-->

EMALAYALEE SPECIAL

ചില വയോജന ദിന ചിന്തകള്‍: ഡി. ബാബുപോള്‍

Published

on

ശ്രീമാന്‍ എ.വി.കെ. മൂസത് അന്തരിച്ചു. ഏഷ്യാനെറ്റിലെ മുന്‍ഷി ആയി അഭിനയിച്ചുവരുകയായിരുന്നു അദ്ദേഹം. അങ്ങനെയിരിക്കും കാലത്തിങ്കല്‍ ഉണ്ടിരുന്ന ബ്രാഹ്മണന് ഉള്‍വിളി. രാഷ്ട്രീയസുന്നത്ത്. മുസ്ലിംലീഗില്‍ ചേര്‍ന്നു. ഏഷ്യാനെറ്റ് ബാനര്‍ജിക്ക് രാഷ്ട്രീയം ഇല്ല. കുറുപ്പ് കോണ്‍ഗ്രസായപ്പോള്‍ മുന്‍ഷി ആയി നിയമിതനായ മൂസത് ലീഗായപ്പോള്‍ മുന്‍ഷി വേറെ ആകാതെ വയ്യ.
മൂസതിനെ കഴിഞ്ഞയാഴ്ച ഒരു പ്രസംഗത്തില്‍ പരാമര്‍ശിച്ചതിനെക്കുറിച്ചാണ് ഈ കുറിപ്പ് തയാറാക്കാന്‍ കച്ചകെട്ടിയപ്പോള്‍ ഓര്‍മവന്നത്. ഇനി മൂസതിനെക്കുറിച്ച് ചിലത് പറഞ്ഞിട്ട് വിഷയത്തിലേക്ക് വരാം.
എ.വി.കെ. മൂസത് മൂക്കാതെ മൂത്ത മൂത്തതാണ്. നന്നെ ചെറുപ്പത്തില്‍ തന്നെ ലത്തീന്‍കത്തോലിക്കാസമുദായത്തിന്‍െറ മുഖപത്രം ആയിരുന്ന കേരളാ ടൈംസിന്‍െറ തിരുവനന്തപുരത്തെ ബ്യൂറോ ചീഫ് ആയി. മലയാളപത്രങ്ങളുടെ പ്രാദേശികമേധാവികളെയാണ് ശ്രേഷ്ഠ മലയാളത്തില്‍ ബ്യൂറോചീഫ് എന്ന് വിവരിക്കുന്നത്. അത് തെറ്റല്ല. തമിഴന്‍െറ വിവര്‍ത്തനഭ്രാന്ത് നമുക്ക് വേണ്ട. ശാഖാകാര്യാലയമേധാവിയെക്കാള്‍ ഭേദം ബ്യൂറോ ചീഫ് തന്നെ.
ഒരു പിന്നാക്കസമുദായത്തിന്‍െറ മുഖപത്രം ആ സമൂഹത്തിന്‍െറ പ്രശ്നങ്ങള്‍ സജ്ജനശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് നാട്ടിലെ സംഭവങ്ങളെക്കുറിച്ച് സമുദായംഗങ്ങളെ ഉദ്ബുദ്ധരാക്കുന്ന പോലെതന്നെ പ്രധാനമാണ്. ഈ സത്യം തിരിച്ചറിഞ്ഞതിനാല്‍ മൂസത് തെക്കുതെക്കൊരുദേശത്ത് ആപ്പീസുമുറിയില്‍ മുഷിഞ്ഞിരിക്കാതെ അലമാലകളുടെ തീരത്ത് നിത്യവും ചുറ്റിത്തിരിയാന്‍ തുടങ്ങി. അക്ഷരത്തിന്‍െറയും ആരോഗ്യത്തിന്‍െറയും നാള്‍വഴികള്‍ ആ സമൂഹത്തിന് പറഞ്ഞുകൊടുത്തു. ഒപ്പം മത്സ്യങ്ങള്‍ നിരുപദ്രവികളാകയാല്‍ മനുഷ്യര്‍ അവയെ ഉപദ്രവിക്കുന്നത് ഈശ്വരന് നിരക്കുന്നതല്ല എന്ന് പഠിപ്പിക്കാന്‍ ശ്രമിച്ചത് വിനയായി. അങ്ങനെ തീരദേശത്തെ മൂസതിന്‍െറ മിഷനറിവേല അവസാനിച്ചു. പിന്നെ പത്രത്തിന്‍െറ ഉടമകളുമായി പിണങ്ങിയതും മറ്റും കഥാശേഷം. അതിരിക്കട്ടെ. ഈ അനുഭവം മൂസതിന്‍െറ ശിഷ്ടായുസ്സിനെ നിര്‍വഹിച്ചു. മൂസത് വെജിറ്റേറിയനിസത്തിന്‍െറ അപ്പോസ്തലനായി മാറി.
മൂസതിന് അസാരം ആനക്കമ്പം ഉണ്ടായിരുന്നു. ഏഷ്യാഡ് നടക്കുമ്പോള്‍ ആനപ്പുറത്തിരുന്ന് ചാമരം വീശിയ മൂസത് ആനകള്‍ക്കൊപ്പമാണ് ദല്‍ഹിക്ക് യാത്ര ചെയ്തതും. അമ്പലപ്പറമ്പുകളില്‍ ആനകളെ സ്നേഹിച്ച ഈ ബ്രാഹ്മണന്‍ വീട്ടുമുറ്റത്ത് നായ്ക്കളെയും ചേര്‍ത്തുനിര്‍ത്തി. ആന സ്വതവേ സസ്യഭുക്കാണ്. നായയെ മൂസത് പരിശീലിപ്പിച്ച് അങ്ങനെ ആക്കും. രാവിലെ രണ്ട് ഇഡ്ഡലി. ഉച്ചക്ക് ചോറും എരിശ്ശേരിയും. വൈകിട്ട് ഒരു പാളയന്‍കോടന്‍ പഴം. നാല് കൊല്ലം കൂടുമ്പോള്‍ പുതിയ പട്ടിക്കുട്ടിയെ വാങ്ങും. അതിലേറെ ആയുസ്സ് പതിവില്ല മൂസതിന്‍െറ വെജിറ്റേറിയന്‍ ശുനകര്‍ക്ക്.
തിരുവനന്തപുരത്ത് വയോജനദിനത്തില്‍ മൂസതിനെക്കൂടെ ആദരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഈ കഥ പറയാനിടയായി. പുനര്‍ജനിപരമ്പരയില്‍ ഏറ്റവും അധമമായ ജന്മം മൂസതിന്‍െറ ഇല്ലത്ത് നായയായി ജനിക്കുന്നതാണ് എന്ന പഴയ നിഗമനം ആവര്‍ത്തിക്കുകയായിരുന്നു ഞാന്‍. കുറച്ചുകാലം മുമ്പ് കടവല്ലൂരിലെ ഒരു അന്യോന്യകാലത്ത് ഇത് പറഞ്ഞപ്പോള്‍ മൂസത് ആ നാട്ടുകാരനാണ് എന്ന് അറിവില്ലായിരുന്നു. പ്രസംഗം കഴിഞ്ഞ് യാത്രയായപ്പോള്‍ ഒരു യുവതി വന്ന് മൂസതിന്‍െറ സഹോദരപുത്രി എന്ന് പരിചയപ്പെടുത്തിയപ്പോഴാണ് അക്കാര്യം അറിഞ്ഞത്. മൂസതിന് ആ നര്‍മം നന്നെ ഇഷ്ടപ്പെട്ടു എന്ന് പിന്നെ ഗ്രഹിച്ചു. എല്ലാ നായ്ക്കളും വെജിറ്റേറിയന്‍ ആകാത്തതിനാലാണ് തന്‍െറ നായ്ക്കള്‍ക്ക് ആയുര്‍ദൈര്‍ഘ്യം ശരാശരിയില്‍ കുറയുന്നത് എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മൂസതിന്‍െറ ചിത്രം മനസ്സില്‍ തെളിയുന്നുണ്ട് ഇപ്പോള്‍. ആണ്ടിലൊരിക്കല്‍ മൂസത് എനിക്ക് ഉച്ചയൂണ് കൊടുത്തയക്കും. ഇന്ന തീയതി എന്നൊന്നും ഇല്ല. ഒരു ദിവസം അറിയിക്കും. ‘നാളെ ക്ളബിലേക്ക് ആളെ വിടണ്ട, നോം വരണ്ണ്ട് ആ വഴി’. ഒരു നേരത്തെ ഭക്ഷണം തികച്ചും ലളിതം. അത്യന്തം രുചികരവും. പിന്നെ ഒരാറുമാസം കൂട്ടാന്‍ പോന്നത്ര കണ്ണിമാങ്ങയും. മൂസതിന്‍െറ അടുക്കളയില്‍ വിളയാടിയ ആ കൈപ്പുണ്യത്തെ നമസ്കരിക്കാതെ വയ്യ. ആ സാധ്വി ഇപ്പോള്‍ ഒറ്റക്കായി.
മൂസതിന്‍െറ മരണത്തെക്കുറിച്ച് തിരുവനന്തപുരത്തെ പത്രക്കാര്‍ ഫലിതം പറഞ്ഞു. മൂസതും ചിരിക്കുന്ന കറുത്ത ഫലിതം. ലീഗുകാര്‍ കൊണ്ടോട്ടിയില്‍ കൊണ്ടുപോയി മട്ടണ്‍ കൊണ്ട് സല്‍ക്കരിച്ചതിനാലാണ് മൂസതിന് ഹൃദയാഘാതം ഉണ്ടായതത്രെ. ആവാം, തനിക്കൊപ്പം ഇരിക്കുന്നയാള്‍ മട്ടണ്‍ കഴിക്കുമ്പോള്‍ ആടിന്‍െറ ഓമനമുഖം ഓര്‍മയില്‍ താലോലിക്കുന്ന നന്മ നിറഞ്ഞ മനുഷ്യനായിരുന്നുവല്ളോ മൂസത്.
മൂസതിന് വയസ്സ് 80 അടുത്തിരുന്നു. മനസ്സാകട്ടെ എന്നും ചെറുപ്പമായിരുന്നുതാനും. വയോജനങ്ങള്‍ക്ക് പലപ്പോഴും വാര്‍ധക്യം ദുസ്സഹമാവുന്നത് മനസ്സിനെ ജരാനരകള്‍ ബാധിക്കുമ്പോഴാണ്. നമ്മുടെ നാട്ടില്‍ വയോജനങ്ങളുടെ അവസ്ഥ പടിഞ്ഞാറന്‍ നാടുകളെ അപേക്ഷിച്ച് ഭേദമാവുന്നത് നമ്മുടെ കുടുംബ ബന്ധങ്ങള്‍ പൊതുവേ മൂസതിന്‍േറത് പോലെ പവിത്രമായിരിക്കുന്നതിനാലാണ്. മാസങ്ങളോളം അമ്മയെ അന്വേഷിക്കാത്ത മകളും വര്‍ഷങ്ങളോളം അമ്മയെ ശാരീരികമായും അതിലേറെ മാനസികമായും കഷ്ടപ്പെടുത്തുന്ന മകനും നമ്മുടെ നാട്ടില്‍ ഇന്നും വാര്‍ത്തയാണ്. അസാധാരണമായതാണല്ളോ വാര്‍ത്തയാകുന്നത്.
25 സംവത്സരങ്ങള്‍ ശ്വശ്രുവിനെ സ്വന്തം അമ്മയെ എന്നതുപോലെ സ്വന്തം അമ്മക്കൊപ്പം കൂടെ താമസിപ്പിച്ച് ശുശ്രൂഷിച്ച ഒരു ജാമാതാവായിരുന്നു കുറുപ്പംപടിയിലെ പി.എ. പൗലോസ് കോറെപ്പിസ്കോപാ. അമ്മക്ക് പത്ത് മക്കളില്‍ ഇഷ്ടസന്താനം, അമ്മായിയമ്മക്ക് ഏകസന്താനത്തിന്‍െറ ഭര്‍ത്താവ്. ആ കോറെപ്പിസ്കോപയുടെ മകനായ എനിക്ക് ഒരു വ്യാഴവട്ടത്തിലേറെ ശ്വശ്രുവിനെ ഒപ്പം താമസിപ്പിച്ച് ശുശ്രൂഷിക്കാന്‍ കഴിഞ്ഞു. അതില്‍തന്നെ അവസാനവര്‍ഷങ്ങളില്‍ നാല് പെറ്റ തള്ളയുടെ നാലാമത്തെ പിള്ളയും മണ്‍മറഞ്ഞതിനുശേഷം ഞങ്ങള്‍ അമ്മയും മകനും മാത്രം ആയിരുന്നു ഈ വീട്ടില്‍. രാവും പകലും അമ്മയെ ശുശ്രൂഷിക്കാന്‍ ജോലിക്കാരെ പ്രത്യേകം വെച്ചിരുന്നുവെങ്കിലും ഏത് തിരക്കിലും ആ മുറിയില്‍ പോയി ഒപ്പം ഭക്ഷണം കഴിക്കാനും എന്നും വൈകിട്ട് അരമുക്കാല്‍ മണിക്കൂര്‍ നാട്ടുവര്‍ത്തമാനം പറയാനും അമ്മച്ചി ഒറ്റക്കല്ല എന്ന് ബോധ്യപ്പെടുത്താനും ദൈവം എന്നെ അനുവദിച്ചത് ഇപ്പോള്‍ നന്ദിയോടെ ഓര്‍ത്തുപോവുന്നു.
ഇത് അനതിസാധാരണമായ അനുഭവസാക്ഷ്യമാണെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്. എങ്കിലും അടിസ്ഥാനവികാരം കുന്നത്തുനാട് താലൂക്കിലെ രായമംഗലം പഞ്ചായത്തില്‍, പിറകില്‍ മലയും മുന്നില്‍ വയലേലകളും വീടിനെയും, പള്ളിമണികള്‍ ദിനരാത്രങ്ങളെയും അടയാളപ്പെടുത്തിയ കാലത്ത് രൂപപ്പെട്ടതാണ്. മാതാപിതാക്കളെ വാര്‍ധക്യത്തില്‍ സംരക്ഷിച്ചുകൊള്ളണം എന്ന് ആരും പറഞ്ഞുതന്നില്ല. പത്തറുപത് കൊല്ലം മുമ്പ് ആര്‍ക്കും അങ്ങനെയൊന്നും പറയേണ്ടിവന്നിരുന്നില്ല. മാതാപിതാക്കള്‍ അവരുടെ മാതാപിതാക്കളെ പരിചരിക്കുന്നത് കണ്ട തലമുറ ആ മാതൃക പിന്തുടരുന്നതില്‍ പ്രത്യേകതയൊന്നും ദര്‍ശിച്ചുമില്ല.
എന്‍െറ ഒരു സഹോദരന്‍ -കസിന്‍ എന്ന് സായിപ്പ് -കാനഡയില്‍ സ്ഥിരതാമസം ആണ്. അവിടെ ആല്‍ബര്‍ട്ടാ സംസ്ഥാനത്ത് ഭ്രാന്തന്മാരുടെ ശല്യം കുറഞ്ഞിരിക്കുന്നത് ഇയാളുടെ ചികിത്സാവൈദഗ്ധ്യംകൊണ്ടാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടങ്ങിയ അഭ്യാസം. ഡോക്ടര്‍ മാത്യു യല്‍ദോ എന്നാണ് പേര്. ഒറ്റക്ക് താമസിക്കരുത് എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടെ എനിക്ക് ഇണ്ടാസുകള്‍ അയക്കും. ഈയിടെ ഹെല്‍പേജുകാരുടെ ഒരു പ്രബന്ധം അയച്ചുതന്നു. ‘ലോകരാജ്യങ്ങളിലെ വാര്‍ധക്യം’ ആണ് വിഷയം. ഇന്ത്യയില്‍ ‘ഹെല്‍പേജ് ഇന്ത്യ’യുടെ ഒരു ബന്ധുവാണ് ഞാന്‍. എങ്കിലും ഈ രേഖ കണ്ടതും യല്‍ദോ അയച്ചുതന്നപ്പോഴാണ്. ഇന്ത്യയിലെ അവസ്ഥ അത്ര കേമം ഒന്നും അല്ല എന്ന് കാണാമെങ്കിലും നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം കണക്കിലെടുക്കുമ്പോള്‍ തീര്‍ത്തും മോശം അല്ലതാനും. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ജോര്‍ഡന്‍ ഒക്കെയാണ് വയസ്സായാല്‍ പൊറുക്കാന്‍ കൊള്ളാത്ത ഇടങ്ങള്‍. ഇന്ത്യയുടെ സ്ഥാനം ഇന്തോനേഷ്യയുടെയും തുര്‍ക്കിയുടെയും മറ്റും കൂടെയാണ്. അതേസമയം, വരുമാനത്തില്‍ ഒപ്പമെങ്കിലും വലുപ്പത്തില്‍ കുറവായ ശ്രീലങ്കയിലും സ്ഥിതിഗതികള്‍ താരതമ്യം ചെയ്യാവുന്നതെങ്കിലും നമ്മേക്കാള്‍ മെച്ചമായ വൃദ്ധസംരക്ഷണം നിലവിലിരിക്കുന്ന ബ്രസീല്‍, ചൈന തുടങ്ങിയ സ്ഥലങ്ങളിലും അവസ്ഥ ഭേദമാണ് എന്നത് നമ്മെ ചിന്തിപ്പിക്കുകയും വേണം.
പൊതുവേ ഈ പ്രബന്ധം തെളിയിക്കുന്നത് ബാഹ്യഘടകങ്ങള്‍ പരിഗണിച്ചു മാത്രം വയോജനാവസ്ഥ വിലയിരുത്താനാവുകയില്ല എന്നതാണ്. നാം പാലിക്കുന്നതും പകര്‍ന്നുകൊടുക്കുന്നതും ആയ സാംസ്കാരികമൂല്യങ്ങളാണ് കൂടുതല്‍ പ്രധാനം. നഗരവത്കൃത മാനസികാവസ്ഥ, തജ്ജന്യമായ സ്വാര്‍ഥതയും മാത്സര്യവും ജീവിതത്തിന്‍െറ ഗതിവേഗം അസാധാരണമായി വര്‍ധിക്കുന്നതിന്‍െറ അനന്തരഫലങ്ങള്‍, കുടുംബവ്യവസ്ഥിതിയിലെ ഭേദങ്ങള്‍ ഇങ്ങനെ പലതും ശ്രദ്ധിക്കേണ്ടതുണ്ടെങ്കിലും ‘കൊടുത്താല്‍ കൊല്ലത്തും കിട്ടും’ എന്നതാണ് പ്രധാനപാഠം. മക്കളോടും മാതാപിതാക്കളോടും ഉള്ള ബന്ധത്തില്‍ ഈശ്വരനുമായുള്ള നല്ല ബന്ധം പ്രതിഫലിക്കുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗം പിറക്കും. പള്ളിക്കൂടത്തില്‍ പഠിപ്പിക്കാവുന്നതല്ല അത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More