Image

വീട്ടുജോലിക്കാര്‍ ഒളിച്ചോടിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക്‌ പിഴ

Published on 14 October, 2011
വീട്ടുജോലിക്കാര്‍ ഒളിച്ചോടിയാല്‍ സ്‌പോണ്‍സര്‍മാര്‍ക്ക്‌ പിഴ
അബുദാബി: വീട്ടുജോലിക്കാര്‍ ഒളിച്ചോടിയതു പരാതിപ്പെടാത്ത സ്‌പോണ്‍സര്‍മാര്‍ക്ക്‌ അരലക്ഷം ദിര്‍ഹം പിഴചുമത്തുമെന്നു താമസ കുടിയേറ്റ വകുപ്പ്‌ അധികൃതര്‍. ഗാര്‍ഹിക വീസകളില്‍ യുഎഇയില്‍ എത്തുന്ന വീട്ടുവേലക്കാര്‍, പരിചാരകര്‍, പാചകത്തൊഴിലാളികള്‍, സ്വകാര്യ ഡ്രൈവര്‍, ഉദ്യാനപാലകര്‍ തുടങ്ങിയവരുടെ ഒളിച്ചോട്ടം പരാതിപ്പെടാത്തവര്‍ക്കെതിരെയാണു നടപടി. നിയമപരമായ പ്രശ്‌നങ്ങളില്‍നിന്നു സ്‌പോണ്‍സര്‍ക്ക്‌ ഒഴിവാകണമെങ്കില്‍ ഒളിച്ചോട്ടം സമയബന്ധിതമായി അധികൃതരെ അറിയിക്കണം. ഒളിച്ചോട്ടം പരാതിപ്പെടാതെ ഗാര്‍ഹിക തൊഴിലാളികളെ മറ്റിടങ്ങളില്‍ നിന്നു പിടിക്കപ്പെടുമ്പോള്‍ സ്‌പോണ്‍സര്‍ക്ക്‌ 2007ലെ കുടിയേറ്റ നിയമപരിഷ്‌കരണ പ്രകാരം പിഴചുമത്തുമെന്നു താമസ കുടിയേറ്റ വകുപ്പു തലവന്‍ മേജര്‍ മഹുമ്മദ്‌ അഹ്‌മദ്‌ അല്‍മരി അറിയിച്ചു.

പിഴ ചുമത്തപ്പെട്ട സ്‌പോണ്‍സര്‍മാക്കു വീസയ്‌ക്കുവേണ്ടി താമസ കുടിയേറ്റ വകുപ്പില്‍ അടച്ച അയ്യായിരം ദിര്‍ഹം തിരിച്ചു നല്‍കും. ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച്‌ 90% സ്‌പോണ്‍സര്‍മാരും പരാതിപ്പെടാറുണ്ടെന്ന്‌ അല്‍മരി പറഞ്ഞു. സ്‌പോണ്‍സര്‍മാരില്‍ നിന്ന്‌ ഒളിച്ചോടി എത്തിയ 40 സ്‌ത്രീകള്‍ക്കു തൊഴില്‍ നല്‍കിയ ഒരു കമ്പനിക്ക്‌ എട്ടു ലക്ഷം ദിര്‍ഹം പിഴ ചുമത്തിയ കാര്യം അല്‍മരി ചൂണ്ടിക്കാട്ടി. ദുബായില്‍ ഗാര്‍ഹികവീസയില്‍ എത്തുന്നവരില്‍ 3% ശതമാനം മാത്രമാണ്‌ ഒളിച്ചോടുന്നത്‌. വീട്ടു വീസക്കാരുടെ അവകാശങ്ങളും തൊഴിലുടമയുടെ കടമയും ബാധ്യതകളും ബോധ്യപ്പെടുത്താന്‍ താമസ കുടിയേറ്റ വകുപ്പിനു സാധിച്ചതാണ്‌ ഒളിച്ചോട്ടം കുറയാന്‍ കാരണമെന്ന്‌ അദ്ദേഹം അവകാശപ്പെട്ടു.

വ്യക്‌തിഗത വീസയിലുള്ളവരുടെ ഒളിച്ചോട്ട പരാതികള്‍ വിശദമായ അന്വേഷണങ്ങള്‍ക്കുശേഷമാണ്‌ പ്രോസിക്യൂഷനു കൈമാറുന്നത്‌. തൊഴിലാളികളുടെ കോണ്‍സുലേറ്റിലാണ്‌ ആദ്യമായി ഒളിച്ചോട്ടക്കാരെ സംബന്ധിച്ച്‌ അന്വേഷണം നടത്തുക. ഇതിനുശേഷം ഏതെങ്കിലും ആശുപത്രികളില്‍ അപകടത്തില്‍പ്പെട്ടു കഴിയുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കും. പരാതികള്‍ വ്യാജമാണോ എന്നതും സൂക്ഷ്‌മ പരിശോധനയിലൂടെ ഉറപ്പുവരുത്തും. ഈ ഘട്ടങ്ങള്‍ പിന്നിട്ട ശേഷമാണു തുടര്‍നടപടികള്‍ക്കായി പരാതികള്‍ പ്രോസിക്യൂഷനു കൈമാറുകയെന്നു മേജര്‍ അല്‍മരി വ്യക്‌തമാക്കി. ഒളിച്ചോടുന്നവരെ കണ്ടെത്താന്‍ താമസ കുടിയേറ്റ വകുപ്പില്‍ സംവിധാനങ്ങളുണ്ട്‌. അനധികൃതമായി പണിയെടുക്കുന്ന വീടുകള്‍, ബസ്‌ സ്‌റ്റോപ്പുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്താറുണ്ട്‌. അനധികൃത താമസക്കാരെ സംബന്ധിച്ച്‌ 80051111 (ആമര്‍) നമ്പറിലാണ്‌ അറിയിക്കേണ്ടത്‌.

അതേസമയം, ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള ചെലവു കൂടിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. പതിനായിരം ദിര്‍ഹം വരെയാണ്‌ ഒരു തൊഴിലാളിയെ ജോലിക്കു കൊണ്ടുവരാനുള്ള ശരാശരി ചെലവ്‌. റിക്രൂട്ടിങ്‌ കമ്പനികള്‍ കമ്മിഷന്‍ തുക കൂട്ടിയതും വിദേശങ്ങളില്‍നിന്നു വീട്ടുജോലിക്കാരെകൊണ്ടുവരുന്നതു ചെലവേറാന്‍ കാരണമായി. ഇന്തൊനീഷ്യയില്‍നിന്ന്‌ ആറുമാസം മുന്‍പ്‌ ഒരാളെ കൊണ്ടുവരാന്‍ ആയിരം ഡോളറായിരുന്നു കമ്മിഷന്‍ ഇനത്തില്‍ ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ 1,600 ഡോളറാക്കി ഉയര്‍ത്തിയിട്ടുണ്ട്‌. ഇക്കാരണംകൊണ്ട്‌ യുഎഇയിലെ റിക്രൂട്ടിങ്‌ സ്‌ഥാപനങ്ങളും നിരക്ക്‌ ഉയര്‍ത്തിയതായി റിക്രൂട്ടിങ്‌ ഏജന്‍സിയുമടകള്‍ പറഞ്ഞു. സൗദി അറേബ്യയിലും റിക്രൂട്ടിങ്‌ ഏജന്‍സികള്‍ നിരക്കു ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്‌. യുഎഇയില്‍ 8,500 ദിര്‍ഹം ചെലവുവരുന്ന റിക്രൂട്ടിങ്‌ ഫീസിനു സൗദിയില്‍ 15,000 ദിര്‍ഹം വേണം. ദേശം തിരിച്ചുള്ള വീട്ടുവേലക്കാരുടെ നിരക്കില്‍ ഇത്യോപ്യന്‍ തൊഴിലാളികളെയാണു കുറഞ്ഞ നിരക്കില്‍ വീട്ടുജോലിക്കു കൊണ്ടുവരാന്‍ സാധിക്കുക.

ഇത്യോപ്യക്കാരെ ഗാര്‍ഹിക വീസയില്‍ എത്തിക്കണമെങ്കില്‍ സൗദിയില്‍ ഏഴായിരം ദിര്‍ഹം വേണം. യുഎഇയില്‍ ഇത്‌ 2,500 ദിര്‍ഹം മാത്രമാണ്‌. നിരക്കു കൂട്ടിയതു കാരണം യുഎഇയിലേക്കു വീട്ടുവേലക്കാരെ അയയ്‌ക്കുന്നതിലേറെ റിക്രൂട്ടിങ്‌ ഏജന്‍സികള്‍ക്കു താല്‍പര്യം സൗദിയിലേക്കു ജോലിക്കാരെ എത്തിക്കാനാണെന്നു ദുബായിലെ ഒരു റിക്രൂട്ടിങ്‌ ഏജന്‍സി ഉടമ പറഞ്ഞു. യുഎഇയില്‍ റിക്രൂട്ടിങ്‌ ഏജന്‍സികള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സുരക്ഷാ സംഖ്യ മൂന്നിരട്ടിയായി കൂട്ടിയത്‌ ഈ മേഖലയിലെ സ്‌ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. ഒരു ലക്ഷം ദിര്‍ഹം സുരക്ഷാ തുക മൂന്നു ലക്ഷമാക്കിയാണ്‌ ഉയര്‍ത്തിയത്‌. പല നിലയ്‌ക്കും പുതിയ തൊഴിലാളികളെ കൊണ്ടുവരുന്നതു ചെലവു കൂടിയതിനാല്‍ പലരും ഒളിച്ചോട്ടക്കാരെയാണ്‌ പ്രയോജനപ്പെടുത്തുന്നത്‌. ഊരും പേരുമറിയാത്ത ഇവര്‍ക്കു വീടുകളില്‍ പ്രവേശനം നല്‍കരുതെന്ന്‌ അധികൃതര്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. വ്യക്‌തമായ വിലാസമറിയാത്ത ഇത്തരക്കാര്‍ കുറ്റകൃത്യങ്ങളില്‍ നടത്തി തടിതപ്പിയാല്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പ്രയാസമാണെന്ന കാര്യം അധികൃതര്‍ വെളിപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക