-->

EMALAYALEE SPECIAL

ചട്ടമ്പിസ്മരണയില്‍: ഡി. ബാബുപോള്‍

Published

on

കേരളീയ നവോത്ഥാനത്തിന്റെ നായകസ്ഥാനത്ത് അഗ്രഗണ്യന്‍ ശ്രീനാരായണനാണ് എന്ന കാര്യം അംഗീകരിച്ചുകൊണ്ട് തന്നെ ഒപ്പം പറയേണ്ട പേരാണ് ചട്ടമ്പിസ്വാമികളുടേത്. ചട്ടമ്പിസ്വാമികള്‍ ജനിച്ചിട്ട് ഈയാഴ്ച 160 സംവത്സരങ്ങള്‍ പൂര്‍ത്തിയായി. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഗസ്റ്റ് 25; കൊല്ലവര്‍ഷ കണക്കില്‍ ചിങ്ങം പതിനൊന്ന്; നക്ഷത്രം നോക്കിയാല്‍ ഭരണി.
ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണന് ഗുരു ആയിരുന്നോ, രണ്ടുപേരും തൈക്കാട്ടയ്യാവിന്റെ സമശീര്‍ഷരായ ശിഷ്യരായിരുന്നോ എന്ന് തുടങ്ങിയ വിവാദ വിഷയങ്ങളിലേക്ക് കടക്കാതെതന്നെ സ്വാമികളും ഗുരുദേവനും പരസ്പരം ബഹുമാനിച്ചിരുന്നു എന്ന് ഉറപ്പിക്കാന്‍ കഴിയും. പന്മനയിലേക്കുള്ള അന്ത്യയാത്രയില്‍ പ്രാക്കുളത്തുള്ള തോട്ടുവയല്‍ വീട്ടിലാണ് സ്വാമികള്‍ കുറച്ച് ദിവസം വിശ്രമിച്ചത്. സ്വാമികളുടെ രോഗവിവരം നാടാകെ പരന്നു കഴിഞ്ഞിരുന്നു. ശ്രീനാരായണഗുരു വിവരം അറിഞ്ഞ് കാണാനത്തെി. രണ്ടാമത്തെ നിലയിലുള്ള ഒരു മുറിയില്‍ ഒരു സോഫയില്‍ കിടക്കുകയായിരുന്നു ചട്ടമ്പിസ്വാമികള്‍. ശ്രീനാരായണനെ ആ സോഫയില്‍ പിടിച്ചിരുത്തി എന്ന് ദൃക്‌സാക്ഷിയായ കൊറ്റിനാട്ട് നാരായണപിള്ള എഴുതിയിട്ടുണ്ട്. അന്നാണ് വിശ്രുതമായ ആ ഫോട്ടോ എടുത്തത്. ശ്രീനാരായണന്‍, തീര്‍ഥപാദപരമഹംസന്‍ എന്നിവര്‍ക്ക് നടുവില്‍ ചട്ടമ്പി സ്വാമികള്‍. കൂടെ പറയട്ടെ, ചട്ടമ്പിസ്വാമികളുടെ ഫോട്ടോ രണ്ടേ രണ്ട് പ്രാവശ്യമാണ് എടുത്തിട്ടുള്ളത്. ഒന്ന് ഷഷ്ട്യബ്ദപൂര്‍ത്തിവേളയില്‍, മറ്റേത് ഇപ്പറഞ്ഞതും.
ചട്ടമ്പിസ്വാമികള്‍ ഒരു അതുല്യ പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ ബാല്യത്തില്‍ നായന്മാര്‍ക്ക് വേദം പഠിക്കാന്‍ ഒന്നും അനുവാദം ഉണ്ടായിരുന്നില്ല. ഒളിച്ചുനിന്ന് കേട്ടുപഠിച്ച ഏകലവ്യനാണ് സ്വാമികള്‍. ഇതിന്റെ പ്രാധാന്യം അറിയണമെങ്കില്‍ ശാങ്കരസ്മൃതി എന്നറിയപ്പെടുന്ന 'ലഘുധര്‍മപ്രവേശിക'യും കേണല്‍ മണ്‍റോ ആധുനിക നീതിന്യായവ്യവസ്ഥ ഏര്‍പ്പെടുത്തുന്നതിന് മുമ്പ് വ്യവഹാരവിഷയത്തിലെ പ്രാമാണിക ഗ്രന്ഥമായിരുന്നുവെന്ന് ഉള്ളൂര്‍ വിവരിക്കുന്ന വ്യവഹാരമാലയും പരിശോധിച്ചാല്‍ മതി. ശൂദ്രന് ദാസ്യവൃത്തിയും നിരക്ഷരതയും ആയിരുന്നു ലഘുധര്‍മ പ്രവേശിക വിധിച്ചതെങ്കില്‍ വേദാധ്യയനം ചെയ്യുന്ന ബ്രാഹ്മണന്റെ അടുക്കലെങ്ങാനും നിന്ന് ആയതുകേട്ടുപോയാല്‍ ശൂദ്രന്റെ ചെവിയില്‍ ഇത്തനാകവും അരക്കും ഈയവും ഉരുക്കി ഒഴിക്കണം എന്നാണ് വ്യവഹാരമാലയില്‍ പറയുന്നത്. സ്‌നാതമശ്വം, ഗജംമത്തം, വൃഷഭം കാമമോഹിതം, ശൂദ്രം അക്ഷരസംയുക്തം ദൂരത$ പരിവര്‍ജ്ജയേത് എന്നതായിരുന്നു നാട്ടുനടപ്പ്; അക്ഷരം പഠിച്ചെങ്കില്‍ വേദം കേട്ടാലും തിരിയുകയില്ലല്‌ളോ എന്നതാവാം അതിന്റെ ന്യായം.
ആ കാലത്ത് ശൂദ്രന്‍ ദരിദ്രന്‍കൂടി ആയാല്‍ അവസ്ഥ ദാരുണമായിരിക്കുമെന്ന് പറയേണ്ടതില്ല. എന്നാല്‍, പില്‍ക്കാലത്ത് ചട്ടമ്പി സ്വാമികള്‍ എന്ന് പ്രസിദ്ധനായ കുഞ്ഞന്‍പിള്ള പഠിക്കാന്‍ ഭാഗ്യം ഉണ്ടായവരുടെ ഓലകള്‍ കടം വാങ്ങി എഴുത്തും വായനയും പഠിച്ചു. പിന്നെയാണ് ഏകലവ്യഭാവം. അമ്മയുടെ ബന്ധുക്കള്‍ ജോലി ചെയ്തിരുന്ന കൊല്ലൂര്‍ മഠത്തിലെ ഉണ്ണികള്‍ കുഞ്ഞന്‍ ഒളിഞ്ഞുനിന്ന് തങ്ങളുടെ പാഠങ്ങള്‍ പഠിക്കുന്ന വിവരം ഗുരുവിനെ അറിയിച്ചു. ഗുരു ആ വിജ്ഞാനദാഹിയോട് ദയ കാട്ടി. എന്തൊക്കെയാണ് ഈ ഏകലവ്യന്‍ അതുവരെ പഠിച്ചതെന്ന് പരിശോധിച്ചു. നേരില്‍കേട്ട് പഠിച്ച ഉണ്ണികളേക്കാള്‍ മിടുക്കനാണ് കുഞ്ഞന്‍ എന്ന സത്യം ആ മഹാത്മാവിനെ ആകര്‍ഷിച്ചു. ഉണ്ണികളില്‍ നിന്ന് പതിനാറടി ദൂരത്തില്‍നായരും നമ്പൂരിയും തമ്മില്‍ പാലിക്കേണ്ട ദൂരം ഇരുന്ന് പഠിക്കാന്‍ കുഞ്ഞന് അനുവാദം കിട്ടി. ഉപരിപഠനത്തിന് പേട്ടയില്‍ രാമന്‍ പിള്ളയാശാന്റെ അടുക്കലാണ് എത്തിയത്. അവിടെ വെച്ചാണ് കുഞ്ഞന്‍ ചട്ടമ്പിയായി അവരോധിക്കപ്പെട്ടത്. ചട്ടമ്പി സമം മോണിറ്റര്‍ എന്നാണ് പറയാറ്. സത്യത്തില്‍ ഇന്നത്തെ മോണിറ്ററേക്കാള്‍ പ്രതാപിയായിരുന്നു അന്നത്തെ ചട്ടമ്പി. ഗുരുവിന്റെ അസാന്നിധ്യത്തില്‍ സതീര്‍ഥ്യരെ വേണ്ടി വന്നാല്‍ ശിക്ഷിക്കാനും ചട്ടമ്പിക്ക് അധികാരമുണ്ടായിരുന്നു.
പേട്ടയില്‍ പഠിക്കുമ്പോള്‍ തന്നെ ഭക്തി മാര്‍ഗത്തിലേക്കും ഏകാന്തധ്യാനങ്ങളിലേക്കും തിരിഞ്ഞു ചട്ടമ്പി സ്വാമികള്‍. അതുകൊണ്ടു കൂടിയാകാം പേട്ടയില്‍ ധാരാളമായിരുന്ന ഈഴവ കുടുംബങ്ങളില്‍ പോവുന്നതും ആഹാരം കഴിക്കുന്നതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയില്ല. ഡോ. പല്‍പുവിന്റെ സഹോദരന്‍ പരമേശ്വരന്‍ സ്വാമിയുടെ സുഹൃത്തായിരുന്നു. അവിടെനിന്ന് ഭക്ഷണം കഴിച്ചത് ഒരു പരാതിക്ക് ഇടനല്‍കി. രാമന്‍പിള്ളയാശാന്‍ ചട്ടമ്പിയെ വിസ്തരിച്ചു. 'പരമേശ്വരന്റെ വീട്ടില്‍ പോയി തൊട്ടുണ്ണാറുണ്ട്, അല്‌ളേ?'മറുപടിയില്‍ ഒരു മറുചോദ്യവും ഉണ്ടായി. 'ഉവ്വ്. ആശാന്റെ വീട്ടില്‍ നിന്ന് കഴിക്കാമെങ്കില്‍ പരമേശ്വരന്റെ വീട്ടില്‍നിന്ന് ആകരുതോ?' ഉല്‍പതിഷ്ണുവായിരുന്ന ആശാന്‍ പിന്നെ ഒന്നും ചോദിച്ചില്ലത്രെ. 'തൊട്ട് തിന്ന് നടക്കുന്ന തെണ്ടി' എന്നൊക്കെ സ്വജാതിക്കാര്‍ പരിഹസിക്കാതിരുന്നില്ല. കുഞ്ഞന്‍ പിള്ളയുടെ മതവിശ്വാസത്തിന്റെ അന്തര്‍ധാര മാനുഷികം ആയിരുന്നതിനാല്‍ അദ്ദേഹം പതറിയില്ല.
അമ്മയെ പോറ്റാന്‍ ബാധ്യസ്ഥനായ ഏകസന്താനമായിരുന്നു ചട്ടമ്പി സ്വാമികള്‍. ആ യത്‌നത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് പണിയുന്ന കാലത്ത് കല്ലും മണ്ണും ചുമന്നു അദ്ദേഹം. പില്‍ക്കാലത്ത് പ്രശസ്തനായ ശേഷം സെക്രട്ടേറിയറ്റിനെ നോക്കി സ്വാമികള്‍ തന്നെ കല്‍പിച്ചു. 'ഈ കച്ചേരിയുടെ പണിക്ക് ഞാനും കുറേ മണ്ണ് ചുമന്നിട്ടുള്ളവനാണ്.' മാതൃസഹോദരീപുത്രനായ ജ്യേഷ്ഠന്‍ കൃഷ്ണപിള്ള ആധാരമെഴുത്തുകാരനായിരുന്നു. അടുത്തഘട്ടം അവിടെ.
നല്ല കൈപ്പട രജിസ്ട്രാറെ സന്തുഷ്ടനാക്കി. കുഞ്ഞന് ആധാരം കിട്ടാത്ത ദിവസം സര്‍ക്കാറില്‍നിന്ന് എട്ടുചക്രം കൊടുക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ആ തുക അന്ന് ആധാരം കിട്ടാത്ത മറ്റ് എഴുത്തുകാരുമായി പങ്കിടുമായിരുന്നു കുഞ്ഞന്‍. കൃഷ്ണപിള്ള ആ ധാരാളിത്തത്തെ വിമര്‍ശിച്ചപ്പോഴും മറുപടിയില്‍ മറുചോദ്യം ഉണ്ടായിരുന്നു. 'അവരുടെ പട്ടിണി നമ്മുടെ പട്ടിണി പോലെ തന്നെ അല്‌ളേ, അണ്ണാ?'
ഹജൂര്‍ കച്ചേരിയില്‍ മാധവറാവു കുഞ്ഞനെ നിയമിച്ചതുള്‍പ്പെടെയുള്ള കഥകള്‍ വിസ്തരിക്കാതെ വിടുന്നു. എന്നാല്‍, മനുഷ്യസ്‌നേഹിയെങ്കിലും 'ശഠേ ശാഠ്യമാചരേല്‍' എന്ന സ്വഭാവവും ഉണ്ടായിരുന്നതിനാല്‍ കച്ചേരിയിലെ പണിപോയ കഥ പറയാതെ വയ്യ. ഒരു ദിവസത്തെ അവധി ചോദിച്ചപ്പോള്‍ ത്രിവിക്രമന്‍ തമ്പി എന്ന മേലധികാരി 'നാളെ ഞാന്‍ നോക്കുമ്പോള്‍ താന്‍ സ്ഥാനത്തുണ്ടാവണം' എന്നായിരുന്നു മറുപടി പറഞ്ഞത്. കുഞ്ഞന്‍പിള്ള അന്ന് ഇറങ്ങി. മുഖത്തടിച്ചത് പോലെ പറഞ്ഞതോ? 'ഇനി ഞാന്‍ എപ്പോള്‍ അവിടെ ഇരിക്കുമോ അപ്പോള്‍ നോക്കിയാല്‍ കാണാം' എന്നും!
ജന്തുസ്‌നേഹത്തില്‍ ചട്ടമ്പി സ്വാമികള്‍ ഫ്രാന്‍സിസ് അസീസിയെ പോലെ ആയിരുന്നു. സര്‍പ്പത്തെ ശാസിക്കാനും ഭ്രാന്തന്‍ നായയെ വരുതിക്ക് നിര്‍ത്താനും അഹങ്കാരിയായ സര്‍ക്കാറുദ്യോഗസ്ഥന്റെ വീട്ടില്‍ പട്ടികളെ തന്റെ കൂട്ടുകാരായി വിശേഷിപ്പിച്ച് വിഖ്യാതമായ പട്ടിസദ്യക്ക് വഴിയൊരുക്കാനും സ്വാമികള്‍ക്ക് കഴിഞ്ഞിരുന്നു. അന്ന് ആ ഉദ്യോഗസ്ഥന് നായ്ക്കളെ പരിചയപ്പെടുത്തിയതില്‍ തെളിഞ്ഞ ധര്‍മബോധവും എടുത്തു പറയണം. 'ഇവരൊക്കെ കഴിഞ്ഞ ജന്മത്തില്‍ തന്നെപ്പോലെ ഉയര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു. ക്രൂരതയും കൈക്കൂലിയും ഹേതുവായി പട്ടികളായി ജനിച്ചതാണ്'!
സ്വാമിയുടെ ക്രിസ്തുമതഛേദനവും വേദാധികാരനിരൂപണകൃതികളും സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. ആദ്യത്തേത് അക്കാലത്തെ മിഷനറിമാര്‍ക്കുള്ള മറുപടിയാണ്. 'ക്രിസ്തുമതസാരം' സ്വാമികള്‍ ഗ്രഹിച്ചതിലുള്ള ചില പോരായ്മകള്‍ 'ചേദന'ത്തെ ബാധിച്ചിട്ടുണ്ടെങ്കിലും പൊതുവെ ആധുനികെ്രെകസ്തവ വേദ ശാസ്ത്രജ്ഞരില്‍ ഗണ്യമായ ഒരു വിഭാഗത്തിന് പരാതി ഉണ്ടാകാന്‍ ഇടയില്ലാത്ത രചനയാണ് അത്. രചിക്കപ്പെട്ട സാഹചര്യത്തില്‍നിന്ന് നോക്കിയാല്‍ ആ കൃതി മനസ്സിലാക്കാവുന്നതേയുള്ളൂ. രണ്ടാമത്തെ വിഭാഗത്തില്‍ ഭൃഗുരാമകഥയും നമ്പൂതിരിമാരുടെ അവകാശവാദങ്ങളും വിമര്‍ശ വിധേയമാക്കുമ്പോഴും യുക്തിബദ്ധങ്ങളായ ഇതേ സരണിയാണ് സ്വാമികള്‍ പിന്തുടരുന്നത്. വൈക്കം സത്യഗ്രഹം നടക്കുമ്പോള്‍ വൈക്കത്ത് ഉയര്‍ന്ന ആവശ്യം വഴിനടക്കാന്‍ അനുവദിക്കണമെന്നതായിരുന്നു. സ്വാമികള്‍ അന്നേ പറഞ്ഞു, ക്ഷേത്ര വഴിയെ നടന്നാല്‍ പോരാ, ക്ഷേത്രത്തില്‍ കയറാനും അനുവാദം ഉണ്ടാകണം. പിന്നെയും ഒരു ദശാബ്ദം കഴിയേണ്ടി വന്നു അത് സംഭവിക്കാന്‍. എങ്ങനെ നോക്കിയാലും യുഗപ്രഭാവന്‍ എന്നേ സ്വാമികളെ വിവരിക്കാനാവൂ എന്ന് പറയാതെ വയ്യ.
(Madhyamam)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More