-->

America

കത്തോലിക്കാ സഭയില്‍ ഒരു വിശുദ്ധന്‍ കൂടി: ഡി. ബാബുപോള്‍

Published

on

കത്തോലിക്കാ സഭക്ക് പുറത്ത് ജോണ്‍ 23ാമന്‍ ഏതാണ്ട് വിസ്മൃതിയിലായ കാലത്താണ് ആ ഭാഗ്യ സ്മരണാര്‍ഹനെ വിശുദ്ധനായി പ്രഖ്യാപിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്.
വിശുദ്ധനാണോ ഒരാള്‍ എന്ന് നിശ്ചയിക്കേണ്ടത് സര്‍വശക്തനാണ്. ഞാന്‍ വിശുദ്ധനാണ് എന്ന് ഞാന്‍ പറഞ്ഞാല്‍ പോരാ എന്നതുപോലെ തന്നെ പ്രധാനമാണ് അത് മറ്റൊരു മനുഷ്യന്‍ പറഞ്ഞാലും പോരാ എന്ന വസ്തുത.
നാടുനീങ്ങുന്ന ചക്രവര്‍ത്തിയെ പിന്‍ഗാമി ദേവനായി പ്രഖ്യാപിക്കുന്ന സമ്പ്രദായം റോമാസാമ്രാജ്യത്തില്‍ ഒരുകാലത്ത് നിലവിലിരുന്നു. അതിന്‍െറ ചുവടുപിടിച്ച് അവിടവിടെ ഇഷ്ടമുള്ളവരെയൊക്കെ പിന്‍ഗാമികള്‍ വിശുദ്ധരായി പ്രഖ്യാപിക്കുന്ന സമ്പ്രദായം സഭയില്‍ ഇരുണ്ട യുഗങ്ങളില്‍ ഉണ്ടായി. അതിനുള്ള മറുമരുന്നായി സഭ കണ്ടെത്തിയതാണ് നാമകരണ പ്രഖ്യാപന സമ്പ്രദായം. ദൈവം അറിഞ്ഞ വിശുദ്ധി മനുഷ്യന്‍ തിരിച്ചറിഞ്ഞതായി സഭ ലോകത്തെ അറിയിക്കുകയാണ് അതിലൂടെ.
അതിരിക്കട്ടെ, ആരായിരുന്നു ഈ ജോണ്‍ 23ാമന്‍ എന്ന് നോക്കാം നമുക്ക്.
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ജോണ്‍ 23ാമന്‍ മാര്‍പാപ്പ ആയത്. തിരിഞ്ഞുനോക്കുമ്പോള്‍ സര്‍വശക്തന്‍ അദ്ദേഹത്തെ അതിന് പാകപ്പെടുത്തിക്കൊണ്ടിരിക്കയായിരുന്നുവെന്ന് ഗ്രഹിക്കാനാവുമെങ്കിലും. തന്‍െറ മെത്രാസനാസ്ഥാനത്തേക്ക് മടങ്ങാനുള്ള തീവണ്ടിടിക്കറ്റുമായി യാത്രതിരിച്ച വൃദ്ധന് മടങ്ങാനായില്ല. മാര്‍പാപ്പയാകാന്‍ ലോകം ചുണ്ണാമ്പ് തൊട്ട് അടയാളപ്പെടുത്തിവെച്ചിരുന്നയാള്‍ കര്‍ദിനാള്‍ ആവുന്നതിനുമുമ്പ് സെദേ വെക്കാന്തേ പ്രഖ്യാപിക്കേണ്ടിവന്നു. അദ്ദേഹത്തിനുവേണ്ടി വൈകാതെ കസേര ഒഴിയാനാണ് സ്ഥൂലഗാത്രനായ ഒരു വൃദ്ധനെ സഭയുടെ രാജകുമാരന്മാര്‍ തെരഞ്ഞെടുത്തത് എന്നാണ് മനുഷ്യമതം. ഈശ്വരന്‍ അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നറിയുന്നവര്‍ അവിടത്തെ സനാതന ജ്ഞാനത്തിന്‍െറ മഹിമയില്‍ വിസ്മയിച്ചുപോകും എന്നതാണ് സത്യം.
പത്രോസും മര്‍ക്കോസും അന്ത്രയോസും ഒക്കെ സിംഹാസനം സ്ഥാപിച്ചുവെന്ന സുന്ദരസങ്കല്‍പം -ക്യൂട്ട് ഫിക്ഷന്‍-യുക്തികൊണ്ട് ചോദ്യം ചെയ്യപ്പെടേണ്ടതില്ല. തന്നെയുമല്ല പത്രോസിന്‍െറ മേല്‍ സഭ പണിയും എന്ന് ഫിലിപ്പിന്‍െറ കൈസറിയയില്‍ പ്രഖ്യാപിച്ചവന്‍െറ അനുയായികള്‍ ഇരുപതിനായിരം വിഭാഗങ്ങളായി പിരിഞ്ഞിട്ടും മാര്‍പാപ്പയെ അംഗീകരിക്കാത്തവരുടെ പോലും തലവനായി ലോകം മാര്‍പാപ്പയെ അംഗീകരിക്കുന്ന അവസ്ഥയില്‍ അത്തരം വിശ്വാസങ്ങളിലൊക്കെ ഒരുതരം യുക്തി- ജനതാനിരുക്തി (Folk etymology) കണക്കെ- ആരോപിക്കുന്നതില്‍ തെറ്റില്ലതാനും. ഏതായാലും മാര്‍പാപ്പമാരുടെ തെരഞ്ഞെടുപ്പില്‍ പരിശുദ്ധാത്മാവ് ശക്തമായി ഇടപെടുന്നുണ്ട് എന്നതിന് സമീപകാല ചരിത്രമെങ്കിലും സാക്ഷ്യം പറയും. മോശക്ക് രാജകീയവിദ്യാഭ്യാസവും രാജകുമാരന് മാത്രം ലഭ്യമാവുന്നതരം നേതൃപരിശീലനവും പിന്നെ നിരാസത്തിന്‍െറയും പലായനത്തിന്‍െറയും അനുഭവങ്ങളിലൂടെ ശരണാഗതിയുടെ ഉദാത്ത ഭാവവും നല്‍കി നാല് പതിറ്റാണ്ടുകാലം തന്‍െറ ജനത്തെ നയിക്കാനുള്ള കഴിവുകള്‍ കരുപ്പിടിപ്പിച്ചവന്‍ ഉറങ്ങുന്നില്ല, ഉറക്കം തൂങ്ങുന്നുമില്ല. പാവപ്പെട്ടവനോടും യഹൂദനോടും പൗരസ്ത്യക്രൈസ്തവരോടും ഒക്കെ താദാത്മ്യപ്പെടാനും സഭയുടെ ദൗത്യത്തെക്കുറിച്ച് അസാധാരണ സങ്കല്‍പങ്ങള്‍ മെനയാനും ദൈവം തെരഞ്ഞെടുത്തത് ഒരുക്കിയവനായിരുന്നു ജോണ്‍ 23ാമന്‍. അല്‍ഫോണ്‍സാമ്മ വിശുദ്ധയാണെന്ന് ദൈവം നേരത്തേ അറിഞ്ഞു. നമുക്ക് ചില അവ്യക്ത സങ്കല്‍പങ്ങള്‍ മാത്രം ആണ് ഉണ്ടായിരുന്നത്. പ്രബോധനാധികാരം ഉള്ള സഭ യഥാകാലം അറിയിച്ചപ്പോഴാണ് ദൈവം നേരത്തേ അറിഞ്ഞത് നാം തിരിച്ചറിഞ്ഞത്. അതുപോലെയാണ് ജോണ്‍ 26ാമന്‍ മാര്‍പാപ്പയുടെ കഥയും. അദ്ദേഹം കാലം ചെയ്തതിനുശേഷം ആ പേപ്പസി വിലയിരുത്തുമ്പോള്‍ മാത്രമാണ് ദൈവം ഏഴരപ്പതിറ്റാണ്ടിലൂടെ തന്‍െറ പ്രിയപ്പെട്ടവനെ ഒരുക്കുകയായിരുന്നുവെന്ന് നാം ഗ്രഹിക്കുന്നത്.
നാലാമത്തെ കുട്ടിയായിരുന്നെങ്കിലും ആദ്യത്തെ ആണ്‍കുട്ടി ആയിരുന്നതിനാല്‍ പൈതൃകഭാവം നിയമങ്ങള്‍ നിശ്ചയിച്ച സമൂഹത്തില്‍ ഏശാവ് അലക്ഷ്യമായി വിറ്റുകളഞ്ഞ ജ്യേഷ്ഠാവകാശത്തോടെയാണ് ആഞ്ജലോ ജോസഫ് റൊങ്കാലി പിറന്നത്. ഒരു പാവപ്പെട്ട പാട്ടക്കുടിയാന്‍െറ വീട്ടില്‍ മാതാപിതാക്കളെക്കാളേറെ തലതൊട്ടപ്പനും തറവാട്ടിലെ കാരണവരും ആയിരുന്ന സവിയേറോ റൊങ്കാലി എന്ന ബ്രഹ്മചാരിയാണ് ആഞ്ജലോയെ സ്വാധീനിച്ചത്. വൈദികവൃത്തി തെരഞ്ഞെടുക്കാന്‍ അദ്ദേഹമായിരുന്നു കാരണം. ബര്‍ഗാമോയിലായാലും പിന്നീട് റോമിലായാലും വീട്ടില്‍ എഴുതി അറിയിക്കാനുള്ള വിശേഷം ഒന്നും കൂടാതെയാണ് ആ പഠനകാലം കഴിഞ്ഞത്. ‘ഞാന്‍ ചെറിയവനാണെന്നും ഒന്നുമല്ലാത്തവനാണെന്നും ഉള്ള തിരിച്ചറിവും വിനയവും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനുള്ള മനസ്സും എനിക്ക് നല്‍കി. അനുസരണത്തിലും കാരുണ്യത്തിലും സ്വയം വിശുദ്ധീകരിക്കുന്നതിന്‍െറ സന്തോഷം അറിയാന്‍ എന്‍െറ ബലഹീനതകള്‍ എന്നെ പ്രാപ്തനാക്കി’ എന്ന് മാര്‍പാപ്പതന്നെ പിന്നെ ഓര്‍ത്തെടുത്തതായി വായിച്ചിട്ടുണ്ട്. ഈ അവബോധത്തിന്‍െറ ബാക്കിപത്രമായിരുന്നു ബര്‍ഗാമോ സെമിനാരിയില്‍ ഫ്രാന്‍സിസിന്‍െറ മൂന്നാംസഭ (ഇപ്പോള്‍ സെക്കുലര്‍ ഫ്രാന്‍സിസ്കന്‍ ഓര്‍ഡര്‍ എന്നറിയപ്പെടുന്നത് തന്നെ) റൊങ്കാലിക്ക് അംഗത്വം നല്‍കിയത്.
റോമിലെ വിദ്യാഭ്യാസ കാലത്ത് ചരിത്രത്തില്‍ ആകൃഷ്ടനായി. അത് ദൈവം ഇടപെട്ട മേഖലയാണ് എന്ന തിരിച്ചറിവായിരുന്നു ഫലം. ആ വേദപാരംഗതര്‍ രക്ഷാകരപ്രക്രിയയുടെ ചരിത്രം എന്നൊക്കെയുള്ള വലിയ വലിയ വാക്കുകളാണ് ഉപയോഗിക്കുന്നത്. റൊങ്കാലി ഗ്രഹിച്ചത് മാനവരാശിയുടെ ചരിത്രത്തില്‍ ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ്. തന്‍െറ കര്‍മകാണ്ഡത്തിലെ ഈശ്വരനിയോഗത്തെ കുറിച്ചുള്ള തിരിച്ചറിവ് അവിടെ തുടങ്ങി.
ദൈവം റൊങ്കാലിയെ വിട്ടില്ല- 1904 ആഗസ്റ്റില്‍ റൊങ്കാലി വൈദികനായി. അപ്പോഴേക്ക് സ്വന്തം രൂപതയായ ബര്‍ഗാമോയില്‍ ജിയകോമോ മരിയ റാഡിനി തെഡെസ്കി മെത്രാനായിരുന്നു. അദ്ദേഹം കാലാതിശായിയായ സാമൂഹിക പരിപ്രേക്ഷ്യങ്ങള്‍ കൊണ്ടുനടക്കുകയും മെത്രാന്‍ ഭരണകര്‍ത്താവെന്നതിലേറെ അജപാലകനാണെന്ന് തിരിച്ചറിയുകയും ചെയ്യുന്ന വ്യക്തി ആയിരുന്നു. ലിയോ 13ാമന്‍ മാര്‍പാപ്പയുടെ മാസ്മരിക സ്വാധീനത്തിന് വിധേയനായിരുന്ന ഈ മെത്രാന്‍ റേരും നൊവാരും എന്ന ചാക്രിക ലേഖനത്തിന്‍െറ സാമൂഹികമാനങ്ങള്‍ സ്വാംശീകരിച്ചിരുന്നു. റാഡിനി-തെഡെസ്കി ഈ കൊച്ചച്ചനെ തന്‍െറ സെക്രട്ടറിയായി നിയമിച്ചു.
ബിഷപ്പിന്‍െറ സെക്രട്ടറി എന്ന നിലയില്‍ മിലാനിലെ ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ഫെറാറിയെ അറിയാനും ആ ചിന്താധാരയില്‍ ആകൃഷ്ടനാവാനും ഇടയായി. ഈ മൂന്നുപേരും സഭയില്‍ ആധുനികതയും നവീകരണവും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന് ചിന്തിക്കുന്നവരായിരുന്നു. പീയൂസ് 10ാമന്‍ മാര്‍പാപ്പ ഇഷ്ടപ്പെട്ട സംഗതികളല്ല ഇവര്‍ ചിന്തിച്ചത്. എങ്കിലും ദൈവകൃപ റൊങ്കാലിയോട് കൂടെ ഉണ്ടായിരുന്നു. ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്‍െറയും മനുഷ്യരുടെയും കൃപയിലും റൊങ്കാലി മുതിര്‍ന്നുവന്നു.
ഒന്നാംലോകമഹായുദ്ധം. ഇറ്റലിയും വത്തിക്കാനും പരസ്പരം അംഗീകരിക്കാത്ത കാലം. അരോഗദൃഢഗാത്രരായ വൈദികരെ നിര്‍ബന്ധിത പട്ടാളസേവനത്തിന് വിളിച്ചിട്ടാണ് ഇറ്റലി സൈന്യത്തിന് ചാപ്ളയിന്‍മാരെ കണ്ടെത്തിയിരുന്നത്. ആ യുദ്ധകാലത്തെ അനുഭവങ്ങളും മനസ്സില്‍ പതിഞ്ഞ ദൃശ്യങ്ങളും പാച്ചെം ഇന്‍ തെറിസ് എന്ന ചാക്രികലേഖനത്തിന്‍െറ രചനയെ സ്വാധീനിച്ചതായി ജോണ്‍ പറഞ്ഞിട്ടുണ്ട്.
മോശയെ പരിശീലിപ്പിച്ച ദൈവം ഉറങ്ങിയില്ല എന്നിട്ടും യുദ്ധം കഴിഞ്ഞു. ബനഡിക്ട് 15ാമന്‍ റൊങ്കാലിയെ റോമിലേക്ക് വിളിപ്പിച്ചു. വിശ്വാസപ്രചാരണ സംഘത്തില്‍ (The Society for The Propogation of Faith) പ്രവര്‍ത്തിച്ച ആ കാലം. ഇറ്റാലിയന്‍ സഭയിലെ പ്രമുഖ നേതാക്കളുമായും ഇതര രാജ്യങ്ങളില്‍നിന്ന് ആ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരുമായും അടുത്തിടപഴകാന്‍ സഹായിച്ചു. റൊങ്കാലി കാണുന്ന ചക്രവാളം വലുതാക്കിക്കൊണ്ടിരുന്നു ദൈവം.
പിന്നെ മെത്രാനായി. ‘അനുസരണവും സമാധാനവും’ എന്നതായിരുന്നു സ്വീകരിച്ച ആപ്തവാക്യം. ബള്‍ഗേറിയയിലും തുര്‍ക്കിയിലും ഗ്രീസിലും പ്രവര്‍ത്തിച്ച നാളുകള്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളെ അടുത്തറിയാന്‍ ഉപകരിച്ചു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവരെ യോജിപ്പിക്കുന്ന സംഗതികളാണ് വേര്‍തിരിക്കുന്ന വിവാദങ്ങളേക്കാള്‍ പ്രധാനമെന്ന് ദൈവം റൊങ്കാലിയെ പഠിപ്പിക്കുകയായിരുന്നു. ഹിറ്റ്ലറുടെ തേര്‍വാഴ്ചക്കാലം. ജര്‍മന്‍ അംബാസഡറുമായി ‘ഒത്തുകളിച്ച്’ കാല്‍ലക്ഷം യഹൂദരെയാണ് റൊങ്കാലി അക്കാലത്ത് രക്ഷിച്ചത്.
യുദ്ധം തീരാറായപ്പോള്‍ ഫ്രാന്‍സിലെ നുണ്‍ഷ്യോ ആയി. ഡിഗോള്‍, പീയൂസ് 12ാമന്‍, ഫ്രാന്‍സിലെ മെത്രാന്മാര്‍: മുടിനാരേഴായ് കീറീട്ട് ഒരു പാലം കെട്ടി നടക്കേണ്ട അവസ്ഥ.
ഒടുവില്‍ കര്‍ദിനാളായി. പിന്നെ വെനീസിലെ പാത്രിയാര്‍ക്കീസ് ആയി. പീയൂസ് 12ാമന്‍ കാലം ചെയ്യുമ്പോള്‍ മാര്‍പാപ്പയാക്കാന്‍ ലോകം കരുതിവെച്ചിരുന്നത് ജിയോവാനി ബാറ്റിസ്റ്റാ മൊണ്ടീനിയെ ആയിരുന്നു. അദ്ദേഹത്തെ കര്‍ദിനാള്‍ ആയി അവരോധിക്കുന്നതിനുമുമ്പ് പീയൂസ് മാര്‍പാപ്പ കാലംചെയ്തു. സാങ്കേതികമായി തടസ്സം ഉണ്ടായിരുന്നില്ലെങ്കിലും കര്‍ദിനാളായിട്ട് മതി മാര്‍പാപ്പയാവുന്നത് എന്ന് കോണ്‍ക്ളേവ് കരുതി. മൊണ്ടീനീയെ കര്‍ദിനാളാക്കി വൈകാതെ കാലംചെയ്യാന്‍ പറ്റിയ ഒരു കിളവനെയാണ് കോണ്‍ക്ളേവ് തേടിയത് എന്നാണ് പത്രഭാഷ. ദൈവം തന്‍െറ തെരഞ്ഞെടുക്കപ്പെട്ടവനുവേണ്ടി വഴി ഒരുക്കുകയായിരുന്നു എന്ന് തെളിയാന്‍ കാലം ഏറെ വേണ്ടിവന്നില്ല. അതിന്‍െറ തുടര്‍ച്ചയാണ് വരാന്‍ പോകുന്ന നാമകരണം.
(Madhyamam)

Facebook Comments

Comments

  1. josecheripuram

    2013-07-10 09:22:44

    Somebody has to be the leader of an institution to run it smooth.When there are more than one leader there will be conflicts.Pope may not be free of mistakes but to stay united you have follow.Henry Ford once said Either you lead or follow or get out of the way.

  2. Moncy kodumon

    2013-07-10 05:26:37

    Thanks

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി

ഷിജി പെരുവിങ്കല്‍, 43, ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

View More