-->

America

തൊലി ദാനംചെയ്യുക: ഡി. ബാബുപോള്‍

Published

on

ആദ്യം രക്തദാനം ചെയ്തത് 30 വയസ്സ് തികയുന്നതിന് മുമ്പായിരുന്നു. കലക്ടറായ കാലം. രക്തദാന വാരാചരണത്തിന്റെ ഉദ്ഘാടനം. ഉദ്ഘാടനങ്ങളൊക്കെ ഇങ്ങനെ ഓരോന്ന് ചെയ്തിട്ടാണല്‌ളോ. പിന്നീട് പലപ്പോഴും രക്തദാനം ചെയ്തു. രക്തബാങ്കില്‍ പേരെഴുതിച്ചു. വിളി ഒരിക്കലും വന്നില്ല പിന്നെ! ഗവണ്‍മെന്റ് സെക്രട്ടറിയുടെ ചോരക്കായി ദാഹിക്കുന്നവര്‍ രക്തബാങ്കില്‍ ജോലി ചെയ്യുന്നില്ലല്ലോ?.

പിന്നെ ചെയ്തത് നേത്രദാനം. കൊച്ചിയില്‍ പോര്‍ട്ട് ചെയര്‍മാന്‍ ആയിരിക്കുന്ന കാലം. പത്തുമുപ്പത് കൊല്ലം മുമ്പ്.

അടുത്ത ദാനം ഒരു പടക്കം ആയിരുന്നു എന്ന് ദോഷൈകദൃക്കുകള്‍ക്ക് പറയാം. അല്‍ഷൈമേഴ്‌സ് സൊസൈറ്റി സംഘടിപ്പിച്ച ഒരു ദേശീയ സമ്മേളനം. വേദി കൊച്ചിയിലെ മെറിഡിയന്‍ ഹോട്ടല്‍. ദേഹോപദ്രവമില്ലാത്ത ഏത് ഭ്രാന്തിനും സ്വാഗതം എന്ന് ബോര്‍ഡെഴുതി പീടിക തുറന്നുവെച്ചിരിക്കുന്ന കാലം. എങ്ങനെയോ ഡോക്ടര്‍ ജേക്കബ് റോയിയെയും തിരുവനന്തപുരത്തെ ടി.കെ. രാധാമണി എന്ന പുരുഷനെയും മീര പട്ടാഭിരാമന്‍ എന്ന സ്ത്രീയെയും പരിചയപ്പെട്ടു. റോയിയുടെ അച്ഛന്‍, രാധാമണിയുടെ പത്‌നി, മീരയുടെ അമ്മ എല്ലാം രോഗികള്‍.
ഓര്‍മകളിലെ ആ മടക്കയാത്ര ഭയം പകരുന്നതാണ്, ആദ്യം കേള്‍ക്കുമ്പോള്‍തന്നെ. ഏതായാലും രാധാമണിയും സഹപ്രവര്‍ത്തകരും ആ രോഗത്തെക്കുറിച്ച് പഠിക്കാന്‍ പ്രേരിപ്പിച്ചു. തൊണ്ണൂറുകളിലാണ്. ഞാന്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ ശീലിച്ചുതുടങ്ങുന്നതേയുള്ളൂ. ഇന്നത്തെപ്പോലെ വ്യാപകമായ ഇന്റര്‍നെറ്റ് സൗകര്യവുമില്ല. എന്റെ സതീര്‍ഥ്യന്‍ പി.ആര്‍. ചന്ദ്രന്‍ അന്ന് ഡി.ജി.പിയോ ആ പദവിയിലോ ആണ്. സ്വാമി എന്‍ജിനീയറിങ്ങിന് വായിക്കുമ്പോള്‍തന്നെ ഒന്നാം റാങ്കുകാരനാണ്. അദ്ദേഹത്തിന് മുംബൈയിലെ എന്തോ മഹാനഗര്‍ നിഗമുമായി ഇടപാടുണ്ട്; ഇന്റര്‍നെറ്റ് കിട്ടും, അക്കാലത്ത് പണച്ചെലവ് ഏറെയായിരുന്നു എന്നു മാത്രം. കോളജില്‍വെച്ച് സ്വാമി 'വനിതാ പൊലീസിന്റെ ഡയറി', 'കുഞ്ഞമ്മയുടെ കുമ്പസാരം' തുടങ്ങിയ പുസ്തകങ്ങള്‍ വായിക്കാന്‍ തന്നിട്ടുള്ളതാണ്.
സ്വാമി പണം മുടക്കി. കുറെ വിവരങ്ങള്‍ ശേഖരിച്ചുതന്നു. തലച്ചോറില്‍ പഌക്കുകള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് ഗവേഷണം കൂടുതല്‍ ഉണ്ടാവണം എന്ന് വായിച്ചു. അത് പ്രസംഗത്തില്‍ കാച്ചി. ശ്രീചിത്രയില്‍ ഗവേഷണം തുടങ്ങുമെങ്കില്‍ എന്റെ തലച്ചോര്‍ ഫ്രീ. ഇല്ലാത്ത സാധനം ധൈര്യമായി സംഭാവന ചെയ്യാമല്‌ളോ എന്ന് പരിഹസിച്ചവരെ കുറ്റം പറയുന്നില്ല!

ഇന്ന് അവയവദാനം മഹാദാനം എന്ന പരക്കെ വാഴ്ത്തപ്പെടുന്നു. ഫാദര്‍ ചിറമേലും ചിറ്റിലപ്പള്ളി കൊച്ചൗസേപ്പും അവരെ പിന്തുടര്‍ന്ന് അനതിപ്രശസ്തരായ അനേകരും പങ്കുവെക്കാവുന്ന അവയവങ്ങള്‍ പങ്കുവെച്ച് അനേകരെ സഹായിക്കുന്നു.

ഹൃദയം മാറ്റിവെക്കാം എന്ന് ഡോക്ടര്‍ ക്രിസ്ത്യന്‍ ബര്‍നാഡ് തെളിയിച്ചതോടെ മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ഉപയോഗിച്ച് മനുഷ്യജീവന്‍ രക്ഷിക്കുന്ന സമ്പ്രദായം വ്യാപകമായി. ഹൃദയം സ്തംഭിച്ചാണ് മരണം സംഭവിക്കുന്നതെങ്കിലും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കൊയ്‌തെടുത്താല്‍ അവയവങ്ങള്‍ ഉപയോഗിക്കാമത്രെ. ചിലതിനൊക്കെ 24 മണിക്കൂര്‍ വരെ ആവാം. അത് അസാധാരണമാണ് എന്നു മാത്രം.

മനോജ്ഞ ചൈനയില്‍ തടവുപുള്ളികളുടെ അവയവങ്ങള്‍ സര്‍ക്കാര്‍ ഭദേശസാത്കരിച്ചിരുന്നതായി' ആരോപണങ്ങള്‍ ഏറെയുണ്ട്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ടാല്‍ പരോളില്ല. മനസ്സോടും മനസ്സ് കൂടാതെയും മാത്രമല്ല, അറിവോടും അറിവ് കൂടാതെയും പോലും വൃക്കയും കരളില്‍ പാതിയും ഒക്കെ ജീവിച്ചിരിക്കുമ്പോള്‍തന്നെ കൊയ്യുമത്രെ. ആരുണ്ടിവിടെ ചോദിക്കാന്‍? ചൈനയുടെ പഴയ ആരോഗ്യവകുപ്പ് സെക്രട്ടറി (ഉപമന്ത്രി എന്നാണ് പല രാജ്യങ്ങളിലും ഉദ്യോഗപ്പേര്) ഹുവാങ് ലെഫു അവയവദാന സമിതിയുടെ അധ്യക്ഷനാണ്. അദ്ദേഹം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു, ഇനി മേലില്‍ തടവുകാരുടെ അവയവങ്ങള്‍ മുറിച്ചെടുക്കുന്നതല്ല. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തതാണ് ഈ സദ്വാര്‍ത്ത. ഫലൂണ്‍ ഗോങ് പ്രസ്ഥാനം നിരോധിക്കുകയും അതിലെ അംഗങ്ങളെ ആജീവനാന്തം തടവിന് ശിക്ഷിക്കുകയും ചെയ്തതോടെയാണ് മനുഷ്യരെ കൊന്നും അവയവക്കൊയ്ത്ത് നടത്തുന്ന സമ്പ്രദായത്തിന് കൂടുതല്‍ ഇരകളെ കിട്ടിയത്. 1992ല്‍ ആരംഭിച്ച ഒരു പ്രസ്ഥാനമാണ് ഫലൂണ്‍ ഗോങ്. നമ്മുടെ ശ്രീശ്രീയുടെ ജീവനകലപോലെ ഒരേര്‍പ്പാട്. ബുദ്ധമതചിന്തകളാണ് അടിസ്ഥാനം. 1999ല്‍ ചൈന ഇത് നിരോധിച്ചു.

ചൈനയില്‍ മാത്രമല്ല, ലോകത്ത് പലയിടങ്ങളിലും മനുഷ്യരെ ബലമായി പിടിച്ച് അവയവങ്ങള്‍ കൊയ്‌തെടുക്കുന്നതായി പരാതികളുണ്ടായി. ഇന്ത്യ ഉള്‍പ്പെടെ മിക്ക പരിഷ്‌കൃത രാജ്യങ്ങളിലും അവയവദാനം സംബന്ധിച്ച് വ്യക്തവും കൃത്യവുമായ നിയമങ്ങള്‍ നിലവിലുള്ളതിനാല്‍ മനുഷ്യാവകാശലംഘനം ഒന്നും കൂടാതെ തന്നെ അവയവദാനം സാധ്യമാകുന്ന അവസ്ഥ ഇന്ന് നിലവിലുണ്ട്.

ദാഹിച്ചുവരുന്നവന് തണ്ണീര്‍ കൊടുക്കുന്നത് പുണ്യമാണ്. എല്ലാ മതങ്ങളും ഒരുപോലെ ഉറപ്പിക്കുന്ന പാഠം. അപ്പോള്‍ അവയവദാനം എത്ര മഹത്തായ സല്‍കര്‍മമാണ്. കണ്ണിന്റെ കോര്‍ണിയ മാറ്റിവെച്ച ചെക്കോസ്ലോവാക്യന്‍ ശാസ്ത്രജ്ഞനായ എഡ്വോഡ് എന്നൊരാളുടേതാണ് വായിച്ചതില്‍വെച്ച് ഏറ്റവും പഴയ കഥ. അത് 1905ല്‍ ആയിരുന്നു. വൃക്ക മാറ്റിവെച്ചത് 1950ല്‍. അത് അമേരിക്കയില്‍. മരിച്ചയാളുടെ വൃക്ക ഉപയോഗിച്ച് ആദ്യമായി ഒരു വൃക്കരോഗിയെ രക്ഷിച്ചതും അമേരിക്കയില്‍തന്നെ 1962ല്‍. ആഗ്‌നേയഗ്രന്ഥി, കരള്‍, ഹൃദയം ഇതൊക്കെ കഴിഞ്ഞ നൂറ്റാണ്ടില്‍തന്നെ പറിച്ചുനടപ്പെട്ടു. അണ്ഡാശയം ആദ്യം മാറ്റിവെച്ചത് ഈ നൂറ്റാണ്ടിലാണ്, ബോംബെയില്‍. അത് 2005ല്‍ ആയിരുന്നു. ആ അണ്ഡാശയത്തില്‍നിന്ന് 2008ല്‍ ഒരു ശിശു ജനിച്ചു എന്നും നാം വായിക്കുന്നു. 'ഇനി കുഞ്ഞുങ്ങള്‍ വേണ്ട' എന്ന് നിശ്ചയിക്കുന്നവര്‍ക്ക്
അണ്ഡാശയം ദാനം ചെയ്യാനാവുമോ എന്ന് തിരക്കിയിട്ടില്ല ഞാന്‍. ആവണം എന്ന് സാമാന്യബുദ്ധി പറയുന്നു. ഈയിടെ അതിലൊക്കെയേറെ ദൃശ്യമായ ഒരു ശസ്ത്രക്രിയ നടന്നതും നാം പത്രങ്ങളില്‍ വായിച്ചു. പോളണ്ടില്‍ ഒരാളുടെ മുഖം ഏതാണ്ട് അപ്പാടെ മാറ്റിവെച്ചുവത്രെ.

മരണാനന്തര ദാനത്തിനെങ്കിലും നാം മലയാളികള്‍ കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഉപയോഗിക്കാവുന്നതായി ബാക്കിയുള്ള എല്ലാ അവയവങ്ങളും ദാനം ചെയ്തതായി ഞാന്‍ എഴുതിവെച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഇന്നലെ ഞാന്‍ എന്റെ തൊലി ദാനം ചെയ്തു. നമ്മുടെ തൊലിയില്‍ ഏഴോ എട്ടോ പ്രതലങ്ങള്‍ ഉണ്ടത്രെ. അതില്‍ ഏറ്റവും മുകളില്‍ ഉള്ളതാണ് കൊയ്‌തെടുക്കുക. കാലിലും തുടയിലും മുതുകിലുമുള്ള തൊലി എടുക്കാന്‍ അര മണിക്കൂര്‍ മതി എന്ന് പറയുന്നു. അത് അഞ്ചു കൊല്ലംവരെ സൂക്ഷിക്കാം. പൊള്ളലേറ്റവര്‍ക്ക് ജീവിതം തിരിച്ചുനല്‍കാനാണ് തൊലിദാനം സഹായിക്കുക. തൊലി ഉരിയുന്നു എന്നൊക്കെ പറയാന്‍ വയ്യെങ്കില്‍ സംസ്‌കൃതം ആവാം: ത്വക്ദാനം. എന്റെ കൂടെ എന്‍ജിനീയറിങ്ങിന് പഠിച്ച ഒരാള്‍ ആറ്റുകാല്‍ പൊങ്കാലക്ക് പോയി പൊള്ളലേറ്റ് അവശതയിലാണ്. പല വര്‍ഷങ്ങളായി. സ്‌കിന്‍ ഡൊണേഷന്‍, സ്‌കിന്‍ ബാങ്ക് എന്നൊക്കെ കേട്ടപ്പോള്‍ എന്നും ഞാന്‍ പ്രാര്‍ഥനയില്‍ ഓര്‍ക്കുന്ന പഴയ സതീര്‍ഥ്യയെ ഓര്‍മവന്നു. ഒപ്പം പഠിക്കുകയും ഒപ്പം ജൂനിയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയും ചെയ്ത നാളുകള്‍ ഓര്‍മവന്നു. ഒടുവില്‍ ഞങ്ങളുടെ കഌസിന്റെ സുവര്‍ണ സമാഗമത്തില്‍ അവശതയെ അവഗണിച്ച് പങ്കെടുത്തയാളുടെ മുഖം മനസ്സില്‍ തെളിഞ്ഞു. പിന്നെ എനിക്ക് അത് ചെയ്യാതിരിക്കാനാവുമായിരുന്നില്ല. ഓണ്‍ലൈനായി അപ്പോള്‍തന്നെ ഞാന്‍ തൊലിയുരിയാനായി സമ്മതം കൊടുത്തു.

അവയവദാനം മോക്ഷത്തിന് വഴിതുറക്കുന്ന പുണ്യപ്രവൃത്തിയാണ്. എല്ലാം കൊടുത്തില്‌ളെങ്കിലും കണ്ണും തൊലിയും ദാനം ചെയ്യാന്‍ സമ്മതപത്രം എഴുതിവെക്കണം സുമനസ്സുകള്‍. കണ്ണിന് സര്‍ക്കാര്‍ ആശുപത്രിയെ അറിയിക്കുക; തൊലിക്ക് സ്‌കിന്‍ ഡൊണേഷന്‍. 18 വയസ്സ് കഴിയണം എന്നേ ഉള്ളൂ തൊലിക്ക്: 118 ആയാലും കുഴപ്പമില്ല. മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കര്‍ദിനാളിനും കപ്യാര്‍ക്കും തന്ത്രിക്കും കഴകത്തിനും മൗലവിക്കും മുക്രിക്കും എല്ലാം ദാനം ചെയ്യാം തൊലി. തമിഴ്‌നാട്ടിലും മറ്റും സര്‍ക്കാര്‍തന്നെ മുന്‍കൈയെടുക്കുന്നുണ്ട്. ഇവിടെയും മതസംഘടനകളും സഭകളും സര്‍ക്കാറും ഇക്കാര്യം ഗൗരവമായെടുക്കാന്‍ കാലമായി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

തിരിയുന്ന ലോകം (കവിത : ഫൈസല്‍ മാറഞ്ചേരി)

Sitting By the Fire On A Rainy Day (Thara Kalyani)

സാമൂഹ്യബോധം (രാജൻ കിണറ്റിങ്കര)

പേരില്ലാത്തവർ ( കഥ : ശാന്തിനി ടോം )

ജി. രമണിയമ്മാൾ രചിച്ച ഗ്രഹണം - നോവൽ പ്രകാശനം ചെയ്‌തു

കറുത്ത (ജന്മ) ദിനം (കവിത - സോജി ഭാസ്‌കര്‍)

ചേക്കേറുന്ന പക്ഷികൾ (രാജൻ കിണറ്റിങ്കര)

മരക്കൊമ്പിലെ ചുവന്ന പൂവ് (കഥ: ബാബു പാറയ്ക്കൽ)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -9: കാരൂര്‍ സോമന്‍)

ജീവിതവൃക്ഷത്തിലെ ആലില സ്പര്‍ശങ്ങള്‍ (സന്ധ്യ എം എഴുതിയ കഥ- ആസ്വാദനം: ശിവന്‍ സുധാലയം)

കനൽ: കവിത, ഷാമിനി

ജി. രമണി അമ്മാൾ എഴുതിയ 'ഗ്രഹണം' (നോവൽ) പ്രകാശനം

ആര്‍ക്ക് മനശാന്തി, ഏതു തീര്‍ത്ഥം ? (കവിത: മാര്‍ഗരറ്റ് ജോസഫ്)

ഒടുവിലായൊരിക്കൽ കൂടി (അർച്ചന ഇന്ദിര ശങ്കർ)

എന്റെ ശ്യാമവർണ്ണനോട് (കവിത: സുമിയ ശ്രീലകം)

ഒരിക്കൽക്കൂടി…(ചെറുകഥ:സിസിൽ മാത്യു കുടിലിൽ)

പാമ്പും കോണിയും - നിർമ്മല - നോവൽ - 42

സെന്‍പ്രണയം (കവിത: വേണുനമ്പ്യാര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - നോവൽ - 6

ഇങ്ങനെയും ഒരു സമ്മേളനം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

മറവിരോഗം ( കവിത: ഗംഗ.എസ്)

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

View More