Image

വിശ്വാസചൈതന്യത്തില്‍ യുവസാഗരമിരമ്പി

Published on 22 September, 2013
വിശ്വാസചൈതന്യത്തില്‍ യുവസാഗരമിരമ്പി
വാഗമണ്‍:വിശ്വാസയുവത സമഗ്രപുരോഗതിയിലേക്ക്' എന്ന മുദ്രാവാക്യമുയര്‍ത്തി ആയിരങ്ങള്‍ അണിചേര്‍ന്ന വാഗമണ്‍ മൗണ്ട് നേബോ യുവജന കണ്‍വന്‍ഷന് പ്രാര്‍ഥനാനിര്‍ഭരമായ സമാപനം. 

വിശ്വാസവര്‍ഷത്തിന്റെ നിറവില്‍ രൂപതയാകെ പ്രേഷിതചൈതന്യം സമ്മാനിച്ച കണ്‍വന്‍ഷന്‍ സംഘാടക മികവിലും യുവചൈതന്യത്തിലും ശ്രദ്ധേയമായി. 

കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന രൂപതയിലെ വിവിധ ഇടവകകളില്‍നിന്നു യുവജനങ്ങള്‍ മൗണ്ട് നെബോയിലേക്ക് ഒഴുകിയെത്തിയതോടെ വാഗമണ്‍ യുവചൈതന്യത്താല്‍ തിളങ്ങി. 

കെസിവൈഎം രൂപതാ നേതൃത്വത്തിനു പിന്തുണയുമായി വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയൊന്നാകെ എത്തിയതോടെ ക്രമീകരണങ്ങളെല്ലാം മികവുറ്റതായി. കോട നിറഞ്ഞുനില്‍ക്കുന്ന ഗ്രാമഭംഗിയിലേക്ക് ഒഴുകിയെത്തിയ യുവസാഗരം മടങ്ങിയതു പുത്തന്‍ പ്രേഷിതചൈതന്യത്തിലായിരുന്നു. 

സ്വന്തം ജീവിതാനുഭവങ്ങളില്‍ ചാലിച്ചെടുത്ത മാര്‍ റാഫേല്‍ തട്ടിലിന്റെ സുവിശേഷ പ്രഘോഷണം കരഘോഷത്തോടെയാണു യുവജനത ഏറ്റുവാങ്ങിയത്. 

തൃശൂരിലെ സാധാരണ കുടുംബത്തില്‍ പത്താമത്തെ മകനായി ജനിച്ച് ഒന്നര വയസില്‍ പിതാവിനെ നഷ്ടപ്പെട്ട് മുത്തച്ഛന്റെ സംരക്ഷണയില്‍ വളര്‍ന്നു സാമ്പത്തികഞെരുക്കങ്ങള്‍ നന്നായി അറിഞ്ഞ് പൗരോഹിത്യത്തിലേക്കു പ്രവേശിച്ച സ്വന്തം അനുഭവം മാര്‍ റാഫേല്‍ തട്ടില്‍ യുവജനങ്ങളുമായി പങ്കുവച്ചു. 

ഉദ്ഘാടനസമ്മേളനത്തെതുടര്‍ന്നു നടന്ന സംഗീതവിരുന്ന് യുവജനങ്ങള്‍ നന്നായി ആസ്വദിച്ചു. ഫാ. മാത്യു കദളിക്കാട്ടിലിന്റെ നേതൃത്വത്തിലാണു സംഗീതവിരുന്ന് ഒരുക്കിയത്. 

മനുഷ്യസമൂഹം മൂല്യങ്ങള്‍ മറന്നു പെരുമാറുന്നതായി സന്ദേശത്തില്‍ റവ. ഡോ. ജോസഫ് പാംപ്ലാനി പറഞ്ഞു. പാലാ മരിയസദനമാണു സംഗമത്തിനെത്തിയവര്‍ക്കായി ഭക്ഷണം ക്രമീകരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക