-->

EMALAYALEE SPECIAL

ചീമുട്ട സമരം നിര്‍ത്തണം: ഡി. ബാബു പോള്‍

Published

on

ഉത്തര്‍പ്രദേശില്‍ സായുധ പൊലീസ്‌ ബഹളം ഉണ്ടാക്കിയതും മറ്റും വിദൂരമായ ഓര്‍മയായി മാറിയെങ്കിലും അതിനെക്കുറിച്ചന്വേഷിച്ച മുള്ളാ കമീഷന്‍ ഒരു വലിയ സത്യം റിപ്പോര്‍ട്ടില്‍ ചേര്‍ത്തത്‌ മറക്കരുത്‌: നാട്ടില്‍ റൗഡിയും ചട്ടമ്പിയും ആയി വിലസേണ്ടവരില്‍ പകുതിപ്പേര്‍ക്ക്‌ പൊലീസില്‍ ഉദ്യോഗം കിട്ടുന്നതിനാലാണ്‌ ചട്ടമ്പി ശല്യം ഇത്ര കുറഞ്ഞിരിക്കുന്നത്‌; ആ പൊലീസിന്‌ ഹാലിളകിയാല്‍ റൗഡിയുടെ മനസ്സും പൊലീസിന്‍െറ അധികാരവും ഒത്തുവരുമ്പോള്‍ ഉണ്ടാകുന്ന അഹങ്കാരവും അക്രമവാസനയും ദൃശ്യമാകാതെ വയ്യ.

ജസ്റ്റിസ്‌ മുള്ള പണ്ട്‌ പറഞ്ഞത്‌ ഓര്‍മയിലത്തെിച്ചു ചീമുട്ടയെ നേരിടാന്‍ ജനനേന്ദ്രിയത്തെ ആയുധമാക്കിയ ഗ്രേഡുകാരന്‍. കൂടെ പറയണം സ്ഥലം ലാഭിക്കാന്‍ എപ്പോഴും പഴുതുനോക്കുന്ന പത്രാധിപന്മാര്‍ ജനനേന്ദ്രിയത്തിന്‌ വേണ്ടി ഇത്രയും സ്ഥലം കളയരുത്‌. ലിംഗം ആണ്‌ ശരി. ഒരു അവയവത്തിന്‍െറ പല ധര്‍മങ്ങളില്‍ ഒന്നിന്‌ അശാസ്‌ത്രീയമായ പ്രാധാന്യം നല്‍കി അവയവത്തിന്‍െറ പേര്‌ തന്നെ മാറ്റിക്കളയുന്നത്‌ ഏറ്റവും ചുരുങ്ങിയത്‌ ഇതരധര്‍മങ്ങളോടുള്ള അനാദരവാണ്‌. ജനനേന്ദ്രിയം എന്ന പദത്തിന്‍െറ അപരിഷ്‌കൃതമായ ആഭാസമാനം (ക്രൂഡ്‌ വള്‍ഗാരിറ്റി എന്ന്‌ സായിപ്പ്‌) വേറെ. അതുപോകട്ടെ. ചീമുട്ടയും ലിംഗവും കൂടെ കാശിക്ക്‌ പോയ കഥയെക്കുറിച്ചല്ല പറഞ്ഞുവരുന്നത്‌. അതിലേക്ക്‌ നയിച്ച രാഷ്ട്രീയത്തെക്കുറിച്ചാണ്‌.

രണ്ട്‌ സംവത്സരങ്ങള്‍ക്കപ്പുറം ഇവിടെ ഒരു തെരഞ്ഞെടുപ്പ്‌ നടന്നു. ഇനി മൂന്ന്‌ സംവത്സരങ്ങള്‍ തികയുമ്പോള്‍ അടുത്ത തെരഞ്ഞെടുപ്പ്‌ വരും. അതുവരെയുള്ള അഞ്ച്‌ കൊല്ലം ഭരിക്കാനുള്ള മാന്‍ഡേറ്റാണ്‌ കേരളജനത യു.ഡി.എഫിന്‌ നല്‍കിയത്‌. ആ യു.ഡി.എഫ്‌ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തയാളാണ്‌ മുഖ്യമന്ത്രി. അത്‌ തല്‍ക്കാലം ഉമ്മന്‍ ചാണ്ടിയാണ്‌. നാളെ രമേശോ ആര്യാടനോ മാണിയോ അനൂപ്‌ ജേക്കബോ ആയി ക്കൂടെന്നില്ല. എന്നാല്‍ അതിന്‌ വഴിയൊരുങ്ങണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ കസേര ഒഴിയണം. കസേര ഒഴിയണമെങ്കില്‍ നിയമം അനുവദിക്കുന്ന മൂന്ന്‌ വഴികള്‍ ഉണ്ട്‌. ഒന്ന്‌്‌, ഉമ്മന്‍ചാണ്ടി മരിക്കുക. രണ്ട്‌, ഉമ്മന്‍ ചാണ്ടി രാജിവെക്കുക, മൂന്ന്‌, യു.ഡി.എഫ്‌ ഉമ്മന്‍ ചാണ്ടിയെ നീക്കം ചെയ്യാന്‍ നടപടിയെടുക്കുക. ഈ രാജ്യത്തെ ജനങ്ങള്‍ സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ അവരോധിച്ച വ്യക്തിയെ ചീമുട്ടയെറിഞ്ഞ്‌ പുറത്തിറക്കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല.

1959ല്‍ ഇവിടെ ഭരണഘടന അനുശാസിക്കാത്ത ഒരു മാര്‍ഗം ഉപയോഗിച്ച്‌ ഭരണഘടന അനുവദിക്കുന്ന ഒരു കുറുക്കുവഴിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ കാലാവധി തികയുന്നതിന്‌ മുമ്പ്‌ പുറത്താക്കി. ഭരണഘടനാതീതമായ ആ കുമാര്‍ഗത്തിന്‌ വിമോചനസമരം എന്നാണ്‌ പേര്‌ വീണിട്ടുള്ളത്‌. ഇപ്പോള്‍ നടത്തുന്നത്‌ അതിന്‍െറ വകഭേദമാണ്‌ എന്ന്‌ ഞാന്‍ പറഞ്ഞപ്പോള്‍ പിണറായി സഖാവ്‌ തന്നെ `പരിണതപ്രജ്ഞനായ മുന്‍ ഐ.എ.എസ്‌ ഉദ്യോഗസ്ഥന്‍' ധരിച്ചിരിക്കുന്നത്‌ പോലെയല്ല കാര്യങ്ങള്‍ എന്ന്‌ വിശദീകരിക്കുകയുണ്ടായി. പ്രജ്ഞാ പ്രശംസക്ക്‌ നന്ദിയുണ്ട്‌.

എന്നാല്‍ ഒപ്പം പറഞ്ഞതിന്‌ അത്ര യുക്തി തോന്നിയില്ല. `ഗവണ്‍മെന്‍റ്‌ പോകേണ്ട, ഉമ്മന്‍ചാണ്ടി മാറി നിന്നാല്‍ മതി'. ഇപ്പറഞ്ഞതില്‍ രണ്ടാമത്തെ കാര്യത്തില്‍ പിണറായിസഖാവ്‌ പൊന്നുരുക്കുന്നിടത്ത്‌ കാഴ്‌ച കണ്ടിരിക്കുന്ന പൂച്ചയാണ്‌.

കോണ്‍ഗ്രസുകാരെക്കൊണ്ട്‌ കഴിയുമെന്നല്ല, കഴിയുമായിരുന്നെങ്കില്‍ അവര്‍ എ.കെ.ജി സെന്‍റര്‍ ഉപരോധിക്കുകയും പിണറായി സെക്രട്ടറി സ്ഥാനം രാജിവെക്കണം എന്ന്‌ ആവശ്യപ്പെടുകയും ചെയ്‌താല്‍ സാര്‍ഥവാഹക സംഘത്തിന്‍െറ യാത്ര കണ്ട്‌ ഓരിയിടുന്ന നാല്‍ക്കാലിയുടെ ശബ്ദത്തിലേറെ പ്രാധാന്യം അതിന്‌ ആരെങ്കിലും കല്‍പിക്കുമായിരുന്നോ? അതായത്‌ കോണ്‍ഗ്രസിന്‍െറ പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ നേതാവും യു.ഡി.എഫിന്‍െറ ചെയര്‍മാനും ആരായിരിക്കണം എന്ന്‌ തീരുമാനിക്കേണ്ടത്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടി അല്ല. അപ്പോള്‍ വിമോചന സമരത്തിനുള്ള ന്യായം പോലും ഇപ്പോള്‍ നടക്കുന്ന ചീമുട്ട സമരത്തിനില്ല.

ഇനി മറ്റൊന്നാലോചിക്കാം. ഉ.ചാ (സ്ഥലം ലാഭിക്കാനാണ്‌) രാജിവെക്കുന്നു. പണ്ട്‌ പട്ടത്തെ താങ്ങിയത്‌ പോലെ കോണ്‍ഗ്രസ്‌ കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കി ഒരു ഇടവേള പ്രഖ്യാപിക്കുന്നു. പിണറായി മിണ്ടുകയില്ലായിരിക്കാം, അച്ചുമ്മാന്‍ അടങ്ങിയിരിക്കുമോ? അതുകൊണ്ട്‌ ആ വഴിയും അടയുന്നതായി മുന്‍കൂട്ടിക്കണ്ട്‌, മാണിയെ വിശ്വസിക്കാനാവുകയില്ല എന്ന കരുണാകരന്‍ നായനാര്‍ ദര്‍ശനം അംഗീകരിച്ച്‌ യു.ഡി.എഫ്‌ ഷിബു ബേബി ജോണിനെയോ അനൂപ്‌ജേക്കബിനെയോ മുഖ്യമന്ത്രിയാക്കി കേരളജനതയെ പരിഹസിക്കുന്നു. സത്യപ്രതിജ്ഞയോടൊപ്പം സരിത വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ഇല്ല എന്ന്‌ പ്രഖ്യാപിക്കുന്നു പുതിയ മുഖ്യമന്ത്രി അത്‌ ആരായാലും. ശേഖരിച്ച ചീമുട്ടകള്‍ എന്തു ചെയ്യും?

ചുരുക്കിപ്പറഞ്ഞാല്‍ തിരിച്ചും മറിച്ചും എത്ര ആലോചിച്ചിട്ടും കോണ്‍ഗ്രസിനെ നയിക്കേണ്ടതാരാണ്‌ എന്ന്‌ നിശ്ചയിക്കാനുള്ള അവകാശം മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിക്കാണ്‌ എന്ന്‌ സ്ഥാപിക്കാന്‍ ഒരു ന്യായവും കാണുന്നില്ല. തൊണ്ണൂറ്‌ കഴിഞ്ഞാല്‍ എന്തും പറയാം. പിണറായി ചെറുപ്പമല്‌ളേ? ഉപരോധ സമരം അവസാനിപ്പിക്കേണ്ടി വന്നത്‌ കൃത്യമായ ആസൂത്രണത്തിനിടയില്‍ ആഹാരം പോലെ തന്നെ നീഹാരവും അനുപേക്ഷണീയമാണ്‌ എന്ന ലളിതസത്യം തോമസ്‌ ഐസക്കിന്‍െറ കണക്കില്‍പെടാതെ പോയതുമൂലം സമരത്തിന്‌ കൈവന്ന സ്‌ക്കേറ്റോളജിക്കല്‍ ഡയമെന്‍ഷന്‍ ഐസക്കിനോടൊക്കെ സംസാരിക്കുമ്പോള്‍ മലവിസര്‍ജനം എന്നൊന്നും പറഞ്ഞാല്‍ പോരല്ലോ നിര്‍ബന്ധിച്ചതിനാലാണ്‌ എന്ന്‌ തലസ്ഥാനവാസികള്‍ക്കറിയാം. രണ്ടുദിവസം കൂടെ സമരം ബേക്കറി ജങ്‌ഷന്‍ മാതൃകയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ സി.പി.എം നിലയില്ലാക്കയത്തിലായേനെ. അതുകൊണ്ടാണ്‌ വീയെസ്‌ പോലും മിണ്ടാതിരിക്കുന്നത്‌. അല്ലാതെ പോളിറ്റ്‌ബ്യൂറോയില്‍ തിരിച്ചുകയറാന്‍ വേണ്ടി അച്ചടക്കം പാലിക്കുന്നതൊന്നുമല്ല.

യുഗപ്രഭാവനും ജനനായകനും ആയിരുന്ന സാക്ഷാല്‍ എ.കെ.ജി നേരിട്ട്‌ നയിച്ച മിച്ചഭൂമി സമരം മറക്കാന്‍ കാലമായില്ല. കുറെ കഴിഞ്ഞപ്പോള്‍ `തിരുവനന്തപുരത്ത്‌ ഇന്ന്‌' എന്നതിനൊപ്പം `ഇന്നലെ അറസ്റ്റിലായവരുടെ എണ്ണം' എന്നൊരു ഇടത്തില്‍ ഒതുങ്ങി സംഗതി. ഇപ്പോള്‍ നടക്കുന്ന ചീമുട്ട സമരവും ആ വഴിക്കാണ്‌ നീങ്ങുന്നത്‌. മുഖ്യമന്ത്രി പൊതുപരിപാടികള്‍ ഉപേക്ഷിച്ച്‌ ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ ജനസമ്പര്‍ക്കം നടത്തി, ഓഫിസിലിരുന്ന്‌, കിട്ടുന്ന ഫയലുകള്‍ കിട്ടുന്ന മുറയ്‌ക്ക്‌ നോക്കിത്തീര്‍ത്ത്‌ മോണോറെയില്‍, മെട്രോ, വിഴിഞ്ഞം തുടങ്ങിയ വികസന വിഷയങ്ങളില്‍ മാത്രം ശ്രദ്ധിച്ചാല്‍ ഫ്യൂസ്‌ പോവുന്നതാണ്‌ ചീമുട്ട സമരം. ചില ചില ഇന്ദ്രിയങ്ങള്‍ നഷ്ടപ്പെടുന്ന സഖാക്കളുടെ പേരും പടവും പത്രത്തില്‍ കൊടുത്ത്‌ കല്യാണാലോചനകള്‍ മുടക്കാതിരിക്കാനും ഈ ചീമുട്ട സമരത്തിന്‍െറ അന്ത്യം സഹായിക്കും. ഒന്നാം ദിവസം ജനനേന്ദ്രിയം ഒടിച്ചു എന്ന്‌ വാര്‍ത്ത; പ്രതിപക്ഷനേതാവിന്‍െറ പ്രതിഷേധ പ്രസ്‌താവന; പിറ്റേന്ന്‌ ജനനേന്ദ്രിയത്തിന്‌ കുഴപ്പമില്ല എന്ന വാര്‍ത്ത. മടുത്തുപോകുന്നു, സഖാവേ.

ഉമ്മന്‍ ചാണ്ടി ചെയ്യേണ്ടത്‌ അത്തരം പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്‌ച വരുത്താതിരിക്കുകയാണ്‌. പിണറായി ചെയ്യേണ്ടത്‌ കാടന്മാര്‍ അപ്പുറത്തും ഉണ്ട്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ ഈ സമരവൈകൃതം അവസാനിപ്പിക്കുകയാണ്‌. ഈയെമ്മസ്‌ ഇല്ലാത്തതുകൊണ്ട്‌ ഉചിതമായ ഒരു പ്രസ്‌താവന തയാറാക്കാന്‍ ആളില്ല എന്നറിയാം. എങ്കിലും ഐസക്‌, ബേബി, സി.പി. നാരായണന്‍ തുടങ്ങിയവരെക്കൊണ്ട്‌ ഒന്ന്‌ പടച്ചുണ്ടാക്കി തടിതപ്പുകയാണ്‌ സി.പി.എം ഇപ്പോള്‍ ചെയ്യേണ്ടത്‌. അല്‌ളെങ്കില്‍ സെക്രട്ടേറിയറ്റിന്‍െറ അവധിപോലെ ആനയറ സംഭവത്തിന്‍െറ വെളിച്ചത്തില്‍ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ ജനവിരുദ്ധ സമരം മൂലം നാട്ടുകാര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ട്‌ ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതല്ല, എന്ന്‌ പറഞ്ഞാല്‍ ഇപ്പോഴത്തേതിനെക്കാള്‍ വഷളാവും മാര്‍ക്‌സിസ്റ്റുകാരുടെ നില.

പിണറായി എന്തിനാണ്‌ പേടിക്കുന്നത്‌? കോട്ടയത്ത്‌ ജോസ്‌ മാണിയെ കോണ്‍ഗ്രസുകാര്‍ തോല്‍പിച്ചതരും. കൊടിക്കുന്നില്‍, ആന്‍േറാ, പി.ടി. തോമസ്‌ എന്നിവരെ കേരള കോണ്‍ഗ്രസുകാര്‍ തോല്‍പിച്ചുതരും. ശേഷം കോണ്‍ഗ്രസുകാര്‍ പരസഹായം കൂടാതെ തോറ്റുകൊള്ളും. ലീഗിന്‍െറ മണ്ഡലങ്ങള്‍ മാത്രം ശ്രദ്ധിച്ചുകൊള്ളണം. തിരുവനന്തപുരത്തും കാസര്‍കോട്ടും ഭാ.ജ.പാ.യെ എങ്ങനെ കൈകാര്യം ചെയ്യണം എന്നാലോചിച്ചുകൊള്ളണം. ശേഷം ശുഭം. ഇരുപതില്‍ പതിന്നാല്‌ പതിനാറ്‌ ഉറ പ്പ്‌. ഇവിടുത്തെ ഖദറുകാര്‍ എന്തു പറഞ്ഞാലും കേന്ദ്രത്തിന്‌ രണ്ടും ഒരു പോലെയാണ്‌; ഇടതുകാര്‍ അവിടെ കോണ്‍ഗ്രസിനൊപ്പമാണ്‌ എന്നവര്‍ക്കറിയാം.

പിന്നെ 2016. അത്‌ പിണറായി മന്ത്രിസഭയുടെ അരുണോദയം എന്നതും ഉറപ്പ്‌. കോടതിയിലെ കാലതാമസത്തില്‍ കുടുക്കി സഖാവിനെ ഗാലറിയിലിരുത്താതെ സൂക്ഷിച്ചാല്‍ മതി. സഖാവ്‌ ശ്രദ്ധിക്കേണ്ടത്‌ നല്ല വക്കിലിനെ വെച്ച്‌ ആ കേസ്‌ ഒഴിവാക്കിയെടുക്കാനാണ്‌. പിണറായി വിജയനെ മുഖ്യമന്ത്രി ആയി കാണാന്‍ ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളെ നിരാശപ്പെടുത്തരുത്‌. ഈ ചീമുട്ട സമരം അവസാനിപ്പിക്കുക. ക്രിമിനല്‍ കേസുകള്‍ നടക്കട്ടെ. കൊലപാതകത്തിനും തട്ടിപ്പിനും വിചാരണ നേരിടുന്ന പ്രതികള്‍ തിരിച്ചും മറിച്ചും പറയുന്നതിന്‍െറ പിറകെ ഓടി കളയേണ്ടതല്ല മലയാളിയുടെ വിലപ്പെട്ട സമയം. മടുത്തിട്ടാണ്‌ സഖാവേ, കൂറ്‌ മാറിയിട്ടല്ല; സ്‌നേഹം കുറഞ്ഞിട്ടുമല്ല. ലാല്‍സലാം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More