Image

ഭരണങ്ങാനത്തു ഭക്തസാഗരം; പ്രധാന തിരുനാള്‍ നാളെ

Published on 27 July, 2013
ഭരണങ്ങാനത്തു ഭക്തസാഗരം; പ്രധാന തിരുനാള്‍ നാളെ
ഭരണങ്ങാനം: പ്രധാന തിരുനാളിലേക്കു പ്രവേശിക്കാന്‍ ഒരുദിനം മാത്രം ബാക്കി നില്‍ക്കേ തീര്‍ഥാടന കേന്ദ്രത്തിലേക്കു ഭക്തരുടെ നിലയ്ക്കാത്ത പ്രവാഹം. വിദേശികളും സ്വദേശികളുമായ ഭക്തജനങ്ങളുടെ സംഗമഭൂമിയായി ഭരണങ്ങാനം മാറി. വിവിധ മതസ്ഥരും അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടിയെത്തുന്നുണ്ട്. 

ശക്തിയായി പെയ്തിറങ്ങുന്ന കര്‍ക്കടകത്തെ അനുഗ്രഹമാരിയായി ഏറ്റുവാങ്ങിയാണ് അനേകായിരങ്ങള്‍ വിശുദ്ധയുടെ സവിധത്തിലേക്കെത്തുന്നത്. സഹനബലിയായി മാറിയ അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം യാചിച്ച് നടത്തുന്ന ജപമാല-മെഴുകുതിരി പ്രദക്ഷിണത്തില്‍ അനേകായിരങ്ങള്‍ അണിചേരുന്നു. തൊട്ടില്‍നേര്‍ച്ച, സാരിനേര്‍ച്ച, സമര്‍പ്പണം, കുമ്പസാരം, വിളക്കുനേര്‍ച്ച എന്നിവയ്ക്കും വലിയ തിരക്കാണ്. 
പ്രധാന തിരുനാളിന്റെ തലേദിനമായ ഇന്നു രാവിലെ 11-ന് പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. വൈകുന്നേരം അഞ്ചിന് ഇടവകദേവാലയത്തില്‍ ഫാ. ജോര്‍ജ് പ്ലാത്തോട്ടം സുറിയാനി കുര്‍ബാനയര്‍പ്പിക്കും. 6.30നു മഠത്തിലേക്ക് ആഘോഷമായ ജപമാല-മെഴുകുതിരി പ്രദക്ഷിണം. ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, ഫാ. അഗസ്റ്റിന്‍ പീടികമലയില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ എന്നിവരുടെ കാര്‍മികത്വത്തിലാണു പ്രദക്ഷിണം. അല്‍ഫോന്‍സാമ്മയുടെ ആത്മീയജീവിതത്തിനു കരുത്തേകിയ ഇടവകദേവാലയത്തില്‍നിന്ന് അല്‍ഫോന്‍സാമ്മ ജീവിച്ച ക്ലാരമഠത്തിലേക്കു നടത്തുന്ന പ്രദക്ഷിണം അനേകായിരങ്ങള്‍ക്കു പുതിയ ആത്മീയ ജീവിതത്തിനു വഴിതുറക്കും. 

പ്രധാന തിരുനാള്‍ ദിനമായ നാളെ ഏഴിനു മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 10-ന് ഇടവകദേവാലയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിക്കും. 12ന് ആഘോഷമായ ജപമാല പ്രദക്ഷിണം. നാളെ രാവിലെ 5.30 മുതല്‍ രാത്രി 10.30 വരെ തുടര്‍ച്ചയായി കുര്‍ബാന നടക്കും. 

ഇന്നും നാളെയും ഭരണങ്ങാനത്തു ഗതാഗത ക്രമീകരണം

ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നും നാളെയും ഭരണങ്ങാനത്ത് ഗതാഗത ക്രമീകരണമൊരുക്കും. പോലീസിന്റെ നേതൃത്വത്തില്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ചേര്‍ന്ന പ്രതിനിധി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പാലാ സിഐ സി.ജി. സനില്‍കുമാര്‍, എസ്‌ഐ സിബി കെ. തോമസ്, ട്രാഫിക് എസ്‌ഐ മുഹമ്മദ് സലിം എന്നിവരുടെ നേതൃത്വത്തിലാണു ട്രാഫിക് ക്രമീകരണം. വോളണ്ടിയര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്തും.

പ്രധാന നിര്‍ദേശങ്ങള്‍ :

വിലങ്ങുപാറ ജംഗ്ഷന്‍ മുതല്‍ ചര്‍ച്ച് വ്യൂ റോഡ്‌വരെ 27നു വൈകുന്നേരം ആറു മുതല്‍ ഒന്‍പതുവരെയും 28നു രാവിലെ എട്ടു മുതല്‍ വൈകുന്നേരം എട്ടുവരെയും വണ്‍വേ ആയിരിക്കും.

ഈരാറ്റുപേട്ടയില്‍നിന്നു വരുന്ന വാഹനങ്ങള്‍ വിലങ്ങുപാറ ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കി ഇടത്തോട്ടു തിരിഞ്ഞു ചര്‍ച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം.

പാലായില്‍നിന്നു വരുന്ന ബസുകള്‍ അല്‍ഫോന്‍സാ ടവറിനു മുന്നില്‍ യാത്രക്കാരെ ഇറക്കി മെയിന്‍ റോഡിലൂടെ മുന്നോട്ടു പോകണം.

പാലായില്‍നിന്നുള്ള വലിയ വാഹനങ്ങള്‍ റിലയന്‍സ് പമ്പ് പരിസരത്തും ഈരാറ്റുപേട്ടയില്‍നിന്നുള്ള വലിയ വാഹനങ്ങള്‍ വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാര്‍ക്ക് ചെയ്യണം.

ചെറുവാഹനങ്ങള്‍ സ്‌കൂള്‍ മൈതാനം, എസ്എച്ച്ഗ്രൗണ്ട്, അല്‍ഫോന്‍സാ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ മൈതാനം, മുതുപ്ലാക്കല്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലും ഇരുചക്രവാഹനങ്ങള്‍ മാതൃഭവനു മുന്നിലും പാര്‍ക്ക് ചെയ്യണം.

വിലങ്ങുപാറ ജംഗ്ഷന്‍ മുതല്‍ നമ്പര്‍ രണ്ട് ഗേറ്റ് വരെയുള്ള മെയിന്‍ റോഡില്‍ പാര്‍ക്കിംഗ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

28നു തീര്‍ഥാടനകേന്ദ്രത്തിലെത്തുന്ന എല്ലാ വാഹനങ്ങള്‍ക്കും പ്രവേശനവും മടക്കവും വണ്‍വേയിലൂടെയാണ്. ഇടവകദേവാലയത്തിന്റെ പ്രവേശന കവാടത്തിലൂടെ എത്തുന്ന വാഹനങ്ങള്‍ അല്‍ഫോന്‍സാ ഗേറ്റ് വഴി മടങ്ങണം. 

ഭരണങ്ങാനത്തു ഭക്തസാഗരം; പ്രധാന തിരുനാള്‍ നാളെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക