Image

മുനീറിന്‍െറ കാള പെറ്റുവോ?: ഡി. ബാബുപോള്‍

ഡി. ബാബുപോള്‍ Published on 28 June, 2013
 മുനീറിന്‍െറ കാള പെറ്റുവോ?: ഡി. ബാബുപോള്‍
സി.എച്ചിന്‍െറ മകന്‍ ഡോ. എം.കെ. മുനീര്‍ ശൈശവവിവാഹം പ്രോത്സാഹിപ്പിക്കാനിടയില്ല എന്ന് തോന്നി. ജയിംസ് വര്‍ഗീസിനെ വിളിച്ചു. സര്‍ക്കുലര്‍ ചോദിച്ചുവാങ്ങി. വായിച്ചുപഠിച്ചു. കാളപെറ്റു എന്നുകേട്ടപ്പോഴാണ് വി.എസ് കയറെടുത്തതെന്ന് ഗ്രഹിച്ചു.
മുസ്ലിംകളെ സര്‍ക്കാര്‍ പ്രീണിപ്പിക്കുന്നു. അവര്‍ക്കിടയില്‍ ശിശുവിവാഹം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ ‘ഗ.ഉ’ ഇറക്കുന്നു. മൗലവി ചൊല്ലിയാല്‍ മൗലികാവകാശവും നിഷേധിക്കാമെന്നാണ് ഭാവം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന നാള്‍മുതല്‍ തുടങ്ങിയ അസ്വസ്ഥതയുടെ ബഹിര്‍സ്ഫുരണം ഇങ്ങനെയൊക്കെ ഉച്ചസ്ഥായിയിലായി. വിഷയത്തിലേക്ക് വരുംമുമ്പേ ഒന്ന് പറയാതെ വയ്യ. താക്കോല്‍സ്ഥാനങ്ങളില്‍ ഇരിക്കേണ്ടവര്‍ മാത്രം ഇരുന്നാല്‍ മതി. ജയന്തന്‍ നമ്പൂതിരി ബ്രാഹ്മണനായാലും താക്കോല്‍ സ്ഥാനത്ത് ഇരുന്നുകൂടാ.
താക്കോല്‍ സ്ഥാനങ്ങള്‍ സംബന്ധിച്ച നാട്ടുനടപ്പുകളുടെ ഈ പശ്ചാത്തലമൊക്കെ അറിയുന്നതിനാലാണ് ലീഗ് സൂക്ഷിച്ചുകളിക്കണം, വിജയത്തില്‍ ഇരട്ടി വിനയം കാണിക്കണം, മഞ്ഞളാംകുഴി അലി എന്ന വ്യക്തി ത്യാഗം സഹിച്ചാലും ഇവിടെ സാമുദായിക വികാരങ്ങള്‍ ഉണര്‍ത്തി അന്തരീക്ഷം വഷളാക്കരുത് എന്നൊക്കെ ‘മധ്യരേഖ’ ആവര്‍ത്തിച്ച് ഉദ്ബോധിപ്പിച്ചിട്ടുള്ളത്. ഏറ്റവും ചുരുങ്ങിയത് കെ.എം. മാണിയെ എങ്കിലും കണ്ടുപഠിക്കണം. എല്ലാവരും പാത്തും പതുങ്ങിയും അല്ലാതെ പെരുന്നയില്‍പോലും പോകുമോ!
ഇനി വിഷയത്തിലേക്ക്. എന്താണ് ഈ ന്യൂനപക്ഷപ്രീണന സര്‍ക്കുലര്‍? മുസ്ലിംകള്‍ക്ക് ശൈശവവിവാഹം അനുവദിക്കുന്ന ഒരു പുതിയ ഉത്തരവൊന്നുമല്ല അത്. വിവാഹം വേറെ, വിവാഹ രജിസ്ട്രേഷന്‍ വേറെ. വിവാഹപ്രായം നിശ്ചയിക്കുന്നത് 2007ലെ ശിശുവിവാഹനിരോധ നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ്. 2007 വരെ ഏതാണ്ട് തൊണ്ണൂറ് കൊല്ലം 1929 ലെ ശിശുവിവാഹ നിയന്ത്രണനിയമവും പ്രാബല്യത്തില്‍ ഉണ്ടായിരുന്നു.
നിയമേന പുരുഷന് 21 വയസ്സും സ്ത്രീക്ക് 18 വയസ്സും വേണം സാധുവായ വിവാഹത്തില്‍ ഏര്‍പ്പെടാന്‍. വിവാഹസമയത്ത് ആ പ്രായം എത്തിയിരുന്നില്ലെങ്കില്‍ പ്രായപൂര്‍ത്തി ആകുന്ന മുറക്ക് നിയമപരിഹാരം തേടാം. മൈനറാണ് ഇത്തരം ഒരു വിവാഹത്തില്‍ കുടുങ്ങിയതെങ്കില്‍ രക്ഷാകര്‍ത്താവിന് കോടതിയില്‍ പോകാം. കുട്ടിക്ക് പ്രായപൂര്‍ത്തിയായി രണ്ട് വര്‍ഷത്തിനകം നടപടി സ്വീകരിച്ചിരിക്കണമെന്ന് മാത്രം; നിയമത്തിന് എവിടെയെങ്കിലും ഒരു വിരാമം വേണം; അത് ഒരിക്കലും ഡമോക്ളിസിന്‍െറ വാള്‍ ആകരുത് എന്നാണല്ലോ പ്രമാണം. വിവാഹസമയത്ത് കിട്ടിയ പണവും സ്വര്‍ണവും എല്ലാം മടക്കിക്കൊടുക്കണം. വധുവിന് ജീവനാംശവും കൊടുക്കണം. വരനും മൈനറാണെങ്കില്‍ വരന്‍െറ രക്ഷാകര്‍ത്താവാണ് ജീവനാംശം കൊടുക്കേണ്ടത്.
ഇങ്ങനെയൊരു വിവാഹബന്ധത്തില്‍ ശിശു ജനിക്കാം. ആ ശിശുവിനെ ജാരസന്തതിയായിട്ടല്ല നിയമം കാണുക.
ശിക്ഷയും പറയുന്നുണ്ട് നിയമത്തില്‍. വധുവും വരനും മൈനറായാലും വരന് വയസ്സ് പതിനെട്ട് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അയാള്‍ അഴി എണ്ണിയേ മതിയാവൂ. രണ്ടുകൊല്ലം വരെ ആവാം കഠിനതടവ്. വരന്‍ മാത്രമല്ല, കല്യാണം നടത്തിക്കൊടുക്കുന്ന പുരോഹിതനും അതിന് ഏതെങ്കിലും തരത്തില്‍ ചൂട്ടുപിടിച്ചുകൊടുക്കുന്നവനും -അത് പള്ളിക്കമ്മിറ്റിക്കാരനാവാം, നാട്ടുപ്രമാണിയാവാം, തന്തപ്പടിയാവാം, രക്ഷാകര്‍ത്താവാകാം, സദ്യ ഉണ്ണുന്നവന്‍ പോലും ആകാം-ശിക്ഷാര്‍ഹരാണ്. സ്ത്രീകളാണെങ്കില്‍ ജയില്‍ശിക്ഷ ഇല്ല എന്ന് മാത്രം. പിഴ ആണിനും പെണ്ണിനും ലക്ഷം രൂപ; പണത്തിന് ലിംഗഭേദമില്ലല്ലോ. എന്നാല്‍ ഇതുകൊണ്ടൊന്നും നടന്നവിവാഹം അസാധുവാകുന്നില്ല. അസാധുവാകണമെങ്കില്‍ രക്ഷാകര്‍ത്താവിനെ വെട്ടിച്ച് കന്യാഹരണം നടത്തിയതോ പെണ്‍വാണിഭത്തിനായി കല്യാണനാടകം നടത്തിയതോ ഒക്കെ ആകണം.
ശിശുവിവാഹം നടക്കാന്‍ പോകുന്നു എന്നറിഞ്ഞാല്‍ കോടതിയെ സമീപിക്കാം. വിവരം അറിവായാല്‍ കോടതിക്ക് സ്വമേധയാ നടപടിയെടുക്കാം. അക്ഷയ തൃതീയ പോലുള്ള ഭാഗ്യനാളുകളിലാണ് പരിപാടിയെങ്കില്‍ കലക്ടര്‍ നടപടിയെടുക്കും. ബലം ഉപയോഗിച്ചുപോലും ഇത്തരം വിവാഹം തടയാന്‍ നിയമം കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. കോടതിയുടെയോ കലക്ടറുടെയോ നിരോധം ലംഘിച്ച് നടക്കുന്ന വിവാഹം അസാധുതന്നെ. അതിന് നിയമപരിരക്ഷ ഇല്ലേയില്ല. മുനീറിന്‍െറ കാലത്തുമില്ല, സി.എച്ചിന്‍െറ കാലത്തുമില്ല! ചുരുക്കിപ്പറഞ്ഞാല്‍ 18 വയസ്സാകാത്ത പെണ്‍കുട്ടിയുടെയോ 21 തികയാത്ത യുവാവിന്‍െറയോ വിവാഹം പാണക്കാട് തങ്ങളോ കാക്കനാട്ട് കര്‍ദിനാളോ ഗുരുവായൂര്‍ തന്ത്രിയോ നടത്തിയാലും നടത്തുന്നവര്‍ കുറ്റക്കാരാവും. നിശ്ചിതസമയത്തിനുള്ളില്‍ നിയമപ്രകാരം അസാധു ആക്കിയിട്ടില്ലെങ്കില്‍ വിവാഹം അസാധു ആവുകയില്ലതാനും. ഈ ബന്ധത്തില്‍ ജനിക്കുന്ന ശിശു നിയമാനുസൃതബന്ധത്തില്‍ ജനിച്ചതാണ് എന്നും നിയമം പറയുന്നു.
ഇതൊക്കെ ഈ രാജ്യത്തെ നിയമം ആണ്. ഇതിനെതിരെ ഒരു മുനീറിനും ഉത്തരവ് ഇറക്കാനാവുകയില്ല. പിന്നെ എന്താണ് പ്രശ്നം? വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പാസ്പോര്‍ട്ടിനും വിസക്കും വിദേശത്തെ ജോലിക്കും ഒക്കെ തടസ്സം ഉണ്ടാകാം. സമാനമായ ഒരു സംഗതിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മെത്രാനായിരുന്നപ്പോള്‍ എടുത്ത പ്രശസ്തമായ ഒരു നിലപാട് അറിയണം. അവിവാഹിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് വൈദികര്‍ മാമ്മോദീസ നിഷേധിച്ചു. പാപ്പാ ചോദിച്ചു, കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?
മുനീറിനും ജയിംസ് വര്‍ഗീസിനും ഒരിടത്ത് തെറ്റി. നിലവിലുണ്ടോ എന്നുതന്നെ ഉറപ്പില്ലാത്ത (ഇല്ല എന്ന് ഒന്നുരണ്ട് നിയമപണ്ഡിതര്‍ പറഞ്ഞുതരുന്നു) ഒരു മുസ്ലിം വിവാഹനിയമത്തെക്കുറിച്ച് ഈ സ്പഷ്ടീകരണത്തില്‍ -സ്പഷ്ടീകരണം, എന്തൊരു ശ്രേഷ്ഠഭാഷ!, സംസ്കൃതംതന്നെ -പരാമര്‍ശിച്ചതാണ് പ്രകോപനമായത്. അതായത്, ഇത് മുസ്ലിംകള്‍ക്ക് മാത്രമായി ഒതുക്കിയതുപോലെ വായിക്കാവുന്നതാണ് വിനയായത്. ഇതില്‍ പറയുന്ന കാര്യം 2007 ലെ നിയമം ബാധകമാക്കുന്ന ഹിന്ദു-മുസല്‍മാന്‍-സിഖ്-ഈസായി സബ് കോ ബാധകമാണ്. അതങ്ങ് പറഞ്ഞുനിര്‍ത്തിയാല്‍ മതിയായിരുന്നു. ഒപ്പം ഒന്നുകൂടി ചെയ്യണമായിരുന്നു. നിശ്ചിതകാലാവധിക്കകമാണെങ്കില്‍ ശിശുവിവാഹനിയമം ലംഘിച്ചതിന് കേസെടുക്കാനുള്ള അധികാരികളെ വിവരം അറിയിക്കാനുള്ള ബാധ്യത കൂടി ഈ രജിസ്റ്ററിങ് അതോറിറ്റിക്ക് നല്‍കണമായിരുന്നു. മുസ്ലിംനിയമത്തിന്‍െറ പരിരക്ഷ ഉണ്ടെങ്കില്‍ പ്രതികള്‍ അക്കാര്യം വാദിച്ചാല്‍ മതിയല്ലോ.
ഈ സര്‍ക്കുലര്‍ പിന്‍വലിക്കേണ്ടതില്ല. ഇത് മൗലവിമാരുടെ രക്ഷക്കുള്ള സര്‍ക്കുലര്‍ അല്ല. മറിച്ച് അറിവില്ലാത്തവരുടെ അബദ്ധത്തില്‍നിന്ന് പ്രായപൂര്‍ത്തിയാകാത്തവരെയും അവരുടെ സന്താനങ്ങളെയും രക്ഷിക്കുന്ന നിര്‍ദേശമാണ്. അതേസമയം, ഈ നിര്‍ദേശം ശിശുവിവാഹങ്ങളെ സാധൂകരിക്കുന്നില്ല, 2007ലെ ശിശുവിവാഹനിരോധനിയമം എല്ലാ മതങ്ങള്‍ക്കും ബാധകമാണ്, അതുകൊണ്ട് ശിശുവിവാഹനിരോധം ലംഘിക്കപ്പെടുമ്പോള്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക ഓരോരുത്തരുടെയും പൗരധര്‍മമാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യുമ്പോഴും നിയമത്തിന്‍െറ സമയപരിധിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് മുന്‍കൈ എടുക്കാന്‍ രജിസ്ട്രാര്‍തന്നെ ബാധ്യസ്ഥനായിരിക്കും എന്നൊക്കെ ഒരു വിശദീകരണം നല്‍കേണ്ടതുണ്ട് എന്ന് തോന്നുന്നു. അത്രമാത്രം ചെയ്താല്‍ പ്രശ്നം തീരും. തീരണം, വിഷയം വര്‍ഗീയവത്കരിക്കപ്പെടുന്നില്ലെങ്കില്‍.
http://www.madhyamam.com/news/231936/130626
Join WhatsApp News
Tom Abraham 2013-06-28 12:55:55
It is very tough posting a comment here, I'd etc.
Second time I am trying to thank mr babu Paul for his
Erudite article, clarifications. Only a doubt why India law commission s 
2008 recommendation to lower male age for marriage from to 18.
What does mr Paul say about it ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക