-->

EMALAYALEE SPECIAL

നാട്യങ്ങളില്ലാതെ ഒരു ഗാന്ധിയന്‍ ബിഷപ്: ഡി. ബാബുപോള്‍

Published

on

കണ്ണൂര്‍, പാലക്കാട്, ഇടുക്കി ജില്ലകളിലായി ഏഴ് സംവത്സരങ്ങള്‍ ചെലവഴിച്ചതിന് ശേഷം ടൈറ്റാനിയം കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ആയി തിരുവനന്തപുരത്ത് മടങ്ങിയെത്തിയത് 1975ന്‍െറ രണ്ടാം പാതിയില്‍ ആയിരുന്നു. ഈയിടെ ദിവംഗതനായ ബിഷപ് യേശുദാസന്‍ ദക്ഷിണകേരള മഹാ ഇടവകയുടെ അധ്യക്ഷനായിട്ട് അപ്പോഴേക്ക് രണ്ടുവര്‍ഷം തികഞ്ഞിരുന്നു.
എസ്.സി.എം നേതാവായിരുന്നു ഞാന്‍ തിരുവനന്തപുരത്തെ വിദ്യാര്‍ഥിജീവിതകാലത്ത്.
മറ്റീര്‍ മെമ്മോറിയല്‍ പള്ളിയില്‍ അന്ന് നല്ല കൊയര്‍ ഉണ്ടായിരുന്നു. കര്‍ണാടക സംഗീതം കേട്ടാല്‍ കേള്‍വിയിലൂടെ രാഗമോ താളമോ തിരിച്ചറിയാന്‍ എനിക്കാവുകയില്ല. എങ്കിലും ആ ദിവ്യാനുഭൂതിയില്‍ മയങ്ങാന്‍ എനിക്ക് കഴിയുന്നു. അതുപോലെത്തന്നെയാണ് ഓള്‍ട്ടോയും സൊപ്രാനയും തിരിച്ചറിയാതെത്തന്നെ പാശ്ചാത്യ കീര്‍ത്തനങ്ങളില്‍ അഭിരമിക്കാന്‍ ശീലിച്ചത്. ആ ഓര്‍മകള്‍ ഉണര്‍ത്തിയിരുന്നു. തിരുവനന്തപുരം എല്‍.എം.എസ് വളപ്പിലെ എം.എം. ചര്‍ച്ചില്‍ ചെലവഴിച്ച ഞായറാഴ്ച സന്ധ്യകള്‍. അത്തരം പാട്ടുകള്‍ എന്‍െറ സഭയില്‍ ഇല്ല. സംഗീതസാന്ദ്രമായ സി.എസ്.ഐ അതുകൊണ്ടുതന്നെ എനിക്ക് അക്കാലത്ത് ആലീസിന്‍െറ അദ്ഭുതലോകമായി.
ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ സി.എസ്.ഐ ബന്ധം എങ്കിലും യാദൃച്ഛികമായി എവിടെയോ വെച്ച് കണ്ടുമുട്ടിയപ്പോള്‍ യേശുദാസന്‍ തിരുമേനി ഞാനറിയാതെ എന്നെ സ്വാധീനിച്ചുതുടങ്ങി എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. യേശുക്രിസ്തുവിനെ കാണുന്നതും യേശുദാസന്‍ തിരുമേനിയെ കാണുന്നതും ഒരുപോലെയാണ് എന്ന് ഞാന്‍ പറഞ്ഞത് തിരുമേനി കാലം ചെയ്തപ്പോഴാണ്. എന്നാല്‍, ആ തിരിച്ചറിവിലേക്കുള്ള എന്‍െറ തീര്‍ഥയാത്ര 1975ല്‍ തുടങ്ങിയതാണ്.
അതിസാധാരണമായിരുന്നു അദ്ദേഹം ജനിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍. ഏശായ എന്ന എല്‍.എം.എസ് വൈദികന്‍െറ ഏഴ് മക്കളില്‍ ഒരാള്‍. ‘മലയാളം ഹയര്‍’ ജയിച്ചു. പിന്നെ ഇന്‍റര്‍മീഡിയറ്റ്. മലയാളം ഹയര്‍, അതായത് ഒമ്പതാം ക്ളാസ് ജയിച്ചാല്‍ സര്‍ക്കാറുദ്യോഗസ്ഥന്‍ ആകാം. എന്നാല്‍, ഈ യുവാവ് ആ തലം ജയിച്ചതോടെ ഉപദേശിയും വൈദികനും ആകാനാണ് മോഹിച്ചത്. കുറെക്കൂടി പഠിച്ചിട്ട് മതി എന്ന് പിതാവ്. ദൂരെ പോയി പഠിക്കാനുള്ള സാമ്പത്തികശേഷിയില്ലതാനും. അങ്ങനെ കണ്ണമ്മൂല സെമിനാരിയില്‍ചേര്‍ന്നു. പിന്നെ ഉപദേശിയായി. കുറെ കഴിഞ്ഞപ്പോള്‍ സെറാമ്പൂറില്‍ പ്രവേശം കിട്ടി. ബി.ഡി ജയിച്ച് മടങ്ങിയെത്തി വീണ്ടും ഉപദേശിയായി പ്രവര്‍ത്തിച്ചു. ‘മശിഹാകഥകള്‍’ രചിച്ച എസ്. ആല്‍ഫ്രഡ് അച്ചന്‍െറ മകളെ വിവാഹം ചെയ്തു. കഷ്ടിച്ച് ഒരു വ്യാഴവട്ടം നീണ്ട ദാമ്പത്യം. മിസിസ് യേശുദാസന്‍ 1972ല്‍ അന്തരിച്ചു.
30ാം വയസ്സില്‍ വൈദികനായി. പിന്നെ ബിരുദാനന്തരബിരുദങ്ങളും വിദേശ സര്‍വകലാശാലകളിലെ പരിശീലനവും. എട്ട് വര്‍ഷം വൈദിക സെമിനാരിയുടെ പ്രിന്‍സിപ്പല്‍. അതിനിടെ അന്നത്തെ ബിഷപ് കാലം ചെയ്തു. അപ്രതീക്ഷിമായി യേശുദാസന്‍ ബിഷപ്പായി. 17 വര്‍ഷം ബിഷപ്പായി പ്രവര്‍ത്തിച്ചു. രണ്ട് വര്‍ഷം ഡെപ്യൂട്ടി മോഡറേറ്ററായിരുന്നു. തുടര്‍ച്ചയായി ആറ് വര്‍ഷം മോഡറേറ്ററും. സി.എസ്.ഐ എന്ന സഭാവിഭാഗത്തിന്‍െറ പരമാധ്യക്ഷപദവിയാണ് അത്.
യേശുദാസന്‍ ന്യൂയോര്‍ക്കിലെ യൂനിയന്‍ സെമിനാരിയില്‍ വിദ്യാര്‍ഥി ആയിരിക്കുമ്പോള്‍ അമേരിക്കയില്‍തന്നെ തുടര്‍ന്ന് പഠിക്കാനും ഗവേഷണത്തിലും മറ്റും ഏര്‍പ്പെട്ട് ക്രമേണ അമേരിക്കന്‍ പൗരനും യൂനിയന്‍ സെമിനാരിയിലല്ലെങ്കില്‍ സമാനപ്രശസ്തിയുള്ള മറ്റേതെങ്കിലും ഇടത്തില്‍ പ്രഫസറും ഒക്കെ ആയി കഴിയാനുള്ള സാധ്യത ഉണ്ടായിരുന്നു. തിരുമേനിയുടെ വ്യക്തിത്വത്തിന്‍െറ പ്രഭാവം തിരിച്ചറിഞ്ഞ ഏതോ സായിപ്പ് തുറന്നുവെച്ച ആ വാതില്‍ അദ്ദേഹത്തെ പ്രലോഭിപ്പിച്ചില്ല. തെക്കന്‍ കേരളത്തിലെ സാധാരണ എല്‍.എം.എസുകാരുടെ നടുവിലാണ് തന്‍െറ ദൗത്യം എന്ന് തിരിച്ചറിഞ്ഞയാള്‍ നാട്ടിലേക്കുതന്നെ മടങ്ങി.
നമ്മുടെ ഇടയില്‍ നിശ്ശബ്ദനായി ജീവിക്കുകയും മുഖരിതമായ ജീവിതപാതകളിലൂടെ നിര്‍മമതയോടെ മാര്‍ജാരപാദനായി നടന്നുപോവുകയും ചെയ്ത മഹാഋഷി ആയിരുന്നു യേശുദാസന്‍ തിരുമേനി. അദ്ദേഹത്തിന്‍െറ കൂടെ അല്‍പനേരം ഇരുന്നാല്‍ അവാച്യമായ ഒരനുഭൂതി നമുക്ക് സംലബ്ധമാവും. ആ ലളിതമായ മുറിയില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്ന ആ മഹാത്മാവിനൊപ്പം ആയിരിക്കുമ്പോള്‍ ക്രിസ്തുവിനെ മഹത്ത്വത്തില്‍ ദര്‍ശിച്ചപ്പോള്‍ ശിഷ്യന്മാര്‍ക്ക് മൂന്ന് കൂടാരങ്ങള്‍ നിര്‍മിക്കാന്‍ തോന്നിയ താബോര്‍മലയുടെ അനുഭവമാണ് മനസ്സില്‍ നിറയുക.
തിരുമേനി കാലംചെയ്തു എന്ന് കേട്ടപ്പോള്‍ എനിക്കുണ്ടായ കുറ്റബോധം കേവലം 25 കിലോമീറ്റര്‍ ദൂരത്തില്‍ ജീവിച്ചിരുന്ന, ഞാനറിയുകയും എന്നെ സ്നേഹിക്കുകയും ചെയ്തിരുന്ന ഈ ദൈവമനുഷ്യനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയില്‍നിന്ന് ഉരുത്തിരിഞ്ഞതാണ്. ആ സാന്നിധ്യം മതിയായിരുന്നു നാം ഇരിക്കുന്നത് ഒരു മഹാവിശുദ്ധസ്ഥലത്താണ് എന്ന പ്രതീതി ജനിപ്പിക്കാന്‍. ആ മൗനം മതിയായിരുന്നു ആയിരം പ്രഭാഷണങ്ങളില്‍നിന്ന് കിട്ടാത്ത സ്വര്‍ഗീയാനുഭൂതി സൃഷ്ടിക്കാന്‍.
ഉപദേശിയായി ജീവിച്ച്, ഉപദേശിയായി മരിക്കാന്‍ കച്ചകെട്ടിയ ആള്‍ക്ക് സെറാമ്പൂരിലെ ഉന്നത വിദ്യാഭ്യാസത്തിന് സ്കോളര്‍ഷിപ് പട്ടികയില്‍ രണ്ടാമനായി ഇടം കിട്ടുക, ഒന്നാമന്‍ പോകാത്തതിനാല്‍ ആ വര്‍ഷംതന്നെ പോകാനാവുക: അവിടെ തുടങ്ങുകയായിരുന്നു ഈശ്വരനിയോഗത്തിന്‍െറ കാണാപ്പുറങ്ങള്‍. ഉപദേശിയാകാന്‍ പുറപ്പെട്ടവനെ മോഡറേറ്ററാക്കുന്നവനാണ് ദൈവം എന്ന് വിനയപൂര്‍വം തിരിച്ചറിഞ്ഞ് സ്വജീവിതത്തെ സ്വസന്ദേശമാക്കി മാറ്റിയവന്‍ ആയിരുന്നു യേശുദാസന്‍ തിരുമേനി. തിരുമേനിതന്നെ പറയുമായിരുന്നു: ഈശ്വരന്‍ തനിക്കിഷ്ടമുള്ള വഴികള്‍ നമുക്ക് തുറന്നുതരുന്നു, നാം പ്രതീക്ഷിക്കാത്തവയാകാം ആ വഴികള്‍, എങ്കിലും ആ വഴിയെ നടക്കണം, കാരണം നമുക്കായി ദൈവം വെട്ടുന്ന വഴികള്‍ നമുക്കുവേണ്ടി മാത്രം വെട്ടുന്ന വഴികളാണ്. വിക്കനായ മോശയെ നേതൃത്വത്തിന്‍െറ പരിശീലനവും അഭയാര്‍ഥിയുടെ സഹനവും നല്‍കി ഈജിപ്തില്‍ അടിമകളായി ക്ളേശിച്ച സ്വജനത്തിന് വിമോചകനാക്കിയ ദൈവം ഒരുവഴി തുറന്നാല്‍ ആര്‍ക്കും അത് കെട്ടി അടക്കാനാവുകയില്ല. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ മെത്രാന്‍ ആയിരിക്കുന്നു, നിങ്ങള്‍ക്കൊപ്പം ഞാന്‍ കൂട്ടുവിശ്വാസിയും ആയിരിക്കുന്നു എന്ന് പറഞ്ഞത് അഗസ്റ്റിന്‍ ആണെന്ന് തോന്നുന്നു. ആരുമാവട്ടെ, പതിനേഴ് സംവത്സരക്കാലം അത് ജീവിതംകൊണ്ട് തെളിയിച്ചയാള്‍ ആണ് യേശുദാസന്‍ തിരുമേനി. ഈശ്വരന്‍െറ ശക്തിയും പ്രത്യക്ഷതയും തിരുമേനി നമ്മെ അറിയിച്ചത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ല, ഈശ്വര മഹിമ കണ്ട സാക്ഷിയായി സ്വയം മാറിയിട്ടാണ്. അത് അദ്ദേഹത്തെ ഒരു മതത്തിന്‍െറ ഇടനാഴികളില്‍ തളച്ചിട്ടില്ല എന്നതിനാല്‍ തെക്കന്‍ കേരളത്തിലെ ജനങ്ങള്‍ ജാതിമതഭേദമന്യേ ആ ലാളിത്യവും ആത്മാര്‍ഥതയും തിരിച്ചറിഞ്ഞു.
സഭയുടെ പരമാധ്യക്ഷനായപ്പോഴും സാധാരണ വൈദികനെപ്പോലെ ജീവിച്ചു. സ്ഥാനമൊഴിഞ്ഞ് സാധാരണ വൈദികന്‍െറ അധികാരം പോലും ഇല്ലാതെ അമരവിള ഗ്രാമത്തില്‍ ആ ചെറിയ വീട്ടില്‍ ഒതുങ്ങിയപ്പോഴും ജനം മോഡറേറ്ററെക്കാളേറെ ആ മഹാനെ മാനിച്ച് അദ്ദേഹത്തിന് ഉചിതമായ പ്രതിഫലം നല്‍കി. ത്യാഗധനനായ ഈ ഗാന്ധിശിഷ്യന് വിനയപൂര്‍വം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
(Madhyamam)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More