Image

വീണ്ടും ദുബൈ: ഡി. ബാബുപോള്‍

Published on 05 December, 2013
വീണ്ടും ദുബൈ: ഡി. ബാബുപോള്‍
ഒരിക്കല്‍ക്കൂടി ദുബൈ. തിരക്കിട്ട ഒരു സന്ദര്‍ശനം. വെള്ളിയാഴ്‌ച ഉച്ചക്ക്‌ വിമാനത്തില്‍നിന്ന്‌ ഇറങ്ങി. പാതിരാ കഴിഞ്ഞ്‌, ശനിയാഴ്‌ച പുലര്‍കാലത്ത്‌ വീണ്ടും വിമാനത്തില്‍ കയറി.

ഒന്നരക്കൊല്ലം മുമ്പായിരുന്നു ഈ വഴി ഒടുവില്‍ വന്നത്‌. അന്ന്‌ അനേകം വിമാനങ്ങള്‍ ഒരുമിച്ച്‌ എത്തിച്ചേരുന്ന നേരത്ത്‌ വല്ലാത്ത തിരക്കുണ്ടായിരുന്നു. ദുബൈയിലത്തെിയാല്‍ വിദേശികള്‍ കണ്ണ്‌ കാണിക്കണം. അതിന്‌ അഞ്ചോ ആറോ ഇടങ്ങളുണ്ടായിരുന്നു. വല്ലാത്ത കാലതാമസം. പോരെങ്കില്‍ പാതിനേരം അറബികള്‍ ഫലിതം പറഞ്ഞ്‌ കളയുന്നു. ഇത്‌ ദുബൈ പോലെ ഒരു സ്ഥലത്തിന്‌ അപമാനമാണ്‌ എന്ന്‌ അന്ന്‌ നിരീക്ഷിച്ചതും ചില അറബിഭക്തന്മാര്‍ അതിനെ വിമര്‍ശിച്ചതും ഇപ്പോള്‍ എടുത്തുപറയുന്നത്‌ ആ പ്രശ്‌നം ഇത്തവണ ഉണ്ടായില്ല എന്ന്‌ വ്യക്തമാക്കാനാണ്‌.

ഉയര്‍ന്ന ക്‌ളാസിലാണ്‌ യാത്രയെങ്കില്‍ ഒട്ടകത്തിന്‌ ക്‌ളേശം സൃഷ്ടിക്കുന്ന സൂചിക്കുഴ വേണ്ട. ഫാസ്റ്റ്‌ ട്രാക്‌. കണ്ണടിക്കുന്നതെവിടെ എന്ന്‌ അന്വേഷിച്ചപ്പോള്‍ നേരെ പോകാന്‍ അനുമതി. വിസയുടെ മുദ്രകുത്തുന്ന ഇടത്തില്‍ എത്തിയപ്പോള്‍ നിലത്ത്‌ ഒരു വൃത്തം. അതില്‍ പാദങ്ങള്‍ വരച്ചുവെച്ചിരിക്കുന്നു. മക്കയിലേക്കുള്ള ദിശ അടയാളപ്പെടുത്തിയിരിക്കുകയാണ്‌ എന്നാണ്‌ ആദ്യം ചിന്തിച്ചത്‌. പിന്നെ മനസ്സിലായി സംഗതി. ഒന്നരക്കൊല്ലം മുമ്പ്‌ ഞാന്‍ ശ്രദ്ധിച്ച അപാകത ദുബൈവിമാനത്താവളത്തിലെ അധികാരികളും ശ്രദ്ധിച്ചിരിക്കുന്നു. ആ സൗമിത്രരേഖയില്‍ പാദം ഉറപ്പിച്ചുനിന്ന്‌ അവിടെ വെച്ചിട്ടുള്ള കാമറയില്‍ നോക്കിയാല്‍ മതി. എട്ടു മാസമായി ഈ വേല തുടങ്ങിയിട്ട്‌. എത്ര ലളിതം! രണ്ട്‌ ക്യൂ വേണ്ട. വിസയുടെ മുദ്രകുത്തുന്നിടത്ത്‌ ഒന്നോ രണ്ടോ മിനിറ്റ്‌ അധികം വേണ്ടിവന്നേക്കാം. അത്ര തന്നെ. തലയൊന്നിന്‌ 10 മിനിറ്റെങ്കിലും ലാഭം!

പുരോഗമനോന്മുഖവും മാര്‍ദവമിയന്നതും ആയ ഏകാധിപത്യത്തിന്‍െറ നന്മയാണ്‌ ഇത്‌ എന്ന്‌ പറയാമായിരിക്കും. അനുഭവപ്പെടുന്ന യാഥാര്‍ഥ്യം കാര്യക്ഷമതയാണ്‌.

നമ്മുടെ നാട്ടിലെ ജനാധിപത്യം നമുക്കൊക്കെ ഇഷ്ടമാണ്‌. എന്നാല്‍, അതിന്‌ നാം വിലകൊടുക്കേണ്ടിവരുന്നു. നമ്മുടെ റോഡുകള്‍ക്ക്‌ വീതികൂട്ടുന്നത്‌ എളുപ്പമല്ല. എട്ടാം ക്‌ളാസും ഗുസ്‌തിയും പഠിച്ചവരും റോഡിന്‍െറ വീതി എത്രവേണം എന്ന കാര്യത്തില്‍ അഭിപ്രായമുള്ളവരാണ്‌ ഈ നാട്ടില്‍. എന്തിനാണ്‌ മീഡിയന്‌ ഇത്ര വീതി, എന്തിനാണ്‌ സര്‍വീസ്‌ റോഡ്‌, എന്തിനാണ്‌ റോഡ്‌ തന്നെ എന്നൊക്കെ ചോദിക്കുന്നത്‌ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഹൈവേ എന്‍ജിനീയറിങ്ങില്‍ എം.ടെക്കും ഉള്ളവരെപ്പോലും അമ്പരപ്പിച്ചുകൊണ്ടല്ലേ? കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ നാട്ടുകാരെ പെരുവഴിയിലിറക്കി `ഞങ്ങളിപ്പോള്‍ മാവോയിസ്റ്റാവും' എന്ന്‌ മെത്രാനും മൗലവിയും ഭീഷണിപ്പെടുത്തുന്നത്‌ ഈ നാട്ടില്‍ വാര്‍ത്തയല്ലാതാവുകയാണ്‌. അതുകൊണ്ട്‌ മറ്റു വല്ലവരും ചെയ്‌താല്‍ നാം ഫാഷിസ്റ്റ്‌ ഏകാധിപത്യം എന്നൊക്കെ പറയുമെങ്കിലും ദുബൈയിലെ ഭരണാധികാരികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഭരണസമ്പ്രദായം ഫലം പുറപ്പെടുവിക്കുന്ന വൃക്ഷം തന്നെയാണ്‌ എന്ന്‌ പറയാതെ വയ്യ.

യു.എ.ഇയുടെ ദേശീയദിനത്തോടു ചേര്‍ന്ന്‌ കെ.എം.സി.സി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനായിരുന്നു എന്‍െറ യാത്ര. ഗള്‍ഫില്‍നിന്ന്‌ മലയാളി കുടിയിറങ്ങുകയും കേരളത്തില്‍ മറുനാട്ടുകാര്‍ കുടിയേറുകയും ചെയ്യുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളായിരുന്നു ചര്‍ച്ചാവിഷയം. അതിന്‍െറ വിശദാംശങ്ങള്‍ വേറെ പരിഗണിക്കാം.

മെസപ്പൊട്ടേമിയന്‍ സംസ്‌കാരവുമായി വിദൂരബന്ധം അവകാശപ്പെടുന്ന നാടാണ്‌ ഇന്നത്തെ ഐക്യ അറബ്‌ എമിറേറ്റുകള്‍. സുറിയാനി ക്രിസ്‌ത്യാനികള്‍ അവകാശപ്പെടുന്ന നമ്പൂതിരിബന്ധം പോലെയാണ്‌ അത്‌ എന്ന്‌ ദോഷൈകദൃക്കുകള്‍ക്ക്‌ പറയാം. ഏതായാലും ഒട്ടകത്തെ മനുഷ്യന്‍ മെരുക്കിയെടുത്ത കാലം മുതല്‍ എങ്കിലും സിറിയ, ഇറാഖ്‌ തുടങ്ങി സംസ്‌കാരം പ്രോജ്ജ്വലിച്ചുനിന്ന നാടുകളുമായി പരിചയപ്പെടാന്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടാവണം. ഒട്ടകം മെരുങ്ങിയിട്ട്‌ സഹസ്രാബ്ദം ഇത്‌ നാലാമത്തേതാണ്‌. കടലിന്‍െറ സാമീപ്യംകൊണ്ട്‌ ചൈനയും കേരളവുമൊക്കെ ബന്ധപ്പെട്ടിരിക്കാനും ഇടയുണ്ട്‌. ആധുനികകാലത്തെ റാസല്‍ഖൈമയില്‍ കേന്ദ്രീകരിച്ചാണ്‌ ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമികയോദ്ധാക്കള്‍ ഇറാന്‍ ആക്രമിച്ചത്‌ എന്നത്‌ എഴുതപ്പെട്ട ചരിത്രം.

ബ്രിട്ടീഷ്‌ സാമ്രാജ്യം അസ്‌തമിക്കുകയും എണ്ണനിക്ഷേപങ്ങള്‍ പ്രധാനമായി ഭവിക്കുകയും ചെയ്‌തതോടെയാണ്‌ എമിറേറ്റുകളുടെ പുരോഗതിക്ക്‌ ആക്കംകൂടിയത്‌ എന്ന്‌ നമുക്കറിയാം. ഹാരോള്‍ഡ്‌ വിത്സണും എഡ്വേഡ്‌ ഹീത്തും എമിറേറ്റുകള്‍ വെച്ചൊഴിയുകയാണ്‌ എന്ന്‌ പ്രഖ്യാപിച്ചപ്പോള്‍ ഇട്ടെറിഞ്ഞുപോകരുതേ എന്നായിരുന്നു സുല്‍ത്താന്‍ അല്‍ നഹ്യാന്‍ ആദ്യം പ്രതികരിച്ചത്‌. ബഹ്‌റൈനും ഖത്തറും സ്വന്തം വഴി നോക്കിയപ്പോള്‍ അബൂദബിയിലെയും ദുബൈയിലെയും ഭരണാധികാരികളാണ്‌ ദീര്‍ഘവീക്ഷണത്തോടെ ഒരുമയുണ്ടെങ്കില്‍ കിടക്കാവുന്ന ഉലക്ക രൂപപ്പെടുത്തിയത്‌. ആദ്യം അവര്‍. പിന്നെ അജ്‌മാന്‍, ഫുജൈറ, ഷാര്‍ജ, ഉമ്മുല്‍ഖുവെയ്‌ന്‍. ഒടുവില്‍ റാസല്‍ഖൈമ. ഇന്നും അബൂദബിയിലും ദുബൈയിലുമാണ്‌ ജനസംഖ്യയില്‍ 70 ശതമാനവും.

എമിറേറ്റുകളുടെ ഭരണഘടനാപരമായ സ്വഭാവം ഫെഡറലിസമാണെന്ന്‌ നമുക്കറിയാം. ഏഴ്‌ എമിറേറ്റുകളില്‍ രണ്ടെണ്ണം വിചാരിച്ചാല്‍ രാഷ്ട്രത്തെ നശിപ്പിക്കാന്‍ കഴിയുമെന്നതും സത്യം തന്നെ. എന്നാല്‍, അവര്‍ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന്‌ സൂക്ഷ്‌മദൃക്കുകള്‍ക്ക്‌ കാണാനാവും. ഒന്ന്‌, പുരോഗതിയും വികസനവും തങ്ങളുടെ ചുമതലയാണ്‌ എന്ന്‌ വല്യേട്ടന്മാര്‍ ഇരുവരും തിരിച്ചറിയുന്നു. രണ്ട്‌, ഇളയതുങ്ങളുടെ ആത്മാഭിമാനം ക്ഷതപ്പെടുത്താതെയാണ്‌ അവര്‍ തങ്ങളുടെ പ്രാമുഖ്യം ഉറപ്പിക്കുന്നത്‌. ശൈഖ്‌ സായിദും ശൈഖ്‌ മക്തൂമും ബുദ്ധിപൂര്‍വവും ബോധപൂര്‍വവും പണിത ഐക്യത്തിന്‍െറ അടിത്തറ ശൈഖ്‌ ഖലീഫയും ശൈഖ്‌ മുഹമ്മദും സംരക്ഷിക്കുകയും ബലപ്പെടുത്തുകയും ചെയ്യുന്നതിലാണ്‌ യു.എ.ഇയുടെ വിജയം.

പിടിവാശികളില്ല. മതനിരാസമില്ല. മതവിദ്വേഷം ഒട്ടുമേ ഇല്ല. അതേസമയം, ഇസ്ലാമിന്‍െറ കാതലായ ഭാവങ്ങള്‍ക്ക്‌ ഒരു കോട്ടവുമുണ്ടാകാന്‍ ഭരണാധികാരികള്‍ അനുവദിക്കുന്നുമില്ല. അറബ്‌ വസന്തം അതിരിനു പുറത്താണെന്ന്‌ ഒരു ഭാഗത്തും മനുഷ്യാവകാശ ലംഘനങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന്‌ മറുഭാഗത്തും പറയാറുണ്ട്‌ എന്ന സംഗതി മറക്കുന്നില്ല. നിത്യവസന്തം ലക്ഷ്യമാവുമ്പോള്‍ പ്രത്യേകിച്ചൊരു പ്രാദേശികവസന്തം എന്തിനെന്നും കുറ്റവാളികളെയും രാജ്യദ്രോഹികളെയും സംരക്ഷിക്കുന്നതിലല്ല മനുഷ്യാവകാശം നിര്‍വചിക്കേണ്ടത്‌ എന്നും മറുപടിയും ഉണ്ടല്‌ളോ. വ്യക്തിപരമോ ഗോത്രാധിഷ്‌ഠിതമോ ആയ സ്വാര്‍ഥതയെക്കാളുപരി ഈശ്വരന്‍ തങ്ങളെ കൈകാര്യകര്‍ത്താക്കളാക്കിയിരിക്കുന്ന നാടിന്‍െറ ഭാവിയാണ്‌ പ്രധാനം എന്ന തിരിച്ചറിവാണ്‌ യു.എ.ഇയിലെ ഭരണാധികാരികളെ അടയാളപ്പെടുത്തുന്നത്‌ എന്ന്‌ ചുരുക്കിപ്പറഞ്ഞ്‌ നിര്‍ത്താം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക