തിരുവനന്തപുരം: ഏതാനും ദിവസമായി അല്പം ശമിച്ചുനിന്ന പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും വീണ്ടും പടരുന്നു. ബുധനാഴ്ച 22,908 പേര്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ തേടി. 153 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 54 പേര്‍ക്കും കോട്ടയത്ത് 28 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് 20 പേര്‍ക്കും പത്തനംതിട്ടയില്‍ 23 പേര്‍ക്കും ഇടുക്കിയില്‍ 13 പേര്‍ക്കും രോഗം ബാധിച്ചു.
ആലപ്പുഴ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് ഒരാളും പാലക്കാട്ട് പനിബാധിച്ച് ഒരാളും മരിച്ചു. ചേര്‍ത്തല മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡ് കണ്ണാറച്ചിറയില്‍ മധുവിന്റെ ഭാര്യയും കെ.എസ്.എഫ്. ഇ ജീവനക്കാരിയുമായ അമ്പിളി (41) യാണ് മരിച്ചത്. പാലക്കാട് അഗളി ഭൂതിവഴി മരുതിനിവാസില്‍ ജയലാല്‍ (48) ആണ് പനിബാധിച്ച് മരിച്ചത്.
മലപ്പുറം ജില്ലയില്‍ 3012 പേര്‍ പകര്‍ച്ചപ്പനിക്ക് ചികിത്സ തേടി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലാണ് പനിബാധിതര്‍.
വിവിധ ജില്ലകളിലായി 2863 പേര്‍ വയറിളക്കരോഗങ്ങള്‍ക്കും ചികിത്സ തേടി. തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ടുപേര്‍ക്ക് വീതം എലിപ്പനി ബാധിച്ചിട്ടുണ്ട്.