കൊച്ചി: സഭയുടെ ശക്തിയും സമ്പത്തും എന്നും കുടുംബങ്ങളും പ്രത്യേകിച്ച് കുടുംബങ്ങളെ ദീപ്തമാക്കുന്ന മാതാക്കളുമാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭ വനിതാഫോറം പ്രഥമ ദേശീയസമ്മേളനം സഭാ ആസ്ഥാനമായ കൊച്ചി, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായും സംഘടിതമായും തങ്ങളുടെ ശക്തിയെ ഏകോപിപ്പിച്ച് സഭാ ശുശ്രൂഷയെ പ്രോജ്വലിപ്പിക്കുന്നവരായി വനിതകള്‍ മാറണം. ലോകമെമ്പാടുമുള്ള അല്മായ സമൂഹത്തെ സഭയുടെ മുഖ്യധാരയില്‍ ശക്തിപ്പെടുത്തുവാന്‍ വിവിധങ്ങളായ ഫോറങ്ങളിലൂടെ അല്മായ കമ്മീഷന് ചെയ്യുന്ന സേവനങ്ങള്‍ മഹത്തരങ്ങളാണെന്നും മാര്‍ ആലഞ്ചേരി സൂചിപ്പിച്ചു. സീറോ മലബാര്‍ സഭ ബിഷപ്സ് സിനഡിനോടനുബന്ധിച്ചു ചേര്‍ന്ന ദേശീയ സമ്മേളനത്തില്‍ സഭയിലെ എല്ലാ ബിഷപ്പുമാരും പങ്കുചേര്‍ന്നു.
വനിതാ ഫോറം പ്രസിഡന്റ് ഡല്‍സി ലൂക്കാച്ചന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അല്മായ കമ്മീഷന് ചെയര്മാന് മാര്‍ മാത്യു അറയ്ക്കല്‍, വനിതാഫോറം രക്ഷാധികാരി മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തി. മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വനിതാഫോറം ഡയറക്ടറി ആനിമേറ്റര്‍ സിസ്റ്റര്‍ ജോണ്‍സി സിഎംസിയ്ക്ക് നല്കി പ്രകാശനം ചെയ്തു. അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ അലമായ കമ്മീഷന് ആഗോളതല പ്രവര്‍ത്തനങ്ങള്‍, വിവിധ ഫോറങ്ങള്‍ എന്നിവയെക്കുറിച്ച് സംസാരിച്ചു. സീറോ മലബാര്‍ സഭാ ചാന്‍സിലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, വനിതാഫോറം ഡയറക്ടര്‍ ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി, നിയുക്ത ഡയറക്ടര്‍ ഫാ.ജോസഫ് കൊച്ചുപറമ്പില്‍, ജനറല്‍ സെക്രട്ടറി ലിസി വര്‍ഗീസ്, ട്രഷറര്‍ ജിജി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
ചര്‍ച്ചകള്‍ക്ക് കൂരിയ ബിഷപ് മാര്‍ ബോസ്കോ പുത്തൂര്‍ മോഡറേറ്ററായിരുന്നു. വിവിധ രൂപതകളില്‍ നിന്നും മിഷന് കേന്ദ്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. വനിതാഫോറം എക്സിക്യൂട്ടീവ് അംഗങ്ങളായ മാഗി ജോസ്, ഏലിയാമ്മ സെബാസ്റ്റ്യന്‍ പൂവക്കോട്ട്, ബെറ്റ്സി ഷാജി, ഡോളി മാത്യു, ഷൈനി ഷാജി, റാണി മത്തായി, ലൗലി ജോളി, റോസ് ഷോംബി, മോളി ജോസഫ്, മേരി സെബാസ്റ്റ്യന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി. സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി,
ഡയറക്ടര്‍