-->

EMALAYALEE SPECIAL

ഈശ്വരവിശ്വാസവും സംസ്കാരവും: ഡി.ബാബുപോള്‍

Published

on

ഈശ്വരന്‍െറ സാന്നിധ്യം അനുഭവിക്കുകയും മോക്ഷം നല്‍കാന്‍ ഈശ്വരനുള്ള ശക്തിയില്‍ ധൈര്യപ്പെടുകയും ചെയ്യുന്നവരാണ് നാം എങ്കില്‍ നമ്മുടെ വ്യക്തിജീവിതത്തിലെന്നതുപോലെ സമൂഹജീവിതത്തിലും ദൃശ്യമാവുന്ന മൂല്യശ്രേണിയും വീക്ഷണവിഹാരങ്ങളും പരിശോധിക്കാന്‍ നാം ബാധ്യസ്ഥരാണ്. മാധ്യമങ്ങള്‍ നിര്‍മിക്കുന്ന സാംസ്കാരികഭൂമിക വെല്ലുവിളിക്കപ്പെടേണ്ടതുണ്ടെങ്കില്‍ അവയെ വെല്ലുവിളിക്കാന്‍ നാം ധീരത കാട്ടേണ്ടതുണ്ട്. പക്ഷേ, മാധ്യമ ബാഹുല്യം ഇതിന് വിഘാതമാവുന്നു. നമ്മുടെ സാംസ്കാരിക ഉപഭോഗം നാം അറിയാതെ നമ്മെ തലോടി നിര്‍വീര്യരാക്കുന്നു. മാധ്യമം ആണ് സന്ദേശം, the medium is the message, എന്നുപറഞ്ഞ മാര്‍ഷല്‍ മക്ലൂഹന്‍ തന്നെയാണ് മാധ്യമം നടത്തുന്ന തിരുമ്മുചികിത്സ, medium is the massage, എന്ന ആശയം അവതരിപ്പിച്ചതും. മനുഷ്യന്‍ ടെലിവിഷന്‍ സംസ്കാരത്തിന് അടിമപ്പെടുന്നതിനെക്കുറിച്ചാണ് മക്ലൂഹന്‍ പറഞ്ഞത്. അതായത് ഏതെങ്കിലും പരിപാടിയെക്കുറിച്ച് വിമര്‍ശാത്മകമായി വിലയിരുത്തുന്നതിനേക്കാള്‍ പ്രധാനം നമ്മുടെ ദൈനംദിന ജീവിതത്തില്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ചുള്ള തിരിച്ചറിവാണ്. നിശ്ശബ്ദതയെ ഭയപ്പെടുന്നതുകൊണ്ടാണോ നാം ടിവിയും റേഡിയോയും തുറന്നുവെയ്ക്കുന്നത്? അല്ളെങ്കില്‍ നമുക്കൊപ്പം ജീവിക്കുന്നവരോട് വര്‍ത്തമാനം പറയാതിരിക്കാന്‍ സഹായിക്കുന്ന ഉപധികളാണോ അവ? നാം പത്രം വായിക്കുന്നത് വാര്‍ത്ത തേടിയോ വിനോദം തേടിയോ?
മലങ്കരസഭയില്‍ പണ്ഡിതനും സിദ്ധനും ആയ ഒരു തിരുമേനി ഉണ്ടായിരുന്നു. അദ്ദേഹം സമൂഹത്തിന്‍െറ സമവാക്യങ്ങള്‍ പാലിച്ചില്ല. അതുകൊണ്ട് പലപ്പോഴും സമൂഹം അദ്ദേഹത്തെ ‘അരവട്ട്’ എന്ന് എഴുതിത്തള്ളി. 1982 ല്‍ ടി.എം. ജേക്കബ് മന്ത്രി ആയപ്പോള്‍ എല്ലാ മെത്രാന്മാര്‍ക്കും എന്‍.എസ്.എസിനും എന്‍.എസ്.ഡി.പിക്കും എം.ഇ.എസിനും പള്ളിക്കൂടവും കോളജും കോഴ്സും ഒക്കെ കൊടുത്തു. ഈ തീരുമേനി മാത്രം അപേക്ഷിച്ചില്ല. മന്ത്രി പോയി ചോദിച്ചു. ‘വേണ്ടേ?’ തിരുമേനി പറഞ്ഞു. ‘വേണ്ട, അത് എന്‍െറ വിളിയല്ല’ 65 വയസ്സായപ്പോള്‍ റേഡിയോയും 70 ആയപ്പോള്‍ പത്രവും ഉപേക്ഷിച്ചു. ലോകം എനിക്ക് പ്രശ്നമല്ല എന്ന ലൈന്‍. നാല് പൂച്ച, പത്ത് കിളി, കുറേ അനാഥപിള്ളേര്‍: അതായിരുന്നു അവിടത്തെ ലോകം. ഇത് മനുഷ്യസഹജമല്ല, അനുകരണീയവുമല്ല. എങ്കിലും, മാധ്യമങ്ങള്‍ നാമറിയാതെ നമ്മുടെ ജീവിതത്തിന് അജണ്ട നിശ്ചയിക്കുന്നുണ്ടോ എന്ന് നാം സ്വയം ചോദിക്കേണ്ടതുണ്ട്.
അടുത്തഘട്ടം നമുക്ക് ചുറ്റുമുള്ള സമൂഹം നമ്മെ എങ്ങനെ ബാധിക്കുന്നുവെന്ന് സ്വയം പരിശോധിക്കുകയാണ്. സമൂഹം മാധ്യമാധിനിവേശിതമാകയാല്‍ മാധ്യമങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നത് ഇതിന്‍െറ ഭാഗമാണ്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമാണോ വിനോദം ആരോഗ്യകരമാണോ കലാനിലവാരം എങ്ങനെ എന്നതൊക്കെ ഈ പരിശോധനയുടെ ഭാഗമാണ്. ഈശ്വരവിശ്വാസികള്‍ നാം ലൗകികരല്ല എങ്കിലും ലോകത്തില്‍ ജീവിക്കുന്നവരാണ്. അതിലേറെ ഭക്ഷണത്തിന് രുചിയേറ്റുന്ന ഉപ്പും പുളിപ്പും ആകാന്‍ വിളിക്കപ്പെട്ടവരുമാണ്. മാധ്യമ സംസ്കാരത്തില്‍ ഒരുതരം തപാല്‍ സമ്പ്രദായമാണ് കാണുന്നത്. അയക്കുന്നവനും അയക്കുന്നതും അല്ലാതെ, കൈപ്പറ്റുന്നവന്‍ ശ്രദ്ധിക്കപ്പെടുന്നില്ല. കൈപ്പറ്റുന്നവനെ അയക്കുന്നവന്‍ കൂടി ആക്കാന്‍ കഴിയണം. അത് അനിവാര്യമായ ഒരു ശാക്തീകരണപ്രക്രിയയാണ്. മാധ്യമാധിഷ്ഠിതസമൂഹമായി നാം മാറിയിരിക്കുന്നതിനാലാണ് ഇത് പറയുന്നതെങ്കിലും നമ്മുടെ വ്യക്തിജീവിതത്തിലും ഇത് പ്രസക്തമാണ്. സ്റ്റാമ്പ് കൃത്യമായി ഒട്ടിക്കുകയും കത്ത് വ്യാകരണത്തെറ്റില്ലാത്താവുകയും ചെയ്താല്‍ മാത്രം പോരാ. കത്ത് കിട്ടുന്നവന്‍ അത് എങ്ങനെ സ്വീകരിക്കുന്നു എന്നന്വേഷിക്കുകയും അയാളുടെ മറുപടിക്കായി കാക്കുകയും വേണം. ഫ്രാന്‍സിസ് മാര്‍പാപ്പ അപരനെക്കുറിച്ചുള്ള കരുതല്‍-consideration for the other-എന്ന് പറയുന്നത് ഇതുതന്നെ ആണ്. ഈ കരുതല്‍ ഈശ്വരവിശ്വാസസംസ്കാരത്തെയും ഇണക്കുന്ന കണ്ണികളില്‍ ഒന്നാണ്.
ഇതിന്‍െറ തുടര്‍ച്ചയാണ് നമ്മുടെ പ്രാര്‍ഥനാജീവിതത്തില്‍ മാധ്യമങ്ങള്‍ക്കും സംസ്കാരത്തിലെ ഇതര ഘടകങ്ങള്‍ക്കും നല്‍കേണ്ട സ്ഥാനം. സോക്രട്ടീസ് മരിക്കുന്നതിന്‍െറ തലേനാള്‍ ഓടക്കുഴലില്‍ ഒരു പുതിയ രാഗം പഠിച്ചു എന്നുകേട്ടിട്ടുണ്ട്. അത് ധ്യാനപരമായ മനസ്സിന്‍െറ (കോണ്‍ടെംപ്ളേറ്റിവ് മൈന്‍ഡ് എന്ന് പറയും സായിപ്പ്) ബലമാണ്. എന്നാല്‍, ഈശ്വരവിശ്വാസികള്‍ പിറ്റേന്ന് കുടിക്കാനുള്ള വിഷം തയാറാക്കുന്നവര്‍ക്കുവേണ്ടി കൂടി പ്രാര്‍ഥിക്കണം. വിയറ്റ്നാം യുദ്ധകാലത്ത് നാപാംബോബ് അഗ്നിഗോളമാക്കിയ പെണ്‍കുട്ടിയുടെ ചിത്രം പത്രങ്ങളില്‍ വന്ന നാള്‍ സന്ധ്യാപ്രാര്‍ഥനക്കിടയില്‍ എന്‍െറ വന്ദ്യപിതാവ് പി.എ. പൗലോസ് കോര്‍എപിസ്കോപ്പ കരഞ്ഞ സംഭവം വേറെ എവിടെയോ എഴുതിയിട്ടുണ്ട് ഞാന്‍. നമ്മെ ചൂഴ്ന്നുനില്‍ക്കുന്ന സംസ്കാരികാന്തരീക്ഷത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാന്‍ ഈശ്വരവിശ്വാസികളായ നാം വിളിക്കപ്പെട്ടിരിക്കുന്നു.
ഷീലാ കസീഡിയെക്കുറിച്ച് ചിലരെങ്കിലും കേട്ടിരിക്കും. ചിലിയില്‍ പിനോഷെ ഭരണകാലത്ത് ഗറില്ലാ യോദ്ധാവിനെ ചികിത്സിച്ചതിന് തടവിലാക്കപ്പെട്ട ഡോക്ടര്‍. 1975 ഒക്ടോബറില്‍ ആയിരുന്നു സംഭവം. ഇംഗ്ളണ്ടിലെ ഡോക്ടര്‍മാര്‍ക്കിടയിലെ മൂഷിക മത്സരത്തില്‍ മനംമടുത്ത് 1971ല്‍ ചിലിയില്‍ കൂടിയേറി. അലന്‍ഡേ ആയിരുന്നു അന്ന് അധികാരത്തില്‍. പട്ടാളം ഡേയെ പുറത്താക്കിയപ്പോഴാണല്ളോ പിനോഷെ വന്നത്. ചിലിയിലെ ദാരിദ്ര്യം വിമോചനദൈനശാസ്ത്രത്തിന് വസന്തം ചമച്ച കാലം. നെല്‍സന്‍ ഗുതിയേഴ്സ് എന്ന വിപ്ളവകാരിക്ക് വെടിയേറ്റ വിവരം പത്രത്തില്‍ വായിച്ച് ആശുപത്രിയില്‍ ഒതുങ്ങിക്കഴിയവെ ഒരു വൈദികന്‍ കസീഡിയോട് ചോദിച്ചു. വെടികൊണ്ട ഒരാളെ ചികിത്സിക്കാമോ? അവര്‍ സമ്മതിച്ചു. പിടിവീണു. വിമോചന ദൈവശാസ്ത്രത്തിന്‍െറ മുന്നണി പോരാളികളായ വൈദികരെ സംരക്ഷിക്കാന്‍ വേണ്ടി അവര്‍ കഥകള്‍ മെനഞ്ഞു. കൊടിയ പീഡനം ഫലം. അവരുടെ ‘ഒഡാസിറ്റി ടു ലിവ്’ ശ്രദ്ധേയമായ ഒരു രചനയാണ്. അതു പറയാനല്ല ഭാവിച്ചത്. ആ അനുഭവങ്ങള്‍ കസീഡിയെ പത്രം വായിച്ചുപ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചു എന്ന് അവര്‍ എഴുതിയിട്ടുണ്ട്. ഉത്കണ്ഠ, ആകുലത, കൃതജ്ഞത, മധ്യസ്ഥത എല്ലാം പത്രത്താളുകളില്‍ നിന്ന് ജനിക്കുന്ന പ്രാര്‍ഥനയുടെ ഭാവങ്ങളാണ്. ഇടതു ജനാധിപത്യ മുന്നണി സമരത്തിന് പുറപ്പെട്ട സന്നദ്ധഭടന്മാരുടെ യാത്രയയപ്പുരംഗം, ടിവിയില്‍ കണ്ടപ്പോള്‍ ‘അവരെല്ലാം സുരക്ഷിതരായി മടങ്ങിയത്തെണമേ ഈശ്വരാ എന്ന് ഞാന്‍ പ്രാര്‍ഥിച്ചത് ഒരുദാഹരണമായി കുറിക്കട്ടെ.
സംസ്കാരത്തിന്‍െറ ഘടകങ്ങളെ വിവേചനബുദ്ധിയോടുകൂടി വിലയിരുത്താനും പ്രതികരിക്കാനും ഈശ്വരവിശ്വാസികള്‍ കടപ്പെട്ടിരിക്കുന്നു എന്ന് പറയാനാണ് ഇത്രയും കുറിച്ചത്. ദൈവശാസ്ത്രത്തിന്‍െറ സാംസ്കാരികഭാഷ്യം (സാംസ്കാരികവ്യാഖ്യാനം കള്‍ചറല്‍ എക്സിജെസിസ്) ഈശ്വരവിശ്വാസികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു മാനമാകുന്നു. ചരിത്രത്തിന്‍െറ പുതിയ പൂമുഖങ്ങളില്‍ പ്രവേശിക്കുമ്പോള്‍ ദൈവത്വത്തെക്കുറിച്ചും മനുഷ്യത്വത്തെക്കുറിച്ചും ഉള്ള സങ്കല്‍പങ്ങള്‍ പുനര്‍നിര്‍വചനത്തിന് വിധേയമാകുന്നു എന്ന് കാരന്‍ ആംസ്ട്രോങ് പറഞ്ഞിട്ടുണ്ട്. നാം എത്തിനില്‍ക്കുന്ന ഇടം സ്ഥാപനവത്കരിക്കപ്പെട്ട ആശയഗോപുരങ്ങളില്‍നിന്ന് പുറത്തുവരുന്ന നിര്‍വചനങ്ങളെ ചോദ്യംചെയ്യുന്ന തലമുറയുടേതാണ്. സ്വന്തമായ അന്വേഷണങ്ങള്‍, മാധ്യമങ്ങള്‍ വഴി തന്നിലത്തെുന്ന ആശയങ്ങള്‍, ഇന്‍റര്‍നെറ്റ്, ഫേസ്ബുക് എന്നിത്യാദികളാണ് ഈ തലമുറയുടെ ആയുധങ്ങള്‍. മതങ്ങള്‍ക്കോ ഇതരസംഘടനകള്‍ക്കോ പ്രസക്തിയില്ല എന്നല്ല, അവസാനവാക്ക് അവിടങ്ങളിലാണ് എന്ന ധാരണ ചോദ്യം ചെയ്യപ്പെടുന്നു എന്നാണ് ഈ പറഞ്ഞതിനര്‍ഥം. ബാരി ടെയ്ലര്‍ സംസ്കാരത്തിന്‍െറ ജനാധിപത്യവത്കരണം എന്നാണ് ഇതിനെ വിവരിക്കുന്നത്. പ്രാന്തവത്കരിക്കപ്പെട്ടവരുടെ ശബ്ദം നിര്‍ണായകമാവുന്ന സമൂഹത്തിന്‍െറ സ്വഭാവമാണ് ഇത് എന്ന് ദൈവശാസ്ത്രജ്ഞനായ ലിയോണാര്‍ഡ് ബോഫ് എവിടെയോ പറഞ്ഞിട്ടുള്ളത് ഇപ്പോള്‍ ഓര്‍മ വരുന്നുണ്ട്. മറ്റൊരാള്‍ ഇതിന് ക്രൗഡ് സോഴ്സിങ് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതിന്‍െറ ഏറ്റവും നല്ല ഉദാഹരണമാണ് വിക്കിമീഡിയ. ടൈം വാരിക ഡിജിറ്റല്‍ ജനാധിപത്യം എന്നുപറയും. 2006 ‘നിങ്ങള്‍’ ആയിരുന്നു അവരുടെ പേഴ്സന്‍ ഓഫ് ദി ഇയര്‍: അറബ് വസന്തം പോലെയും വാള്‍സ്ട്രീറ്റ് അധിനിവേശം പോലെയും ഉള്ള സംഗതികളും സ്മരിക്കാവുന്നതാണ്.
ഇതൊക്കെ നല്ലതോ തീയതോ, ശരിയോ തെറ്റോ എന്ന് അന്വേഷിച്ചിട്ട് കാര്യമില്ല. അവ യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് തിരിച്ചറിയുന്നതാണ് പ്രധാനം. ഈശ്വരവിശ്വാസത്തെ അവ എങ്ങനെ ബാധിക്കുന്നു എന്നാണ് അന്വേഷിക്കേണ്ടത്.
ലംബമാനബന്ധങ്ങള്‍ ദുര്‍ബലമാവുകയും തിരശ്ചീനബന്ധങ്ങള്‍ ശക്തിപ്പെടുകയും ചെയ്യുന്നത് നാം കാണാതിരിന്നുകൂടാ. തന്ത്രിയും ഭക്തനും തമ്മിലുള്ള ബന്ധത്തിന്‍െറ വൈകാരികഭാവം ഭക്തനും ഭക്തനും തമ്മിലുള്ള യന്ത്രാധിഷ്ഠിതബന്ധത്തിലില്ല. ശ്രീകോവിലിനേക്കാള്‍ പ്രധാനം കമ്പ്യൂട്ടര്‍ ടെര്‍മിനല്‍ ആയിരിക്കുന്നു എന്ന സത്യം ഇതിനിടെ തിരിച്ചറിയാതെ പോകരുത്. ആധ്യാത്മികതയുടെ പ്രകൃതി ചിത്രങ്ങള്‍- സ്പിരിച്വല്‍ ലാന്‍ഡ് സ്കേപ്-മതപരമായ പാരമ്പര്യങ്ങളേക്കാള്‍ പ്രാധാന്യം നേടുന്ന കാലമാണിത്. ദൈവത്തില്‍ തുടങ്ങി താഴോട്ടുവരുന്ന ദൈവശാസ്ത്രത്തിന്‍െറ സ്ഥാനത്ത് മനുഷ്യന്‍െറ അന്വേഷണങ്ങളില്‍ തുടങ്ങി ജീവിതത്തിന്‍െറ അര്‍ഥം തേടി ദൈവത്തിലത്തെുന്ന ദൈവശാസ്ത്രമാണ് ആധുനികസംസ്കാരം ആവശ്യപ്പെടുന്നത്. മാറ്റത്തിന്‍െറ വേഗത്തിലെ മാറ്റം ആണ് മാറ്റത്തേക്കാള്‍ അദ്ഭുതകരമെന്ന് കരുതിയ ആല്‍വിന്‍ ടോഫ്ളറെയും അദ്ഭുതപ്പെടുത്തുന്ന രീതിയിലാണ് ഇന്ന് മാറ്റങ്ങള്‍ ഉണ്ടാവുന്നത്. ഈ പുതിയ ലോകത്തില്‍ കട്ടിപിടിച്ച വിശ്വാസങ്ങളേക്കാള്‍ ഇളകി ഒഴുകുന്ന ആധ്യാത്മികതക്കാണ് വിപണി എന്ന കാരണത്താല്‍ വിശ്വാസം തള്ളിക്കളയാവുന്നതോ മാറ്റിമറിക്കാവുന്നതോ അല്ലതാനും.
ദൈവത്തെക്കുറിച്ചുള്ള വാക്കുകളും ദൈവത്തിന്‍െറ വാക്കുകളും ചേരുന്നതാണ് ദൈവശാസ്ത്രമെന്ന് ആരോ നിര്‍വചിച്ചിട്ടുണ്ട്. ദൈവശാസ്ത്രം ഒരിക്കലും ഏകശീലാസ്വഭാവം ഉള്ളതായിരുന്നില്ല; അതൊരിക്കലും ഏകവര്‍ണവിരചിതവും മോണോക്രൊമാറ്റിക് ആയിരുന്നില്ല. എന്നാല്‍, വര്‍ണം ഏതായാലും ഈശ്വരനോട് വിശ്വസ്തത പാലിക്കാനും ഭൗത്യബോധം നഷ്ടപ്പെടുത്താതിരിക്കാനും ദൈവശാസ്ത്രം ബാധ്യസ്ഥമാണ്.
ഫെയിത്ത്ഫുള്‍ ആന്‍ഡ് മിഷനല്‍ എന്ന് പറയും സായ്പ്. മാറുന്ന സംസ്കാരത്തില്‍ മാറാത്ത ഈശ്വരനെ സാക്ഷിക്കുക എന്നതാണ് ഈ പറഞ്ഞതിന്‍െറ സാരംശം. ദൈവം ഭൗമികനല്ല. എന്നാല്‍, ദൈവത്തെ ഭൂമിയില്‍ അടയാളപ്പെടുത്താന്‍ ദൈവശാസ്ത്രത്തിന് കഴിയണം. അനശ്വരമായതിനെ നശ്വരമായതില്‍ കണ്ടത്തെുകയാണ് ദൈവശാസ്ത്രം എക്കാലവും ലക്ഷ്യമാക്കേണ്ടത്.
‘വഴി തെറ്റുമ്പോള്‍’ എന്നൊരു ഫീച്ചറിനായി എന്നോട് സംസാരിക്കാന്‍ കഴിഞ്ഞ ദിവസം ഒരു പത്രപ്രവര്‍ത്തകന്‍ വന്നു. സാംസ്കാരികമേഖലയില്‍ വഴി തെറ്റുമ്പോള്‍ എന്ത് സംഭവിക്കുന്നു? കലാമണ്ഡലത്തിലെ കഥകളി നടന്‍ കള്ള് കുടിക്കുന്നതിനെയല്ല സാംസ്കാരികമേഖലയിലെ മാര്‍ഗഭ്രംശമായി കാണേണ്ടത്. അത് സംസ്കാരത്തിന്‍െറ നിര്‍വചനമായിട്ടാണ് ബന്ധപ്പെടുത്തേണ്ടത് എന്ന് പറഞ്ഞതിനാല്‍ ആ വിദ്വാന്‍ സ്ഥലം വിട്ടു. കള്ള് കുടിക്കുന്ന കലാകാരനെക്കുറിച്ച് എഴുതുന്നതാണ് രസം, മാര്‍ഗഭ്രംശം ഭവിക്കുന്ന സംസ്കാരത്തെക്കുറിച്ച് എഴുതിയാല്‍ ‘ആരുണ്ട് സാര്‍ വായിക്കാന്‍’ എന്ന മട്ട്. ഇപ്പോള്‍ ഇതോര്‍ക്കാന്‍ കാരണം നമ്മുടെ സംസ്കാരത്തിന്‍െറ വര്‍ത്തമാനകാലാവസ്ഥയാണ് നാം ശ്രദ്ധിക്കേണ്ടത്, അതിലെ ഓരോ ഘടകത്തിനും ഉണ്ടായിട്ടുള്ള വിപര്യയങ്ങളില്‍ ശ്രദ്ധിച്ചിട്ട് ആ പൊതുചിത്രം കാണാതെ പോകരുതെന്ന് പറയാന്‍ ഭാവിച്ചപ്പോഴാണ്. സ്വവര്‍ഗാനുരാഗമല്ല, വര്‍ത്തമാനകാലത്തെ സംസ്കാരത്തെ നിര്‍വചിക്കുന്ന ഘടകം, ആ പ്രതിഭാസത്തോടുള്ള പ്രതികരണഭേദമാണ് എന്നുചുരുക്കം.
(Madhyamam)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More