-->

America

ദൈവത്തിന് മതം ഇല്ല: ഡി. ബാബുപോള്‍

Published

on

ദൈവം ക്രിസ്ത്യാനിയല്ല എന്ന് പറഞ്ഞത് ദക്ഷിണാഫ്രിക്കയിലെ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു ആണ്. യേശുക്രിസ്തുവും ക്രിസ്ത്യാനി ആയിരുന്നില്ല എന്നാണ് ടുട്ടുവിന്‍െറ പ്രസ്താവനക്കുള്ള എന്‍െറ പ്രതിവാക്യം.
ജനിച്ച മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മറ്റു മതങ്ങളുമായി അതിനെ താരതമ്യപ്പെടുത്തിയതിനുശേഷം തന്‍െറ മതം ആണ് ശ്രേഷ്ഠമതം എന്ന ഉത്തമബോധ്യത്തിലത്തെി മാതാപിതാക്കളുടെ മതത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍ എണ്ണത്തില്‍ ഏറെ ഉണ്ടാകാനിടയില്ല. താന്‍ ജനിച്ച മതം തനിക്ക് ശാന്തി നല്‍കുന്നില്ല എന്ന തിരിച്ചറിവോടെ ബൗദ്ധികതീര്‍ഥാടനത്തിന് ഇറങ്ങിത്തിരിച്ച് തന്‍െറ മതം നല്‍കാത്തത് നല്‍കുന്ന മറ്റൊരു മതം സ്വീകരിക്കുന്നവരുടെ എണ്ണവും കുറവായിരിക്കും. ഇനി അങ്ങനെയുള്ള ഉദാത്തമായ കാരണങ്ങള്‍ ഒന്നും കൂടാതെ സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കുന്നവരുടെ കാര്യമോ ? അതും വലിയ സംഖ്യയല്ല ഒരു സമൂഹത്തിലും. അതായത് വര്‍ത്തമാനകാലത്ത് ഓരോ മതത്തിലും ഉള്‍പ്പെട്ട് കാണപ്പെടുന്ന ജനം ഒട്ടുമുക്കാലും അതാത് മതത്തില്‍ ആയിരിക്കുന്നത് അവരവരുടെ മാതാപിതാക്കളില്‍നിന്ന് ജനിച്ചതുകൊണ്ടാണ്. ഈ ലളിതമായ സത്യം തിരിച്ചറിയുമെങ്കില്‍ ഇതരമതസ്ഥരായ മനുഷ്യരെ അന്യരായിട്ടോ ശത്രുക്കളായിട്ടോ കാണേണ്ടതില്ല എന്ന് ഗ്രഹിക്കാന്‍ കഴിയും.
യഹൂദന്മാര്‍ക്കിടയില്‍ ഒരു കഥയുണ്ട്. ഈജിപ്തില്‍നിന്ന് മോചനം നേടി ചെങ്കടല്‍ കടന്ന ഇസ്രായേല്‍, തങ്ങളെ അനുധാവനം ചെയ്ത ഫറവോ രാജാവും സൈന്യവും മുങ്ങിച്ചത്തത് ആഘോഷിച്ച് ദൈവത്തെ സ്തുതിച്ചപ്പോള്‍ ദൈവം അവരോട് ചോദിച്ചു: എന്‍െറ മക്കള്‍ നിലയില്ലാക്കടലില്‍ മുങ്ങിമരിച്ചത് ആഘോഷമാക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയുന്നു? ഇസ്രായേലിനെ മോചിപ്പിച്ച ദൈവം തന്നെയാണ് ചോദിക്കുന്നത്. തങ്ങളുടെ വിമോചനത്തില്‍ ആശ്വാസവും ആഹ്ളാദവും ഉണ്ടാകുന്നതിനെയല്ല ദൈവം ഭത്സിക്കുന്നത്, അപരന്‍െറ നാശത്തില്‍ ആഹ്ളാദിക്കുന്നതിനെയാണ്.
ഒരു മദ്യപന്‍ റോഡ് മുറിച്ചുകടന്ന് അപ്പുറത്തത്തെി. ആദ്യം കണ്ട ആളോട് ചോദിച്ചു: ‘ഈ റോഡിന്‍െറ മറ്റേ സൈഡ് എവിടെയാ?’ അത് ചൂണ്ടിക്കാണിച്ചപ്പോള്‍ മദ്യപന്‍ പറഞ്ഞുവത്രെ: ‘ഇത് നല്ല കൂത്ത്. അപ്പുറത്തൊരുത്തന്‍ പറഞ്ഞു ഇപ്പുറത്താ മറ്റേ സൈഡെന്ന്’. നാം എവിടെ നില്‍ക്കുന്നുവെന്നതാണ് മറ്റേ സൈഡ് ഏതാണെന്ന് നിര്‍ണയിക്കുന്നത്.
ലണ്ടനില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന സായിപ്പ് ഓര്‍ക്കുന്നില്ല അതേസമയത്ത് ഇന്ത്യയില്‍ നാം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന്. പ്രഭാതസൂര്യന്‍െറ ഉന്മേഷദായകമായ കിരണങ്ങളാണ് സായിപ്പ് അന്നേരം കാണുന്നത്. ഇന്ത്യയിലോ? ചൂടുകൊണ്ട് ഇരിക്കപ്പൊറുതിയില്ല. അതേസമയം, ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും അസ്തമയ സൂര്യന്‍െറ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കമിതാക്കള്‍ കടല്‍ത്തീരത്ത് ഇരിക്കുകയാവും: സൂര്യബിംബം വിദൂര ചക്രവാളത്തില്‍ സമുദ്രത്തെ സ്പര്‍ശിക്കുന്ന ദൃശ്യം കാണാന്‍ എന്തു ഭംഗി! സൂര്യനായാല്‍ ഇങ്ങനെ വേണം. മൂന്ന് സ്ഥാനങ്ങള്‍. മൂന്ന് അനുഭവങ്ങള്‍. സൂര്യന്‍ ഒന്നുമാത്രം.
ഏതാണ് ആ സൂര്യന്‍െറ ഭാവം? പ്രഭാതചാരുതയോ മധ്യാഹ്ന തീക്ഷ്ണതയോ സായാഹ്നശോഭയോ? നാം ഇരിക്കുന്ന ഇടത്തത്തെി, നാം നോക്കുന്ന ദിശയില്‍ തന്നെ നോക്കി വേണം സൂര്യന്‍െറ യഥാര്‍ഥഭാവം ഗ്രഹിക്കാന്‍ എന്ന് പറയുമ്പോള്‍ സൂര്യനെയാണ് നാം പരിമിതപ്പെടുത്തുന്നത്.
സൂര്യന്‍ ദൃശ്യമാണ്. അതുകൊണ്ട് ഉദാഹരണമാക്കിയതാണ്. മിക്ക മതങ്ങള്‍ക്കും ഒരു അതീന്ദ്രിയമാനകബിന്ദു ഉണ്ട് എന്ന് നമുക്കറിയാം. ദാര്‍ശനികതലത്തില്‍ മിസ്റ്റീരിയം ട്രെമെന്‍ഡും എന്ന് പറയും. അത് മനുഷ്യന്‍ തിരിച്ചറിയുന്നത് ആ അതീന്ദ്രിയഭാവം സ്വയം അഗോചരമാക്കി അവതരിക്കുമ്പോഴാണ്. സ്ഥലകാല പരിമിതികള്‍ക്ക് വിധേയനായ മനുഷ്യന്‍ ദാര്‍ശനീയമാവുന്ന ഈ അതീന്ദ്രിയഭാവത്തോട് താദാത്മ്യപ്പെടാന്‍ നടത്തുന്ന പരിശ്രമം ആണ് മതം എന്ന് സ്ഥൂലമായി പറയാം. ആ താദാത്മ്യം ഓംകാരത്തിലെ ലയനമാവാം, പുതിയ യരുശലേമിലെ സൗഭാഗ്യമാവാം. ദൈവികമെന്നും മാനുഷികമെന്നും ഇപ്പോള്‍ നാം അറിയുന്ന ദ്വന്ദം അപ്രത്യക്ഷമാവുന്ന അവസ്ഥയാണ് ഏതായാലും.
ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. രക്ഷക്കായി മറ്റൊരു നാമം നല്‍കപ്പെട്ടിട്ടില്ല എന്ന് ശിഷ്യന്മാര്‍ പഠിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍, ആ വാക്യങ്ങളിന്മേല്‍ മാത്രം രക്ഷയുടെ വേദശാസ്ത്രം ഉറപ്പിക്കാനാവുകയില്ല. സമസ്തമനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം എന്ന് യോഹന്നാന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ക്രിസ്ത്യാനികള്‍ക്കായി പരിമിതപ്പെടുത്താന്‍ പാടില്ല. യഹൂദനും യവനനും പാപത്താല്‍ പങ്കിലമാക്കപ്പെടുന്നത് ഒരുപോലെയാണ് എന്ന് പൗലോസ് സൂചിപ്പിക്കുന്നുണ്ടല്ളോ. ഈശ്വരന്‍ നിശ്ചയിച്ചിട്ടുള്ളതിനെ ലംഘിക്കുന്നതാണ് പാപം. അതായത് പാപം മതാതീതമാണ്. പാപരഹിതവും പുണ്യപൂര്‍ണവുമായ അവസ്ഥയും മതാതീതമാണ്. ആദ്യത്തേതില്‍നിന്ന് രണ്ടാമത്തേതില്‍ എത്താനുള്ള പാതയിലാണ് മതഭേദം.
എന്നിലൂടെയല്ലാതെ ആരും ദൈവപിതാവില്‍ എത്തുന്നില്ല എന്ന് ശരീരമായി അവതരിച്ച വചനം പറഞ്ഞത് അവതാരഭാവത്തെ മാത്രം കരുതിയാണ് എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് ദൈവം ക്രിസ്ത്യാനിയാണ് എന്ന് പറയേണ്ടിവരുന്നത്. ശരീരം ധരിക്കുന്നതിന് മുമ്പ് വചനം ഉണ്ടായിരുന്നു. ആ വചനം ദൈവത്തോടുകൂടെയായിരുന്നു. ആ വചനം ദൈവം തന്നെയായിരുന്നു. അതായത് ദൈവത്തിലൂടെയല്ലാതെ ദൈവത്തില്‍ എത്തുന്നില്ല. ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പണ്ട് സ്വയം വെളിപ്പെടുത്തിയവനെക്കുറിച്ചുള്ള ബൈബ്ള്‍ പരാമര്‍ശവും വിസ്മരിക്കാവുന്നതല്ല.
യഹൂദ-ക്രൈസ്തവ-ഇസ്ലാംമതങ്ങളുടെ ചരിത്രം പരിശോധിക്കുന്ന കാരന്‍ ആംസ്ട്രോങ് ‘ദൈവത്തിന്‍െറ ചരിത്രം’ എന്ന കൃതി അവസാനിപ്പിക്കുന്നത് ഈശ്വര ശൂന്യത മനുഷ്യരാശിക്ക് താങ്ങാനാവുന്നതല്ല എന്ന് പറഞ്ഞിട്ടാണ്. മതമൗലികവാദത്തിന്‍െറ അമൂര്‍ത്ത വിഗ്രഹങ്ങള്‍ ആ ശൂന്യത പരിഹരിക്കുകയില്ല എന്ന് അവര്‍ പറയുന്നു. അത് ഇപ്പറഞ്ഞ മൂന്നു മതങ്ങള്‍ മാത്രം നേരിടുന്ന പ്രശ്നമല്ല. ഹിന്ദുമതംപോലെ വിശാലമായ മുത്തുക്കുടക്കു കീഴിലും മതമൗലികവാദത്തിന്‍െറ വിഗ്രഹങ്ങള്‍ അസഹിഷ്ണുത വളര്‍ത്താറുണ്ട്. ഉപരിപ്ളവജ്ഞാനത്തിന്‍െറ തടവുകാരാണ് അത്തരം അല്‍പമനസ്സുകള്‍ ഏത് മതത്തിലായാലും.
ഞാന്‍ ഈയിടെ ഒരു പുതിയ വാക്ക് പഠിച്ചു. അള്‍ട്രാക്രെപിഡേറിയന്‍. ഒരു ചിത്രകാരന്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടം വരച്ചു. ചിത്രത്തില്‍ കാണുന്ന ചെരിപ്പുപയോഗിച്ച് കുതിരസവാരി വയ്യ എന്ന് ഒരു ചെരുപ്പുകുത്തി പറഞ്ഞു. ചിത്രകാരന് അത് ബോധ്യമായി. അയാള്‍ മാറ്റിവരച്ചു. അപ്പോള്‍ ബെല്‍റ്റ്, പുരികം, ചെവി ഒക്കെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി ചെരിപ്പുകുത്തി. ചിത്രകാരന്‍ പറഞ്ഞു, സുത്തോര്‍, നെ ഉള്‍ത്രാ ക്രെവിദാം. ‘ചെരുപ്പുകുത്തീ, ചെരിപ്പിന് മേലോട്ട് വേണ്ടാ’. ഈ കഥയിലാണ് പദനിഷ്പത്തി. പിന്നെ അര്‍ഥം പറയേണ്ടതില്ല. ദൈവത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ നാം എല്ലാവരും ആ ചെരിപ്പുകുത്തിയുടെ ഭാവത്തിലാണ്. അതിനുപകരം അഹം ബ്രഹ്മാസ്മി, തത്ത്വമസി എന്ന തിരിച്ചറിവാണ് വിനീതനായ അന്വേഷകന് ഉണ്ടാവേണ്ടത്. ദൈവത്തെ മാനിക്കാനും മനുഷ്യരെ സ്നേഹിക്കാനും ഉള്ള കല്‍പനയുടെ പരാവര്‍ത്തനമാണത്. നാം അഭിവാദ്യം ചെയ്യുമ്പോള്‍ കൈ കൂപ്പുന്നത് അപരനിലെ ദൈവാംശത്തെ മാനിച്ചിട്ടാണ്. ബുദ്ധമതത്തില്‍ ദൈവം ഇല്ല എന്ന് പറയുമെങ്കിലും ‘എന്നിലെ ദൈവം നിന്നിലെ ദൈവത്തെ വണങ്ങുന്നു’ എന്നാണ് താന്‍ കുനിഞ്ഞുവണങ്ങുന്നതിന്‍െറ അര്‍ഥം എന്ന് ദലൈലാമ പറഞ്ഞിട്ടുണ്ട്. ക്രിസ്തുമതം മറ്റു മതങ്ങളെക്കാള്‍ ഭേദമാണെന്ന് പറയാന്‍ ക്രിസ്ത്യാനികള്‍ക്കോ ഒരൊറ്റ വേദപ്രമാണത്തെ ആശ്രയിക്കാത്തതിനാല്‍ മറ്റു മതങ്ങളെക്കാള്‍ ഭേദം ഹിന്ദുമതമാണെന്ന് പറയാന്‍ ഹിന്ദുക്കള്‍ക്കോ അവകാശമില്ല എന്ന് ചുരുക്കം. ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. ‘ചെരുപ്പുകുത്തീ, ചെരിപ്പിന് മേലോട്ട് വേണ്ടാ’ എന്നാണ് നാം ഓര്‍ക്കേണ്ടത്, മതമേതായാലും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

View More