-->

EMALAYALEE SPECIAL

ഫാല്‍ക്കണ്‍ ഹില്‍ എന്ന തരുണ്‍: ഡോ. ഡി. ബാബുപോള്‍

ഡോ. ഡി. ബാബുപോള്‍

Published

on

ഭ്രമകല്‍പന എന്നാണ്‌ ഇംഗ്‌ളീഷ്‌മലയാളം നിഘണ്ടുവില്‍. ഫാന്‍റസി എന്ന പദം ആണ്‌ മനസ്സില്‍.
എല്ലാ സര്‍ഗരചനകളിലും കാല്‍പനികഭാവം ഉണ്ടാവും എന്ന്‌ നമുക്കറിയാം. എന്നാല്‍, ഭ്രമാത്മക രചനകളില്‍ കാണുന്നത്‌ കാല്‍പനിക ഭാവം മാത്രം അല്ല. കാല്‍പനികതറൊമന്‍റിസിസം എന്ന സങ്കുചിതമായ അര്‍ഥത്തിലല്ല ഈ വാക്ക്‌ ഉപയോഗിക്കുന്നത്‌. കല്‍പനാവൈഭവം തെളിയുന്ന സൃഷ്ടികള്‍ ചമക്കാനുള്ള സിദ്ധിയാണ്‌ വിവഷ്ടിതം സമൃദ്ധമായ കൃതികളില്‍ ഭ്രമാത്മകത ഉണ്ടായെന്നുവരാം താനും. മേഘങ്ങളെ നീരദകുമാരികള്‍ എന്ന്‌ വിളിക്കുമ്പോള്‍ കാല്‍പനികത ഉണ്ട്‌. എന്നാല്‍, മേഘത്തെ സന്ദേശവാഹകനാക്കുമ്പോള്‍ ഭ്രമാത്മകത കടന്നുവരുന്നു. ഇപ്പറഞ്ഞ ഭ്രമാത്മകത മാത്രം ഉള്‍ച്ചേരുന്ന രചനകളെയാണ്‌ നാം ഫാന്‍റസി സാഹിത്യം എന്ന്‌ വിളിക്കുന്നത്‌.

ലോകഭാഷകളിലെ ആദ്യത്തെ ഭ്രമാത്മകരചന ഗില്‍ഗമേഷ്‌ പുരാണം ആണ്‌ എന്ന്‌ പറയാറുണ്ട്‌. വാമൊഴിയായി അത്‌ പ്രചരിച്ചത്‌ ക്രി.മു. അഞ്ചാം സഹസ്രാബ്ദത്തിലോ മറ്റോ ആണത്രേ. വരമൊഴിയായി രേഖപ്പെടുത്തിയത്‌ ക്രിസ്‌തുപൂര്‍വ സഹസ്രാബ്ദത്തില്‍തന്നെ. ഒഡീസി മറ്റൊരു ഭ്രമാത്മക രചനയാണ്‌.
ഫന്‍റാസിയ എന്ന പദം ഗ്രീക്കുമൂലത്തില്‍നിന്ന്‌ ഉരുവായതാണ്‌. സാധാരണമായ അനുഭവങ്ങളെ അനതിസാധാരണമായ മാനസികവ്യാപാരങ്ങളിലൂടെ പരാവര്‍ത്തനം ചെയ്‌താല്‍ യഥാര്‍ഥമല്ലാത്തതിനെ യാഥാര്‍ഥ്യം കണക്കെ മനസ്സ്‌ പൊരുള്‍ തിരിച്ചെടുക്കും. ആ പ്രക്രിയയാണ്‌ ഫാന്‍റസിയിലേക്ക്‌ നയിക്കുന്നത്‌ എന്ന്‌ സൂചിപ്പിച്ചത്‌ അരിസ്‌റ്റോട്ടിലാണ്‌ എന്ന്‌ തോന്നുന്നു. ശരീരശാസ്‌ത്രപരമായി സ്വപ്‌നങ്ങളോടാണ്‌ ഭ്രമാത്മകതക്ക്‌ സാദൃശ്യം. സ്വപ്‌നങ്ങളും ദിവാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യങ്ങളുടെ പരിമിതിക്ക്‌ പൊതുവേ വിധേയമാണ്‌. ഭ്രമാത്മക ചിന്തകള്‍ക്ക്‌ ആ പരിമിതി ഇല്ല. അതാണ്‌ വ്യത്യാസം. സ്വപ്‌നങ്ങളും ദിവാ സ്വപ്‌നങ്ങളും നാം അറിയുന്ന പ്രപഞ്ചനിയമങ്ങള്‍ക്കുള്ളിലാണ്‌ പൊതുവേ.

പറക്കുന്നതായി സ്വപ്‌നം കണ്ടിട്ടുള്ളവര്‍ക്കറിയാം. ആ പ്രക്രിയയില്‍ മനസ്സില്‍ ന്യൂട്ടന്‍െറ ചലനനിയമങ്ങള്‍ പാലിക്കപ്പെടാറുണ്ട്‌. കീഴോട്ട്‌ ബലം കൊടുക്കുമ്പോഴാണ്‌ മേലോട്ട്‌ ഉയര്‍ന്നുപറക്കുക. ഭ്രമാത്മക ചിന്തകളില്‍ അത്‌ വേണ്ട. നാം സാധാരണ നടക്കുകയോ ചാടുകയോ ചെയ്യുന്നത്‌ എത്ര സ്വാഭാവികമായും അനായാസമായും ആണോ അത്രതന്നെ സ്വാഭാവികമായും അനായാസമായും നാം പറക്കുകയും ചെയ്യും. നമ്മെ നിയന്ത്രിക്കുന്ന ഭൗതിക നിയമങ്ങളും ബലതന്ത്രസമവാക്യങ്ങളും ഒക്കെ അവിടെ അപ്രസക്തമാണ്‌.
ആയിരത്തൊന്നുരാവുകള്‍. കഴിഞ്ഞ സഹസ്രാബ്ദത്തിലെ രചന. അലാവുദ്ദീന്‍െറ അദ്‌ഭുതവിളക്കും ജിന്നും. ഗൗരവം കൂടിയ കൃതികളിലും ഭ്രമാത്മകത ഉണ്ടാകാം. ഡാന്‍െറയുടെ ഡിവൈന്‍ കോമഡിയും മില്‍ട്ടന്‍െറ പാരഡൈസ്‌ ലോസ്റ്റും ഓര്‍ക്കുക. ആലീസിന്‍െറ അദ്‌ഭുതലോകം ഒരു ബാലിക വായിക്കുന്ന കാണാപ്പുറങ്ങളാണല്ലോ. ഗള്ളിവറുടെ ലില്ലിപ്പുട്ട്‌ ഉള്‍പ്പെടെ എത്രയോ കൃതികളുണ്ട്‌ ഇവിടെ പരാമര്‍ശിക്കാവുന്നതായി.സയന്‍സ്‌ ഫിക്ഷനുമായി ഭ്രമാത്മക സാഹിത്യത്തെ താരതമ്യപ്പെടുത്താമെങ്കിലും അവ രണ്ടും വ്യക്തമായി രണ്ട്‌ ശാഖകള്‍തന്നെ ആണ്‌ എന്ന സത്യം മറക്കരുത്‌. സയന്‍സ്‌ ഫിക്ഷന്‍ ശാസ്‌ത്രത്തിന്‍െറ നിയമങ്ങള്‍ പാലിക്കുന്നു എന്നതാണ്‌ പ്രധാനം. ആ നിയമങ്ങളുടെയും സമവാക്യങ്ങളുടെയും യുക്തിബദ്ധമായ വലിച്ചുനീട്ടലാണ്‌ ആ കൃതികളില്‍ ഉണ്ടാവുക. അതുകൊണ്ടാണ്‌ ഇന്ന്‌ ഫിക്ഷനായി വരുന്നത്‌ നാളെ ഫാക്ട്‌ യാഥാര്‍ഥ്യംആയി തിരിച്ചറിയാനാവുന്നത്‌. സബ്‌മറീന്‍, റോബോട്ടിക്‌സ്‌, ബഹിരാകാശ യാത്രകള്‍ തുടങ്ങിയവയൊക്കെ ആദ്യം കഥയായും പിന്നെ കാര്യമായും അവതരിച്ചതാണ്‌. വല്യേട്ടന്‍ കാതോര്‍ക്കുന്നതിനെക്കുറിച്ച്‌ ജോര്‍ജ്‌ ഓര്‍വെല്‍ എന്നോ എഴുതിയത്‌ ഈയിടെ സ്‌നോഡന്‍ വെളിപ്പെടുത്തിയ തുരപ്പന്‍ പണികളുമായി ചേര്‍ന്നുപോകുന്നുണ്ട്‌. എന്തിന്‌ അത്ര പോകണം? നമ്മുടെ യുഗപ്രഭാവനായ ഹാസ സാഹിത്യകുലപതി ഈ.വി. കൃഷ്‌ണപിള്ളയുടെ എം.എല്‍.സി കഥകള്‍ ഓര്‍മിക്കുക. അവിടെയും കാണാം ഇതേ സംഗതി: കവിയുടെ ക്രാന്തദര്‍ശിത്വം കണക്കെ. പ്രസംഗിക്കാനറിയാത്ത നിയമസഭാ സാമാജികര്‍ക്ക്‌ പ്രസംഗം എഴുതിക്കൊടുക്കുകയാണ്‌ നായകന്‍. അങ്ങനെയിരിക്കെ പ്രസംഗം എഴുതിവായിക്കുന്നത്‌ ദിവാന്‍ നിരോധിക്കുന്നു. എന്ത്‌ ചെയ്യും? ഈ.വി ഒരു യന്ത്രം കണ്ടുപിടിക്കുന്നു. പ്രസംഗം ശബ്ദരൂപത്തില്‍ രേഖപ്പെടുത്തുന്നു. അത്‌ ഉചിതമായ സമയത്ത്‌ പ്രവര്‍ത്തിപ്പിച്ചാല്‍ മതി. ടേപ്പ്‌ റെക്കോഡറോ റേഡിയോ ട്രാന്‍സ്‌മിഷനോ ഒന്നും ഇല്ലാത്ത കാലത്തെ ഭാവനയാണ്‌. പ്രസംഗങ്ങള്‍ മാറിപ്പോകുന്നതിലാണ്‌ ഫലിതം സന്നിവേശിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍, സയന്‍സ്‌ ഫിക്ഷന്‍ എവിടെയൊക്കെ കാണാനാവുന്നു എന്നതാണ്‌ നാം ഇവിടെ ശ്രദ്ധിക്കേണ്ടത്‌. ഇപ്പറഞ്ഞ ഉദാഹരണങ്ങളിലെല്ലാം വെല്‍സും ഓര്‍വെല്ലും മുതല്‍ കൃഷ്‌ണപിള്ളവരെ ശാസ്‌ത്രത്തിന്‍െറ സാധ്യതകളെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും അതിന്‍െറ ഭാഗമായോ തുടര്‍ച്ചയായോ മനുഷ്യമനസ്സിന്‍െറ പ്രവര്‍ത്തനങ്ങളും ആണ്‌ നാം കാണുന്നത്‌.

ഭ്രമാത്മക രചനകള്‍ നമുടെ വിശ്വാസങ്ങളിലേക്കാണ്‌ ഞെക്കുവിളക്ക്‌ തെളിക്കുന്നത്‌. അദ്‌ഭുതവും കാമനകളും ആണ്‌ അറിവിനേക്കാളും വിശദീകരണങ്ങളേക്കാളും പ്രധാനം. സിന്‍ഡര്‍ലയുടെയോ ആലീസിന്‍െറയോ അനുഭവങ്ങള്‍ ഒരിക്കലും യാഥാര്‍ഥ്യമാവുകയില്ല. സി.എസ്‌. ലൂയിസിന്‍െറ നാര്‍ണിയയില്‍ നാം ഒരിക്കലും ചെന്നെത്തുകയില്ല. പ്രകൃതി നിയമങ്ങളല്ല, ശാസ്‌ത്രയുക്തികളുമല്ല ഭ്രമാത്മക രചനയുടെ അതിരുകള്‍ നിര്‍ണയിക്കുന്നത്‌ എന്നര്‍ഥം. അവിടെ മൃഗങ്ങള്‍ സംസാരിക്കും. മനുഷ്യര്‍ വായ തുറന്ന്‌ വായുവിഴുങ്ങി ഊര്‍ജം നേടും. സയന്‍സ്‌ ഫിക്ഷന്‌ യുക്തിവേണം. ഫാന്‍റസിക്ക്‌ ഒരു യുക്തിയും വേണ്ട. എനിക്ക്‌ ഇപ്പോള്‍ വൈറ്റ്‌ ഹൗസില്‍ പോകണം. ഓം ഹ്രീം. ഞാന്‍ പറന്നുയര്‍ന്നു. വൈറ്റ്‌ ഹൗസ്‌ അടുക്കുമ്പോള്‍ എന്‍െറ രൂപം ഒബാമയുടെ സുരക്ഷാ സേനയുടെ റഡാറില്‍ തെളിയുന്നു. അപ്പോള്‍ ഞാന്‍ വലതുകൈ ഒന്ന്‌ വീശുന്നു. റഡാറില്‍ ചിത്രം ഇല്ല. ഞാന്‍ ലിങ്കണ്‍റൂം എന്ന്‌ പറയുന്നു. വാതില്‍ താനെ തുറക്കുന്നു. ഞാന്‍ അകത്തുകയറുന്നു. അവിടെ ഒബാമ ചര്‍ച്ചയിലാണ്‌. അവര്‍ എന്നെ കാണുന്നില്ല. ചര്‍ച്ചയില്‍ ഞാന്‍ നേരിട്ട്‌ പങ്കെടുക്കുന്നില്ല. എന്നാല്‍, എന്‍െറ തല ഒരു പ്രത്യേക തരത്തില്‍ ചരിച്ചുപിടിച്ചുകൊണ്ട്‌ ഞാന്‍ ചിന്തിക്കുന്നത്‌ ഒബാമയുടെ വാക്കുകളായി പുറത്തുവരുന്നു. ഒരു ന്യായവുമില്ല ഇതിനൊന്നും. ഇതിനെയാണ്‌ ഭ്രമാത്മക സാഹിത്യം എന്ന്‌ വിളിക്കുന്നത്‌.

ഇത്രയും ഒക്കെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം കഴിഞ്ഞയാഴ്‌ച വായിച്ച ഒരു പുസ്‌തകമാണ്‌. ഫാല്‍ക്കണ്‍ഹില്‍ ആന്‍ഡ്‌ ദ്‌ ബുക്‌ ഓഫ്‌ എലിസ്റ്റാ (മനോരമ ബുക്‌സ്‌, 2013). എഴുതിയത്‌ ഒരു പതിമൂന്നുകാരന്‍. പേര്‌ തരുണ്‍ ജോര്‍ജ്‌ തോമസ്‌, ഒമ്പതാം ക്‌ളാസില്‍ പഠിക്കുന്ന കുട്ടി. നല്ല ഭാഷ. വിസ്‌മയാവഹമായ ശയ്യാസുഖം. ഉന്നതമായ നര്‍മബോധം ഉചിതമായി തലനീട്ടുന്നു.

ഹാരി പോട്ടറെ സൃഷ്ടിച്ചത്‌ റൗളിങ്‌ ആണ്‌. ഇവിടെ ഹാരി പോട്ടര്‍ തന്നെ കഥ പറയുന്ന മട്ട്‌! `ഈ ശിശു ആരായിത്തീരും' എന്ന്‌ ബൈബ്‌ളില്‍ ഒരു വാക്യം ഉണ്ട്‌ എന്ന്‌ ഓര്‍ത്തുപോവുന്നു നാം.

എലിസ്‌ത ഒരു അദ്‌ഭുത ലോകം ആണ്‌. നമുടെ ഭൂമിക്ക്‌ സമാന്തരം. അവിടെനിന്ന്‌ കൂറെ ഭീകരരൂപികള്‍ ഭൂമിയില്‍ എത്തിപ്പെടുന്നു. ഫാല്‍ക്കണ്‍ ഹില്‍ എന്ന പതിമൂന്നുകാരന്‍ ഇവരെ നേരിടാന്‍ നിര്‍ബന്ധിതനാവുന്നു. അതിനുള്ള വിദ്യകള്‍ അറിയണമെങ്കില്‍ എലിസ്‌തയുടെ പുസ്‌തകം കൈയില്‍ കിട്ടണം. ഫാല്‍ക്കണും കൂട്ടുകാരും ഒടുവില്‍ വിജയം വരിക്കുന്നു. നാനൂറ്‌ പേജുകളിലായി കഥ ചുരുള്‍ നിവരുമ്പോള്‍ നാം അദ്‌ഭുതപരതന്ത്രരായി ഭവിക്കുന്നു. കഥയിലെ അദ്‌ഭുതത്തേക്കാള്‍ കഥാകാരന്‍െറ വ്യക്തിത്വമാണ്‌ അതിന്‌ കാരണം.

ഫാന്‍റസി ലിറ്ററേച്ചറിന്‌ മുതല്‍ക്കൂട്ട്‌ ഒരുക്കാന്‍ ദൈവം തെരഞ്ഞെടുത്ത ഈ പതിമൂന്നുകാരനായ കഥാകൃത്തിനെ സരസ്വതീദേവി തുടര്‍ന്നും അനുഗ്രഹിക്കട്ടെ.
(Madhyamam)

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നമുക്കെന്തു ജോർജ് ഫ്ലോയ്ഡ്! (മീനു എലിസബത്ത്)

മാറിയ ശീലങ്ങള്‍ മാറ്റിയ ജീവിതങ്ങള്‍ (ജോര്‍ജ് തുമ്പയില്‍)

ബംഗാള്‍, അസം-ചുഴലികൊടുങ്കാറ്റിന്റെ കണ്ണ് (ദല്‍ഹികത്ത് : പി.വി.തോമസ് )

മക്കൾ വിവാഹം കഴിച്ചാലും പ്രശ്‍നം കഴിച്ചില്ലെങ്കിലും പ്രശ്‍നം (ആൻഡ്‌റൂസ്)

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

View More