Image

കുറവിലങ്ങാട്ട് മുത്തിയമ്മയ്ക്കരികില്‍ 2023 മേരിമാര്‍

Published on 09 September, 2013
കുറവിലങ്ങാട്ട് മുത്തിയമ്മയ്ക്കരികില്‍ 2023 മേരിമാര്‍
കുറവിലങ്ങാട്: കൈക്കുഞ്ഞായ കുഞ്ഞുമേരി മുതല്‍ മുതുമുത്തശ്ശിയായ മറിയംവരെ മുത്തിയമ്മയ്ക്കരികില്‍ അണിനിരന്നപ്പോള്‍ എണ്ണം 2023. ദേശവും ഭാഷയും പ്രായവും മറന്നു മേരിമാര്‍ ഒത്തുചേരുമ്പോള്‍ ചരിത്രത്തിലതു പുത്തന്‍ അധ്യായമായി. എണ്ണത്തിനപ്പുറം ഭക്തിയുടെയും വിശ്വാസത്തിന്റെയും നേരനുഭവത്തിലാണ് മേരിനാമ സംഗമം ശ്രദ്ധനേടുന്നത്. അമ്മയ്ക്കരികെ ഒത്തുചേരാനായ മേരിമാര്‍ നാടിനു സമ്മാനിച്ചതു തലമുറകളുടെ സാന്നിധ്യമാണ്. മുത്തശിയുടെ പേരിലൂടെ മേരിയായവര്‍ മുതല്‍ മുത്തിയമ്മയോടുള്ള അനുഗ്രഹസ്മരണാര്‍ഥം മേരിയെന്നു പേരു സ്വീകരിച്ചവര്‍ വരെ ഒത്തുകൂടിയപ്പോള്‍ നാലു തലമുറകളുടെ വരെ കണ്ണികളാണു നീണ്ടത്. വിവാഹം ചെയ്ത് ദൂരെസ്ഥലങ്ങളിലേക്കു പോയ മേരിമാര്‍ സംഗമത്തിലേക്ക് എത്തിയതോടെ പല വീടുകള്‍ക്കും കുടുംബസംഗമത്തിന്റെ ആഘോഷങ്ങളും നടത്താനായി. വിദേശങ്ങളിലുള്ള മേരിമാരടക്കം സംഗമത്തിലെത്താനായി അവധി ക്രമീകരിച്ചെത്തിയതും ശ്രദ്ധേയമായിരുന്നു. 

ഒരു ദിവസം, ഒരേ സമയം, ഒരേ പേരുകാരായ 2023 പേര്‍ ഒരുമിച്ചു ചേരുന്നുവെന്ന അപൂര്‍വതയില്‍ മേരിനാമധാരീ സംഗമം സംസ്ഥാനത്തിനപ്പുറവും ചര്‍ച്ചയായി മാറുന്നുണ്ട്. മറിയം, മേരി, നിര്‍മല, വിമല, മരിയ എന്നിങ്ങനെ ദൈവമാതാവിന്റെ നാമം സ്വീകരിച്ചവരാണു സംഗമത്തിനെത്തിയത്. ഓരോ മേരിയും 21 കള്ളപ്പവും പുഷ്പങ്ങളും നേര്‍ച്ചയായി സമര്‍പ്പിച്ചാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. ഈ അപ്പം നോമ്പുവീടല്‍ സദ്യയില്‍ വിളമ്പിനല്‍കുമ്പോള്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചും പ്രാര്‍ഥിച്ചുമുള്ള ഐക്യവും വിളിച്ചോതുന്നു. സംഗമത്തിനെത്തിയ മേരിനാമധാരികള്‍ക്കെല്ലാം മുത്തിയമ്മയുടെ നൊവേനയടങ്ങിയ പുസ്തകം ഉപഹാരമായി നല്‍കി. 

റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ വികാരിയായിരിക്കെ 2009-ലാണ് എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് മേരിനാമധാരീ സംഗമം ആരംഭിച്ചത്. ആയിരത്തില്‍ താഴെ മേരിമാര്‍ എത്തിയിരുന്ന ആദ്യ സാഹചര്യങ്ങളില്‍ നിന്നു മാറി ഇന്ന് എണ്ണം രണ്ടായിരം പിന്നിട്ടിരിക്കുന്നുവെന്നതു പ്രത്യേകതയാണ്. 

മേരിനാമധാരികള്‍ക്കായി പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തി. ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, ഫാ.ജോസഫ് മേയിക്കല്‍, ഫാ. ജോസഫ് ആട്ടപ്പാട്ട്, ഫാ.കുര്യാക്കോസ് കാപ്പിലിപ്പറമ്പില്‍, ഫാ. മാത്യു ആലപ്പാട്ട്‌മേടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

(ദീപിക)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക