്യരുമായും നാം അവിടുന്നിലാണ് അനുരഞ്ജിതരാകുന്നത്. ദൈവം വാഗ്ദാനംചെയ്ത ഉടമ്പടിയുടെ ഭാഗമാകാന്‍ കഴിയാതെ ആശയറ്റു കഴിഞ്ഞിരുന്ന വിജാതിയരും ഉടമ്പടിയുടെ ജനതയും തമ്മില്‍ ചരിത്രത്തില്‍ ഉയര്‍ന്നുനിന്ന വിഭാഗീയതയുടെ അതിര്‍വരമ്പുകള്‍ തകര്‍ത്തത് ക്രിസ്തുവാണ്. പൗലോസ് അപ്പസ്തോലന്‍ എഫേസിയരോടു പറയുന്നതുപോലെ, ക്രിസ്തു സകലരെയും തന്നില്‍ അനുരഞ്ജിതരാക്കുന്നു.
അവിടുന്നാണു സമാധാനം. ഭിന്നിച്ചിരുന്നവരെ ഒന്നാക്കുവന്‍ അവിടുന്ന് ശത്രുതയുടെ മതിലുകള്‍ തകര്‍ത്തു. അങ്ങനെ നവമായൊരു ജനതയെ ക്രിസ്തു തന്നോടു ചേര്‍ത്തുകൊണ്ട്, അവിടുന്ന് പുതിയ ആകാശവും പുതിയ ഭുമിയും സൃഷ്ടിച്ചു (എഫേ. 2, 14-16). 

ക്രിസ്തുവിനെ അംഗീകരിക്കുകയും അവിടുന്നില്‍ ജീവിക്കുകയും ചെയ്യുന്നവര്‍ ദൈവത്തെ പിതാവായി അംഗീകരിക്കുകയും, അവിടുത്തേയ്ക്കു തങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും, എല്ലാറ്റിനും ഉപരിയായി അവിടുത്തെ സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രിസ്തുവില്‍ അനുരഞ്ജിതരായവര്‍ ദൈവത്തെ പിതാവായി കാണുകയും, തല്‍ഫലമായി സാഹോദര്യത്തിന്‍റെ ജീവിതം നയിക്കുകയും ചെയ്യുന്നു. അവര്‍ അപരനെ ഒരിക്കലും പ്രതിയോഗിയോ ശത്രുവോ ആയിട്ടല്ല, ദൈവപുത്രനും പുത്രിയുമായി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ജീവിതങ്ങള്‍ അലക്ഷൃമായി ‘വലിച്ചെറിയാവുന്നതല്ല’, എന്തെന്നാല്‍ വിശ്വവേദിയായ കുടുംബത്തില്‍ ഏവരും ദൈവപിതാവിന്‍റെ മക്കളാണ്. അവര്‍ ക്രിസ്തുവില്‍ ഒന്നായിരിക്കുന്നു. അങ്ങനെ സകലരും ക്രിസ്തുവില്‍ അതുല്യവും പവിത്രവുമായ അന്തസ്സ് ആസ്വദിക്കുന്നുണ്ട്. ദൈവം എല്ലാവരെയും സ്നേഹിക്കുന്നു. ക്രൂശിതനായ ക്രിസ്തുവിന്‍റെ തിരുരക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരാണു നാം. അതുകൊണ്ടുതന്നെ ആര്‍ക്കും അവരുടെ സഹോദരങ്ങളോട് നിസംഗരായിരിക്കുവാനോ, ഭിന്നിച്ചിരിക്കുവാനോ സാദ്ധ്യമല്ല.

4. സാഹോദര്യം : സമാധാനത്തിനുള്ള അടിത്തറയും മാര്‍ഗ്ഗവും 

ഇത്രയും പറഞ്ഞു കഴിയുമ്പോള്‍, സാഹോദര്യം സമാധാനത്തിനുള്ള അടിത്തറയും വഴിയുമാണെന്ന് നമുക്ക് മനസ്സിലാകും. എന്‍റെ മുന്‍ഗാമികള്‍ എഴുതിയിട്ടുള്ള ചാക്രികലേഖനങ്ങള്‍ ഇതിന് സഹായകമാണ്. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ‘സാമൂഹിക ഊത്സുക്യം’ (sollicitudo Rei Socialis), (3) 
പോള്‍ ആറാമന്‍ പാപ്പായുടെ ‘സാമൂഹ്യപുരോഗതി’ (Populorum Progressio) എന്നീ പ്രബോധനങ്ങളിലെ സമാധാനത്തെക്കുറിച്ചുള്ള നിര്‍വ്വചനങ്ങള്‍ അതിന് തെളിവാണ്. (4) 
പോള്‍ ആറാമന്‍ പാപ്പായുടെ വാക്കുകളില്‍ സമാധാനത്തിന്‍റെ പുതിയ നാമമാണ് സമഗ്രവികസനം. ജോണ്‍ പോള്‍ രണ്ടാമന്‍റെ വാക്കുകളില്‍ സമാധാനം ഐക്യദാര്‍ഢ്യത്തിനുള്ള ഉദ്യമവുമാണ്. 

പോള്‍ ആറാമന്‍ പാപ്പായുടെ ചിന്തയില്‍ വ്യക്തികള്‍ മാത്രമല്ല, രാഷ്ട്രങ്ങളും സമൂഹങ്ങളും സാഹോദര്യത്തിന്‍റെ അരൂപിക്കായി ഒത്തുചേരേണ്ടതാണ്. പരസ്പര ധാരണയും സുഹൃദ്ബന്ധവും വളര്‍ത്തുന്ന പവിത്രമായ കൂട്ടായ്മയില്‍, മനുഷ്യകുലത്തിന്‍റെ പൊതുവായതും ശോഭനവുമായ ഭാവിക്കായി ഒത്തൊരുമിച്ചു പരിശ്രമിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. (5) ആദ്യമായി 
ഈ ദൗത്യം പ്രത്യേക ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവരിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അവരുടെ കടമകള്‍ മാനുഷികവും ആത്മീയവുമായ സാഹോദര്യത്തില്‍ മൂന്നു തരത്തിലാണ് ഊന്നിയിരിക്കുന്നത് : ആദ്യമായി, വികസിത രാജ്യങ്ങള്‍ വികസ്വര രാഷ്ട്രങ്ങളുടെ പുരോഗതിക്കായി പിന്‍തുണയ്ക്കുന്ന ഐക്യദാര്‍ഢ്യത്തിന്‍റെ ഉത്തരവാദിത്വമാണ്. രണ്ടാമത്തേത്, പ്രബലരും ശക്തരുമായ ജനങ്ങള്‍ ദുര്‍ബലരായവരോട് ന്യായമായ ബന്ധം പുലര്‍ത്തിക്കൊണ്ടുള്ള സാമൂഹ്യനീതിയുടെ കാഴ്ചപ്പാടാണ്. മൂന്നാമതായി, സമഗ്രമായ മാനവികത വളര്‍ത്താന്‍ പോരുന്ന ലോകവ്യാപകമായ ഉപവിപ്രവര്‍ത്തനത്തിന്‍റെ വീക്ഷണമാണ്. അപരന്‍റെ വളര്‍ച്ചയെ മാനിച്ചുകൊണ്ടു മാത്രം സ്വന്തം പുരോഗതിക്കും നന്മയ്ക്കുമായി പരിശ്രമിക്കുന്ന പങ്കുവയ്ക്കലിന്‍റെ ലോകം വളര്‍ത്തുന്ന മനോഭാവമാണത്. (6)
സമാധാനം ഐക്യദാര്‍ഢ്യത്തിന്‍റെ ഫലമായി കാണുകയാണെങ്കില്‍, സാഹോദര്യം അതിന്‍റെ അടിത്തറയാണെന്ന് അംഗീകരിക്കേണ്ടിരിക്കുന്നു. സമാധാനം അവിഭാജ്യമായ നന്മായാണെന്ന് 
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ സമര്‍ത്ഥിക്കുന്നു. സമാധനം ഉണ്ടെങ്കില്‍ അത് ഏവര്‍ക്കും നന്മയും, ഇല്ലെങ്കില്‍ എല്ലാവര്‍ക്കും അത് തിന്മയുമാണ്. സകലരും ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവത്താല്‍ നയിക്കപ്പെട്ട്, ‘പൊതുനന്മയ്ക്കായ് ബോധ്യത്തോടെ സമര്‍പ്പിതരാണെങ്കില്‍ മാത്രമേ,’ സമൂഹത്തില്‍ സമാധാനം നിലനിറുത്തുവാനും, മെച്ചപ്പെട്ട ജീവിതാവസ്ഥയിലൂടെ മനുഷ്യന്‍റെ സുസ്ഥിതി വികസനം യാഥാര്‍ത്ഥ്യമാക്കുവാനും സാധിക്കുകയുള്ളൂ. (7) ഇവിടെ ‘ലാഭേച്ഛ’യ്ക്കോ ‘അധികാര പ്രമത്തത’യ്ക്കോ സ്ഥാനമില്ല. ചൂഷണംചെയ്യുന്നതിനും, നേട്ടങ്ങള്‍ക്കായി പീഡിപ്പിക്കുന്നതിനും പകരം അപരനുവേണ്ടി ‘സ്വയം ത്യജിക്കാനുള്ള സന്നദ്ധത’യാണാവശ്യം. അപരന്‍ - വ്യക്തിയോ, സമൂഹമോ, രാഷ്ട്രമോ ആരുമാവട്ടെ, അവരെ ഉപഭോഗവസ്തുക്കളായി കാണുകയും, അവരുടെ കരുത്തും കഴിവും ജീവനോപാധികളും ഉപയോഗപ്പെടുത്തുകയും, ചൂഷണവിധേയരാക്കുകയും ചെയ്തശേഷം വലിച്ചെറിയാമെന്നുള്ള ചിന്ത മാറ്റി നാം അവരുടെ നല്ല അയല്‍ക്കാരും സഹകാരികളുമാകേണ്ടതാണ്. (8) 

ക്രൈസ്തവ വീക്ഷണത്തില്‍ ഐക്യദാര്‍ഢ്യത്തിന് മറ്റു സവിശേഷതകളുണ്ട്. ‘അടിസ്ഥാന അവകാശങ്ങളോടും സമത്വത്തോടുംകൂടെ അപരനെ സ്നേഹിക്കുക മാത്രമല്ല, ക്രിസ്തുവില്‍ വീണ്ടെടുക്കപ്പെട്ടതിനാല്‍ പരിശുദ്ധാത്മ ചൈതന്യത്താല്‍ ദൈവത്തിന്‍റെ പ്രതിച്ഛായയുള്ള എന്‍റെ സഹോദരനും സഹോദരിയുമാണ് മറ്റു മനുഷ്യര്‍ എന്ന കാഴ്ചപ്പാടാണത്.’ (9) ‘ദൈവത്തിന്‍റെ പൊതുവായ പിതൃത്വവും, ക്രിസ്തുവിലുള്ള സാഹോദര്യവും – രണ്ടും ചേര്‍ന്നു ലഭിക്കുന്ന ദൈവമക്കളുടെ സ്ഥാനവും പരിശുദ്ധാത്മ ചൈതന്യവും ലോക വീക്ഷണത്തെ നവീകരിക്കുന്നതിനും പുനര്‍വ്യാഖ്യാനിക്കുന്നതിനും ക്രൈസ്തവര്‍ക്ക് നവമായൊരു മാനദണ്ഡമാണ് നല്കുന്നതെ’ന്ന് പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുണ്ട്. (10)

5. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം : സാഹോദര്യന്‍റെ മുന്‍വ്യവസ്ഥ 

സമൂഹങ്ങളും വ്യക്തികളും തമ്മിലുള്ള സാഹോദര്യമില്ലായ്മ എപ്രകാരം ദാരിദ്ര്യത്തിന് കാരണമാകുന്നുണ്ടെന്ന് എന്‍റെ മുന്‍ഗാമി ‘സത്യത്തില്‍ സ്നേഹം’ (Caritas in Veritatae) എന്ന ചാക്രികലേഖനത്തിലൂടെ ലോകത്തെ അനുസ്മരിപ്പിച്ചിട്ടുള്ളതാണ്. (11) സമൂഹത്തില്‍ നല്ല കുടുംബ ബന്ധങ്ങളും കൂട്ടായ്മയും ഇല്ലാത്തതിനാലാണ് ഇന്ന് നാം പ്രധാനമായും സമൂഹത്തില്‍ സാഹോദര്യത്തിന്‍റെ ദാരിദ്ര്യം അനുഭവിക്കുന്നത്. രോഗവും വാര്‍ദ്ധക്യവുംമൂലമുള്ള ആശ്രിതത്വം (pathological dependency) ഇന്ന് ആശങ്കാവഹമാംവിധം സമൂഹത്തില്‍ വര്‍ദ്ധിച്ചുവരികയാണ്. 
അനുദിന ജീവിതത്തിന്‍റെ ഭാഗമായ സുഖദുഃഖങ്ങളും ജയപരാജയങ്ങളും പങ്കുവച്ച് കുടുംബബന്ധങ്ങളുടെ മൂല്യം പുനരാവിഷ്ക്കരിക്കുകയും, കുടുംബങ്ങളില്‍ സഹോദര്യത്തിന്‍റെ ചുറ്റുപാട് ഊട്ടിയുറപ്പിക്കുകയും ചെയ്തെങ്കില്‍ മാത്രമേ, ‘സാഹോദര്യമില്ലയ്മ കാരണമാക്കുന്ന ദാരിദ്ര്യം’ നമുക്ക് നിര്‍മ്മാര്‍ജ്ജനം ചെയ്യാനാകൂ.

ഒരു വശത്ത് സമ്പൂര്‍ണ്ണ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനായി പരിശ്രമിക്കുമ്പോള്‍, മറുഭാഗത്ത് ദാരിദ്ര്യത്തിന്‍റെ ആനുപാതികമായ വര്‍ദ്ധനവും സമൂഹത്തില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. ഉദാഹരണത്തിന്, നാടിന്‍റെ ഒരു പ്രത്യേക ചരിത്ര സാംസ്ക്കാരിക പശ്ചാത്തലത്തിലോ, ഒരു പ്രദേശത്തോ ജീവിക്കുന്നവരുടെ ഇടയില്‍ത്തന്നെ ഈ അന്തരം ശ്രദ്ധേയമാണ്. അന്തസ്സും അവകാശവുമുള്ള മനുഷ്യന് മൂലധനം, പൊതുസൗകര്യങ്ങള്‍, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, സാങ്കേതികത എന്നിവ ലഭ്യമാക്കിക്കൊണ്ട് സകലര്‍ക്കും തങ്ങളുടെ വ്യക്തിത്വവികസനത്തിനുള്ള സൗകര്യങ്ങള്‍ നല്കുവാന്‍ സാധിക്കുന്ന ഫലവത്തും ക്രിയാത്മകവുമായ സഹോദര്യത്തിന്‍റെ അടിസ്ഥാന നയങ്ങള്‍ കൈക്കൊള്ളേണ്ടതാണ്. അതുപോലെ വരുമാനത്തിന്‍റെ മേഖലയില്‍ നിലനില്ക്കുന്ന പ്രകടവും അമിതവുമായ അസന്തുലിതാവസ്ഥ ലഘൂകരിക്കാന്‍ ന്യായമായ നയങ്ങള്‍ കൈക്കൊള്ളേണ്ടതാണ്. സമ്പത്തിന്‍റെ ‘സാമൂഹ്യ സുരക്ഷ’യെപ്പറ്റിയുള്ള സഭയുടെ നിലപാട് വിശുദ്ധ തോമസ് അക്വിനാസിന്‍റെ പഠനങ്ങളില്‍ അധിഷ്ഠിതമാണ്. അതായത്, സമ്പത്തുള്ളത് വളരെ നല്ലതാണ്, (12) എന്നാല്‍ അതിന്‍റെ ഉപയോഗത്തില്‍ അത് എന്‍റേതായിരിക്കുന്ന അത്രത്തോളം, മറ്റുള്ളവരുടേതും കൂടെയാണ് എന്ന ധാരണയോടെ ഉപയോഗിക്കണം, എന്നാണ്. (13)

ലാളിത്യം ജീവിതശൈലിയാക്കിക്കൊണ്ട് വിരക്തിയുടെ ജീവിതം ആശ്ലേഷിക്കുകയും തങ്ങള്‍ക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് പാവങ്ങളുമായി സാഹോദര്യം പങ്കുവയ്ക്കുന്ന ജീവിതശൈലിയും ദാരിദ്ര്യം ഇല്ലാതാക്കുകയും, ഒപ്പം സമൂഹത്തില്‍ സാഹോദര്യം വളര്‍ത്തുകയും ചെയ്യുന്ന മനോഭാവം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രായോഗികമായ മറ്റൊരു ഉപാധിയാണ്. 

ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് ഈ ജീവിതശൈലി മൗലികമാണ്. സന്ന്യസ്തര്‍ മാത്രമല്ല, സഹോദരങ്ങളോടും അയല്‍ക്കാരോടുമുള്ള ബന്ധങ്ങള്‍ ആദരിക്കുകയും അതിന്‍റെ മൗലികമായ കാഴ്ചപ്പാട് കാത്തുസൂക്ഷിക്കുകയുംചെയ്യുന്ന കുടുംബങ്ങളും വ്യക്തികളും ഈ ജീവിതശൈലി അവലംബിക്കേണ്ടതാണ്. 

6. സമ്പദ് വ്യവസ്ഥതിയിലെ സാഹോദര്യത്തിന്‍റെ വീണ്ടെടുപ്പ്
ഒരുവശത്ത് ദൈവത്തെയും മനുഷ്യരെയും വിട്ടകന്ന് ആര്‍ത്തിയോടെ ഭൗതിക വസ്തുക്കളുടെ പിന്നാലെയുള്ള പരക്കംപാച്ചിലും, മറുവശത്ത് വ്യക്തിബന്ധങ്ങളും സാമൂഹിക കൂട്ടായ്മയും നഷ്ടപ്പെട്ട അവസ്ഥയുമാണ് ഇന്നത്തെ രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിന് കാരണം. ഇതിനാല്‍ ന്യായമായ സമ്പദ് വ്യവസ്ഥിതിയുടെ പരിധികള്‍ വിട്ട്, ഉപഭോഗസംസ്ക്കാരത്തിലും അവിഹിതമായ സമ്പാദ്യമാര്‍ഗ്ഗങ്ങളിലും ആശ്വാസവും സംതൃപ്തിയും സുരക്ഷയും കണ്ടെത്താന്‍ മനുഷ്യര്‍ ഇന്ന് നിര്‍ബന്ധിതരാകുന്നുണ്ട്. 
ലോകത്തുള്ള മനുഷ്യന്‍റെ ആധിപത്യം വളരെ അധികം പുഷ്ടിപ്പെടുമ്പോഴും, അടിസ്ഥാനപരവും ആവശ്യവുമായ മേഖലകളില്‍ അവന്‍റെ പിടിവിട്ടുപോകുന്നുണ്ട്. ലോകത്തിന്‍റേതായ വിവിധ തരത്തിലുള്ള കൃത്രിമ ഇടപാടുകള്‍ക്ക്, അവ സാമൂഹ്യ ഘടനയില്‍ ഇല്ലെങ്കില്‍പ്പോലും, ഇന്നിന്‍റെ സാമൂഹ്യ സംവിധാനത്തിലൂടെയും ഉല്പാദന സംവിധാനത്തിലൂടെയും സമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങളിലൂടെയും മനുഷ്യന്‍ കീഴ്പ്പെട്ടുപോവുകയാണ്. (14) 

ലോക സമ്പദ് വ്യവസ്ഥയില്‍‍ ഉണ്ടായിരിക്കുന്ന മാന്ദ്യത്തിന്‍റെ വെളിച്ചത്തില്‍, ഇന്നിന്‍റെ സാമ്പത്തിക പുരോഗതിയുടെ മാതൃകയിലും ശൈലിയിലും പുനര്‍പരിശോധന നടത്തുകയും, സാരമായ മാറ്റങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. അത് വ്യക്തികളുടെ ജീവിതത്തില്‍ കാരണമാക്കുന്ന ഗൗരവതരമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വിവേകം, ആത്മനിയന്ത്രണം, നീതി, സ്ഥിരോത്സാഹം 
എന്നീ നന്മകള്‍ വീണ്ടും കണ്ടെത്തുവാനുള്ള ഫലവത്തായ അവസരമായി ഇതിനെ കാണേണ്ടതാണ്. 
വര്‍ദ്ധിച്ചുവരുന്ന വ്യക്തി താല്പര്യങ്ങള്‍ക്കും, വ്യക്തികള്‍ക്ക് ആവശ്യമായ ആത്മവിശ്വാസത്തിനും അപ്പുറം, ജീവിത പ്രതിസന്ധികളെ മറികടക്കാനും, സാഹോദര്യത്തിന്‍റെ ബന്ധങ്ങള്‍ പുനരാവിഷ്ക്കരിക്കാനും ഈ ഗുണഗണങ്ങള്‍ അല്ലെങ്കില്‍ പുണ്യങ്ങള്‍ നമ്മെ സഹായിക്കും. 
മാത്രമല്ല, മനുഷ്യാന്തസ്സു മാനിക്കുന്ന സമൂഹം വളര്‍ത്താനും നിലനിര്‍ത്താനും ഇവ അനിവാര്യവുമാണ്. 


7. സഹോദര്യം കെടുത്തുന്ന യുദ്ധം
കഠിനവും ആഴവുമായ മുറിവുകളുണ്ടാക്കുന്ന യുദ്ധത്തിന്‍റെ കെടുതികള്‍ ജീവിതത്തില്‍ അനുഭവിക്കുന്ന സഹോദരങ്ങളുടെ എണ്ണത്തില്‍ അടുത്ത കാലത്തായി ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 
ചുറ്റും പ്രതിസന്ധികള്‍ ഉയരുമ്പോഴും നിസംഗതയാണ് ആഗോളതലത്തില്‍ ഉത്തരവാദിത്തപ്പെട്ടവരില്‍ കാണുന്നത്. 

പ്രതിരോധശേഷിയില്ലാതെ യുദ്ധത്തിന്‍റെ ഇരകളായി ഉഴലുന്നവര്‍ക്കും പരിത്യക്തരായവര്‍ക്കും മുറിപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും, വിശക്കുന്നവര്‍ക്കും, അഭയാര്‍ത്ഥികള്‍ക്കും, ഭീതിയില്‍ കഴിയുന്ന ഏവര്‍ക്കും ക്രിസ്തുവിന്‍റെ സ്നേഹമെത്തിക്കുക സഭയുടെ ദൗത്യമാണ്. അതിനാല്‍ അങ്ങിനെയുള്ളവര്‍ക്ക് സഭയുടെയും എന്‍റെ വ്യക്തിപരവുമായ സാന്ത്വനസാമീപ്യം എപ്പോഴും ഉണ്ടാകുമെന്ന് ഉറപ്പുതരുന്നു. 
സമാധാനത്തിന്‍റെ മേഖലയില്‍ അടിസ്ഥാന മനുഷ്യാവകാശം ലംഘിക്കപ്പെടാതിരിക്കാനും, സാമൂഹ്യതിന്മകള്‍ ഒഴിവാക്കുവാനും, ശത്രുത അകറ്റുവാനും സഭ എന്നും എപ്പോഴും മറയില്ലാതെ ഉച്ചത്തില്‍ രാഷ്ട്രങ്ങളോട് സംസാരിക്കുന്നുണ്ട്. (15) 

ബദ്ധശത്രുക്കളെപ്പോലെ ഇന്ന് ലോകത്ത് ആക്രമിക്കപ്പെടുന്ന മനുഷ്യരില്‍ സ്വന്തം സഹോദരനെയും സഹോദരിയെയും കണ്ടുകൊണ്ട്, അവര്‍ക്കെതിരെ ഉയര്‍ത്തപ്പെടുന്ന കരങ്ങള്‍ പിന്‍വലിക്കണമെന്ന് അക്രമവും മരണവും യുദ്ധത്തിലൂടെ ലോകത്ത് വിതയ്ക്കുന്ന സകലരോടും ഞാന്‍ ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. യുദ്ധം ഉപേക്ഷിച്ച് സമൂഹത്തില്‍ നീതിയും ആത്മവിശ്വാസവും പ്രത്യാശയും പുനരാവിഷ്ക്കരിക്കാന്‍ സംവാദത്തിലും, ക്ഷമയിലും അനുരഞ്ജനത്തിലും അപരനെ ആശ്ലേഷിക്കുവാനായി നാം ഇറങ്ങി പുറപ്പെടേണ്ടിയിരിക്കുന്നു. സൗഖ്യപ്പെടാന്‍ നീണ്ടകാലം എടുക്കുന്ന വിധത്തില്‍ മനുഷ്യമനസ്സുകളെ ആഴമായി വ്രണപ്പെടുത്തുന്ന യുദ്ധവും സായുധസമരങ്ങളും പ്രകടമായ വിഭാഗീയതയും ആഗോളകൂട്ടായ്മയ്ക്ക് ബോധപൂര്‍വ്വമായ ഭീഷണിയാണ്. അന്തര്‍ദേശിയ സമൂഹം ആവിഷ്ക്കരിക്കുകയും സ്വപ്നംകാണുകയും ചെയ്യുന്ന സാമ്പത്തിക വികസനങ്ങളുടെയും സാമൂഹ്യ പുരോഗമന ലക്ഷൃങ്ങളുടെയും പ്രകടമായ നിഷേധവുമാണ് യുദ്ധം. (16)

ഇന്നു ധാരാളമായി കാണുന്ന ആയുധക്കടത്തും കച്ചവടവും സമൂഹത്തില്‍ കുടികൊള്ളുന്ന ശത്രുതാ മനോഭാവത്തിന്‍റെയും യുദ്ധപോര്‍വിളിയുടെയും മൂടുപടമാണ്. ആണവായുധങ്ങളും രാസായുധങ്ങളും തുടങ്ങി എല്ലാത്തരത്തിലുമുള്ള പടക്കോപ്പുകളുടെയും നിര്‍വ്യാപനവും നിരായുധീകരണവുമായി ബന്ധപ്പെട്ട് എന്‍റെ മുന്‍ഗാമികള്‍ നടത്തിയിട്ടുള്ള അഭ്യര്‍ത്ഥനകള്‍ ഇവിടെ ആവര്‍ത്തിക്കുകയാണ്. 

യുദ്ധം നിയന്ത്രിക്കാന്‍ അന്തര്‍ദേശിയ-ദേശിയ തലങ്ങളില്‍ നിയമങ്ങളും നയങ്ങളുമുണ്ടെങ്കിലും മാനവരാശിയെ സായുധപേരാട്ടങ്ങളില്‍നിന്നും രക്ഷിക്കാന്‍ അവയ്ക്കു കരുത്തില്ലാത്തതു പോലെയാണ് ഇന്നത്തെ സ്ഥിതിഗതികള്‍. അപരനെ സഹോദരനും സഹോദരിയുമായി അംഗീകരിച്ചും പരസ്പരം മാനിച്ചും, ഏവര്‍ക്കും സംതൃപ്തി പകരുന്ന ജീവിതസാഹചര്യത്തിനായാണ് ഈ ലോകത്തു നാം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത്. സമൂഹ്യവും മതാത്മകവുമായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഓരോ രാഷ്ട്രത്തിന്‍റെയും അടിസ്ഥാന താല്പര്യം സമാധാനപരമായി ജീവിക്കണം എന്നായിരിക്കണം. സമാധാനത്തിനായുള്ള മനുഷ്യന്‍റെ പൊതുതാല്പര്യവും സമര്‍പ്പണവും ഫലമണിയുമെന്നും, സമാധാനപരമായി ജീവിക്കുക എന്നത് മനുഷ്യന്‍റെ അടിസ്ഥാന അവകാശവും, മറ്റേത് അവകാശങ്ങള്‍ക്കും അനിവാര്യമായ മുന്‍വ്യവസ്ഥയുമാകയാല്‍, ഈ മേഖലയില്‍ അന്തര്‍ദേശിയ നിയമങ്ങളുടെ ഫലവത്തായ പിന്തുണ എന്നും ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നു. 


8. സംഘടിത തിന്മകള്‍ സാഹോദര്യത്തിന് ഭീഷണി

മനുഷ്യന്‍റെ ജീവിതസാഫല്യത്തിന് സാഹോദര്യത്തിന്‍റെ ചക്രവാളം അനിവാര്യമാണ്. 
ജനങ്ങളുടെ, വിശിഷ്യ യുവജനങ്ങളുടെ ഉയര്‍ച്ചയ്ക്കായുള്ള ന്യായമായ അഭിലാഷങ്ങള്‍ അട്ടിമറിക്കുകയോ, വ്രണപ്പെടുത്തുകയോ, അല്ലെങ്കില്‍ അവ യാഥാര്‍ത്ഥ്യമാക്കാനുള്ള അവരുടെ മോഹങ്ങള്‍ തട്ടിപ്പറിക്കുകയോ ചെയ്യരുത്. അതുപോലെ വളരാനുള്ള അവരുടെ ആഗ്രഹത്തെ അധികാരമോഹമോ അധികാരത്തിന്‍റെ ദുരുപയോഗമോ ആയി വ്യാഖ്യാനിക്കുകയും അരുത്.
മറിച്ച്, അവ സഹോദര്യത്തില്‍ നാം പരസ്പരം ആദരിക്കുകയും മാനിക്കുകയുമാണ് വേണ്ടത് (റോമ. 12, 10).
അഭിപ്രായഭിന്നതകള്‍ ജീവിതത്തില്‍ അനിവാര്യമാണ്. അവ ഉണ്ടായാലും നാം സഹോദരങ്ങളാണ് 
എന്ന സത്യം എപ്പോഴും ഓര്‍മ്മിക്കണം. ആകയാല്‍ ഇല്ലാതാക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ട ശത്രുവായി അയല്‍ക്കാരനെ കാണാതിരിക്കാന്‍ നാം ശ്രമിക്കുകയും, അത് മറ്റുള്ളവരെ പഠിപ്പിക്കുകയും വേണം. 

സാഹോദര്യമാണ് സാമൂഹത്തില്‍ സമാധാനം വളര്‍ത്തുന്നത്. പൊതു നന്മയും വ്യക്തിഗത നന്മയും, വ്യക്തിപരമായ ഉത്തരവാദിത്തവും ഐക്യാദാര്‍ഢ്യവും, സ്വാതന്ത്ര്യവും നീതിയും തമ്മിലുള്ള സന്തുലിതാവസ്ഥയും നിലനിറുത്തുന്നത് സാഹോദര്യം തന്നെയാണ്. ഇവയ്ക്ക് അനുകൂലമായി സുതാര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ വിധത്തിലുള്ള രാഷ്ട്രീയസമൂഹം ഉണര്‍ന്നു പ്രവര്‍ത്തി ക്കേണ്ടതാണ്. പൊതുവായ അധികാരത്തില്‍ പൗരന്മാര്‍ക്ക് പങ്കുണ്ടെന്നും, അവരുടെ സ്വാതന്ത്ര്യത്തെ മാനിക്കുന്നുണ്ടെന്നും അവര്‍ക്ക് ബോധ്യമാകേണ്ടതുമാണ്. എന്നാല്‍ പക്ഷപാതപരമായുള്ള കക്ഷി- രാഷ്ട്രീയക്കളിമൂലം പൗരന്മാരും പ്രസ്ഥാനങ്ങളും തമ്മില്‍ അകല്‍ച്ചയുണ്ടാവുകയും, ദീര്‍ഘകാലം നീണ്ടുനില്ക്കുന്ന സംഘട്ടനത്തിന്‍റെ അന്തീക്ഷം സമൂഹത്തില്‍ നിലനില്ക്കുകയും ചെയ്യുന്നു. 
സാഹോദര്യത്തിന്‍റെ യഥാര്‍ത്ഥ അരൂപിയെ അട്ടിമറിക്കുന്ന വ്യക്തിഗത താല്പര്യവും സ്വാര്‍ത്ഥതയും, സ്വാതന്ത്രൃത്തിലും പരസ്പര ഐക്യത്തിലും ജീവിക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നു.
ഇന്നു വ്യാപമായി കാണുന്ന അഴിമതി, ചെറുതും വലുതുമായി ആഗോളതലത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന അക്രമണ വാസനയുള്ള പ്രസ്ഥാനങ്ങള്‍ എന്നിവ സ്വാര്‍ത്ഥതയുടെയും സംഘടിതമായ തിന്മയുടെയും സാമൂഹ്യരൂപങ്ങളാണ്. നിയമസംവിധാനത്തെയും നീതിന്യായ പീഠത്തെയും ഈ പ്രസ്ഥാനങ്ങള്‍ കീറിമുറിക്കുകയും, മനുഷ്യാന്തസ്സിന്‍റെ അടിത്തറയെ തകിടം മറിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് അവയ്ക്ക് മതാത്മകഭാവം ഉണ്ടെങ്കില്‍, അവര്‍ ദൈവത്തെ നിഷേധിക്കുകയും, മനുഷ്യരെ പീഡിപ്പിക്കുകയും, സമൂഹ്യചുറ്റുപാടുകളെയും പ്രകൃതിയെയും നശിപ്പിക്കുന്നു. 

നിയമങ്ങളെയും ധാര്‍മ്മികതയെയും ഹൃദയഭേദകമാം വിധം അട്ടിമറിച്ചുകൊണ്ട് ലാഭം കൊയ്യുന്ന മയക്കുമരുന്നു കടത്തലിനെക്കുറിച്ചും ഇത്തരുണത്തില്‍ ഞാന്‍ ചിന്തിക്കുകയാണ്. തൊഴിലിന്‍റെ മേഖലയില്‍ നടക്കുന്ന ചൂഷണവും, പരിസ്ഥിതി മലിനീകരണവും, പ്രകൃതിവിഭവങ്ങളുടെ നശീകരണവും വേദനയോടെ ഓര്‍ക്കുന്നു. ജനങ്ങളെ ദാരിദ്ര്യത്തിലാഴ്ത്തുകയും, പൊതുസാമ്പത്തിക വ്യവസ്ഥിതിക്കും ന്യായമായ സംവിധാനങ്ങള്‍ക്കും തുരംങ്കംവയ്ക്കുകയും ചെയ്യുന്ന അവിഹിതമായ പണമിടപാടുകളും, സാമ്പത്തിക ക്രയവിക്രയങ്ങളും നാം ഇല്ലാതാക്കേണ്ടതാണ്. നിര്‍ദ്ദോഷികളായവരെ, വിശിഷ്യാ യുവജനങ്ങളെ അനുദിനം കെണിയില്‍ വീഴ്ത്തുകയും അവരുടെ ശോഭനമായ ഭാവി തച്ചുടയ്ക്കുകയും ചെയ്യുന്ന വേശ്യാവൃത്തിയെക്കുറിച്ചും ജാഗ്രത പുലര്‍ത്തേണ്ടതാണ്. നിന്ദ്യമായ മനുഷ്യക്കടത്തും, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് എതിരായ പീഡനങ്ങളും, ചിലയിടങ്ങളില്‍ ഇന്നും തലയുയര്‍ത്തുന്ന അടിമത്വവും, അവഗണിക്കപ്പെടുകയും ദുര്‍വിനിയോഗം ചെയ്യപ്പെടുകയും ചെയ്യുന്ന കുടിയേറ്റ സമൂഹങ്ങളും നമ്മുടെ പരിഗണനയില്‍ വരേണ്ടതാണ്. “അധികാര പ്രമത്തതയില്‍ അധിഷ്ഠിതമായൊരു സമൂഹത്തിന് നിലനില്പില്ലെ”ന്ന്, പുണ്യസ്മരണാര്‍ഹനായ ജോണ്‍ 23-ാമന്‍ പാപ്പാ പ്രസ്താവിച്ചിട്ടുള്ളതാണ്. “ജനനന്മയും വളര്‍ച്ചയും ഉന്നംവയ്ക്കുന്നതിനു പകരം അത്, അവരെ പീഡിപ്പിക്കുകയും ചൂഷണംചെയ്യുകയും, യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്യുന്നു.” (17) 
ഇങ്ങനെയൊക്കെ ആണെങ്കിലും നാം പ്രത്യാശ കൈവെടിയരുത് നിരാശപ്പെടരുത്, കാരണം മാനസാന്തരത്തിനുള്ള സാദ്ധ്യത എന്നും മനുഷ്യനുണ്ട്. ഏവരും, വളരെ മാരകമായ അധിക്രമങ്ങള്‍ ചെയ്തിട്ടുള്ളവര്‍പോലും പ്രത്യാശയുടെയും ആത്മവിശ്വാസത്തിന്‍റെയും സന്ദേശവാഹകരാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു (എസെക്കിയേല്‍ 18, 23). ജയില്‍വാസം അനുഭവിക്കുന്നവരുടെ ജീവിതാവസ്ഥ പരിശോധിക്കുകയാണെങ്കില്‍, പുനരധിവാസത്തിനുള്ള സാദ്ധ്യതകളൊന്നുമില്ലാതെ, മനുഷ്യാന്തസ്സുപോലും നഷ്ടപ്പെട്ട വിധത്തില്‍ വളരെ നീചവും ക്രൂരവുമായ അവസ്ഥയില്‍ കഴിയുന്ന ഇവരെ, നാം സഹാനുഭാവത്തോടെ ഓര്‍മ്മിക്കേണ്ടതാണ്. സഭ ഈ മേഖലകളിലെല്ലാം വളരെ നിശ്ശബ്ദമായി സേവനം ചെയ്യുന്നുണ്ടെന്നുള്ള വസ്തുതയും ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്. ഈ മേഖലയില്‍ ഇനിയും നാം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു, സമര്‍പ്പിതരായ നിരവധി സ്ത്രീപൂരുഷന്മാര്‍ ചെയ്യുന്ന സേവനത്തെ കൂടുതലായി പിന്‍തുണയ്ക്കണമെന്നും, ഭരണപക്ഷത്തുള്ളവര്‍ ന്യായമായും സത്യസന്ധമായും അവരെ സഹായിക്കണമെന്നും ഹൃദയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. 


9. പ്രകൃതിയെ പരിരക്ഷിക്കുന്ന സാഹോദര്യം

സ്രഷ്ടാവില്‍നിന്നും മനുഷ്യകുലം സ്വീകരിച്ചിട്ടുള്ള പൊതുസ്വത്തും ഒപ്പം സമ്മാനവുമാണ് പ്രകൃതി. 
പ്രകൃതിയെക്കുറിച്ചുള്ള ക്രിസ്തീയ കാഴ്ചപ്പാടാണ് സൃഷ്ടവസ്തുക്കളോടുള്ള ക്രിയാത്മകമായ സമീപനവും നീതിപൂര്‍വ്വകവുമായ ഇടപെടലും. പ്രകൃതിവിഭവങ്ങള്‍ വ്യക്തിഗത ആവശ്യങ്ങള്‍ക്കു മാത്രമല്ല, അവ പൊതുന്മയ്ക്കും ഉപയോഗിക്കേണ്ടതാണ്. എന്നാല്‍ അതിന്‍റെ മനോഹാരിതയും പരമമായ ലക്ഷൃവും, അതിലെ ജീവജാലങ്ങളുടെ നിലനില്പും, പ്രപഞ്ചത്തില്‍ അതിനുള്ള സവിശേഷ സ്ഥാനവും തീര്‍പ്പും മാനിച്ചുകൊണ്ട് അത് വിവേകപൂര്‍വ്വം കൈകാര്യംചെയ്യേണ്ടതാണ്. ചുരുക്കത്തില്‍ പ്രകൃതി മനുഷ്യന്‍റെ ഉപയോഗത്തിനുള്ളതാണ്. എന്നാല്‍ വിശ്വസ്ത ദാസന്മാരെപ്പോലെ അതു കൈകാര്യം ചെയ്യുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രകൃതിയെ പരിരക്ഷിക്കുന്നതിനു പകരം, മനുഷ്യന്‍ ആര്‍ത്തിയോടെയും ആധിപത്യത്തിന്‍റെ ധാര്‍ഷ്ട്യത്തോടെയും അതിനെ കീഴ്പ്പെടുത്തുവാനും ചൂഷണംചെയ്യാനും തട്ടിയെടുക്കുവാനുമാണ് പലപ്പോഴും പരിശ്രമിക്കുന്നത്. ഭാവിതലമുറകള്‍ ഉള്‍പ്പെടുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് ഇനിയും ഉപകാരപ്രദമാകുന്ന വിധത്തില്‍ അത് വിനിയോഗിക്കുകയും ലഭ്യമാക്കുകയുമാണ് വേണ്ടത്.

മനുഷ്യരാശിയെ പോറ്റുക മാത്രമല്ല, പ്രകൃതിയെയും അതിന്‍റെ വിഭവങ്ങളെയും സംരക്ഷിക്കുകയും നിലനിറുത്തുകയുംചെയ്യുന്ന സവിശേഷമായ വിളിയും ഭൂമിയുടെ പ്രഥമ ഉല്പാദക മേഖലയുമാണ് കൃഷി. മാനവരാശിയുടെ ശാപമായി ഇനിയും തുടരുന്ന ദാരിദ്ര്യത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍, നാം എങ്ങിനെയാണ് ഭൂമിയുടെ വിഭവസമ്പത്തുക്കള്‍ ഉപയോഗിക്കുന്നതെന്നു ചോദിക്കുവാന്‍ നിര്‍ബ്ബന്ധിതനാവുകയാണ്. ഉല്പാദനക്ഷമതയുള്ള സാമൂഹ്യക്രമം സൃഷ്ടിക്കത്തക്കവിധത്തില്‍ ആനുകാലിക സമൂഹത്തിന്‍റെ മുന്‍ഗണനക്രമം (hierarchy of priorities) മാനിക്കേണ്ടതാണ്. ദാരിദ്ര്യം ഇല്ലാതാക്കുന്ന വിധത്തില്‍ ഭൂമിയുടെ വിഭവസമ്പത്തുക്കള്‍ ഉപയോഗിക്കുകയും ക്രമപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. പരിഹാര മാര്‍ഗ്ഗങ്ങളും മുന്‍കരുതലുകളും മുന്‍കൈയ്യെടുക്കലുകളും കാര്‍ഷികോല്പന്നത്തിന്‍റെ വര്‍ദ്ധനവില്‍ മാത്രം ഒതുക്കി നിറുത്താവുന്നതല്ല.

ആഗോളതലത്തിലുള്ള ഉല്പാദനം വേണ്ടുവേളമാണെങ്കിലും ദാരിദ്രൃത്തിന് ഒഴിവില്ലെന്നത് ആക്ഷേപാര്‍ഹമായ അവസ്ഥയാണ്. ഭൂമിയുടെ വിഭവങ്ങള്‍ സകലര്‍ക്കും ലഭ്യമാക്കുന്നതും, ഉപകരിക്കുന്നതുമായ സംവിധാനമാണ് നമുക്ക് ആവശ്യം; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ മാത്രമല്ല, പ്രത്യുത ലോകത്ത് നീതിയും സമത്വവും മനുഷ്യരോടുള്ള ആദരവും നിലനിറുത്തുന്നതിനു വേണ്ടിയാണത്. ദൈവം ദാനമായി നല്കിയ പ്രകൃതിയുടെ വിഭവസമ്പത്തുക്കള്‍ എല്ലാവര്‍ക്കുമുള്ളതാണ് എന്നത് (Universal destination of all goods) സഭയുടെ അടിസ്ഥാന സാമൂഹ്യ നിലപാടും പ്രബോധനവുമാണ്. മൗലികവും പ്രാഥമികവുമായ ആവശ്യസാധനങ്ങള്‍ വിവേചനമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഈ വീക്ഷണത്തോടുള്ള ആദരവ്. 

10. ഉപക്രമം

സഹോദര്യം ഇനിയും നാം കണ്ടെത്തേണ്ടതും, ഇഷ്ടപ്പെടേണ്ടതും, അനുഭവിക്കേണ്ടിതും, പ്രഘോഷിക്കേണ്ടതും സാക്ഷൃപ്പെടുത്തേണ്ടതുമാണ്. 

മനുഷ്യജീവിതത്തിന്‍റെ ആത്മീയമാനവും ആദര്‍ശങ്ങളും അടിയറവച്ചുകൊണ്ട് സമൂഹത്തിന്‍റെ 
രാഷ്ട്രീയ സാമ്പത്തിക വ്യവസ്ഥികളുടെ യാഥാര്‍ത്ഥ്യത്തെ വെറും സാങ്കേതികതയായി ചുരുക്കാനാവില്ല.
ദൈവത്തോടു തുറവിയില്ലാതാകുമ്പോള്‍ മാനുഷിക പരിശ്രമങ്ങള്‍ ദുര്‍ബലമാവുകയും, മനുഷ്യന്‍ മനുഷ്യനെ വസ്തു സമാനമായി കാണുകയും, ചൂഷണംചെയ്യുകയും ചെയ്യുന്നു. എല്ലാവരെയും ആശ്ലേഷിക്കുന്ന ദൈവത്തിന്‍റെ വിസ്തൃതവും വിശാലവുമായ വിശ്വസ്നേഹത്തോട് നമ്മുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥകള്‍ അനുരൂപപ്പെട്ടെങ്കില്‍ മാത്രമേ സാഹോദര്യത്തിന്‍റെ യഥാര്‍ത്ഥമായ അരൂപിയുള്ള ലോകക്രമം വളര്‍ത്തിയെടുക്കുവാനും, സമഗ്ര മാനവ പുരോഗതിയുടെയും സമാധാനത്തിന്‍റെയും ഉപാധികളായി അവയ്ക്ക് നിലനില്ക്കുവാനും സാധിക്കൂ. ക്രിസ്തു നല്കിയിരിക്കുന്ന പ്രത്യേക കൃപാവരത്തിന്‍റെ ആനുപാതികമായ അളവില്‍, സഭയാകുന്ന ശരീരത്തില്‍ ആവശ്യം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളാണ് ക്രൈസ്തവര്‍ എല്ലാവരുമെന്ന് നാം വിശ്വസിക്കുന്നു (എഫേ.4, 7, 25. 1കൊറി. 12, 7).

മനുഷ്യര്‍ക്ക് ദൈവകൃപ പകര്‍ന്നുനല്കാനാണ് ദൈവപുത്രനായ ക്രിസ്തു, ഈ ഭൂമിയില്‍ അവതരിച്ചത്.
തന്‍റെ കുരിശുമരണത്താലും പുനരുത്ഥാനത്താലും ദൈവസ്നേഹത്തിന്‍റെ ആഴവും പരപ്പും മനുഷ്യകുലവുമായി പങ്കുവച്ച ക്രിസ്തു, പാരസ്പര്യത്താലും അനുരഞ്ജനത്താലും സ്വാര്‍പ്പണത്താലും മനുഷ്യരെ കൂട്ടിയിണക്കുന്ന വിശ്വസാഹോദര്യത്തിന്‍റെ ശൃംഖല സൃഷ്ടിക്കുവാന്‍ സകലരെയും തന്നിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്: “ഞാന്‍ പുതിയൊരു കല്പന നിങ്ങള്‍ക്കു നല്‍കുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവന്‍. സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയും” (യോഹ. 13, 34-35). മറ്റുള്ളവരുടെ യാതനകളും ആശങ്കകളും മനസ്സിലാക്കുവാനും, നമ്മില്‍നിന്നും വളരെ അകലെ ആയിരിക്കുന്നവരുടെ കൂടെ സ്നേഹത്തില്‍ ആയിരിക്കുവാനും, അവര്‍ക്കുവേണ്ടി സ്വയം സമര്‍പ്പിക്കുവാനും നിസ്വാര്‍ത്ഥമായി എല്ലാം നല്കുവാനും പ്രേരിപ്പിക്കുന്ന, ഇടതടവില്ലാത്ത താദാത്മ്യഭാവം നമ്മോടാവശ്യപ്പെടുന്ന സദ്വാര്‍ത്തയാണിത്. 

മാനവരാശിയെ മുഴുവന്‍ ആശ്ലേഷിക്കുന്ന ക്രിസ്തു ആരും നഷ്ടപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. 
“ദൈവം തന്‍റെ പുത്രനെ ലോകത്തിലേയ്ക്ക് അയച്ചത് അതിനെ ശിക്ഷയ്ക്കു വിധിക്കാനല്ല. പ്രത്യുത, അവിടുന്നുവഴി ലോകം രക്ഷപ്രാപിക്കാനാണ്” (യോഹ. 3, 17). പീഡിപ്പിക്കാതെയും ബലംപ്രയോഗിക്കാതെയും, നമ്മുടെ ഹൃദയകവാടം അവിടുത്തേയ്ക്കായ് തുറക്കുന്നവരെ ക്രിസ്തു ആശ്ലേഷിക്കുന്നു. “എന്നാല്‍, നിങ്ങള്‍ അങ്ങനെ ആയിരിക്കരുത്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയും, അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കട്ടെ!” (ലൂക്കാ 22, 26-27).
ആകയാല്‍ നിങ്ങളുടെ ഓരോ പ്രവൃത്തിയും, സഹോദരങ്ങളോടുള്ള, വിശിഷ്യാ നിങ്ങളില്‍നിന്നും അകന്നിരിക്കുന്നവരോടും നിങ്ങള്‍ അറിയാത്തവരോടുമുള്ള സേവനതല്പരതകൊണ്ട് സവിശേഷമായിരിക്കട്ടെ. സമാധാനത്തിന് നിദാനമാകേണ്ട സാഹോദര്യത്തിന്‍റെ ആത്മാവ് സേവനമാണ്.

തന്‍റെ ദിവ്യഹൃദയത്തില്‍നിന്നും ഉതിരുന്ന സ്നേഹം ഉള്‍ക്കൊണ്ട് അതനുസാരം ജീവിക്കുവാനും, അതുവഴി ഈ ഭൂമിയിലുള്ള സകലരുമായി സമാധാനം പങ്കുവയ്ക്കുവാനും യേശുവിന്‍റെ അമ്മ, പരിശുദ്ധ കന്യാകാമറിയം ഏവരെയും സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

വത്തിക്കാനില്‍നിന്നും + പാപ്പാ ഫ്രാന്‍സിസ്

1 ജനുവരി 2013 





സാഹോദര്യമാണ് സമാധാനത്തിന്‍റെ അടിത്തറ: പാപ്പാ ഫ്രാന്‍സിസിന്‍റെ ലോക സമാധാനദിന സന്ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക