Image

മോണ്‍. പോള്‍ പള്ളത്തിനു റിലേറ്റര്‍ പദവി

Published on 18 September, 2013
മോണ്‍. പോള്‍ പള്ളത്തിനു റിലേറ്റര്‍ പദവി
പാലാ: റോമില്‍ വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിലെ റിലേറ്ററായി പാലാ രൂപതാംഗം മോണ്‍. പോള്‍ പള്ളത്തിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും ഇപ്പോള്‍ ഏഷ്യയില്‍ നിന്നുള്ള ഏക റിലേറ്ററുമാണു മോണ്‍. പോള്‍ പള്ളത്ത്. 

വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ആദ്യപടിയായി രൂപതകള്‍ നടത്തുന്ന കോടതി രൂപീകരണം, എഴുത്തുകള്‍, സാക്ഷി വിസ്താരങ്ങള്‍ എന്നിവയ്ക്കുശേഷം, വിശുദ്ധ പദവിയിലേക്കു പരിഗണിക്കപ്പെടുന്ന വ്യക്തികള്‍ വീരോചിതമായ പുണ്യം ജീവിതകാലത്ത് അഭ്യസിച്ചിരുന്നു എന്നു സ്ഥാപിക്കുന്ന പ്രബന്ധം -പൊസിസിയോ- തയാറാക്കുന്നതിന്റെ ഉത്തരവാദിത്വമാണു റിലേറ്റര്‍ക്കുള്ളത്. 

വത്തിക്കാനിലെ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള കാര്യാലയത്തില്‍ മാത്രമാണ് റിലേറ്റര്‍ തസ്തികയുള്ളത്. നാലു പേരാണ് ഈ ചുമതലയിലുള്ളത്. ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വരുന്ന നാമകരണനടപടികളുടെ രേഖകള്‍ നാലു റിലേറ്റര്‍മാരില്‍ ഒരാളെയാണ് ഏല്പിക്കുന്നത്. റിലേറ്ററുടെ മാര്‍ഗനിര്‍ദേശത്തോടുകൂടി തയാറാക്കിയ പൊസിസിയോ എന്ന പ്രബന്ധത്തിന് റിലേറ്റര്‍ അന്തിമ അംഗീകാരം നല്‍കിയാല്‍ മാത്രമേ അത് മാര്‍പാപ്പയുടെ അംഗീകാരത്തിനു മുന്നോടിയായി വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള കാര്യാലയത്തില്‍ സമര്‍പ്പിക്കാനാകൂ.

പാലാ ഏഴാച്ചേരി പള്ളത്ത് അഗസ്റ്റിന്‍-മേരിക്കുട്ടി ദമ്പതികളുടെ മകനായ മോണ്‍. പോള്‍ പള്ളത്ത് പാലാ ഗുഡ് ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയിലും റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും വൈദികപഠനം പൂര്‍ത്തിയാക്കി. 1987-ല്‍ വൈദികപട്ടം സ്വീകരിച്ചു. റോമില്‍ ഉപരിപഠനം നടത്തിയ ഇദ്ദേഹം ലാറ്റിന്‍ കാനന്‍ നിയമത്തിലും പൗരസ്ത്യ കാനന്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ലാറ്റിന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, ജര്‍മന്‍ തുടങ്ങി എട്ടു ഭാഷകളില്‍ പ്രാവീണ്യമുള്ള മോണ്‍. പള്ളത്ത് വിവിധ ഭാഷകളിലായി പന്ത്രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ചരിത്രത്തിലും ആരാധനക്രമത്തിലും അവഗാഹം നേടിയിട്ടുള്ള മോണ്‍. പള്ളത്ത് റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസോസിയേറ്റ് പ്രഫസറാണ്. 

പതിനാറു വര്‍ഷക്കാലം മോണ്‍. പള്ളത്ത് റോമിലെ ദൈവാരാധനയുടെയും കൂദാശകളുടെയും തിരുസംഘത്തില്‍ ജോലി ചെയ്തു. മഹാജൂബിലിയുടെ ലിറ്റര്‍ജിക്കല്‍ കമ്മീഷനംഗമായും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെയും നാമകരണ നടപടികളുടെ അസിസ്റ്റന്റ് പോസ്റ്റുലേറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പിന്നീട് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെയും ധന്യന്‍ കദളിക്കാട്ടില്‍ മത്തായിഅച്ചന്റെയും ദൈവദാസന്മാരായ ജോണ്‍ ഊക്കനച്ചന്റെയും വര്‍ഗീസ് പയ്യപ്പള്ളി അച്ചന്റെയും നാമകരണ നടപടികളുടെ പോസ്റ്റുലേറ്ററായി നിയമിച്ചു. പൗരോഹിത്യപട്ടം അസാധുവാക്കുന്നതിന്റെയും ദാമ്പത്യധര്‍മങ്ങള്‍ നിര്‍വഹിക്കപ്പെടാത്ത വിവാഹങ്ങള്‍ അസാധുവാക്കുന്നതിന്റെയും തലവനായി 2012 ജൂലൈയില്‍ ഇദ്ദേഹത്തെ നിയമിച്ചിരുന്നു.

മോണ്‍. പോള്‍ പള്ളത്തിനു റിലേറ്റര്‍ പദവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക