Image

ഫ്രാന്‍സിസ്ക്കന്‍ ഫ്രയര്‍ വാഴ്ത്തപ്പെട്ട തോമസ് ഒലേരാ

Published on 20 September, 2013
ഫ്രാന്‍സിസ്ക്കന്‍ ഫ്രയര്‍ വാഴ്ത്തപ്പെട്ട തോമസ് ഒലേരാ
വടക്കു കിഴക്കെ ഇറ്റലിയിലെ ബേര്‍ഗമോയില്‍ 14-ാം നൂറ്റാണ്ടില്‍ ജീവിച്ച വ്യക്തിയാണ്. ഒലേരാ ഗ്രാമത്തിലെ ഇടയനും കര്‍ഷകനുമായിരുന്നു. സൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വിദ്യാഭ്യാസം ലഭിച്ചില്ല. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന ജീവിത നന്മയും വിശുദ്ധിയും ചെറുപ്പത്തിലെ പ്രകടമാക്കി. ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസിയായി. വിശുദ്ധ ഫ്രാന്‍സിസിനെ അനുകരിച്ചു സമ്പൂര്‍ണ്ണ ദാരിദ്ര്യവ്രതത്തില്‍ ബ്രദര്‍ ഒലേര ഭിക്ഷാംദേഹിയായി ജീവിച്ചു.

1580-ല്‍ 17-ാം വയസ്സില്‍ വെറോണായിലെ കപ്പൂച്ചിന്‍ സമൂഹത്തില്‍ ചേര്‍ന്നു. 1584-ല്‍ സന്ന്യാസവ്രതം സ്വീകരിച്ചു.
വെറോനാ, പാദുവ, റൊവെരേറ്റോ പിന്നീട് ഓസ്ട്രിയ എന്നിവിടങ്ങളില്‍ ദൈവസ്നേഹത്തിന്‍റെ പ്രചാരകനായും സ്നേഹഭിക്ഷുവായും ഒലേറാ ചുറ്റിനടന്നു. അനുസരണയില്‍ ഏറ്റെടുത്ത സഭയ്ക്കുവേണ്ടിയുള്ള 50 വര്‍‍ഷക്കാലം നീണ്ട ഭിക്ഷാംദേഹിയുടെ ജീവിതത്തിനിടെ ‘ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹത്തെ’ക്കുറിച്ച് ഒലേറാ ഇടതടവില്ലാതെ വിശ്വാസിയോടും അവിശ്വാസിയോടും പ്രസംഗിച്ചു.

ദൈവസ്നേഹത്താല്‍ കത്തിയെരിഞ്ഞ ഒലേരയുടെ തീക്ഷ്ണമായ സന്ന്യാസസമര്‍പ്പണം ചെറിയവരെയും വലിയവരെയും ഒരുപോലെ ആകര്‍ഷിച്ചു. കണ്ടുമുട്ടിയ ഏവര്‍ക്കും സമാധാനവും അനുരഞ്ജനവും പകര്‍ന്നു നല്കാന്‍ എളിയ കപ്പൂച്ചിന്‍ ബ്രദറിനു സാധിച്ചിരുന്നു, എന്നതാണ് അദ്ദേഹത്തിന്‍റെ ജീവിതവിശുദ്ധിയുടെ ഉള്‍പ്പൊരുള്‍. രോഗികളെ സമാശ്വസിപ്പിക്കുവാനും, പാവങ്ങളെ സാന്ത്വനിപ്പിക്കുവാനും ഒലേരയ്ക്ക് പ്രത്യേക വശ്യതയുണ്ടായിരുന്നു. സൗഖ്യത്തിനും സമാശ്വാസത്തിനുമായി തന്നെ തേടിയെത്തിയവര്‍ക്കുവേണ്ടി രാത്രിയുടെ നീണ്ട യാമങ്ങളില്‍ പ്രാര്‍ത്ഥക്കുമായിരുന്നു. തന്‍റെ ചെറുതും വലുതുമായ പ്രേഷിതയാത്രകളില്‍ ബ്രദര്‍ ഒലേറാ ദൈവവിളിയുടെ തികഞ്ഞ പ്രയോക്താവുമായിരുന്നു. വിശുദ്ധ ഫ്രാന്‍സിസിനെ അനുകരിച്ച് ക്രിസ്തുവിന്‍റെ മുറിപ്പെട്ട പാര്‍ശ്വത്തില്‍നിന്നും സ്വീകരിച്ച ദൈവസ്നേഹത്തിന്‍റെ വിജ്ഞാനം ഏവര്‍ക്കും പകര്‍ന്നു നല്കിയ സന്ന്യാസവര്യനായിരുന്നു തോമസ് ഒലേരാ. വിശുദ്ധിയുടെ പാരമ്യത്തിലെത്തിയ ഒലേരാ പ്രഭുക്കന്മാരുടെയും ഭരണകര്‍ത്താക്കളുടെയും, വൈദികരുടെയും സന്ന്യസ്തരുടെയും ആത്മീയോപദേഷ്ടാവുമായിരുന്നു.
‘പാഷണ്ടതകള്‍ക്കെതിരായ ധാര്‍മ്മിക ശബ്ദം’ – ഒലേറാ കുറിച്ചുവച്ചതും മരണാനന്തരം പ്രസിദ്ധീകരിച്ചതുമായ ഗ്രന്ഥമാണ്. “അപദ്ധസിദ്ധാന്തങ്ങളാല്‍ വേദിനിക്കുന്ന ക്രിസ്തുവിനെ കണ്ട് ഞാന്‍ എഴുതിയ ചിന്തകളാണിത്,” എന്ന് ഒലേര തന്നെ അവസാനം കുറിച്ചിരിക്കുന്നു.

ക്രിസ്തുസ്നേഹവും വചനവും പങ്കുവച്ച് അലഞ്ഞുനടന്ന ഫ്രാന്‍സിസ്ക്കന്‍ സഭയുടെ സ്നേഹഗായകന്‍ തോമസ് ഒലേറാ (1631-ല്‍) 68-ാമത്തെ വയസ്സില്‍ അന്തരിച്ചു.

സെപ്റ്റംബര്‍ 21-ാം തിയതി ശനിയാഴ്ച ബേര്‍ഗമോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ മദ്ധ്യേ ധന്യനായ തോമസ് ഒലേറയെ വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക് ഉയര്‍ത്തും.



ഫ്രാന്‍സിസ്ക്കന്‍ ഫ്രയര്‍ വാഴ്ത്തപ്പെട്ട തോമസ് ഒലേരാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക