Image

ഓം, ഹരിശ്രീ: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 18 October, 2013
ഓം, ഹരിശ്രീ: ഡി. ബാബുപോള്‍
വിജയദശമി ഭാരതീയരുടെ പൊതുവായ ഉത്സവം എന്ന് പറയാവുന്ന ഒരു വിശേഷമാണ്. എന്നാല്‍, ഭാരതത്തില്‍ എല്ലായിടത്തും കഥ ഒന്നല്ല. ആഘോഷസമ്പ്രദായങ്ങളും വ്യത്യസ്തം തന്നെ.

കന്നിമാസത്തിലെ ശുക്ളപക്ഷത്തില്‍ പ്രഥമ മുതല്‍ നവമി വരെ രാത്രികാലങ്ങളില്‍ ആഘോഷിക്കുന്നതിനാല്‍ നവരാത്രി എന്ന് നാം അറിയുന്നതിനെ ചിലര്‍ ദസറ എന്ന് വിളിക്കുന്നത് ദശമിയിലും ചടങ്ങുകള്‍ ഉള്ളതുകൊണ്ടാണ്. ചിലയിടങ്ങളില്‍ ദുര്‍ഗ പൂജ എന്ന് പറയും. ദുര്‍ഗ ഭാരതീയസങ്കല്‍പത്തില്‍ ഈശ്വരിയാണ്. ഭക്തന്മാരുടെ അപേക്ഷ അനുസരിച്ച് അഭീഷ്ടഭാവത്തില്‍ പ്രത്യക്ഷപ്പെടുന്നു ദുര്‍ഗ. പരമശിവന്‍െറ ഭാര്യയായ പാര്‍വതി ദുര്‍ഗയുടെ ഒരു മൂര്‍ത്തിയാണ്. കന്യ, കാമാക്ഷി, മൂകാംബി എന്ന രൂപങ്ങള്‍ സൗമ്യഭാവം ദ്യോതിപ്പിക്കുന്നു.

ആന്ധ്രയിലെ ജോകലാംബിക ക്ഷേത്രങ്ങളും കര്‍ണാടകത്തിലെ കൊല്ലാപുരം ലക്ഷ്മീക്ഷേത്രങ്ങളും ദുര്‍ഗാക്ഷേത്രങ്ങളാണ്. തമിഴ്നാട്ടിലെ കണ്ണകി, മാരിയമ്മന്‍, ദ്രൗപദിയമ്മന്‍, കാളിയമ്മന്‍ എന്നീ ഭാവങ്ങളും നമ്മുടെ നാട്ടിലെ ഭഗവതിയും സൂചിപ്പിക്കുന്നതും ഇതേ ഈശ്വരിയെ തന്നെ. വലിയങ്ങാടി ഭഗവതി ലക്ഷ്മീദേവിയാണ്. ആറ്റുകാല്‍ദേവി ഭദ്രകാളിയാണ് എന്നാണ് ഒൗദ്യോഗികഭാഷ്യം. പ്രശസ്തപണ്ഡിതനും ആട്ടക്കഥാകൃത്തും വാഗ്ഗേയകാരനും സാഹിത്യകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ ആര്‍. രാമചന്ദ്രന്‍നായര്‍ ‘അംബാപ്രണാമം’ എന്ന സ്തോത്രാവലിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് മറ്റൊരഭിപ്രായമാണ്. കേരളത്തിന് പുറത്ത് ദുര്‍ഗയും കാളിയും ഒന്ന് തന്നെ. കേരളത്തില്‍ രണ്ടും രണ്ടാണ് എന്നതാവാം ഈ അഭിപ്രായഭിന്നതക്ക് കാരണം.

ഏതായാലും ദേവീപൂജ നാലായിരം വര്‍ഷം പഴക്കമുള്ള പാരമ്പര്യമാണ്. ക്രിസ്തുവിനെ നേരില്‍ കണ്ട ശ്രീരാമകൃഷ്ണപരമഹംസന്‍ ക്രിസ്തുവിനെ പൂജിച്ചിരുന്നു എന്ന് നമുക്കറിയാം. അദ്ദേഹം വലിയ ദുര്‍ഗാഭക്തനും ആയിരുന്നു. ദക്ഷിണേന്ത്യയില്‍ ആധുനികകാലത്തെ ഏറ്റവും പ്രശസ്തനായ ദുര്‍ഗാഭക്തനായി പരിഗണിക്കപ്പെടുന്നത് സുബ്രഹ്മണ്യഭാരതിയാണ്. മഹാഭാരതത്തില്‍ വിരാടപര്‍വത്തിലും ഭീഷ്മപര്‍വത്തിലും നാം ദുര്‍ഗയെ കാണുന്നുണ്ട്.
ദക്ഷിണേന്ത്യയില്‍ ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്‍െറ സ്മരണയാണ് വിജയദശമി. ദുര്‍ഗയുടെ രൂപാന്തരമാണ് സരസ്വതി. ദുര്‍ഗ വിദ്യയുടെ പ്രതീകവും മഹിഷാസുരന്‍ അജ്ഞാനാന്ധകാരത്തിന്‍െറ സൂചകവും ആണ് എന്ന സങ്കല്‍പത്തില്‍നിന്നാണ് കേരളീയരുടെ വിദ്യാരംഭസമ്പ്രദായത്തിന്‍െറ തുടക്കം.

 യോദ്ധാവ് ആയുധങ്ങളും ഗ്രന്ഥകാരന്‍ പുസ്തകങ്ങളും തൂലികയും ഗായകന്‍ സംഗീതോപകരണങ്ങളും എല്ലാം ദേവീസന്നിധിയില്‍ പൂജിച്ചശേഷം വിജയദശമിദിനത്തില്‍ പുന$സമര്‍പ്പണത്തോടെ പുതിയൊരു തുടക്കത്തിലേക്ക് കടക്കുകയാണ്.

ഭാരതത്തില്‍ എല്ലായിടത്തും നവരാത്രിയും വിജയദശമിയും ദുര്‍ഗാപൂജയും ഒക്കെ ഉണ്ടെങ്കിലും നമ്മുടെ വിദ്യാരംഭം നമ്മുടേത് മാത്രം ആണ്. ഓണം, വിഷു, തിരുവാതിരകളി എന്നിവ പോലെ. ബലിയും വാമനനും എവിടെയും ഉണ്ടാവാം; ഓണം നമുക്ക് മാത്രം. വിഷു എല്ലാവര്‍ക്കും ഉണ്ട്; വിഷുക്കണിയും വിഷുക്കൈനീട്ടവും നമുക്ക് മാത്രം. അതുപോലെയാണ് വിജയദശമിയിലെ വിദ്യാരംഭവും. കേരളത്തനിമയുടെ സുന്ദരമായ ഒരു മുഖം.

അച്ഛന്‍ ഹെഡ്മാസ്റ്ററും വൈദികനും ആയിരുന്നു. വിജയദശമിനാളില്‍ വീട്ടില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം കാണും. പള്ളിയിലും ഉണ്ട് വിദ്യാരംഭം. അതിന് ഇന്ന ദിവസം എന്നില്ല. എപ്പിഫനി അഥവാ രാക്കുളിപ്പെരുന്നാള്‍ എന്നൊരു ദിവസം ചിലര്‍ തെരഞ്ഞെടുക്കും. യേശു ദൈവപുത്രനാണ് എന്ന ജ്ഞാനം അശരീരിയായി വെളിപ്പെട്ട നാള്‍ ആണ് എപ്പിഫനി എന്നതാണ് കാര്യം. വേറെ ചിലര്‍ ശിശുവിന്‍െറ നക്ഷത്രം നോക്കിയാവും സമയം നിശ്ചയിക്കുക.

നാല്‍പതിലേറെ സംവത്സരങ്ങളായി ഞാന്‍ എഴുതിക്കാന്‍ തുടങ്ങിയിട്ട്. വീട്ടിലാണ് പതിവ്. തിരുവനന്തപുരം ബാലഭവന്‍െറ അധ്യക്ഷനായിരുന്ന കാലത്ത് അവിടെയും. മനോരമയിലോ ബാലഭവനിലോ ഒക്കെ ആണെങ്കില്‍ നാട്ടുനടപ്പ് തന്നെ. വീട്ടിലാണെങ്കില്‍ ജാതിയും മതവും നോക്കും. ക്രിസ്ത്യാനിയോ മുസ്ലിമോ ആണെങ്കില്‍ ‘ഓം.... അവിഘ്നമസ്തു’ വിരോധമുണ്ടോ എന്ന് ചോദിക്കും. മിക്കവരും ആയിക്കൊള്ളട്ടെ എന്ന നിസ്സംഗമായ മറുപടിയാണ് പറയുക. എന്നാല്‍, ക്രിസ്ത്യാനികള്‍ക്ക് അ, ആ, ആലോഹോ എന്നും മുസ്ലിംകള്‍ക്ക് അള്ളാ ശരണം, റസൂല്‍ തുണ എന്നു കൂടി അധികമായി എഴുതിക്കും. അത് എന്‍െറ രീതി. അത്ര തന്നെ. ഞാന്‍ ഓതിക്കൊടുക്കുന്ന മന്ത്രവും ഞാന്‍ തെരഞ്ഞെടുത്തതാണ്. സത്യം ബ്രുയാത്, പ്രിയം ബ്രുയാത്, നബ്രുയാത് സത്യമപ്രിയം വിവര്‍ത്തനം ചെയ്തുകൊണ്ടാണ് ഞാന്‍ അനുഗ്രഹിക്കുക. അപ്പോള്‍ അവസാന വാക്യം ‘അസത്യം പറയരുത്’ എന്ന് ഭേദഗതി ചെയ്യും എന്നുമാത്രം.

ഈയാഴ്ച മനോരമയിലും തുഞ്ചന്‍സ്മാരകത്തിലും ആയിരുന്നു ഗുരു ആയത്. മനോരമയില്‍ അരിയില്‍ തന്നെ. തുഞ്ചന്‍സ്മാരകത്തില്‍ ചിറ്റൂരിലെ തുഞ്ചന്‍പറമ്പില്‍നിന്ന് കൊണ്ടുവന്ന മണല്‍ത്തരികളിലാണ്. ചില കുരുന്നുവിരലുകള്‍ വേദനിക്കും. എങ്കിലും തുഞ്ചന്‍െറ പാദസ്പര്‍ശമല്ളേ അനുഭവവേദ്യമാകുന്നത്! പണ്ടൊക്കെ ഗുരു ചമ്രം പടിഞ്ഞിട്ടാണ് ഇരിക്കുക. എന്‍െറ അച്ഛന്‍ കസേരയില്‍ ഇരുന്നിട്ടായിരുന്നു എഴുതിച്ചുവന്നത്. ഞാനും അത് തുടരുന്നു. പിന്നെ ഇപ്പോള്‍ ഗുരുക്കന്മാര്‍ക്കൊക്കെ പീഠം കൂടാതെ വയ്യ.

ആള്‍ദൈവങ്ങളുടെ മുന്നില്‍ സാഷ്ടാംഗം വീഴുന്നയാള്‍ക്കും രണ്ട് മണിക്കൂര്‍ പത്മാസനത്തിലിരിക്കാനാവുമോ? ഒ.എന്‍.വിക്കാണെങ്കില്‍ കാലില്‍ നീര്. എനിക്ക് വയറ്റത്ത് കമഴ്ത്തിവെച്ച കുടം. മനോരമയിലെ പീഠം സുഖമായിരുന്നു. തുഞ്ചന്‍സ്മാരകത്തിലെ പീഠത്തിലോട്ട് ഞാന്‍ വീണു; അത് വിദ്യയാക്കി വിദ്യാരംഭത്തിന് ഇരുന്നു; പരിപാടി കഴിഞ്ഞപ്പോള്‍ സംഘാടകര്‍ രണ്ടു പേര്‍ ചേര്‍ന്ന് എന്‍െറ നൂറ് കിലോ പൊക്കി നിര്‍ത്തി. ഒട്ടാകെ നൂറിലധികം കുഞ്ഞുങ്ങള്‍ ആദ്യക്ഷരം കുറിച്ചു. അവിടെ ജാതിഭേദം കണ്ടില്ല. മുസ്ലിംകള്‍ ക്രിസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ഒപ്പം ക്യൂ നിന്നു. ആ നില്‍പില്‍ തന്നെ അജ്ഞാനാന്ധകാരത്തിന്‍െറ നിഷ്കാസനം വ്യക്തമായിരുന്നു. ജ്ഞാനത്തിന്‍െറ ആരംഭവും ശുഭാന്ത്യവും ഈശ്വരഭക്തിയാണ് എന്ന് ബൈബ്ളില്‍ ഉണ്ട്. ‘അ’ കുറിച്ചവര്‍ അപരിമേയനെ വണങ്ങി വളരട്ടെ. ശുഭമസ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക